Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിമ്പിക്‌സ് വനിതാ ഹോക്കിയിലെ തോൽവിക്ക് അവർ പഴിചാരിയത് ദളിതയായ വന്ദന കതാരിയയെ; പാക്കിസ്ഥാനോട് ക്രിക്കറ്റിൽ തോറ്റപ്പോൾ പഴി മുഴുവൻ മുഹമ്മദ് ഷമിക്കും; പാക്കിസ്ഥാനിൽ പോടാ.. ആക്രോശങ്ങൾക്കിടെ ഷമിക്ക് പിന്തുണയുമായി സച്ചിൻ അടക്കമുള്ള മുൻതാരങ്ങൾ; പ്രതികരിക്കാതെ ബിസിസിഐയും സഹതാരങ്ങളും

ഒളിമ്പിക്‌സ് വനിതാ ഹോക്കിയിലെ തോൽവിക്ക് അവർ പഴിചാരിയത് ദളിതയായ വന്ദന കതാരിയയെ; പാക്കിസ്ഥാനോട് ക്രിക്കറ്റിൽ തോറ്റപ്പോൾ പഴി മുഴുവൻ മുഹമ്മദ് ഷമിക്കും; പാക്കിസ്ഥാനിൽ പോടാ.. ആക്രോശങ്ങൾക്കിടെ ഷമിക്ക് പിന്തുണയുമായി സച്ചിൻ അടക്കമുള്ള മുൻതാരങ്ങൾ; പ്രതികരിക്കാതെ ബിസിസിഐയും സഹതാരങ്ങളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ ടീമിനോട് തോൽവി ഏറ്റുവാങ്ങിയ ടീമിൽ വൻ പരാജയമായവരുടെ കൂട്ടത്തിൽ രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും അടക്കം നിരവധി കളിക്കാരുണ്ട്. എന്നാൽ ഇവരൊന്നും നേരിടാത്ത വിമർശനമാണ് മുഹമ്മദ് ഷമി എന്ന ഇന്ത്യൻ ബൗളർ സൈബർ ഇടത്തിൽ നേരിട്ടത്. ഷമിയുടെ മതം ചികഞ്ഞ് അദ്ദേഹത്തെ സൈബർ ഇടത്തിൽ ആക്രമിച്ചു പാക്കിസ്ഥാനിൽ പോടാ വിളികൾ മുഴങ്ങുകയാണ്. ഏതൊരു താരവും കടുത്ത സമ്മർദ്ദത്തിലാകുന്ന സമയം. വർഗീയത നിറഞ്ഞ ഇത്തരം പോസ്റ്റുകൾ സൈബർ ഇടത്തെ മലീമസമാക്കുമ്പോൾ ഷമിക്ക് പിന്തുണുമായി നിരവധി മുൻ താരങ്ങൾ രംഗത്തുവന്നു. അതേസമയം ഷമിക്ക് പിന്തുണ നൽകാൻ ബിസിസിഐയോ സഹതാരങ്ങളോ രംഗത്തുവന്നില്ല എന്നതും ശ്രദ്ധേയമായി.

''മുഹമ്മദ് ഷമി യുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോൾ മനം പിരട്ടുന്നു. മുസ്ലിമിന്റെ രാജ്യസ്‌നേഹവും ദലിതന്റെ മെറിറ്റും പെണ്ണിന്റെ സ്വഭാവ ഗുണവും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാധ്യം ആവില്ല'' -മലയാളി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ ഷമിയെ പിന്തുണച്ച് കുറിച്ചത് ഇങ്ങനെയാണ്
ഒളിമ്പിക്‌സിൽ വനിത ഹോക്കി ടീം നിർണായക മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ടീമിലെ ദലിത് കളിക്കാരിയായ വന്ദന കതാരിയക്ക് പഴി കേൾക്കേണട്ി വന്ന കാര്യം കൂടി ഓർമ്മപ്പെടുത്തികൊണ്ടായിരുന്നു ഹരീഷിന്റെ ട്വീറ്റ്.

വന്ദനയുടെ വീടിന് മുന്നിൽ തടിച്ചു കൂടി ജാതി അധിക്ഷേപം നടത്തുന്നതിൽ വരെയെത്തിയിരുന്നു അന്നത്തെ കാര്യങ്ങൾ. ഇക്കുറി പഴി മുഹമ്മദ് ഷമിക്കാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിലുള്ള പഴിയല്ല. ഷമിയെ പാക്കിസ്ഥാൻ ചാരനായി മുദ്രകുത്തുന്നതിലേക്കും മുസ്‌ലിം സ്വത്വം തെരഞ്ഞുപിടിച്ച് സൈബർ ലിഞ്ചിങ് നടത്തുന്നതിലേക്കും കാര്യങ്ങളെത്തി. മുമ്പ് രഞ്ജി ട്രോഫിയിലെ ഇതിഹാസ താരവും ടെസ്റ്റിൽ ഇന്ത്യക്കായി 31 മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ചെയ്ത വസീം ജാഫറിന് നേരെയായിരുന്നു ജിഹാദി വിളികൾ. അതിൽ നിന്നും വിപരീതമായി ഇക്കുറി ഒരാശ്വാസമുണ്ട്.

ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും വി.വി എസ് ലക്ഷ്മണും അടക്കമുള്ള വലിയ താരനിര ഷമിക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.''ഇന്ത്യയെ നമ്മൾ പിന്തുണക്കുമ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ് ഷമി വളരെ സമർപ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാൻ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്''-സച്ചിൻ ട്വീറ്റ് ചെയ്തു.

മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താൻ കൃത്യമായ വിമർശനമാണ് ഉന്നയിച്ചത്. ''താനും ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഭാഗമായിരുന്നുവെന്നും അന്ന് തോൽവി നേരിട്ടിട്ടും ആരും തന്നോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പത്താൻ പറഞ്ഞത്. ഞാൻ സംസാരിക്കുന്നത് വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിർത്തേണ്ടതുണ്ടെന്നും പത്താൻ പറഞ്ഞു.

ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാമെന്നും എന്നാൽ, തോൽവിയെ തുടർന്ന് ഒരാളെ അപമാനിക്കുന്നത് തീർത്തും തെറ്റാണെന്നുമാണ് സഹോദരനും മുൻ ഇന്ത്യൻ താരവുമായ യൂസുഫ് പത്താൻ ട്വിറ്ററിലെഴുതിയത്. വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, മുഹമ്മദ് അസ്ഹറുദ്ദീൻ, കീർത്തി ആസാദ് അടക്കമുള്ള മുൻതാരങ്ങളും രാഹുൽ ഗാന്ധി, ബർക ദത്ത്, റാണ അയ്യൂബ്, രാജ്ദീപ് സർദേശായി തുടങ്ങിയ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഷമിക്ക് പിന്തുണയുമായെത്തി.

പക്ഷേ നിലവിൽ ലോകകപ്പ് കളിക്കുന്ന താരത്തിനെതിരെ വംശീയ അതിക്രമം നടന്നിട്ടും ഇതുവരെയും ബി.സി.സിഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വിരാട് കോഹ്‌ലി, രോഹിത് ശർമ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുള്ള സഹതാരങ്ങളും പ്രതികരിച്ചില്ല. '' എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട് ഭയ്യാ.. എന്ന് ഷമിയെ ടാഗ് ചെയ്ത് കുറിച്ച യുസ്‌വേന്ദ്ര ചഹൽ മാത്രമാണ് സഹതാരങ്ങളിൽ നിന്നും ഷമിക്ക് പിന്തുണയർപ്പിച്ച് രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP