Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിയോ ഒളിമ്പിക്‌സിൽ വെള്ളിനേടി...മൂന്ന് ലോകചാമ്പ്യൻഷിപ്പുകളിൽ അമേരിക്കയ്ക്ക് കിരീടം ഉറപ്പിച്ചുനൽകി; എന്നിട്ടും 23-ാം വയസ്സിൽ എന്തിനായിരിക്കും കെല്ലി ആത്മഹത്യ ചെയ്തത്? ഒളിമ്പിക് താരത്തിന്റെ ആത്മഹത്യയിൽ ഞെട്ടി അമേരിക്കൻ സമൂഹം

റിയോ ഒളിമ്പിക്‌സിൽ വെള്ളിനേടി...മൂന്ന് ലോകചാമ്പ്യൻഷിപ്പുകളിൽ അമേരിക്കയ്ക്ക് കിരീടം ഉറപ്പിച്ചുനൽകി; എന്നിട്ടും 23-ാം വയസ്സിൽ എന്തിനായിരിക്കും കെല്ലി ആത്മഹത്യ ചെയ്തത്? ഒളിമ്പിക് താരത്തിന്റെ ആത്മഹത്യയിൽ ഞെട്ടി അമേരിക്കൻ സമൂഹം

ലോകമറിയുന്ന സൈക്ലിങ് താരമാകണമെന്നായിരുന്നു കെല്ലി കാറ്റ്‌ലിന്റെ ആഗ്രഹം. അവളത് സാധിച്ചു. 23 വയസ്സിനിടെ, ഒളിമ്പിക്‌സിൽ വെള്ളിമെഡൽ. മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ കിരിടം. പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുകയായിരുന്നു കെല്ലി. പക്ഷേ, കഴിഞ്ഞദിവസം അമേരിക്ക ഞെട്ടിയുണർന്നത് ഒളിമ്പിക് ജേതാവിന്റെ ആത്മഹത്യാ വാർത്ത കേട്ടുകൊണ്ടാണ്.

ട്രാക്ക് സൈക്ലിങ് താരമായ കെല്ലി 2016-ലെ റിയോ ഒളിമ്പിക്‌സിൽ ടീം പഴ്‌സ്യൂട്ട് ഇനത്തിൽ വെള്ളിമെഡൽ നേടിയ അമേരിക്കൻ ടീമിലംഗമായിരുന്നു. 2016, 2017, 2018 എന്നീവർഷങ്ങളിലായി ലോകചാമ്പ്യൻഷിപ്പിൽ ഹാട്രിക് കിരീടം നേടിയ ടീമിലും അംഗമായിരുന്നു. അടുത്തിടെ വീണ് തലയ്ക്ക് പരിക്കേറ്റ കെല്ലി കടുത്ത നൈരാശ്യത്തിലായിരുന്നുവെന്ന് സഹോദരി ക്രിസ്റ്റീൻ പറഞ്ഞു.

വീഴ്ചയ്ക്കുശേഷം പഴയ മാനസികാവസ്ഥയിലായിരുന്നില്ല കെല്ലിയെന്ന് ക്രിസ്റ്റീൻ പറഞ്ഞു. ജനുവരിയിലും അവർ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. സൈക്ലിങ് രംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കണമെന്നായിരുന്നു അവളുടെ മോഹം. 2020 ഒളിമ്പിക്‌സിൽ സ്വർണം നേടണമെന്നും മോഹിച്ചിരുന്നു. അപ്പോഴാണ് അപകടമുണ്ടായതും സൈക്ലിങ്ങിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതും-ക്രിസ്റ്റീൻ പരഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കെല്ലി ജീവനൊടുക്കിയതെന്ന് അച്ഛൻ മാർക്ക് പറഞ്ഞു. വീഴ്ചയ്ക്കുശേഷം മനോനിലയിൽ തകരാറുണ്ടായതോടെ, കുടുംബാംഗങ്ങൾ എപ്പോഴും കെല്ലിയെ ശ്രദ്ധിച്ചിരുന്നു. ജനുവരിയിൽ ആത്മഹത്യക്ക് ശ്രമിച്ചതോടെ, ആരെങ്കിലുമൊരാൾ എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നു. അടുത്തിടെ പ്രശ്‌നങ്ങളിൽനിന്നെല്ലാം മുക്തയായി ഹോസ്റ്റലിലേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു- മാർക്ക് പറഞ്ഞു.

കാലിഫോർണിയയിലെ പാലോ അൾട്ടോയിലുള്ള സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിലായിരുന്നു കെല്ലി താമസിച്ചിരുന്നത്. അവിടെവച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും കെല്ലി സ്വയം മരണം വരിച്ചതാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് കുടുംബം മോചിതരായിട്ടില്ലെന്നും മാർക്ക് പറഞ്ഞു.

സൈക്ലിങ്ങിലെന്നപോലെ പഠനത്തിലും മിടുക്കിയായിരുന്നു അവർ. സ്റ്റാൻഫഡ് സർവകലാശാലയിൽ കംപ്യൂട്ടേഷണൽ ആൻഡ് മാത്തമാറ്റിക്കൽ എൻജിനീയറിങ്ങിൽ ബിരുദ വിദ്യാർത്ഥി കൂടിയായിരുന്നു കെല്ലി. കഴിഞ്ഞവർഷമാണ് മിനെസോട്ട സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ എൻജിനീയറിങ്ങിലും ചൈനീസിലും അണ്ടർഗ്രാജ്വേറ്റ് ഡിഗ്രി നേടിയത്.

അമേരിക്കൻ സൈക്ലിങ് കമ്യൂണിറ്റിക്ക് നികത്താനാവാത്ത നഷ്ടമാണ് കെല്ലിയുടെ മരണത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് യു.എസ്.എ. സൈക്ലിങ് പ്രസിഡന്റ് റോബ് ഡിമാർട്ടിനി പറഞ്ഞു. ഒരു അത്‌ലറ്റ് എന്നതിനെക്കാൾ, കൂടെയുള്ളവർക്ക് പ്രചോദനം കൂടിയായിരുന്നു കെല്ലിയെന്നും അദ്ദേഹം അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP