Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിട്ടു; പതിഞ്ഞ തുടക്കത്തിനൊടുവിൽ വിശ്വരൂപം പുറത്തെടുത്തപ്പോൾ ക്രോറ്റ്സ് തവിട് പൊടി; 20 വർഷത്തിനിടയിൽ രണ്ടാം കിരീടം ചൂടി ഫ്രഞ്ച് യുവ മന്നന്മാർ; പുതിയ ചാമ്പ്യന്മാരെന്ന ക്രൊയേഷ്യൻ മോഹം പൊലിഞ്ഞത് കളിയുടെ തുടക്കത്തിലെ അബദ്ധങ്ങളിൽ; ആഘോഷ ലഹരിയിൽ അമർന്ന് പാരീസ്

റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിട്ടു; പതിഞ്ഞ തുടക്കത്തിനൊടുവിൽ വിശ്വരൂപം പുറത്തെടുത്തപ്പോൾ ക്രോറ്റ്സ് തവിട് പൊടി; 20 വർഷത്തിനിടയിൽ രണ്ടാം കിരീടം ചൂടി ഫ്രഞ്ച് യുവ മന്നന്മാർ; പുതിയ ചാമ്പ്യന്മാരെന്ന ക്രൊയേഷ്യൻ മോഹം പൊലിഞ്ഞത് കളിയുടെ തുടക്കത്തിലെ അബദ്ധങ്ങളിൽ; ആഘോഷ ലഹരിയിൽ അമർന്ന് പാരീസ്

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ലോക ഫുട്ബോളിന്റെ നെറുകയിൽ അടുത്ത നാല് വർഷം ഫ്രാൻസിന്റെ കൈവശം. മോസ്‌കോയിൽ നടന്ന ഫൈനലിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടത്. സെൽഫ് ഗോളുകളും പിഴവുകളും കണ്ട മത്സരത്തിൽ പൊരുതികളിച്ച ക്രൊയേഷ്യയെ കേളീമികവു കൊണ്ട് തോൽപ്പിച്ചാണ് ഫ്രഞ്ച് വിപ്ലവം പൂർത്തിയാക്കിയത്. ഫ്രാൻസിന്റെ രണ്ടാം ലോകക്കപ്പാണ് ഇത്. 98ൽ ബ്രസീലിനെ തോൽപ്പിച്ചാണ് ഫ്രാൻസ് ആദ്യത്തെ ലോകകിരീടം നേടിയത്.

അന്റോണിയോ ഗ്രീസ്മാൻ, പോൾ പോഗ്ബ, കൈലൻ എംപാബ് എന്നിവരുടെ ഗോളുകൾക്ക് പുറമെ മരിയോ മാൻസ്യൂക്കിച്ചിന്റെ സെൽഫ് ഗോളുമാണ് ഫ്രാൻസിന്റെ പട്ടിക പൂർത്തിയാക്കിയത്. ഇവാൻ പെരിസിച്ച് മരിയോ മാൻസ്യൂക്കിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോൾ നേടിയത്. ഈ ലോകകപ്പിൽ ഒരു പ്രതീക്ഷയും ഇല്ലാതെ വന്ന ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം തിളങ്ങുന്ന പ്രകടനമാണ് അവർ കാഴ്‌ച്ച വെച്ചത്. ലോകത്തിന്റെ ഹൃദയം കവർന്നാണ് അവർ റഷ്യയിൽ നിന്നും മടങ്ങുന്നത്. ഇനി നാല് വർഷത്തിന് ശേഷം ഖത്തറിലാണ് അടുത്ത ലോകകക്കപ്പ് മത്സരം നടക്കുക.

ഈ ലോകകപ്പിലെ ഏറ്റവും ആവേശ നിറഞ്ഞ മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്നത്തെ ഫൈനൽ. പൊരുതി കളിക്കുന്ന ക്രൊയേഷ്യയെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടാൻ പാടുപെടുന്ന ഫ്രഞ്ച് പടയെയാണ് കണ്ടത്. എന്നാൽ തുടക്കത്തിൽ പിറന്ന സെൽഫ് ഗോളിൽ ക്രോയേഷ്യൻ ആത്മവിശ്വാസം നഷ്ടമായി. എങ്കിലും പൊരുതിക്കളിച്ച ലൂക്കാ മാഡ്രിച്ചിനും കൂട്ടർക്കും ഭാഗ്യം തുണച്ചില്ല.

അന്റോണിയോ ഗ്രീസ്മാൻ പെനാൽറ്റി വലയിലെത്തിച്ച് രണ്ടാം ഗോളും നേടിയതോടെയാണ് ഫ്രഞ്ച് പട മുന്നിലെത്തിയത്.ഗ്രീസ്മാന്റെ കോർണർ കിക്ക് ക്രൊയേഷ്യയുടെ ഗോൾ സ്‌കോററായ പെരിസിച്ചിന്റെ കൈയിൽ തട്ടിയതിനെ തുടർന്നായിരുന്നു ഇത്. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ഫ്രാൻസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്

19ാം മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാൻ എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ താരം മരിയോ മാൻസ്യൂക്കിച്ചിന്റെ തലയിൽ തട്ടി വലിയിലേക്ക് ഓൺ ഗോളായി പതിക്കുകയായിരുന്നു.കളിയുടെ ഗതിക്ക് വിരുദ്ധമായിട്ടാണ് ഫ്രാൻസിന്റെ ഗോൾ വീണത്. 29ാം മിനിറ്റിൽ ഇവാൻ പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോൾ നേടിയത്.മോഡ്രിച്ചിന്റെ ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. വെർസാൽക്കോ ബോക്‌സിനുള്ളിലേക്ക് ഹെഡ്ഡറിലൂടെ മറിച്ച് നൽകിയ പാസ് ഫ്രഞ്ച് ഡിഫൻഡർമാർക്കിടയിലൂടെ വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ പെരിസിച്ച് വലയിലേക്ക് പായിച്ചപ്പോൾ ഗോളി ഹ്യൂഗോ ലോറിസിന് തൊടാൻ പോലുമായില്ല.

മത്സരത്തിന്റെ തുടക്കം മുതൽ ക്രൊയേഷ്യൻ മുന്നേറ്റമായിരുന്നു. നിരന്തരമുള്ള ഇരുവിങുകളിലൂടെയുമുള്ള ക്രൊയേഷ്യയുടെ ആക്രമണങ്ങളിൽ ഫ്രഞ്ച് ഗോൾമുഖം വിറ കൊള്ളുന്ന കാഴ്ചയാണ് മത്സരത്തിന്റെ സവിശേഷത.ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ആദ്യ ഗോൾ നേടിയ ശേഷം 1974ന് ശേഷം ഫൈനലിൽ പരാജയപ്പെട്ട ഏക ടീം ഫ്രാൻസാണ്. 2006ൽ ഇറ്റലിക്കെതിരെ മുന്നിലെത്തിയ ശേഷം ഷൂട്ടൗട്ടിൽ ഫ്രാൻസ് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ തങ്ങളുടെ ആദ്യ ശ്രമം തന്നെ ഗോള് നേടിയാണ് ഫ്രാൻസ് മുന്നിലെത്തിയത്.ലോകകപ്പ് ഫൈനലിൽ സെൽഫ് ഗോൾ വഴങ്ങിയ ആദ്യ താരമെന്ന നാണക്കേട് മാൻഡ്യുകിച്ചിന്റെ പേരിലായി.

47ാം മിനിറ്റിൽ ക്രൊയേഷ്യക്കു സമനില ഗോളിനുള്ള സുവർണാവസരം. എന്നാൽ ഗോൾകീപ്പർ ലോറിസിന്റെ വണ്ടർ സേവ് ഫ്രാൻസിനെ രക്ഷിച്ചു.ഇടതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ബോക്‌സിനുള്ളിലെത്തിയ റെബിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ മുഴുനീളെ സ്‌ട്രെച്ച് ചെയ്ത് ഒരു കൈ കൊണ്ട് ലോറിസ് തട്ടിയകറ്റി .59ാം മിനിറ്റിൽ ഫ്രാൻസിന്റെ മൂന്നാം ഗോൾ. പോൾ പോഗ്ബയാണ് ഫ്രാൻസിനായി നിറയൊഴിച്ചത്.

കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഈ ഗോൾ കിലിയൻ എംബാപ്പെയുടെ മിന്നൽ നീക്കമാണ് ഈ ഗോളിലേക്ക് വഴി തുറന്നത്്. വലതുവിങിലൂടെ ഓടിക്കയറി എംബാപ്പെ നൽകിയ പാസ് ഗ്രീസ്മാൻ പോഗ്ബയ്ക്ക് മറിച്ചു നൽകി. പോഗ്ബയുടെ ആദ്യ ഷോട്ട് ക്രൊയേഷ്യ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്ത് വീണ്ടും പോഗ്ബയ്ക്ക്. ബോക്‌സിന് തൊട്ടരികിൽ നിന്നും പോഗ്ബ തൊടുത്ത ഇടംകാൽ ഷോട്ട് വലയിൽ തുളഞ്ഞു കയറിയപ്പോൾ ഗോളി സുബാസിച്ച് നിസ്സഹായനായി നോക്കി നിൽക്കവെ മൂന്നാം ഗോൾ പിറക്കുകയായിരുന്നു.

ക്രൊയേഷ്യ ശ്വാസം വിടും മുൻപ് നാലാം ഗോളും വീണു.ക്രൊയേഷ്യൻ പ്രതിരോധത്തെ വെട്ടിച്ച് ഓടിക്കയറിയ ഹെർണാണ്ടസ് പന്ത് എംബാപ്പെയ്ക്ക് കൈമാറി. ബോക്‌സിന് തൊട്ടരികിൽ നിന്നും മാർക്ക് ചെയ്യപ്പെടാതെ നിന്ന എംബാപ്പെ തൊടുത്ത ഷോട്ട് വലയിൽ പതിച്ചപ്പോൾ സ്യുബാസിച്ച് കാഴ്ചക്കാരനായി നിന്നു.

കളിയുടെ ഫൈനൽ സ്‌കോർ ഇതായിരിക്കും എന്ന് തോന്നിയ നിമിഷത്തിൽ ക്രൊയേഷ്യക്ക് ഒരു ഗോൾ വീണു കിട്ടി.ഗോളി ലോറിസിന് സംഭവിച്ച പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ ലോറിസിന് പിഴച്ചപ്പോൾ മാൻഡ്യുകിച്ച് അനായാസം വലയിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു.

1958 ലോകകപ്പിനുശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയിൽ മൂന്നു ഗോൾ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകൾ പിറക്കുന്നതും ആദ്യം. മൽസരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം.

ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീൽ), ഫ്രാൻസ് ബെക്കൻബോവർ (ജർമനി) എന്നിവർക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാമിനും സ്വന്തം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP