Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

പഠിച്ചു തീർത്തിട്ട് ടൈഗറുമെത്ത് കളിക്കാൻ ഓടിയ കൊച്ചു പയ്യൻ; ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചതെന്ന് പറയുന്ന അമ്മ; പാൽ വിൽക്കുന്ന പയ്യൻ; പള്ളിക്കരയെ 'ഒളിമ്പിക്സ്' നിറവിൽ എത്തിച്ചത് ആ കുട്ടിക്കാല കുസൃതികൾ; ശ്രീജേഷ് അഭിമാനമാകുമ്പോൾ

പഠിച്ചു തീർത്തിട്ട് ടൈഗറുമെത്ത് കളിക്കാൻ ഓടിയ കൊച്ചു പയ്യൻ; ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചതെന്ന് പറയുന്ന അമ്മ; പാൽ വിൽക്കുന്ന പയ്യൻ; പള്ളിക്കരയെ 'ഒളിമ്പിക്സ്' നിറവിൽ എത്തിച്ചത് ആ കുട്ടിക്കാല കുസൃതികൾ; ശ്രീജേഷ് അഭിമാനമാകുമ്പോൾ

സ്പോർട്സ് ഡെസ്ക്

കൊച്ചി: പ്രതാപം മങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന് പുതുജീവൻ പകർന്നതിൽ പി.ആർ. ശ്രീജേഷ് എന്ന മലയാളിയുടെ പങ്ക് ചെറുതല്ല. 2006 ലാണ് ശ്രീജേഷ് ആദ്യമായി സീനിയർ ടീമിൽ. 2011 മുതൽ സ്ഥിരം ഗോൾ കീപ്പർ. 2011 ൽ ചൈനയിൽ വച്ച് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ താരമായത് ശ്രീജേഷാണ്. 2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടത്തിനു പിന്നിലെ താരവും ശ്രീജേഷായിരുന്നു. ഇപ്പോൾ അതിലും വലിയ നേട്ടം. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത കരുത്ത്.

ഇന്ത്യൻ ഹോക്കി ടീമിന്റെ വന്മതിയാണ് ശ്രീജേഷ്. പക്ഷേ നാട്ടുകാർക്ക് പാലു വിൽക്കാനും വയലിൽ കറ്റ മെതിക്കാനും പോകുമായിരുന്ന ആ പഴയ പയ്യൻ. വീടിന്റെ മുന്നിലൂടെ പോകുന്ന അയൽക്കാരെ വിളിച്ചു വിശേഷം പറയുന്ന സ്നേഹ ഇടെപടൽ. എന്നും നാടിനോടു ചേർന്നു നടന്ന നാട്ടുകാരുടെ സ്വന്തം ശ്രീജേഷ്. ഹോക്കി ഫീൽഡിൽ 'ശ്രീ' നേട്ടത്തിന്റെ വല നിറയ്ക്കുമ്പോൾ നാട്ടുകാർക്ക് അഭിമാനം. ഈ സമയം ദൈവങ്ങൾക്ക് നന്ദി പറയുകയാണ് ഈ അമ്മ. മകൻ വെങ്കല മെഡൽ നേടുമ്പോൾ ആഹ്ലാദത്തിലാണ് അമ്മ ഉഷാകുമാരി.

'എന്റെ പള്ളിക്കര എരുമേലി വിഷ്ണുഭഗവാനേ, ശ്രീക്കുട്ടനെ കാത്തോളണേ.' പടച്ചട്ടയണിഞ്ഞ്, മുഖം മറയ്ക്കുന്ന ഹെൽമറ്റും ധരിച്ച് ഗോൾ പോസ്റ്റിന് മുന്നിൽ ഹോക്കി സ്റ്റിക്കുമേന്തി യോദ്ധാവിനെപ്പോലെ അവൻ നിന്നപ്പോഴെല്ലാം അമ്മ ഇങ്ങനെ പ്രാർത്ഥിച്ചു. ശ്രീജേഷിന്റെ അച്ഛനും ഭാര്യയും മക്കളും നാട്ടുകാരും ഒപ്പം ചേർന്നു നിന്നു. വെടിയുണ്ട പോലെ ചീറിപ്പാഞ്ഞു വരുന്ന പന്തിനു മുന്നിൽ നെഞ്ചു വിരിച്ച് പതറാതെ നിന്ന് ടോക്കിയോവിൽ വെങ്കലം ശ്രീജേഷ് സ്വന്തമാക്കി. മകൻ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ വല കാക്കാൻ ഇറങ്ങിയ നാൾ മുതലുള്ള ആഗ്രഹമായിരുന്നു ഒളിമ്പിക്സ് മെഡൽ. അതാണ് ഇന്ന് പൂവണിച്ചത്.

എറണാകുളം കിഴക്കമ്പലത്തു നിന്ന് പള്ളിക്കര എരുമേലി കവലയിലെത്തി വലത്തോട്ടു തിരിയുമ്പോൾ ഒരു ബോർഡുണ്ട്. 'ഒളിംപ്യൻ ശ്രീജേഷ് റോഡ്.' അതുവഴി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ റോഡരികിലായി ഇരുനില വീട്. ഇന്ത്യൻ ഹോക്കിയെ വലയ്ക്കുള്ളിലാക്കി നിധി പോലെ കാക്കുന്ന ക്യാപ്റ്റനും ഗോളിയുമായ ശ്രീജേഷിന്റെ വീട്. മകൻ അവിടെ രവീന്ദ്രനും ഉഷാകുമാരിയും അനീഷ്യയും പിന്നെ, മക്കളും. എല്ലാവരും ഇന്ന് സന്തോഷത്തിലാണ്.

അമ്മ മകനെ കുറിച്ച് പറയുന്നത് ഇങ്ങനെ

കുട്ടിക്കാലത്ത് മഹാകുസൃതിയായിരുന്നു. അച്ഛനെ വല്യ പേടിയാണ്. അടി കിട്ടുമെന്ന് ഉറപ്പായാൽ പിന്നെ, ഓട്ടമാണ്. ഭയങ്കര വേഗത്തിൽ ഓടും അടുത്തുള്ള വല്യച്ഛന്റെ വീട്ടിലേക്കാണ് വച്ചു പിടിക്കുക. രണ്ടു വയസുള്ളപ്പോൾ മോന് വാശി, നീന്തൽ പഠിക്കണം. ഭയങ്കര നിർബന്ധം. എത്ര പറഞ്ഞിട്ടും മനസ്സു മാറിയില്ല. അച്ഛൻ ചങ്ങാടത്തിൽ കയറ്റി കുളത്തിന്റെ നടുക്കു കൊണ്ടു പോയി വെള്ളത്തിലേക്ക് തള്ളിയിട്ടു. വെള്ളത്തിൽ മുങ്ങിത്താഴാൻ പോയി. ഒടുവിൽ അച്ഛൻ തന്നെ ചാടി രക്ഷപ്പെടുത്തി. അതായിരുന്നു പരിശീലനത്തിന്റെ ആദ്യപടി. അതോടെ പേടി മാറി. രണ്ടരവയസ്സായപ്പോൾ നീന്താൻ പഠിച്ചു. കുളത്തിന്റെ അക്കരയിക്കരെ രണ്ടും മൂന്നും വട്ടം അന്നേ നീന്തുമായിരുന്നു.

സ്‌കൂളിൽ എത്തിയപ്പോഴും കുസൃതി തുടർന്നു. ഓട്ടവും ചാട്ടവും ഡാൻസുമെല്ലാം വഴങ്ങി. അത്‌ലറ്റിക്സിലായിരുന്നു അന്ന് താൽപ്പര്യം. പഠിക്കാനും മിടുക്കൻ. ക്ലാസിൽ എപ്പോഴും ആദ്യ സ്ഥാനങ്ങളിൽത്തന്നെ എത്തിയിരുന്നു. അന്ന് വീട്ടിൽ ഒരു നായയുണ്ട്. 'ടൈഗർ'. പഠിച്ചു തീർത്തിട്ട് അവനുമൊത്ത് കളിക്കാൻ ഓടും. ടൈഗറിന് പന്ത് എറിഞ്ഞു കൊടുക്കും. അവൻ അത് ചാടി പിടിച്ച് തിരിച്ചു കൊണ്ടു കൊടുക്കും. ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ചിലപ്പോൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചത്.

ടൈഗർ അവന്റെ ജീവനായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പ്പോലെ ആയിരുന്നു അവൻ.' ടൈഗറിന്റെ ഓർമ നിറച്ച വേദന ഉഷാ കുമാരിയുടെ സ്വരത്തിലും ഉണ്ടായിരുന്നു-മുമ്പ് മനോരമയോടെ ഉഷാ കുമാരി ഹോക്കിയിൽ മകൻ എത്തിയതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

അമ്മയക്ക് താൽപ്പര്യമില്ലാത്ത ഹോക്കി

എട്ടാം ക്ലാസിൽ വച്ചാണു മോനു ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ അഡ്‌മിഷൻ ലഭിച്ചത്. അവിടെ എത്തിയപ്പോൾ പരിശീലകരാണ് ഹോക്കിയിലേക്കു ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടത്. പരിശീലകരായ ജയകുമാറും രമേഷ് കോലപ്പയുമാണ് അവന്റെ ഗോൾ കീപ്പിങ്ങിലുള്ള പ്രതിഭ കണ്ടെത്തിയത്. എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. ഹോക്കി കളിച്ചതു കൊണ്ട് എന്തു നേടാനാണ് എന്നായിരുന്നു എന്റെ സംശയം.

നാടൻ കളികളും ക്രിക്കറ്റും മാത്രം കേട്ടു ശീലിച്ചിരുന്ന എനിക്ക് ഹോക്കി പഞ്ചാബുകാരുടെ കളി ആയിരുന്നു. വലിയ തടിമിടുക്കൊക്കെ വേണ്ട കളിയെന്നായിരുന്നു ധാരണ. പിന്നീട് ശ്രീ ചരിത്രം തിരുത്തി. എല്ലാത്തിനും കാരണം ഈശ്വര വിശ്വാസമാണെന്നും അമ്മ പറയും. സാധാരണക്കാരാണ് ഞങ്ങൾ. കുറച്ചു സ്ഥലമുണ്ട്. അവിടെ കൃഷി നടത്തിയാണ് ജീവിച്ചിരുന്നത്. മക്കൾക്കു മുന്തിയ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും അവർക്ക് ഒരു കുറവും ഇതുവരെയും വരുത്തിയിട്ടില്ല-അമ്മ എല്ലാം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

പഠിപ്പിച്ച് വലിയ ആളാക്കാനാണ് ആഗ്രഹിച്ചത്. അവൻ തിരഞ്ഞെടുത്തത് അവന് ഇഷ്ടപ്പെട്ട വഴിയാണ്. ഇത്രയും എത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹം. രാജ്യത്തിനു വേണ്ടി കളിക്കാൻ കഴിയുന്നതു തന്നെ ഭാഗ്യമാണ്. അപ്പോഴാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്നത്. മുമ്പ് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. ഇപ്പോൾ ഒളിമ്പിക്സ് നേട്ടവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP