Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; അതിർത്തിയിൽ സംഘർഷം 'സൃഷ്ടിച്ച' മലയാളി; ഇന്ത്യയുടെ വന്മതിലായപ്പോൾ ടോക്യോയിൽ വെങ്കല നേട്ടം; മെഡൽ കാത്ത പി ആർ ശ്രീജേഷ് ഇനി നാടിന്റെ 'ഖേൽരത്നം'

2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു;  അതിർത്തിയിൽ സംഘർഷം 'സൃഷ്ടിച്ച' മലയാളി; ഇന്ത്യയുടെ വന്മതിലായപ്പോൾ ടോക്യോയിൽ വെങ്കല നേട്ടം; മെഡൽ കാത്ത പി ആർ ശ്രീജേഷ് ഇനി നാടിന്റെ 'ഖേൽരത്നം'

സ്പോർട്സ് ഡെസ്ക്

കൊച്ചി: മലയാളികളുടെ ശ്രീയായ രാജ്യത്തിന്റെ അഭിമാനം. ഇനി പി ആർ ശ്രീജേഷ് ചരിത്ര പുരുഷനാണ്. ഇന്ത്യൻ ഹോക്കിയെ ഉന്നതങ്ങളിൽ എത്തിച്ച കാവൽക്കാരൻ. ഓടാനുള്ള മടിയാണ് ശ്രീജേഷിനെ ഗോൾകീപ്പറാക്കിയത്. ആ മടി തന്നെയാണ് പിന്നീട് ഇന്ത്യൻ ഹോക്കിക്ക് കരുത്തായതും. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ് പി ആർ ശ്രീജേഷ്. പരിശീലകൻ ഗ്രഹാം റെയ്ഡിന്റെ വാക്കുകൾ കടമെടുത്താൽ 'ടീമിന്റെ വന്മതിലും, ഊർജവും'.

ടോക്യോയിൽ ഇന്ത്യയുടെ ആ മെഡൽ സ്വപ്നം പൂവണിഞ്ഞപ്പോൾ അതിൽ നിർണായക സാന്നിധ്യമായത് മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ മികവായിരുന്നു. 41 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചത്. നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക് ഹോക്കിയിൽ ഒരു മെഡൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്.

ആ പ്രകടനത്തിന് ഇപ്പോഴിതാ മേജർ ധ്യാൻചന്ദ് പുരസ്‌കാരത്തിലൂടെ രാജ്യം ശ്രീജേഷിന്റെ കഴിവിന് അർഹിച്ച അംഗീകാരം സമ്മാനിക്കുകയാണ്. ഖേൽരത്ന പുരസ്‌കാരം മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങൾ.

വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്തപ്പോൾ ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യയുടെ രക്ഷകനായത് ഈ കിഴക്കമ്പലത്തുകാരനായിരുന്നു. മത്സരത്തിൽ അവസാന സെക്കൻഡിലെ നിർണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ നടത്തിയത്.



1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫ്രെഡറിക്കിന് ശേഷം ഇന്ത്യൻ ഹോക്കിയിൽ കേരളത്തിന്റെ മേൽവിലാസമായിരിക്കുകയാണ് ശ്രീ. 49 വർഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേൽരത്നയുടെ തിളക്കവും. 2006 മുതൽ ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ നേട്ടം.

ബ്രിട്ടനെതിരായ ക്വാർട്ടറിലും ശ്രീയുടെ ഗോൾകീപ്പിങ് മികവാണ് ഇന്ത്യയെ ഒളിമ്പിക് സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തിൽ നടത്തിയത്.

രാജ്യത്തിനായി വിവിധ ടൂർണമെന്റുകളിൽ ഗോൾകീപ്പർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്‌ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. 2016-ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമായി.

അത്‌ലറ്റിക്‌സിനോടായിരുന്നു സ്‌കൂളിൽ പഠിക്കുമ്പോൾ ശ്രീജേഷിന് താൽപ്പര്യം. എങ്ങനെ ഗോൾ കീപ്പറായെന്ന ചോദ്യത്തിന് ശ്രീജേഷ് നൽകുന്ന ഈ ഉത്തരത്തിൽ എല്ലാമുണ്ട്. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ ചെന്നശേഷമാണ് ഞാൻ ഹോക്കി ആദ്യമായി കളിക്കുന്നത്. അതുവരെ ഷോട്ട്പുട്ടായിരുന്നു എന്റെ ഇനം. എട്ടാം ക്ലാസിൽ ഹോക്കിയിലേക്ക് വന്നപ്പോൾ ഓടാൻ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ഗോൾ കീപ്പറായത്. അങ്ങനെ ഗോൾകീപ്പറായ ശ്രീജേഷ് പിന്നീട് തിരിഞ്ഞു നോക്കിയില്ല.

പോസ്റ്റിന് മുന്നിൽ പുതിയ ചരിത്രം കുറിച്ചു. കിഴക്കമ്പലം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ഓടിത്തുടങ്ങിയ ശ്രീജേഷിന്റെ കൈകളിലേക്ക് ഹോക്കി സ്റ്റിക്ക് എത്തുന്നത് പന്ത്രണ്ടാമത്തെ വയസിൽ. തൊട്ടടുത്ത വർഷം തന്നെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. അണ്ടർ 19 ഇന്ത്യൻ ക്യാംപിലെത്തിയതോടെ ഹോക്കി പന്തിന്റെ വേഗത്തിലായിരുന്നു ശ്രീജേഷിന്റെ വളർച്ച. ഈ യാത്ര ടോക്കിയോവിലെ വെങ്കല മെഡൽ നേട്ടവുമായി. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ് ഈ മുപ്പത്താറുകാരൻ. റിയോ ഒളിമ്പിക്‌സിലെ ക്യാപ്ടൻ.

1972ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മാനുവൽ ഫെഡറിക്സാണ് ഒളിമ്പിക്സിൽ മെഡൽ നേടി ഏക മലയാളി. പശ്ചിമ ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ നേട്ടം. പിആർ ശ്രീജേഷ് എന്ന കരുത്തനായ ഗോൾകീപ്പറുടെ പോരാട്ടവീറ് 49 കൊല്ലത്തിന് ശേഷം ഇന്ത്യൻ ഹോക്കിക്ക് വീണ്ടും വെങ്കലം നൽകുന്നു.

വരവറിയിച്ചത് സൗത്ത് ഏഷ്യൻ ഗെയിംസിൽ
കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വർഷത്തിനിടയിൽ ഗോൾകീപ്പറെന്ന പദവി ശ്രീജേഷിൽ വന്നുംപോയും കൊണ്ടേയിരുന്നു.

സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ൽ ചൈനയിലെ ഒർഡൊസ് സിറ്റിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്.

അതിനുശേഷം ഇന്ത്യയുടെ ഗോൾകീപ്പറുടെ ജേഴ്സിയിൽ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പിൽ ഇന്ത്യ രണ്ടാമതെത്തിയപ്പോൾ മികച്ച രണ്ടാമത്തെ ഗോൾകീപ്പറെന്ന അവാർഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്.

2014 ഏഷ്യൻ ഗെയിംസിലെ മാന്ത്രിക പ്രകടനം
അത്ലറ്റിക്സിൽ നിന്നു ഹോക്കിയിലെത്തിയ ഈ കൊച്ചി സ്വദേശിയുടെ ഗോൾ കീപ്പിങ് മികവിൽ 2014ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. അന്ന് പതിനാറു വർഷങ്ങൾക്കു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയത്. ഇതോടെയാണ് ശ്രീജേഷ് ഇന്ത്യയുടെ സ്ഥിരം കാവൽക്കരാനായത്. അന്ന് അതിർത്തിയെ പോലും പിടിച്ചു കുലുക്കി ഈ നേട്ടം.

അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർക്കു പ്രകോപനമായി മാറി ഈ ഇന്ത്യൻ ജയം. അന്ന് പാക്കിസ്ഥാൻ മികച്ച ഹോക്കി ടീമായിരുന്നു. സ്വർണം ഉറപ്പിച്ചാണ് പോരിന് ഇറങ്ങിയത്. എന്നാൽ ശ്രീജേഷിന്റെ ഫോം പ്രതീക്ഷ തകർത്തു. അന്ന് തങ്ങളുടെ ടീമിനെ തോൽപ്പിക്കാൻ തക്കവണ്ണം ശ്രീജേഷ് നടത്തിയ പ്രകടനം പാക്കിസ്ഥാൻ സൈനികരുടെ സമനില തെറ്റിക്കുകയായിരുന്നു.

ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനൽ കഴിഞ്ഞ സമയത്ത് അതിർത്തിയിൽ വെടിവയ്പുണ്ടായി. ഇക്കാര്യം ബിഎസ്എഫ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹോക്കിയാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ദേശീയ കായിക ഇനം. ഇന്ത്യ ക്രിക്കറ്റിനെ നെഞ്ചിലേറ്റി മുന്നോട്ട് പോകുമ്പോഴും പാക്കിസ്ഥാന് ഹോക്കി ക്രിക്കറ്റിനോളം പ്രിയപ്പെട്ടതാണ്. ഹോക്കിയിൽ ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാന് അഭിമാനപ്രശ്‌നമാണ്.

ഇഞ്ചിയോൺ ഏഷ്യാഡിലെ ആദ്യ കളിയിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചിരുന്നു. ഫൈനലിലും പരമ്പരാഗത എതിരാളികൾ നേർക്കു നേർ എത്തി. കളിയിൽ മുൻതൂക്കം നൽകിയതും പാക്കിസ്ഥാന്. ആദ്യം ഗോളടിച്ച് വിജയ വഴിയിൽ അവർ മുന്നേറുകയും ചെയ്തു. പിന്നെ പൊരുതിക്കളിച്ച് ഇന്ത്യ സമനില ഗോൾ നേടി. മുഴുവൻ സമയത്ത് സമനില. ഇനി പെനാൽട്ടി കിക്ക്. അപ്പോഴും തോൽക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല. കാരണം പാക് ഗോൾ വലകാക്കുന്നത് ഇമ്രാൻ ബട്ട്. ഇന്ത്യക്ക് വേണ്ടിയാണെങ്കിൽ ശ്രീജേഷെന്ന കൊച്ചു പയ്യൻ.

മത്സര പരിചയത്തിലും കളി മികവിലും ഇമ്രാൻ ബട്ട് തന്നെയാണ് മിടുക്കൻ. പക്ഷേ ഇഞ്ചിയോണിലെ ദിവസം ശ്രീജേഷിന്റേതായിരുന്നു. രാജ്യമർപ്പിച്ച പ്രതീക്ഷ ശ്രീ കാത്തു. പാക്കിസ്ഥാന്റെ രണ്ട് പെനാൽട്ടി കിക്കുകൾ ശ്രീജേഷ് തടഞ്ഞു. മലയാളി നൽകിയ മുൻതൂക്കം ഇന്ത്യൻ താരങ്ങളും മുതലാക്കി. ഇമ്രാൻ ബട്ടിനെ മറികടന്ന് നാല് കിക്കുകൾ വലയിലെത്തി. ഇതോടെ പാക്കിസ്ഥാൻ തോറ്റു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തിൽ ഇന്ത്യ ഇഞ്ചിയോണിൽ നിന്ന് സ്വർണ്ണവുമായി മടങ്ങി. ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പിച്ചു.

പ്രകോപനമുണ്ടാക്കി പാക്കിസ്ഥാൻ സൈന്യം
2014ലെ ആ വിജയമാണ് ഇന്ത്യൻ ഹോക്കിക്ക് വീണ്ടും തിരിച്ചു വരവിന് അവസരമൊരുക്കിയത്. അന്ന് ഇഞ്ചിയോണിൽ തകർച്ചയിൽ നിന്ന് ഇന്ത്യൻ ഹോക്കി ഉയർത്തെഴുന്നേറ്റപ്പോൾ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അന്ന് അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇന്ത്യൻ അതിർത്തി രക്ഷാ സേന തന്നെ പറഞ്ഞിരുന്നു.

ഇന്ത്യയുടെ വിജയത്തിൽ പ്രകോപിതരായി അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാക് സൈന്യം വെടിവെപ്പ് രൂക്ഷമാക്കി. അത് പിന്നീട് വലിയ സംഘർഷവുമായി. ഇന്ത്യാ-പാക് നയതന്ത്ര ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകുന്നതും അവിടെ നിന്നാണ്. അതിർത്തിയിലെ 2014ലൈ പ്രശ്‌നങ്ങൾ ഏഷ്യൻ ഗെയിസ് ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷമെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കി.

ബി.എസ്.എഫ് പറയുന്നത് ശരിയാണെങ്കിൽ പാക് വിജയം തടഞ്ഞ ഇന്ത്യൻ ഗോൾ വലകാത്ത കൊച്ചിക്കാരൻ ശ്രീജേഷ് തന്നെയാണ് സംഘർഷത്തിന്റെ യഥാർത്ഥ ഉത്തരവാദി!



കിഴക്കമ്പലത്തിന്റെ സ്വന്തം ശ്രീ
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പാറാട്ടു രവീന്ദ്രന്റെ മകനായി 1986 മെയ് 8നു ജനിച്ചു. മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. ഗ്രൗണ്ടിലെ പ്രണയം തന്നെയാണ് ശ്രീജേഷിന്റെ ജീവിത സഖിയായി അനീഷ്യയെ മാറ്റിയത്.

2006ലാണ് എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയില്ല. പതിനഞ്ച് വർഷമായി ഗോൾവല കാക്കുന്നു. ലണ്ടൻ, റിയോ ഒളിമ്പിക്സ് സംഘത്തിലെ ഒന്നാംനമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

ടോക്യോയിൽ ശ്രീജേഷിന് മൂന്നാം ഒളിമ്പിക്സായിരുന്നു. ടീമിലെ ഏറ്റവും പരിചയസമ്പന്നൻ.
ലോക റാങ്കിങ്ങിൽ നാലാമതുള്ള ഇന്ത്യക്ക് ഈ പരിചയ സമ്പത്ത് കരുത്തായി. 41 വർഷങ്ങൾക്കുശേഷം ധ്യാൻചന്ദിന്റെ പിന്മുറക്കാർ മെഡൽ നേടി

കേരളംപോലെ ഹോക്കിക്ക് അത്ര സ്വാധീനമില്ലാത്തിടത്തുനിന്ന് ഇത്രയുംകാലം ഇന്ത്യക്കായി കളിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട് ശ്രീജേഷിന്. അതുപോലെ ഉത്തരവാദിത്തവും. മൂന്ന് വർഷമായി ടോക്യോ ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലായിരുന്നു ശ്രീജേഷ്. ആ പ്രയ്തനം വെറുതെയായില്ല. ലോകത്തെ ഏറ്റവും മികച്ച ഹോക്കി ഗോൾ കീപ്പറായി ഈ എറണാകുളത്തുകാരൻ മാറി.

2012 ലണ്ടനിലായിരുന്നു ആദ്യ ഒളിമ്പിക്സ്. അന്ന് അമ്പരപ്പായിരുന്നു. എന്നെപ്പോലുള്ള ചെറുപ്പക്കാരന് എല്ലാം അത്ഭുതമായിരുന്നു. വിജയത്തെക്കാൾ പ്രധാനം മഹാമേള അനുഭവിക്കുക എന്നതായിരുന്നു. കേട്ടറിഞ്ഞ് മാത്രമുള്ള പല കാര്യങ്ങളും നേരിൽക്കാണുമ്പോഴുള്ള കൗതുകം-ശ്രീജേഷ് ആദ്യ ഒളിമ്പിക്‌സ് അനുഭവം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. നാല് വർഷം കഴിഞ്ഞ് റിയോയിൽ ആ മനസ്സായിരുന്നില്ല. മനസ്സ് മുഴുവൻ കളിയായിരുന്നു. ടീമിന്റെ ക്യാപ്റ്റനാകാനുള്ള ഭാഗ്യവുമുണ്ടായി. സെമിയിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ക്വാർട്ടറിൽ നമ്മൾ പുറത്തായി. ഇത്തവണ തെറ്റില്ല-ഇങ്ങനെ പറഞ്ഞായിരുന്നു ടോക്കിയോവിലേക്കുള്ള യാത്ര. അത് പിഴച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP