Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അട്ടിമറി വിജയത്തോടെ റഷ്യ ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ 3-4ന് തോറ്റ് കണ്ണീരോടെ സ്‌പെയിന് മടക്കം; ലുക്ക്‌നിക്കി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം ആരാധകർക്ക് മുമ്പിൽ കാളപ്പോരുകാരിൽ നിന്നും വിജയം പിടിച്ചുവാങ്ങി കരുത്തുകാട്ടി റഷ്യക്കാർ; റഷ്യൻ ഹീറോ ആയത് രണ്ട് കിക്കുകൾ തടുത്തിട്ട നായകൻ അകിൻഫീവ; മെസിക്കും റൊണാൾഡോക്കും പിന്നാലെ ലോകകപ്പിന്റെ നഷ്ടമായി ഇനിയേസ്റ്റയും

അട്ടിമറി വിജയത്തോടെ റഷ്യ ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ 3-4ന് തോറ്റ് കണ്ണീരോടെ സ്‌പെയിന് മടക്കം; ലുക്ക്‌നിക്കി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം ആരാധകർക്ക് മുമ്പിൽ കാളപ്പോരുകാരിൽ നിന്നും വിജയം പിടിച്ചുവാങ്ങി കരുത്തുകാട്ടി റഷ്യക്കാർ; റഷ്യൻ ഹീറോ ആയത് രണ്ട് കിക്കുകൾ തടുത്തിട്ട നായകൻ അകിൻഫീവ; മെസിക്കും റൊണാൾഡോക്കും പിന്നാലെ ലോകകപ്പിന്റെ നഷ്ടമായി ഇനിയേസ്റ്റയും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഫിഫ ലോകകപ്പിൽ അട്ടിമറി. ആതിഥേയരായ റഷ്യ യൂറോപ്പിലെ വമ്പന്മാരായ സ്‌പെയിനെ ഷൂട്ടൗട്ടിൽ മറികടന്ന് വിജയം നേടി. മുഴുവൻ സമയത്തും എക്‌സ്ട്രാ ടൈമിലും ഓരോ ഗോൾ വീതം നേടി സമനിലയിലായ മത്സരത്തിന്റെ വിധി നിർണയിച്ചത് ഷൂട്ടൗട്ടിലാണ്. പെനാൽട്ടി ഷൂട്ടൗട്ടിൽ(3-4) എന്ന നിലയിലാണ് റഷ്യ സ്‌പെയിനെ മറികടന്നത്. ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം ആരാധക കൂട്ടത്തിന് മുമ്പിൽ റഷ്യ കാളപ്പോരിന്റെ കരുത്തുമായി എത്തിയവരെ പിടിച്ചു കെട്ടുകയായിരുന്നു. രണ്ട് കിക്കുകൾ തടുത്തിട്ട നായകൻ അകിൻഫീവാണ് ആതിഥേയരുടെ അവിശ്വസനീയ വിജയത്തിന് ചുക്കാൻപിടിച്ചത്. ഇതാദ്യമായാണ് റഷ്യ ലോകകപ്പ് ക്വാർട്ടറിലെത്തുന്നത്.

അതി നിർണായകമായ പെനാലിറ്റി ഷൂട്ടൗട്ടിൽ സ്‌പെയിൻ നിരയിൽ കൊക്കെ, ഇയാഗോ അസ്പാസ് എന്നിവരുടെ കിക്ക് റഷ്യൻ ഗോളി അകിൻഫീവ തടുത്തിട്ടു. സ്‌പെയിനിനായി കിക്കെടുത്ത ആന്ദ്രെ ഇനിയസ്റ്റ, പിക്വ, റാമോസ് എന്നിവർ ലക്ഷ്യം കണ്ടു. റഷ്യക്കായി സ്‌മോളോവ്, സെർജി ഇഗ്‌നാശെവിച്ച്, ഗോളോവിൻ, ചെറിഷേവ് എന്നിവരും ഉന്നം തെറ്റാതെ വലകുലുക്കിയത്. സ്വന്തം കാണികൾക്ക് മുമ്പിൽ റഷ്യൻ ഗോളിയും നായകനുമായി ഇഗോർ അകിൻഫീവാണ് സ്‌പെയിന് മുന്നിൽ മഹാമേരുവായി നിന്നത്. എണ്ണമറ്റ ഷോട്ടുകൾ റഷ്യൻ പോസ്റ്റിലേക്ക് ഉതിർത്തിട്ടും ഇഗോർ അകിനീവ് റഷ്യയുടെ രക്ഷകനായി. മത്സരത്തിൽ റഷ്യ നേടിയ എല്ലാ ഗോളും പെനാൽട്ടിയിൽ നിന്നാണ് എന്ന പ്രത്യേകതുമുണ്ട്.

എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ സ്‌പെയിനിനെ ആർത്തുവിളിക്കുന്ന ഗാലറിയുടെ പിന്തുണയിൽ റഷ്യ പിടിച്ചുകെട്ടുകയായിരുന്നു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 90 മിനിറ്റ് പൂർത്തിയാകുമ്പോൾ ഓരോ ഗോൾ വീതം (1-1)നേടി ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. 12ാം മിനിറ്റിൽ റഷ്യൻ താരം സെർജി ഇഗ്നാശെവിച്ചിന്റെ സെൽഫ് ഗോളിൽ നിന്നാണ് സ്പെയിൻ ലീഡെടുത്തത്. നാച്ചോയെ സിർകോവ് ഫൗൾ ചെയ്തതിന് സ്പെയിനിന് ലഭിച്ച ഫ്രീകിക്ക് ഷോട്ട് സെർജിയോ റാമോസ് ഗോളാക്കി മാറ്റാൻ ശ്രമിച്ചത് റഷ്യൻ താരത്തിന്റെ കാലിൽ തട്ടി ഗോളാവുകയായിരുന്നു.

അപ്രതീക്ഷിതമായി ഗോൾ വീണെങ്കിലും ഞെട്ടൽ മറന്നു ഉണർന്നു കളിക്കുകയാണ് റഷ്യക്കാർ ചെയ്തത്. ഇതിന് ഗാലറിയുടെ പിന്തുണ ആവോളം ലഭിക്കുകയും ചെയ്തു. 41ാം മിനിറ്റിൽ സ്യൂബ പെനാൽട്ടിയിലൂടെ ഒപ്പമെത്തിച്ചു. സ്‌പെയിൻ ഗോൾമുഖത്ത് വെച്ച് പിക്വയുടെ ഹാൻഡ് ബാളാണ് റഷ്യക്ക് പെനാൽട്ടി ലഭിച്ചത്. നാല് മത്സരങ്ങളിൽ നിന്നും സ്യൂബയുടെ മൂന്നാമത്തെ ഗോളാണിത്. ഫേവറിറ്റുകളെന്ന കിരീടവുമായെത്തിയ സ്‌പെയിനിനെ കളിയിൽ റഷ്യ തളക്കുകയായിരുന്നു.

മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിട്ടും ഗോൾ നേടാനാകാതെ പോയതാണ് മൽസരത്തിൽ സ്‌പെയിനിനെ പിന്നോട്ടടിച്ചത്. മൽസരത്തിന്റെ 70 ശതമാനത്തിലേറെ സമയവും പന്ത് കൈവശം വച്ചെങ്കിലും ഗോളിനു മുന്നിൽ അവർക്കു തുടർച്ചയായി അടിപതറി. എക്‌സ്ട്രാ ടൈമിലും റഷ്യൻ പ്രതിരോധം ഭേദിക്കാൻ സ്‌പെയിന് സാധിക്കാതെ പോയതോടെയാണ് വിജയികളെ തീരുമാനിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

റഷ്യയ്ക്കായി കിക്കെടുത്ത ആദ്യ നാലു പേരും ലക്ഷ്യം കണ്ടതോടെ അഞ്ചാം കിക്ക് കൂടാതെ തന്നെ റഷ്യ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു. സ്റ്റേഡിയം നിറച്ചെത്തിയ 78,000ൽ അധികം വരുന്ന കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു റഷ്യയുടെ മുന്നേറ്റം. സ്‌പെയിനാകട്ടെ, റഷ്യൻ ബോക്‌സിനുള്ളിലെ ബസ് പാർക്കിങ് മറികടക്കാനാകാതെ ബുദ്ധിമുട്ടി. സ്പെയിനിനായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളെന്ന ഐകർ കസീയസിന്റെ റെക്കോർഡിനൊപ്പം സെർജിയോ റാമോസ് എത്തിയിരുന്നു. 17 മത്സരങ്ങളിലാണ് ഇരുവരും ടീമിനായി കളത്തിലെത്തിയത്. സൂപ്പർ മിഡ്ഫീൽഡർ ഇനിയസ്റ്റയെ പുറത്തിരുത്തിയാണ് സ്പെയിൻ കളത്തിലെത്തിയത്. 60ാം മിനിറ്റിലാണ് ഇനിയേറ്റ് കളത്തിലിറങ്ങിയത്.

സ്‌പെയിനും ലോകകപ്പിൽ നിന്നും പുറത്തായതോടെ അർജന്റീനയ്ക്കും പോർച്ചുഗലിനും ശേഷം ആരാധകരുടെ ഫേവറേറ്റായ ഒരു ടീം കൂടിയാണ് പുറത്തുപോയത്. ലോകകപ്പിലെ താരപ്രഭയും ഇതോടെ കുറഞ്ഞു. മെസിക്കും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ശേഷം ഇനിയിസെറ്റ എന്ന ഇതിഹാസ താരം കൂടി റഷ്യൻ ലോകകപ്പിന്റെ നഷ്ടമായി മാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP