Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഞ്ചുറി ടൈം വരെ വിട്ടുകൊടുക്കാതെ പോരാടി നിന്ന സ്വീഡന്റെ ഹൃദയം തകർത്തത് ടോണി ക്രോസ് നേടി ഫ്രീകിക്ക്; ആദ്യപകുതിയിൽ ഒരു ഗോളിന് മുമ്പിൽ നിന്ന സ്വീഡന്റെ അന്തകനായത് ജർമനിയുടെ കിടിലൻ നീക്കങ്ങൾ; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി നിലവിലെ ചാമ്പ്യന്മാർ; തോറ്റ് കരഞ്ഞിരുന്നവരെ അപമാനിച്ചപ്പോൾ ഉന്തും തള്ളുമായി സ്‌റ്റേഡിയം; ആരാധകരേക്കൾ മര്യാദക്കാരാകേണ്ട ടീം മാനേജ്‌മെന്റിനെതിരെ രോഷം തിളക്കുന്നു

ഇഞ്ചുറി ടൈം വരെ വിട്ടുകൊടുക്കാതെ പോരാടി നിന്ന സ്വീഡന്റെ ഹൃദയം തകർത്തത് ടോണി ക്രോസ് നേടി ഫ്രീകിക്ക്; ആദ്യപകുതിയിൽ ഒരു ഗോളിന് മുമ്പിൽ നിന്ന സ്വീഡന്റെ അന്തകനായത് ജർമനിയുടെ കിടിലൻ നീക്കങ്ങൾ; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി നിലവിലെ ചാമ്പ്യന്മാർ; തോറ്റ് കരഞ്ഞിരുന്നവരെ അപമാനിച്ചപ്പോൾ ഉന്തും തള്ളുമായി സ്‌റ്റേഡിയം; ആരാധകരേക്കൾ മര്യാദക്കാരാകേണ്ട ടീം മാനേജ്‌മെന്റിനെതിരെ രോഷം തിളക്കുന്നു

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അർജന്റീന ഇപ്പോൾ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറി, ബ്രസീൽ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ഉണ്ട്, നില ഗുരുതരം അല്ല എന്നാലും ഡിസ്ചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.. ജർമ്മനി ആവട്ടെ 12 മണിക്കൂർ ഒബ്‌സർവേഷനിൽ ആണ്, ജീവിതത്തിലേക്കു മടങ്ങി വരുമോ ഇല്ലയോ എന്ന് അത് കഴിഞ്ഞേ പറയാൻ പറ്റൂ. പോർച്ചുഗൽ ഡിസ്ചാർജ് പേപ്പർ വാങ്ങാൻ നിൽക്കുന്നു, ഡോക്ടർ വന്ന് ഒന്നു നോക്കിയാൽ മതിയാവും.. സത്യം പറഞ്ഞാൽ ആരും ആശുപത്രി വിട്ടിട്ടില്ല.. കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച സന്ദേശങ്ങളിലൊന്നായിരുന്നു ഇത്. ലോകകപ്പിലെ പ്രമുഖരുടെ അവസ്ഥ വിവരിക്കുന്ന സന്ദേശം.എന്നാൽ ഈ സന്ദേശത്തിൽ ചെറിയൊരു മാറ്റം വന്നിരിക്കുന്നു. ജർമ്മനിയുടെ ഒബസർവേഷൻ പിരീട് കഴിഞ്ഞിരിക്കുന്നു. മരണമഖത്ത് നിന്ന് ജർമനി ലോകകപ്പിലേയ്ക്ക് തിരിച്ചുവന്നു.

നിർണായകമായ ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിന് സ്വീഡിനെ പരാജയപ്പെടുത്തിയ ചാമ്പ്യന്മാരുടെ പ്രീക്വാർട്ടർ പ്രതീക്ഷ വീണ്ടും ജീവൻവച്ചു. അവസാന വിസിലിന് കഷ്ടിച്ച് ഒരു മിനിറ്റ് മാത്രമുള്ളപ്പോൾ ട്രോണി ക്രൂസ് എടുത്ത സ്വപ്നതുല്ല്യമായ ഒരു ക്രോസാണ് ജർമനിയുടെ ജാതകം തിരുത്തിയെഴുതിയത്. പക്ഷേ ഇനിയും കാത്തിരിക്കണം. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റുണ്ടെങ്കിലും ദക്ഷിണ കൊറിയക്കെതിരായ അടുത്ത മത്സരവും മെക്‌സിക്കോ-സ്വീഡൻ മത്സരവും നിർണായകമായണ്. ജീവൻ തിരിച്ചു കിട്ടിയ ജർമ്മനിയുടെ ടീം മാനേജ്‌മെന്റ് കാട്ടിയ കോമാളിത്തരങ്ങളും അതിനിടെ വിവാദമായി മാറുകയാണ്. അവസാന നിമഷത്തിലെ ഗോളിൽ തോറ്റ് വേദനിച്ചിരുന്ന സ്വീഡനെ പരിഹസിക്കാനാണ് ജർമ്മനി ശ്രമിച്ചത്. അതും ടീം മാനേജ്‌മെന്റ്.

തോറ്റിരുന്ന സ്വീഡൻ ബഞ്ചിലേക്ക് ഓടിയെത്തി ജർമ്മൻ ടീം മാനേജ്‌മെന്റിലെ അംഗം കളിയാക്കൽ ആഗ്യം കാട്ടുന്നു. ഇതോടെ സ്വീഡിഷ് ബഞ്ച് പ്രകോപിതരാകുന്നു. പ്രതിഷേധവും പ്രതികരണവുമായി അവരും ഓടിയെത്തി. പി്‌ന്നെ സ്റ്റേഡിയത്തിൽ ഉന്തും തള്ളു. കളിക്കളത്തെ ഏറെ പാടുപെട്ടാണ് ഓഫീഷ്യൽസ് ശാന്തമാക്കിയത്. കളി കഴിയുമ്പോൾ ആരാധകർ തമ്മിൽ ഏറ്റുമുട്ടാറുണ്ട്. എന്നാൽ ടീം അംഗങ്ങളും മാനേജ്‌മെന്റും കൈകൊടുത്ത് പിരിയുകയാണ് പതിവ്. ഇതിന് വിരുദ്ധമായാണ് നിലവിലെ ലോകചാമ്പ്യന്മാരായ ജർമനി പ്രവർത്തിച്ചത്. ഇത് ജോക്കിം ലോയുടെ പരിശീലനത്തിൽ കളിക്കാനെത്തി മാന്യന്മാരെന്ന് പേരെടുത്ത ജർമ്മനിക്ക് ജയത്തിനിടെയിലും തീരാ കളങ്കമായി.

അനിവാര്യമായ ജയം നേടിയതിന്റെ ആഹ്ലാദമാണ് ജർമ്മനിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഈ കളി തോറ്റിരുന്നുവെങ്കിൽ കരഞ്ഞ് മടങ്ങേണ്ടി വരുമായിരുന്ന ടീമാണ് തോറ്റവരെ കടന്നാക്രമിച്ചത്. ആദ്യമൽസരത്തിൽ ദക്ഷിണ കൊറിയയെ വീഴ്‌ത്തിയ സ്വീഡനും മൂന്നു പോയിന്റുണ്ട്. ആദ്യ രണ്ടു മൽസരങ്ങളും വിജയിച്ച മെക്‌സിക്കോയ്ക്ക് ആറു പോയിന്റുണ്ടെങ്കിലും മൂന്നു ടീമുകൾക്കും ഇപ്പോഴും പ്രീക്വാർട്ടർ സാധ്യതയുണ്ട്. അടുത്ത മൽസരത്തിൽ സ്വീഡൻ മെക്‌സിക്കോയെയും ജർമനി ദക്ഷിണകൊറിയെയും തോൽപ്പിച്ചാൽ ഇരു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യത തെളിയും. ഇതോടെ ഗ്രൂപ്പിലെ അവസാന മൽസരങ്ങൾ നിർണായകമായി. രണ്ടു കളികൾ തോറ്റ ദക്ഷിണ കൊറിയ പുറത്തായിക്കഴിഞ്ഞു.

സ്വീഡന്റെ ഹൃദയം തകർത്ത് ഇൻജുറി ടൈമിലെ 'ക്രൂസ് മിസൈൽ'. സമനിലയെന്ന് ഉറപ്പിച്ച മൽസരത്തിന്റെ ഇൻജുറി ടൈമിൽ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളിൽ സ്വീഡനെ വീഴ്‌ത്തി ജർമനി റഷ്യൻ ലോകകപ്പിൽ പ്രതീക്ഷ കാത്തത്. മുപ്പത്തിരണ്ടാം മിനിറ്റിൽ തന്നെ സ്വീഡൻ അപ്രതീക്ഷിതമായ ഒരു ഗോൾ കൊണ്ട് ജർമനിയെ ഞെട്ടിച്ചു. ടോയ്?വോനനാണ് ജർമൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഒരു ഗോൾ തൊടുത്തത്. രണ്ടാം പകുതിയിൽ, നാൽപത്തിയെട്ടാം മിനിറ്റിൽ മാർക്കോ റൂസിലൂടെ ജർമനി തിരിച്ചുവന്നു. സമനില പോലും ആത്മഹത്യാപരമാവുമായിരുന്ന ജർമനിക്ക് ജെറോം ബോട്ടെങ്ങിന്റെ ചുവപ്പ് കാർഡിന്റെ രൂപത്തിൽ നിർഭാഗ്യം പിന്നേയും എത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇടതു ഭാഗത്ത് നിന്ന് ടോണി ക്രൂസ് തൊടുത്ത ഒരു ഫ്രീകിക്ക് സ്വീഡിഷ് വലയിൽ. ചാരത്തിൽ നിന്ന് വീണ്ടും ജർമ്മനി.

ജർമനി നിരന്തരമായ ആക്രമണങ്ങളും സ്വീഡൻ ഒട്ടനവധി പ്രത്യാക്രമണങ്ങളും നടത്തുമ്പോഴായിരുന്നു മുപ്പത്തിരണ്ടാം മിനിറ്റിൽ ടോയ്?വോനന്റെ ഗോൾ. ക്ലാസൺ പൊക്കിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ടോയ്?വോനൻ ഗോളി ന്യൂയറുടെ തലയുടെ മുകളിലൂടെ വലയിലേയ്ക്ക് കോരിയിടുകയായിരുന്നു. നല്ല ഒന്നാന്തരം ഗോളിൽ സ്വീഡൻ മുന്നിൽ. എന്നാൽ, രണ്ടാം പകുതിയിൽ ജർമനി അടവു മാറ്റി. ഡ്രാക്‌സലർക്ക് പകരം ഗോമസിനെ ഇറക്കി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഇതിന്റെ ഫലവും കണ്ടു. നാൽപത്തിയെട്ടാം മിനിറ്റിൽ മാർക്കോ റൂസിലൂടെയായിരുന്നു സ്വീഡന് തിരിച്ചടി. തകർപ്പൻ സേവുകളുമായി കളംനിറഞ്ഞ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ പ്രകടനവും നിർണായകമായി.

രണ്ടാം മഞ്ഞക്കാർഡ് കണ്ട ജെറോം ബോട്ടെങ് പുറത്തായതോടെ 10 പേരുമായി കളിച്ചാണ് ജർമനി വിജയഗോൾ നേടിയത്. ആദ്യപകുതിയിൽ അർഹിച്ച പെനൽറ്റി നഷ്ടമായതുൾപ്പെടെയുള്ള നിർഭാഗ്യങ്ങളും സ്വീഡന് വിനയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP