Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഈ ലോകകപ്പ് ഫ്രാൻസിന്റേതു മാത്രമല്ല; പോരാട്ട വീര്യവുമായി വന്ന ചെറിയ ടീമുകളുടേതു കൂടിയാണ്; വമ്പന്മാർ വീണിടത്ത് ഫുട്‌ബോളിന്റെ ആവേശം ചോരാതെ പിടിച്ചുനിന്ന ക്രൊയേഷ്യക്കും ലോകത്തിന്റെ കൈയടി; ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിലൊന്ന് അവസാനിച്ചപ്പോൾ

ഈ ലോകകപ്പ് ഫ്രാൻസിന്റേതു മാത്രമല്ല; പോരാട്ട വീര്യവുമായി വന്ന ചെറിയ ടീമുകളുടേതു കൂടിയാണ്; വമ്പന്മാർ വീണിടത്ത് ഫുട്‌ബോളിന്റെ ആവേശം ചോരാതെ പിടിച്ചുനിന്ന ക്രൊയേഷ്യക്കും ലോകത്തിന്റെ കൈയടി; ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിലൊന്ന് അവസാനിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: വിജയകരമായി പൂർത്തിയാക്കിയ റഷ്യൻ ലോകകപ്പിൽ അവസാന ചിരി ഫ്രാൻസിന്റേതായി. ക്രൊയേഷ്യയെ രണ്ടിനെതിരേ നാലുഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് അവരുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കി. ഇരുപതുവർഷം മുമ്പ് നായനകെന്ന നിലയിൽ കപ്പുയർത്തിയ ദിദിയർ ദെഷാംപ്്‌സിന്റെ കൈകളിലേക്ക് പരിശീലകനെന്ന നിലയ്ക്കും ലോകകപ്പ് വന്നുചേർന്നു. അന്റൊയിൻ ഗ്രീസ്മാൻ മൈതാനത്ത് നിറഞ്ഞുനിന്ന ഫ്രഞ്ച് ടീമിൽ, കൈലിയൻ എംബാപ്പെയുടെയും പോൾ പോഗ്ബയുടെയും സാമുവൽ ഉംറ്റിറ്റിയുടെയും ബ്ലെയ്‌സ് മറ്റിയൂഡിയുടെയുമൊക്കെ പോരാട്ടത്തിന്റെ പ്രതിഫലനമായി ലോകകിരീടം.

എന്നാൽ ഇത് ഫ്രാൻസിന്റെ മാത്രം കപ്പായിരുന്നില്ല. ലോകഫുട്‌ബോളിന്റെ സമവാക്യം മുഴുവനും തെറ്റിയ ലോകകപ്പിൽ, പോരാട്ടവീര്യത്തിന്റെ വിശ്വരൂപം വെളിപ്പെടുത്തി മുന്നോട്ടുകുതിച്ച ക്രൊയേഷ്യയുടെയും ലോകകപ്പായിരുന്നു ഇത്. അന്തിമ വിജയം ഫ്രാൻസിനൊപ്പമാണ് നിന്നതെങ്കിലും അവർ മടങ്ങിയത് തലയുയർത്തിത്തന്നെയാണ്. അർജന്റീനയെപ്പോലെ പേരുകേട്ട എതിരാളികളെ കീഴ്‌പ്പെടുത്തി തുടങ്ങിയ അവരുടെ പടയോട്ടത്തിന് ലൂക്ക മോഡ്രിച്ച് എന്ന വിസ്മയ താരമാണ് ചുക്കാൻ പിടിച്ചത്. ഇവാൻ റാക്കിറ്റിച്ചിനെയും ഇവാൻ പെരിസിച്ചിനെയും മരിയോ മാൻസൂക്കിച്ചിനെയും പോലുള്ള തളരാത്ത പ്രതിഭകളുടെ പോരാട്ടവും അതിന് കരുത്ത് പകർന്നു.

അത്ഭുതങ്ങൾ നിറച്ചുവച്ചാണ് റഷ്യൻ ലോകകപ്പ് അവസാനിച്ചത്. വന്മരങ്ങൾ കടപുഴകിവീണ മത്സരദിനങ്ങളായിരുന്നു അതിൽ നിറയെ. കപ്പുകൊണ്ടുപോകുമെന്ന് പലരും കരുതിയ ജർമനി ആദ്യ റൗണ്ടിൽത്തന്നെ വീണു. പ്രീക്വാർട്ടറിൽ അർജന്റീനയും സ്‌പെയിനും പോർച്ചുഗലും മടങ്ങി. ക്വാർട്ടറിൽ ബ്രസീലിനും ഉറുഗ്വായ്ക്കും അതേ അവസ്ഥ നേരിടേണ്ടിവന്നു. സെമിയിൽ ഇംഗ്ലണ്ടും. മുൻചാമ്പ്യന്മാർ ഓരോരുത്തരായി വീണപ്പോൾ പുതിയൊരു ചാമ്പ്യനുണ്ടാവുമെന്നതായി പ്രതീക്ഷ. എന്നാൽ, ആ കാത്തിരിപ്പിന് നാലുവർഷത്തേക്കുകൂടി ആയുസ്സ് നൽകി ഫ്രാൻസ് കിരീടത്തിൽ മുത്തമിട്ടു.

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും കപ്പായിരുന്നു തുടക്കത്തിൽ പലർക്കുമിത്. എന്നാൽ, ഫുട്‌ബോളിലെ ഈ ഇതിഹാസ താരങ്ങളുടെ പേരുകൾ ഓരോന്നായി മായ്ച്ചുകൊണ്ട് ആ സ്ഥാനത്തേക്ക് പുതിയ പേരുകൾ വന്നു. ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയുടേതായിരുന്നു അക്കൂട്ടത്തിൽ ഏറ്റവും തിളങ്ങിനിന്ന പേര്. അർജന്റീനയ്‌ക്കെതിരേ പ്രീക്വാർട്ടറിൽ ഇരട്ട ഗോൾ നേടി വരവറിയിച്ച എംബാപ്പെ, ഫൈനലിലും ഗോൾ നേടി. പെലെയ്ക്കുശേഷം നോക്കൗട്ടിൽ ഇരട്ട ഗോൾ നേടുന്ന താരവും ഫൈനലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവും എംബാപ്പെയെയായി.

ലോകകപ്പിന്റെ താരങ്ങളായി മാറിയതും അപ്രതീക്ഷിത നക്ഷത്രങ്ങളായിരുന്നു. ഫൈനലിൽ ഭാഗ്യം കൂടെനിന്നില്ലെങ്കിലു, ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് റഷ്യൻ ലോകകപ്പിന്റെ താരമായി മാറി. ക്രൊയേഷ്യയെന്ന കൊച്ചുടീമിനെ ഫൈനലോളം എത്തിച്ചത് മധ്യനിരയിലെ മോഡ്രിച്ചിന്റെ മാന്ത്രിക സ്പർശമായിരുന്നു. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇംഗ്ലണ്ടിന് ഹാരി കെയ്‌നുകിട്ടിയ ടോപ് സ്‌കോറർ പദവിയായിരുന്നു ആശ്വാസം. ആറു ഗോളുകളാണ് കെയ്ൻ നേടിയത്. മിന്നുന്ന സേവുകളിലൂടെ ബെൽജിയത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുത്ത ഗോൾകീപ്പർ തിബോട്ട് കുർട്ട്വാ മികച്ച ഗോൾ കീപ്പറായി. നാലുഗോളുകൾ നേടിയ എംബാപ്പെ ഈ ലോകകപ്പിന്റെ യുവതാരവുമായും മാറി.

മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടേറെ മത്സരങ്ങൾക്ക് ലോകകപ്പ് വേദിയായി. നോക്കൗട്ട് ഘട്ടത്തിൽ പ്രീക്വാർട്ടർ മുതൽ 120 മിനിറ്റിലേറെ കുതിച്ച ക്രൊയേഷ്യയുടെ മത്സരവീര്യമായിരുന്നു അതിലെടുത്ത് പറയേണ്ടത്. ബെൽജിയത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കേളീമികവും അതുപോലെതന്നെ. ആതിഥേയരെന്ന നിലയിൽ ലോകകപ്പിന് യോഗ്യത നേടിയ റഷ്യ, കരുത്തുറ്റ പ്രകടനത്തിലൂടെ ക്വാർട്ടർ വരെ മുന്നേറി ആരാധകരുടെ പ്രിയ ടീമുകളിലൊന്നായി. സ്വീഡനും ഡെന്മാർക്കും ഉറുഗ്വായുമൊക്കെ മികച്ച പ്രകടനങ്ങളോടെ ലോകകപ്പിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് മടങ്ങിയത്.

നിരാശപ്പെടുത്തുന്ന കാഴ്ചകളും ലോകകപ്പിലുണ്ടായി. ഇതിഹാസ താരം ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ നിലവാരത്തിന്റെ അടുത്തെങ്ങുമെത്താനാകാതെ പോയ ലോകകപ്പായിരുന്നു ഇത്. ആദ്യമത്സരത്തിൽ സ്‌പെയിനിനെതിരെ ഹാട്രിക് നേടി തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പിന്നീട് കാര്യമായൊന്നും ചെയ്യാനായില്ല. ലോകകപ്പെന്ന സ്വപ്‌നം ബാക്കിയാക്കി വലിയ താരങ്ങൾ ഒന്നാകെ നാടുപിടിച്ചപ്പോൾ, 19-ാം വയസ്സിൽ ആദ്യ ലോകകപ്പ് നേടി കൈലിയൻ എംബാപ്പെ ചിരിച്ചുനിന്നു. പെലെയെപ്പോലെ, മാറഡോണയെപ്പോലെ മറ്റൊരു പ്രതിഭയുടെ പിറവിക്ക് സാക്ഷിയായതിന്റെ ചാരിതാർഥ്യത്തിൽ റഷ്യയും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP