Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്ളെച്ചറിന്റെ സ്ഥാനത്തെ ചൊല്ലി ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐയും കൊമ്പുകോർക്കുന്നു; കോച്ച് തന്നെ ബോസ് എന്നു ധോനി; ഫ്ളെച്ചർ രവി ശാസ്ത്രിക്കു റിപ്പോർട്ട് ചെയ്യണമെന്ന് ബോർഡ്

ഫ്ളെച്ചറിന്റെ സ്ഥാനത്തെ ചൊല്ലി ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐയും കൊമ്പുകോർക്കുന്നു; കോച്ച് തന്നെ ബോസ് എന്നു ധോനി; ഫ്ളെച്ചർ രവി ശാസ്ത്രിക്കു റിപ്പോർട്ട് ചെയ്യണമെന്ന് ബോർഡ്

മുംബൈ: ടീമിന്റെ ബോസായി കോച്ച് ഡങ്കൻ ഫ്ലച്ചർ തന്നെ തുടരുമെന്നും 2015 ലോകകപ്പ് വരെ അദ്ദേഹം തന്നെയാവും ടീമിന്റെ നാഥനെന്നുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിയുടെ പ്രസ്താവന വിവാദമാകുന്നു. വിഷയം ബിസിസിഐയുടെ അടുത്ത പ്രവർത്തനസമിതി യോഗത്തിൽ ചർച്ചയ്ക്കെടുക്കാൻ ഇരിക്കുകയാണ്, അധികൃതർ. ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയുടെ ആദ്യമത്സരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ധോനി വെടിപൊട്ടിച്ചത്. എന്നാൽ ക്യാപ്റ്റൻ തനിക്ക് പറയാൻ അനുവദിച്ചതിലും കടന്നു പറഞ്ഞതായും പരിശീലകരുടെ കാലാവധി നിശ്ചയിക്കുന്നതിൽ ക്യാപ്റ്റന് ഒരു കാര്യവുമില്ലെന്നും ബിസിസിഐയുടെ ഉന്നതർ മുറുമുറുക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അടുക്കും ചിട്ടയുമില്ലാത്ത പ്രകടനത്തെ തുടർന്ന് ടീമിന്റെ ഡയറക്റ്ററായി ബിസിസിഐ രവി ശാസ്ത്രിയെ നിയമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു, ധോനിയുടെ വാഗ്‌പ്രഹരം. ഫ്‌ളെച്ചറിനെ ഒതുക്കാൻ ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ച ബിസിസിഐ നടപടി അതേപടി അംഗീകരിക്കാൻ ഒരുക്കമല്ലെന്ന സൂചനയാണു ധോണിയുടെ വാക്കുകൾ. ധോണിയുടേത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്നു ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേൽ പ്രതികരിച്ചു.

ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് പ്രതീക്ഷിക്കാത്തതും നിരാശാജനകവും ആയിരുന്നു സംഭവിച്ചത് എന്നും വിഷയം ബോർഡിന്റെ അടുത്ത പ്രവർത്തകസമിതിയിൽ ചർച്ചയ്ക്കുവരുമെന്നും ബിസിസിഐയിലെ ഉന്നതൻ അറിയിച്ചു. "ടീമിന്റെ ബോസ് ആരാണെന്നു കമന്റ് ചെയ്യാൻ ധോനി ആളല്ല. അത് അദ്ദേഹത്തിന്റെ മേഖലയല്ല," നേരെ കാര്യം പറയാമെന്ന മുഖവുരയോടെ അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

"തീർച്ചയായും ധോനി ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിലുള്ള തന്റെ സംക്ഷേപത്തിനും അപ്പുറം പോയി. മാദ്ധ്യമങ്ങൾക്ക് അദ്ദേഹത്തോട് എന്തും ചോദിക്കാം. എന്നാൽ ഒരു പാകത വന്ന ക്രിക്കറ്റർ എന്ന നിലയിൽ തന്റെ പരിധികൾ അദ്ദേഹം അറിഞ്ഞിരിക്കണം. കളിക്കിറങ്ങുന്ന 11 പേർ ആരൊക്കെയാണെന്ന് തീരുമാനിക്കുന്നതിൽ ബിസിസിഐ ഒഫീഷ്യലുകൾ ഇടപെടാറില്ല എന്നതുപോലെ തന്നെ ആരൊക്കെ ഏതുകാലം വരെ ഉണ്ടാകും എന്നു ധോനിയല്ല നിശ്ചയിക്കുക. സപ്പോർട്ട് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്ന ചുമതലയോ അവരുടെ കാലാവധിയെ കുറിച്ചു പറയാനുള്ള അധികാരമോ അദ്ദേഹത്തെ ആരും ഏല്പിച്ചിട്ടില്ല," ബിസിസിഐ വക്താവ് പറഞ്ഞു.

ഇന്ത്യൻ ടീം ഇനി രവി ശാസ്ത്രിയുടെ കുഞ്ഞാവും എന്നും ഫ്ലെച്ചർ അദ്ദേഹത്തിനു റിപ്പോർട്ട് ചെയ്യണമെന്നും ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേൽ വ്യക്തമാക്കി. താനാകും ഇനി ടീമിന്റെ ചുമതല വഹിക്കുക എന്നും ഫ്ലെച്ചർ തന്നോട് റിപ്പോർട്ട് ചെയ്യണമെന്നും ശാസ്ത്രിയും വിവിധ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഫീൽഡിങ് കോച്ച് ട്രെവർ പെന്നിയേയും ബൗളിങ് കോച്ച് ജോ ഡേവിസിനയും നീക്കിയ നടപടിയോടും നിഷേധാത്മകമായാണ് ധോനി പ്രതികരിച്ചത്. ഫീൽഡർമാർ ക്യാച്ചുകൾ വിട്ടുകളയുന്ന സമയത്ത് ട്രെവർ പരമ്പരയിൽ നിന്നു വിട്ടുനിൽക്കേണ്ടിവരുന്നത് കടന്ന കയ്യാണെന്ന് ധോനി അഭിപ്രായപ്പെട്ടിരുന്നു.

"ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കാൻ രവി ശാസ്ത്രിയുണ്ടാകും. എന്നാൽ ഫ്ലെച്ചർ തന്നെയാവും ഞങ്ങളുടെ ബോസ്. അദ്ദേഹത്തിന്റെ അധികാരമോ പദവിയോ വെട്ടിക്കുറച്ചിട്ടില്ല. പുറത്തുനിന്ന് നോക്കിയാൽ നിങ്ങൾക്ക്‌ എന്തുതോന്നുമെന്ന് എനിക്കറിയില്ല. എന്നാൽ പ്രവൃത്തികൾ അതേപോലെ തന്നെ തുടരുന്നു. കുറച്ചുകൂടി സപ്പോർട്ടിങ് സ്റ്റാഫ് ഡ്രസിങ് റൂമിലേക്ക്‌ വരുന്നുണ്ടാവാം. എന്നാൽ മൊത്തത്തിലുള്ള പ്രവർത്തനം അതേപോലെ തുടരുന്നു." ധോനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രവി ശാസ്ത്രി വെറുതെ ടീമിന്റെ മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും ധോനി അഭിപ്രായപ്പെട്ടിരുന്നു. പഴയ ഓൾറൗണ്ടറുടെ നിയമനത്തെ ചെറുതാക്കി കാണിക്കാനാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇങ്ങനെ പ്രതികരിച്ചത് എന്ന വികാരമാണ് ബിസിസിഐ ഉന്നതർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP