Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാണംകെട്ട സമനിലയിൽ കുരുങ്ങേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഇരട്ടഗോൾ സമ്മാനിച്ച് ടുണീഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷിച്ചതു നായകൻ; രണ്ടാം പാതത്തിൽ നിലത്തു കാലുറപ്പിക്കാൻ പോലുമാകാതെ മൂന്നാം തവണ ഗോൾവല കുരുക്കി ബെൽജിയം; പെനാലിറ്റിയുടെ ഭാഗ്യത്തിൽ കൊറിയ മറികടന്ന് കടന്നൂകുടി സ്വീഡനും: ഇന്നലെ ലോകം സാക്ഷ്യം വഹിച്ച കളികൾ ഇങ്ങനെ

നാണംകെട്ട സമനിലയിൽ കുരുങ്ങേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഇരട്ടഗോൾ സമ്മാനിച്ച് ടുണീഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷിച്ചതു നായകൻ; രണ്ടാം പാതത്തിൽ നിലത്തു കാലുറപ്പിക്കാൻ പോലുമാകാതെ മൂന്നാം തവണ ഗോൾവല കുരുക്കി ബെൽജിയം; പെനാലിറ്റിയുടെ ഭാഗ്യത്തിൽ കൊറിയ മറികടന്ന് കടന്നൂകുടി സ്വീഡനും: ഇന്നലെ ലോകം സാക്ഷ്യം വഹിച്ച കളികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വോൾഗോഗ്രാഡ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട് ടുണീഷ്യയെ തോൽപ്പിച്ചപ്പോൾ ബെൽജിയം പനാമയുടെ ഗോൾവല നിറച്ചു കൊണ്ടാണ് രംഗത്തെത്തിയത്. അതേസമയം പെനാലിറ്റിയുടെ ഭാഗ്യത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ മറികടന്നാണ് സ്വീഡൻ ആദ്യമത്സരം പൂർത്തിയാക്കിയത്.

ഇന്നലെ വൈകി നടന്ന കളിയിൽ നായകൻ ഹാരി കെയ്‌ന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടുണിഷ്യയുമായി സമനിലക്കുരുക്കിലേക്ക് നീങ്ങുമായിരുന്ന മത്സരത്തിൽ അവിശ്വസനീയമായ വിധത്തിൽ തിരിച്ചടിച്ചാണ് കെയ്ൻ ഇംഗ്ലീഷുകാരുടെ രക്ഷകനായി മാറിയത്. ക്യാപ്റ്റന്റെ ഇരട്ട ഗോളിൽ ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് ജിയിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ടുണീഷ്യയെ തോൽപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്.

റാഷ്ഫോർഡിനേയും ജാമി വാർഡിയേയും സൈഡ് ബെഞ്ചിലിരുത്തി ഇംഗ്ലണ്ട് കോച്ച് ഹാരി കെയ്നേയും റഹീം സ്റ്റെർലിങ്ങിനെയുമാണ് ഇംഗ്ലണ്ടിന്റെ ആക്രമണച്ചുമതല ഏൽപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ സ്ട്രൈക്കർമാർ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം പ്രതീക്ഷിച്ച പോലെത്തന്നെ ആദ്യ മിനിറ്റുകളിൽ ആക്രമണം ശക്തപ്പെടുത്തി. ഇതിന്റെ ഫലം 11-ാം മിനിറ്റിൽ കണ്ടു, ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ.

ആഷ്ലി യങ്ങിന്റെ കോർണർ കിക്കിൽ സ്റ്റോൺസിന്റെ ഹെഡ്ഡർ ടുണീഷ്യ ഗോൾകീപ്പർ തടുത്തിട്ടു. റീബൗണ്ട് പിടിക്കാൻ നിന്ന കെയ്നിന് പിഴച്ചില്ല. ഇംഗ്ലണ്ട് മുന്നിൽ. എന്നാൽ, ഈ സന്തോഷത്തിന് വെറും പതിനാല് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കെയ്ൽ വാക്കർ, ഫക്രദ്ദീൻ ബെൻ യൂസഫിനെ ബോക്സിൽ വച്ച് മുട്ടുകൊണ്ട് മുഖത്ത് ഇടിച്ചതിന് കിട്ടിയ പെനാൽറ്റിയാണ് കഥ മാറ്റിയെഴുതിയത്. വീഡിയോ പരിശോധനയിലാണ് പെനാൽറ്റിയിൽ തീർപ്പു കൽപിച്ചത്. വാക്കർക്ക് മഞ്ഞക്കാർഡും ടുണീഷ്യയ്ക്ക് പെനാൽറ്റിയും. കിക്കെടുത്ത ഫെർജാനി സാസിക്ക് പിഴച്ചില്ല. ഡൈവ് ചെയ്ത ജോഡൻ പിക്കഫോർഡിന്റെ വലതു മൂലയിലേയ്ക്കൊരു ഗ്രൗണ്ടർ. മത്സരം ഒപ്പത്തിനൊപ്പം (1-1)

പിന്നീട് അവസരങ്ങൾ ഏറെ തുലച്ച് ഇംഗ്ലീഷുകാർ സമനില വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും നാലു മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമിൽ റഫറി വിസസലൂതാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഒരു കോർണർ കെയ്ൻ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.

ട്രിപ്പിയറെടുത്ത് കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. ബോക്സിന് മുന്നിൽ ഹെൻഡേഴ്സണും ടുണീഷ്യൻ ഡിഫൻഡറും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന കെയ്നിന്റെ അരികാലണെത്തിയത്. കിട്ടിയ അവസരം മുതലെടുത്ത് കെയ്ൻ പന്ത് വലയിലേക്ക് കുത്തിയിട്ടു. ഇംഗ്ലണ്ടിന് 2-1ന്റെ വിജയം.

ഒരു ഘട്ടത്തിൽ ഇംഗ്ലിഷ് മുന്നേറ്റങ്ങളുടെ മുനയൊടിച്ച് ആക്രമണവും കൗണ്ടർ അറ്റാക്കുകളുമെല്ലാമായി തുനീസിയ കളം നിറഞ്ഞതോടെ, കളി കൈവിടുമെന്നു പോലും തോന്നിച്ചു. അർജന്റീനയുടെയും സ്‌പെയിനിന്റെയും ബ്രസീലിന്റെയും വഴിയേ, കിരീട പ്രതീക്ഷയുമായെത്തി ആദ്യകളിയിൽ സമനില വഴങ്ങുകയെന്ന ദുര്യോഗത്തിലേക്കാണ് ഇംഗ്ലണ്ടിന്റെയും പോക്കെന്നു കരുതിയ നേരത്താണു ഹാരി കെയ്ൻ രക്ഷകനായി മാറിത്. ഇംഗ്ലണ്ട് ക്യാപ്റ്റനായപ്പോഴൊക്കെ ഹാരി കെയ്ൻ ഗോളടിച്ചിട്ടുണ്ടെന്ന പതിവാണ് വീണ്ടും ആവർത്തിച്ചത്.

മുന്നിൽ നിന്നു നയിച്ച് ലുക്കാക്കും, അനായാസം ബെൽജിയം

ലുക്കാക്കു എന്ന കരുത്തന്റെ മികവിൽ അനായാസ വിജയത്തോടയാണ് ബൽജിയം തങ്ങളുടെ ആദ്യ മത്സരം പൂർത്തിയാക്കിയത്.ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ അവർ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.

പല അവസരങ്ങളും ഒന്നൊന്നായി പൊലിഞ്ഞുപോയശേഷം മെർട്ടെൻസാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെൽജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. നാൽപത്തിയേഴാം മിനിറ്റിലായിരുന്നു ഗോൾ. ബോക്‌സിൽ നിന്നു കിട്ടിയ പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേയ്ക്ക് കോരിയിടുകയായിരുന്നു മെർട്ടെൻസ്. പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ലുക്കാക്കുവിന്റെ രണ്ട് ഗോളുകളും. ആദ്യം അറുപത്തിയൊൻപതാം മിനിറ്റിലും രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും.

എല്ലാം കൊണ്ടും ശക്തരായിരുന്നു ബെൽജിയം. കിക്കോഫ് മുതൽ ചെങ്കടൽ ഇരമ്പുകയായിരുന്നു. എന്നാൽ, പാനമയുടെ തീരം വിറച്ചില്ല. വിൻസന്റ് കംപാനിയില്ലാതെ ഇറങ്ങിയ ബെൽജിയത്തിന്റെ ഓരോ നീക്കവും പാനമയുടെ ഗോൾ ഏരിയയിൽ എരിഞ്ഞടിങ്ങി. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ എഡൻ ഹസാർഡിനും ലുക്കാക്കുവിനും കഴിഞ്ഞിരുന്നില്ല. പാനമയുടെ പ്രതിരോധഭടൻ ടോറസാണ് ഈ മുന്നേറ്റങ്ങളുടെ മുനയൊടിച്ചവരിൽ മുമ്പൻ. എന്നാൽ, ഈ പിഴവുകൾക്ക് ഹസാർഡും ലുക്കാക്കുവും രണ്ടാം പകുതിൽ പ്രായശ്ചിത്തം ചെയ്തു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളിലൂടെ.

ലോകകപ്പിലേക്കുള്ള തിരിച്ചുവരവിൽ കടന്നുകൂടി സ്വീഡൻ

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡൻ ഇന്നലെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. തൊണ്ണൂറ് മിനിറ്റും പേശിബലത്തിന്റെ മാറ്റുരയ്ക്കൽ കണ്ട ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് എടുത്ത പെനാൽറ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിൻ വൂ ബോക്സിൽ വിക്ടർ ക്ലാസണിൽ നടത്തിൽ കടുത്ത ടാക്ലിങ്ങാണ് പെനാൽറ്റിക്ക് വഴിവച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയർക്ക് വിടുകയായിരുന്നു. വാറിൽ വിധി സ്വീഡന് അനുകൂലമായി. കിക്കിൽ ഗ്രാങ്ക്വിസ്റ്റിന് പിഴച്ചതുമില്ല.

നിലവാരമുള്ള കളി പുറത്തെടുക്കാൻ പാടുപെട്ട മത്സരത്തിൽ പ്രതീക്ഷിച്ച പോലെ സ്വീഡന് തന്നെയായിരുന്നു മേൽക്കൈ. നല്ല ബോൾ പൊസഷനും മികച്ച കൈമാറ്റങ്ങളുമെല്ലാമുണ്ടായിരുന്നു. എന്നാൽ, കൊറിയക്കാരുടെ കടുത്ത ടാക്ലിങ്ങിനെ അതിജീവിക്കാൻ അവർക്കായില്ല. തടിയിട്ട് പൊടിയാക്കുന്ന മാർക്കിങ്ങായിരുന്നു കൊറിയയുടേത്. ഇതിനെ ഭേദിച്ച് ഗോളിലേയ്ക്കെത്താൻ സ്വീഡന് നന്നായി പാടു പെടേണ്ടിവന്നു. മധ്യനിരയിലെല്ലാം നല്ല മേൽക്കൈ ലഭിച്ചെങ്കിലും അത് ഗോൾ ഏരയയിൽ നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല.

തീർത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങൾ. ചിലപ്പോഴൊക്കെ ഗോൾമുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില ഷോട്ടുകൾ ഉതിർത്തുവെങ്കിലും അതൊന്നും ലക്ഷ്യം ഭേദിക്കാൻ പോന്നതായില്ല. അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളായിരുന്നു അവരുടെ തറുപ്പുചീട്ട്. എന്നാൽ, ഇതിന് ചിറകെട്ടാൻ സ്വീഡ മറന്നില്ല. ആക്രമണത്തിൽ പ്രതീക്ഷിച്ച ഫോം പുലർത്താൻ കഴിയാതിരുന്ന സ്വീഡൻ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. ജർമനിയും മെക്‌സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. ജർമനിയെ അട്ടിമറിച്ച മെക്‌സിക്കോ മൂന്ന് പോയിന്റ് നേടിയിട്ടുണ്ട്.

ലുക്കാക്കുവാണ് താരം

ഇന്നലെ നടന്ന മത്സരങ്ങളോട് ഒരു കാര്യം ഉറപ്പായി ലുക്കുക്കു വെറും ലുട്ടാപ്പിയല്ല. കരുത്തു കൊണ്ട് സാക്ഷാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വെല്ലുവിളിക്കുന്ന മിടുക്കനാണ് ഈ ബെൽജിയം കരുത്തൻ. ബൽജിയത്തിനായി സൂപ്പർതാരം റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്‌നുമാണ് ഇരട്ടഗോൾ നേടിയത്. ആദ്യ മൽസരത്തിൽ സ്‌പെയിനിനെതിരെ ഹാട്രിക് നേടി സുവർണപാദുക മൽസരത്തിൽ മുന്നിലുള്ള പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ഇവരുടെ കുതിപ്പ്.

തുനീസിയ ഒരുക്കിയ സമനിലക്കെണി പൊട്ടിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയനായകനായി. ആഫ്രിക്കൻ അട്ടിമറിക്കരുത്തുമായി എത്തിയ തുനീസിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 21 വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലുമായി ഇംഗ്ലിഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ രണ്ടു ഗോളുകൾ നേടി.

ദൗർഭാഗ്യത്തിനു പിടികൊടുക്കാതെ ബൽജിയത്തിനു സൂപ്പർ തുടക്കം. ലോകകപ്പിൽ അരങ്ങേറ്റ മൽസരം കളിച്ച പാനമയെ 30ന് ആണു ബൽജിയം തകർത്തത്. സ്‌ട്രൈക്കർമാരായ ഡ്രിയെസ് മെർട്ടെൻസ്(48ാം മിനിറ്റ്), റൊമേലു ലുക്കാകു(70, 76) എന്നിവർ വിജയികൾക്കു വേണ്ടി ലക്ഷ്യം കണ്ടു. ആദ്യപകുതിയിലെ തണുപ്പൻ കളിക്ക് ഇടവേളയ്ക്കു ശേഷം ഉജ്വല പ്രകടനത്തിലൂടെ പ്രായശ്ചിത്തം ചെയ്താണ് ഏദൻ ഹസാഡിന്റെ ടീം വരവറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP