Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെൽജിയത്തിന്റെ പ്രതിരോധം ബ്രസീലിനേയും മടങ്ങി; മെസിക്കും റൊണാൾഡോയ്ക്കും പിറകെ നെയ്മറുടെ പാദചലനങ്ങളും വിടവാങ്ങുന്നു; എല്ലാ ലാറ്റിൻ അമേരിക്കൻ ടീമും പുറത്ത്; ഇനി യൂറോപ്പിന്റെ പ്രൊഫഷണലിസം നിറയുന്ന ലോകകപ്പ്; ഇന്ന് ഇംഗ്ലണ്ടിന് മരണക്കളി; റഷ്യയിൽ ഉദയം ചെയ്യുക പുതിയൊരു ചാമ്പ്യനാകുമോ? ഇഷ്ടടീമുകൾ മടങ്ങുമ്പോൾ മലയാളികൾ ഇനിയാർക്കൊപ്പം നിൽക്കും?

ബെൽജിയത്തിന്റെ പ്രതിരോധം ബ്രസീലിനേയും മടങ്ങി; മെസിക്കും റൊണാൾഡോയ്ക്കും പിറകെ നെയ്മറുടെ പാദചലനങ്ങളും വിടവാങ്ങുന്നു;   എല്ലാ ലാറ്റിൻ അമേരിക്കൻ ടീമും പുറത്ത്; ഇനി യൂറോപ്പിന്റെ പ്രൊഫഷണലിസം നിറയുന്ന ലോകകപ്പ്; ഇന്ന് ഇംഗ്ലണ്ടിന് മരണക്കളി; റഷ്യയിൽ ഉദയം ചെയ്യുക പുതിയൊരു ചാമ്പ്യനാകുമോ? ഇഷ്ടടീമുകൾ മടങ്ങുമ്പോൾ മലയാളികൾ ഇനിയാർക്കൊപ്പം നിൽക്കും?

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: മുൻ ലോകചാമ്പ്യന്മാരായ ജർമനിയും അർജന്റീനയും വീണ കസാനിലെ മണ്ണിൽ ബ്രസീലിന്റെയും കണ്ണുനീരുവീണു. ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്തി ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ ബെൽജിയത്തോട് അടിയറ പറഞ്ഞു. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യാത്മതകയ്ക്കുമേൽ യൂറോപ്പിന്റെ പ്രൊഫഷണലിസവും ശാരീരിക മേൽക്കോയ്മയും വിജയം നേടുന്നതിന്റെ കാഴ്ചയായിരുന്നു അത്. ലോകകപ്പിൽ അവശേഷിച്ചിരുന്ന ലാറ്റിനമേരിക്കൻ ടീമുകളായ ഉറുഗ്വായ് ഫ്രാൻസിനോടുകൂടി പരാജയപ്പെട്ടതോടെ, ലോകകപ്പിൽ ഇനി ശേഷിക്കുന്നത് യൂറോപ്യൻ ടീമുകൾ മാത്രം.

ഇന്നത്തെ ക്വാർട്ടർ ഫൈനലുകൡ ഇംഗ്ലണ്ടിന് സ്വീഡനും ക്രൊയേഷ്യക്ക് റഷ്യയുമാണ് എതിരാളികൾ. സ്വീഡനെ വീഴ്‌ത്തി ഇംഗ്ലണ്ട് സെമിയിൽ കടന്നാൽ, അവസാന നാല് ടീമുകളിൽ രണ്ട് മുൻചാമ്പ്യന്മാരുണ്ടാകും. മറിച്ചാണെങ്കിൽ ഫ്രാൻസ് മാത്രം. ലോകകപ്പിൽ പുതിയൊരു ചാമ്പ്യൻ ഉദയം കൊള്ളുമോ എന്ന ചോദ്യം അണിയറയിൽ സജീവമായിക്കഴിഞ്ഞു. ബെൽജിയവുമായുള്ള ഫ്രാൻസിന്റെ സെമി ഫൈനൽ അതിനൊരു ഉത്തരമാകും. ഏതായാലും തീപാറുന്ന യൂറോപ്യൻ പോരാട്ടങ്ങളാണ് ഇനി കാണാനിരിക്കുന്നത്.

ഫുട്‌ബോളിലെ സൂപ്പർത്താരങ്ങൾക്കൊക്കെ റഷ്യൻ ലോകകപ്പ് നിരാശയാണ് സമ്മാനിക്കുന്നത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രീക്വാർട്ടറിൽ മടങ്ങിയെങ്കിൽ, നെയ്മർ ക്വാർട്ടറിലും മടങ്ങി. റഷ്യൻ ലോകകപ്പിന്റെ താരങ്ങളാകുമെന്ന് പ്രവചിക്കപ്പെട്ട മൂന്നുപേരും ലോകകപ്പെന്ന സ്വപ്‌നം ബാക്കിയാക്കി നാട്ടിലേക്ക് പോകുന്നു. മറുഭാഗത്ത് ആവേശക്കാഴ്ചകളായി ഇഡൻ ഹസാർഡിനെയും അന്റൊയിൻ ഗ്രീസ്മാനെയും പോലുള്ളവർ ലോകഫുട്‌ബോളിന്റെ നെറുകയിലേക്ക് കയറുകയും ചെയ്യുന്നു.

ലോകകപ്പിലെ പരിചയസമ്പന്നരുടെ നിരയായിരുന്നു ബെൽജിയത്തിന്റേത്. ദീർഘകാലമായി ഒരുമിച്ച് കളിക്കുന്നവരുടെ സംഘം. ബെൽജിയത്തിന്റെ സുവർണനിര. ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബെൽജിയം, ബ്രസീലിനെതിരേ തുടക്കത്തിലേ ലീഡെടുത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഫെർണാണ്ടീന്യോ വഴങ്ങിയ സെൽഫ് ഗോളും കെവിൻ ഡി ബ്രൂയ്‌നെയുടെ ലോങ് റേഞ്ചറും ആദ് അരമണിക്കൂറിനുള്ളിൽത്തന്നെ ബെൽജിയത്തെ മുന്നിൽക്കടത്തി. പിന്നീടങ്ങോട്ട് ഗോൾ തിരിച്ചടിക്കാൻ ബ്രസീലിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ബെൽജിയം പ്രതിരോധവും ഗോൾകീപ്പർ തിബോട്ട് കുർട്വായും ബ്രസീലിനെ തടഞ്ഞുനിർത്തി.

കളിയുടെ എല്ലാ മേഖലകളിലും മികച്ചുനിന്നത് ബ്രസീലായിരുന്നു. തുടർച്ചയായി മുന്നേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് നെയ്മറും സംഘവും ആക്രമിച്ചുകളിച്ചു. എന്നാൽ, ഗോൾമാത്രം അകന്നുനിന്നു. കുർട്വായുടെ സേവുകൾകൂടിയായപ്പോൾ ബ്രസീൽ അനുനിമിഷം നിരാശയിലക്ക് വീണുകൊണ്ടിരുന്നു. രണ്ടാം പകുതിയിൽ തുടരെ ആക്രമണങ്ങൾക്കൊടുവിൽ റെനാറ്റോ അഗസ്റ്റോ ഹെഡ്ഡറിലൂടെ നേടിയ ഗോൾ ബ്രസീലിന് ആശ്വാസമായി. മറ്റൊന്നുകൂടി വലയിലെത്തിച്ച് മത്സരത്തെ അധികസമയത്തേക്ക് നീട്ടിയെടുക്കാൻ ബ്രസീൽ താരങ്ങൾ കഠിനമായി യത്‌നിച്ചെങ്കിലും ബെൽജിയം പിടിച്ചുനിന്നു.

നേരത്തെ നടന്ന ആദ്യ ക്വാർട്ടറിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. സ്റ്റാർ സ്‌ട്രൈക്കർ എഡിൻസൺ കവാനിയില്ലാതെയിറങ്ങിയ ഉറുഗ്വായ്ക്ക് നിരാശരെപ്പോലെയാണ് മത്സരത്തിൽ കളിച്ചത്. മുന്മത്സരങ്ങളിൽ പഴുതുകളില്ലാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഉറുഗ്വായ് പ്രതിരോധത്തിനും ആ നിലയിലേക്ക് ഉയരാനായില്ല. ഫ്രാൻസിനും കഴിഞ്ഞ മത്സരങ്ങളുടെ നിലവാരത്തിലേക്ക് ഉയരാനായില്ല. 40-ാം മിനിറ്റിൽ അന്റൊയിൻ ഗ്രീസ്മാനെടുത്ത ഫ്രീക്കിക്കിൽനിന്ന് ഹെഡ്ഡറിലൂടെ റാഫേൽ വരാനെയും 62-ാം മിനിറ്റിൽ ബോകസിനുപുറത്തുനിന്ന് തൊടുത്ത ലോങ്‌റേഞ്ചറിലൂടെ ഗ്രീസ്മാനും ഫ്രാൻസിനെ മുന്നിൽക്കടത്തി.

ലോകകപ്പിൽനിന്ന് മലയാളികളുടെ ഇഷ്ടടീമുകൾ ഒന്നൊന്നായി കൊഴിയുകയാണ്. ബ്രസീൽകൂടി മടങ്ങിയതോടെ, ആരാധകർ കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. പ്രീക്വാർട്ടറിന് മുമ്പുതന്നെ ആഫ്രിക്കൻ ടീമുകൾ ലോകകപ്പിനോട് വിടപറഞ്ഞിരുന്നു. ക്വാർട്ടറിൽ ഏഷ്യയും ലാറ്റിനമേരിക്കയും മധ്യ അമേരിക്കയും പിൻവാങ്ങി. യൂറോപ്പിന്റെ അതിവേഗ ഫുട്‌ബോൾ മാത്രം ശേഷിക്കുമ്പോൾ, സൗന്ദര്യാത്മക ഫുട്‌ബോളിനെ പ്രണയിക്കുന്ന മലയാളി ഇനി ആർക്കൊപ്പം നിൽക്കും? വരും ദിനങ്ങളിലറിയാം അതിനുത്തരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP