Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അഞ്ജു ബോബി ജോർജ്ജ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയും രാജി നൽകി; അഴിമതിക്കെതിരെ നിലപാട് എടുത്തതു കൊണ്ടാണ് രാജിവെക്കേണ്ടി വന്നതെന്ന് ആരോപണം; അഞ്ജുവിന്റെ സഹോദരനും ടെക്നിക്കൽ പദവി രാജിവെക്കും

അഞ്ജു ബോബി ജോർജ്ജ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയും രാജി നൽകി; അഴിമതിക്കെതിരെ നിലപാട് എടുത്തതു കൊണ്ടാണ് രാജിവെക്കേണ്ടി വന്നതെന്ന് ആരോപണം; അഞ്ജുവിന്റെ സഹോദരനും ടെക്നിക്കൽ പദവി രാജിവെക്കും

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോർജ് രാജിവച്ചു. അപമാനം സഹിച്ചു തുടരാൻ ആകില്ലെന്ന് അഞ്ജു പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക അഴിമതിയാണു സ്പോർട്സ് ലോട്ടറിയെന്നും വിടവാങ്ങൽ വാർത്താസമ്മേളനത്തിൽ അഞ്ജു പറഞ്ഞു. എന്റെ പേരുകൂടി ചേർത്താണു ലോട്ടറി അച്ചടിച്ചതെന്നും അഞ്ജു പറഞ്ഞു. കായികതാരങ്ങളോടു ചെയ്ത ഏറ്റവും വലിയ ചതിയാണു സ്പോർട്സ് ലോട്ടറിയെന്നും അഞ്ജു പറഞ്ഞു.

ഇന്നു ചേർന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനെ കൂടാതെ വോളിബാൾ താരം ടോം ജോസഫ് അടക്കമുള്ള ഭരണസമിതിയിലെ 12 അംഗങ്ങളും രാജിവച്ചിട്ടുണ്ട്. അഞ്ജുവിന്റെ സഹോദരൻ അജിത് മാർക്കോസും വിവാദമായ ടെക്നിക്കൽ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്നും അഞ്ജു അറിയിച്ചു.

സ്ഥാനമേറ്റപ്പോൾ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ നടന്നതെന്ന് അഞ്ജു പറഞ്ഞു. എന്റെ മെയിൽ ഹാക്ക് ചെയ്ത സംഭവംവരെയുണ്ടായി. എത്തിക്സ് കമ്മിറ്റി രൂപവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ മുതലാണു പ്രശ്നങ്ങൾ ഉണ്ടായത്. കായിക മേഖലയുമായി ബന്ധപ്പെട്ട അഴിമതി, സ്വജനപക്ഷപാതം അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കാനുള്ള എത്തിക്‌സ് കമ്മിറ്റിക്ക് രൂപം നൽകാനാണു ഭരണസമിതി തീരുമാനിച്ചത്. ഇതിനു പിന്നാലെ പ്രശ്‌നങ്ങൾ തുടങ്ങുകയായിരുന്നു.

അജിത് മാർക്കോസിന്റെ നിയമനം നടത്തിയതു സർക്കാരാണ്. കൗൺസിലിന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. സ്‌പോർട്‌സിന് പാർട്ടിയോ മതമോ ഇല്ല. സ്‌പോർട്‌സിനെ തകർക്കാം, എന്നാൽ കായികതാരങ്ങളെ തോൽപിക്കാനാവില്ല. സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് സഹോദരൻ അജിത്ത് മാർക്കോസിനെ പരിശീലകനായി നിയമിച്ചത്. കൗൺസിൽ നേരിട്ടു നടത്തിയ നിയമനമായിരുന്നില്ല. അഞ്ച് മെഡലുകൾ കിട്ടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ നിയമിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അജിത്തും രാജിവെക്കുമെന്നും അഞ്ജു വ്യക്തമാക്കി.

ഈ നൂറ്റാണ്ടിൽ കായികതാരങ്ങളോട് ചെയ്ത ഏറ്റവും വലിയ അഴിമതിയാണ് സ്പോർട്സ് ലോട്ടറി. ലോട്ടറിയുടെ പേരിൽ വലിയ വാഗ്ദാനങ്ങളാണ് കായികതാരങ്ങൾക്ക് അധികാരികൾ നൽകിയത്. എന്നാൽ, ഇതുവരെ ഒന്നും നടന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ കള്ളത്തരം കാണിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല. ഇക്കാര്യങ്ങൾ ജനങ്ങളറിയണമെന്നും സത്യം മാദ്ധ്യമങ്ങൾ പുറത്തു കൊണ്ടു വരണമെന്നും അഞ്ജു ആവശ്യപ്പെട്ടു. സ്ഥാപക അംഗം ജി.വി രാജയെ കരയിപ്പിച്ച് പറഞ്ഞുവിട്ട പ്രസ്ഥാനമാണ് സ്പോർട്സ് കൗൺസിലെന്നും അഞ്ജു ചൂണ്ടിക്കാട്ടി.

അധ്യക്ഷസ്ഥാനം ഏറ്റെടുക്കും മുമ്പ് തന്റെ തിരക്കുകൾ സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അഞ്ജു പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ അപ്രതീക്ഷിതമാണെന്ന് അഞ്ജു രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണങ്ങൾ പുകമറയായിരുന്നു. തന്റെ കൈകൾ ശുദ്ധമാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തും ജില്ലകളിലും നടന്നിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിജിലൻസ് ഡയറക്ടറെ കൊണ്ട് അന്വേഷണം നടത്താൻ ഇന്നു ചേർന്ന ഭരണസമിതിയോഗം തീരുമാനിച്ചു. എൽ.ഡി.എഫ് സർക്കാറിന്റെ കാലാവധി പൂർത്തിയായിട്ടും കഴിഞ്ഞ 10 വർഷമായി 14 ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വം നൽകിയിരുന്നത് ഇടത് അനുഭാവമുള്ള സ്റ്റാൻഡിങ് കമ്മിറ്റികളായിരുന്നു. കഴിഞ്ഞ ആറു മാസത്തെ കൗൺസിലിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കുമെന്നാണ് കായിക മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, 2006 നവംബർ മുതൽ 2016 ജൂൺ വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്നും രാജിവച്ച ഭരണസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.

പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ഇ.പി ജയരാജനെ കാണാൻ എത്തിയതാണ് അഞ്ജുബോബി ജോർജിന്റെ രാജിയിലേക്ക് കലാശിച്ച സംഭവങ്ങൾക്ക് തുടക്കമായത്. അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിൽ എല്ലാവരും അഴിമതിക്കാരും പാർട്ടിവിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നാണ് അഞ്ജു മാദ്ധ്യമങ്ങളോട് മന്ത്രിയുമായുള്ള സന്ദർശനത്തെക്കുറിച്ച് പറഞ്ഞത്. കൂടാതെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ അഞ്ജു ആരോട് ചോദിച്ചിട്ടാണ് ബാംഗ്ലൂരിൽ നിന്നും വരാൻ വിമാനടിക്കറ്റ് ചാർജ് എഴുതി എടുക്കുന്നതെന്നും മന്ത്രി ഇ.പി ജയരാജൻ ചോദിച്ചിരുന്നു. അഞ്ജു ബോബി ജോർജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവർ സന്തോഷത്തോടെയാണ് പോയതെന്നും ജയരാജൻ പ്രതികരിച്ചു.

അഞ്ജു രാജിവച്ചതോടെ നിലവിലെ ഭരണസമിതി പിരിച്ചു വിടാൻ സർക്കാർ തയ്യാറായേക്കും. നിലവിലുള്ള ഭരണസമിതി അംഗങ്ങൾ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. കായിക നയം ഭേദഗതി ചെയ്താകും സർക്കാർ നടപടി. ഇതിനായി തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നാമനിർദ്ദേശത്തിന് പകരം തെരഞ്ഞെടുപ്പിലൂടെ സ്പോർട്സ് കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിന് നിയമം കൊണ്ടുവരാനാണ് സർക്കാർ നീക്കം.

നാമനിർദ്ദേശത്തിലൂടെയാണ് അഞ്ജു ബോബി ജോർജ്ജ് പ്രസിഡന്റായ സ്പോർട്സ് കൗൺസിൽ ഭരണസമിതിയെ നിശ്ചയിച്ചത്. നാമനിർദ്ദേശത്തിലൂടെ അംഗങ്ങളെ നിശ്ചയിക്കുന്ന രീതി, നിയമഭേദഗതിയിലൂടെ യുഡിഎഫ് സർക്കാരാണ് ആരംഭിച്ചത്. ഇതിനു പകരം, പഴയ രീതിയിൽ സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP