Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോ ഫറ എന്നത് മനുഷ്യക്കടത്തുസംഘം കള്ളപാസ്‌പോർട്ട് ലഭിക്കാൻ നൽകിയ പേര്; വീട്ടുജോലിക്കാരിയിൽ നിന്നും 13-ാം വയസ്സിൽ സ്‌കൂളിലെത്തിയതോടെ കായികാധ്യാപകരുടെ കണ്ണിലുണ്ണിയായി: ജീവിതം പറഞ്ഞ് മോ ഫറ

മോ ഫറ എന്നത് മനുഷ്യക്കടത്തുസംഘം കള്ളപാസ്‌പോർട്ട് ലഭിക്കാൻ നൽകിയ പേര്; വീട്ടുജോലിക്കാരിയിൽ നിന്നും 13-ാം വയസ്സിൽ സ്‌കൂളിലെത്തിയതോടെ കായികാധ്യാപകരുടെ കണ്ണിലുണ്ണിയായി: ജീവിതം പറഞ്ഞ് മോ ഫറ

സ്വന്തം ലേഖകൻ

ലണ്ടൻ: ജീവിത കഥ പറഞ്ഞ് ബ്രിട്ടന്റെ ഇതിഹാസ അത്‌ലറ്റ് മോ ഫറ. ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ കൈകളിലൂടെയാണ് മോ ഫറ ബ്രിട്ടനിലെത്തുന്നത്. വീട്ടുജോലിക്കാരിയായിരുന്ന മോ ഫറ 13-ാം വയസ്സിൽ സ്‌കൂളിലെത്തിയതോടെയാണ് ജീവിതം മാറി മറിഞ്ഞത്. സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടമായ ശേഷം സൊമാലിയയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയും കായികജീവിതത്തിൽ ഇതിഹാസമായി വളർന്ന നേട്ടവുമടക്കം സംഭവബഹുലമായ ജീവിതമാണ് ബിബിസിയുടെ 'ദ റിയൽ മോ ഫറ' എന്ന ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.

രക്ഷിതാക്കൾക്കൊപ്പം അഭയാർത്ഥിയായി ബ്രിട്ടനിലെത്തിയെന്നായിരുന്നു ഇത്രയും കാലം ഫറ ലോകത്തോട് പറഞ്ഞത്. എന്നാൽ സത്യം അതിലേറെ കഠിനമായിരുന്നെന്ന് ഫറ തിരുത്തുന്നു. നാലാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. അമ്മയുമായി പിരിഞ്ഞു. ഒൻപതാം വയസ്സിൽ ബ്രിട്ടനിലെത്തുന്നതിന് മുൻപ് ഹുസൈൻ അബ്ദി കാഹിൻ എന്നായിരുന്നു തന്റെ പേരെന്നും മോ ഫറ പറയുന്നു. ആരെന്നറിയാത്ത ഒരു സ്ത്രീ ബ്രിട്ടനിലേക്ക് കൊണ്ടുവന്നപ്പോൾ സ്വന്തം പേരും മനസിൽ നിന്ന് മായ്‌ക്കേണ്ടിവന്നു ഹുസൈൻ അബ്ദി കാഹിന്.

കടത്തുസംഘം കള്ളപാസ്‌പോർട്ട് ലഭിക്കാൻ നൽകിയ പേരാണ് മോ ഫറ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബ്രിട്ടനിൽ വീട്ടുജോലി ചെയ്ത് ജീവിതം തുടങ്ങിയ മോ ഫറ പതിമൂന്നാം വയസ്സിൽ സ്‌കൂളിലെത്തിയതോടെ കായിക അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായി. പുതിയ പേരിൽ ജീവിതം തന്ന നാടിന് വേണ്ടി മോ ഫറ ഓടി. പിന്നെയെല്ലാം ചരിത്രം. ദീർഘദൂര ഓട്ടമത്സരങ്ങളിൽ പകരംവയ്ക്കാനില്ലാത്ത താരമായി മോ ഫറ. 5000,10000 മീറ്റർ മത്സരങ്ങളിൽ ലോക വേദികളിൽ മെഡലുകൾ വാരിക്കൂട്ടിയ മോ ഫറ ഒളിംപിക്‌സിൽ നാലും ലോക ചാമ്പ്യൻഷിപ്പിൽ ആറും തവണ ചാമ്പ്യനായി.

യഥാർത്ഥ മോ ഫറയെയും ഡോക്യുമെന്ററിയിൽ കാണാം. ജീവിതവിജയത്തിന് കാരണമായ പേര് സമ്മാനിച്ചതിന് ഇതിഹാസതാരം യഥാർത്ഥ മോ ഫറായ്ക്ക് നന്ദി പറഞ്ഞു. ഭാര്യ താനിയയാണ് 39-ാം വയസ്സിൽ ഈ തുറന്നുപറച്ചിലിന് മോ ഫറായ്ക്ക് പിന്തുണ നൽകിയത്. കായികലോകത്തെ മുടിചൂടാമന്നന്മാരായ ബ്രിട്ടന് വേണ്ടി ആദ്യമായി നാല് ഒളിംപിക് സ്വർണമെഡൽ നേടിയ താരമാണ് മോ ഫറ. ദീർഘദൂര ഓട്ടമത്സരത്തിൽ ബ്രിട്ടന്റെ തുറുപ്പുചീട്ട്. സൊമാലിയയിൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ മോ ഫറയുടെ ജീവിതത്തിലെ മറക്കാനാഗ്രഹിക്കുന്ന വേദനകളും ഇതിഹാസത്തിലെത്തിയ ചവിട്ടുപടികളുമാണ് ദ റിയൽ മോ ഫറ എന്ന ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP