Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഇനി അവശേഷിക്കുന്നത് എട്ടു ടീമുകൾ; ബ്രസീൽ, ഫ്രാൻസ്, ഉറുഗ്വായ്, ബെൽജിയം, ഇംഗ്ലണ്ട്, സ്വീഡൻ, ക്രൊയേഷ്യ പിന്നെ ആതിഥേയരായ റഷ്യയും; കളിയെഴുത്തുകാർ സെമി സാധ്യത കൽപിക്കുന്നത് ബ്രസീലിനും ഫ്രാൻസിനും ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും; ലോകകപ്പ് ക്വാർട്ടർ ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇനി അവശേഷിക്കുന്നത് എട്ടു ടീമുകൾ; ബ്രസീൽ, ഫ്രാൻസ്, ഉറുഗ്വായ്, ബെൽജിയം, ഇംഗ്ലണ്ട്, സ്വീഡൻ, ക്രൊയേഷ്യ പിന്നെ ആതിഥേയരായ റഷ്യയും; കളിയെഴുത്തുകാർ സെമി സാധ്യത കൽപിക്കുന്നത് ബ്രസീലിനും ഫ്രാൻസിനും ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും; ലോകകപ്പ് ക്വാർട്ടർ ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഐക്യരാഷ്ട്ര സഭയെക്കാളും അംഗരാജ്യങ്ങളുടെ സംഘടനയാണ് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷനെന്ന ഫിഫ. യോഗ്യതാ റൗണ്ടിൽ ഇരുനൂറിലേറെ വരുന്ന ഈ ദേശീയ ടീമുകൾ മത്സരിച്ചാണ് ലോകകപ്പിലെ 32 ടീമുകളിലേക്ക് എത്തുന്നത്. അവിടെ എട്ട് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട്. അതിനുശേഷം, പതിനാറു ടീമുകൾ ഉൾക്കൊള്ളുന്ന പ്രീക്വാർട്ടർ. റഷ്യൻ ലോകകപ്പ് ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് എട്ടുടീമുകൾ മാത്രം. അന്തിമവിജയിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഇനി ശേഷിക്കുന്നത് ഏഴ് മത്സരങ്ങൾകൂടി.

ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീലും ഉറുഗ്വായും. യൂറോപ്പിൽനിന്ന് ബെൽജിയവും ഫ്രാൻസും ഇംഗ്ലണ്ടും ക്രൊയേഷ്യയും ആതിഥേയരായ റഷ്യയും. ആഫ്രിക്കയ്്ക്കും ഏഷ്യക്കും പ്രാതിനിധ്യമില്ലാതെ ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കുമ്പോൾ, ശേഷിക്കുന്നത് ഈ ടീമുകളാണ്. ഇതിൽ ജൂലൈ ആറിന് നടക്കുന്ന മത്സരങ്ങളിൽ ഫ്രാൻസ് ഉറുഗ്വായെയും ബ്രസീൽ ബെൽജിയത്തെയും നേരിടും. പിറ്റേന്ന് സ്വീഡനും ഇംഗ്ലണ്ടും തമ്മിലും റഷ്യയും ക്രൊയേഷ്യയും തമ്മിലും സെമി ഫൈനൽ സ്ഥാനത്തിനായി പോരാടും.

Stories you may Like

ക്വാർട്ടറിലെത്തിയ എട്ടുടീമുകളിൽ നാലുടീമുകൾ മുൻചാമ്പ്യന്മാരാണ്. അഞ്ചുവട്ടം ചാമ്പ്യന്മാരായ ബ്രസീൽ ഇക്കുറി ആറാം കിരീടം തേടിയാണ് ഇറങ്ങുന്നത്. രണ്ടുവട്ടം ചാമ്പ്യന്മാരായ ഉറുഗ്വായ്, 1950-നുശേഷമുള്ള ആദ്യ കിരീടവും സ്വപ്‌നം കാണുന്നു. ഫ്രാൻസ് 1998-ലാണ് ഒടുവിൽ ചാമ്പ്യന്മാരായതെങ്കിൽ, ഇംഗ്ലണ്ടിന്റെ കിരീടനേട്ടം 1966-ലായിരുന്നു. ഒരു പുതിയ ചാമ്പ്യൻ ഇക്കുറിയുണ്ടാകുമോ എന്ന ചോദ്യത്തിന് വെല്ലുവിളിയുയർത്തുന്നതാണ് ഈ നാലുടീമുകളുടെയും ഇപ്പോഴത്തെ ഫോമും പ്രകടനനിലവാരവും.

ഫൈനലിന് തുല്യമായ രണ്ടുമത്സരങ്ങൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യദിനം തന്നെ നടക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫ്രാൻസും ഉറുഗ്വായും ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ്. അപരാജിതരായാണ് ഉറുഗ്വായുടെ വരവ്. ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരയും അവരുടേതുതന്നെ. പ്രീക്വാർട്ടർവരെയുള്ള നാല് മത്സരങ്ങളിൽനിന്ന് അവർ വഴങ്ങിയത് ഒരുഗോൾ മാത്രം. എഡിൻസൺ കവാനിയും ലൂയി സുവാരസുമുൾപ്പെട്ട മുന്നേറ്റനിര കൂടി ചേരുന്നതോടെ അവർ സുശക്തരാകുന്നു.

അർജന്റീനയെ കെട്ടുകെട്ടിച്ച ഫ്രാൻസിന്റെ യുവനിരയെ പേടിക്കാതെ വയ്യ. കൈലിയൻ എംബാപ്പെയും അന്റൊയിൻ ഗ്രീസ്മാനും പോൾ പോഗ്ബയുമടങ്ങുന്ന ടീമിന്റെ പ്രഹരശേഷി ലയണൽ മെസ്സിയും സംഘവും നേരിട്ടറിഞ്ഞതാണ്. ഗ്രൂപ്പ്ഘട്ടത്തിൽ മൂന്ന് കളികളിൽ രണ്ട് ജയവും ഒരു സമനിലയുമായി മുന്നേറിയ ഫ്രാൻസ്, പ്രീക്വാർട്ടറിൽ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് വിജയം കണ്ടത്. ലോകകപ്പിൽ ഫൈനൽ പ്രതീക്ഷയോടെയാണി ദിദിയർ ദെഷാംപ്‌സിന്റെ ടീം മുന്നേറുന്നത്.

ഓരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ബ്രസീൽ ആറാം ലോകകിരീടം അകലെയല്ല എന്ന വിശ്വാസത്തിലാണ് മുന്നോട്ടുവരുന്നത്. നെയ്മറുടെയും പൗളീന്യോയുടെയും ഫിർമിനോയുടെയുമൊക്കെ മികച്ച ഫോമും ചടുലമായ നീക്കങ്ങളിലേക്ക് തിരിച്ചുവന്ന ഒത്തിണക്കവും ബ്രസീലിനെ സുശക്തരാക്കുന്നു. എന്നാൽ, ക്വാർട്ടറിൽ അവരുടെ എതിരാളികൾ ഈ ലോകകപ്പിലെ ഏറ്റവും പ്രൊഫഷണൽ സംഘമായ ബെൽജിയമാണ്. ക്യാപ്റ്റൻ ഈഡൻ ഹസാർഡും മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയനും സ്‌ടൈക്കർ റൊമേലു ലുക്കാക്കുവുമൊക്കെ അടങ്ങുന്ന ബെൽജിയൻ നിര, പ്രീക്വാർട്ടറിൽ ജപ്പാനെതിരെ രണ്ടുഗോൾ പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് വിജയത്തിലേക്ക് കുതിച്ച കാഴ്ചമതി അവരുടെ പ്രൊഫഷണൽ മനോഭാവം മനസ്സിലാക്കാൻ.

ആതിഥേയരായ റഷ്യയുടെ സെമി ഫൈനൽ സ്വപ്‌നങ്ങൾക്കുമേൽ ചിറകുവിരിച്ചുനിൽക്കുന്നത് ക്രൊയേഷ്യൻ കളിമികവാണ്. പ്രീക്വാർട്ടറിൽ സ്‌പെയിനെ അട്ടിമറിച്ചാണ് റഷ്യയുടെ മുന്നേറ്റം. ഷൂട്ടൗട്ടിലെ വിജയത്തിന് ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. എന്നാൽ, ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ ആ പ്രകടനം മതിയാവില്ലെന്ന് ആതിഥേയർക്കറിയാം. ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും മരിയോ മാൻസൂക്കിച്ചുമടങ്ങുന്ന ക്രൊയേഷ്യയുടെ ആക്രമണനിര ഇക്കുറി രണ്ടും കൽപ്പിച്ചുള്ള കുതിപ്പിലാണ്.

ഇംഗ്ലണ്ടും സ്വീഡനും ക്വാർട്ടറിൽ ഏറ്റമുട്ടുമ്പോൾ, വിജയം ഇംഗ്ലണ്ടിനൊപ്പം നിൽക്കുമെന്ന് കരുതുന്നവരാണ് ഫുട്‌ബോൾ പ്രേമികളിലേറെയും. ക്യാപ്റ്റൻ ഹാരി കെയ്‌ന്റെ നേതൃത്വത്തിലുള്ള ആക്രമണനിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ടോപ് സ്‌കോറർ പദവിക്കായി മുൻപന്തിയിലുള്ള കെയ്ൻ ഇതുവരെ നേടിയത് ആറുഗോളുകൾ. സ്വീഡനെതിരേയും മികച്ച ആക്രമണാത്മക ഫുട്‌ബോളാകും ഇംഗ്ലണ്ട് പുറത്തെടുക്കുക. എന്നാൽ, അപ്രതീക്ഷിത ആക്രമണങ്ങളിലൂടെ എതിരാളികളെ പിടിച്ചുകെട്ടാൻ ശേഷിയുള്ള സ്വീഡനെ എഴുതിത്ത്തള്ളുന്നതും മണ്ടത്തരമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP