Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെയ്മറും ലുക്കാകു പോരാട്ടത്തിൽ ആരു ജയിക്കും? ഇന്ന് സൂപ്പർ ഫ്രൈഡേ; ലോകകപ്പിൽ ഇന്ന് നടക്കുക ഫൈനലിനെക്കാൾ ആവേശം പകരുന്ന രണ്ട് കളികൾ; ബ്രസീലിന് ബെൽജിയവും ഫ്രാൻസിന് ഉറുഗ്വായും എതിരാളികളാകും; കാണാതിരിക്കരുത് ഇന്നത്തെ ക്വാർട്ടർ ഫൈനലുകൾ

നെയ്മറും ലുക്കാകു പോരാട്ടത്തിൽ ആരു ജയിക്കും? ഇന്ന് സൂപ്പർ ഫ്രൈഡേ; ലോകകപ്പിൽ ഇന്ന് നടക്കുക ഫൈനലിനെക്കാൾ ആവേശം പകരുന്ന രണ്ട് കളികൾ; ബ്രസീലിന് ബെൽജിയവും ഫ്രാൻസിന് ഉറുഗ്വായും എതിരാളികളാകും; കാണാതിരിക്കരുത് ഇന്നത്തെ ക്വാർട്ടർ ഫൈനലുകൾ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: നോക്കൗട്ട് ഘട്ടം ടീമുകൾക്ക് ജീവന്മരണ പോരാട്ടങ്ങളാണ്. എന്നാൽ, ചില മത്സരങ്ങൾ കാണാതിരുന്നാൽ നഷ്ടം കളിപ്രേമികൾക്കാവും. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ഏതൊക്കെ ടീമുകൾ കടന്നാലും, ഇന്നത്തെ ഈ രണ്ട് മത്സരങ്ങളുടെയത്ര തീവ്രതയും ആവേശവും അതിനുണ്ടാകില്ലെന്നുറപ്പാണ്.

ക്വാർട്ടർ ഫൈനലിൽ ഇന്നു വൈകിട്ട് ഏഴരയ്ക്ക് ഫ്രാൻസ് ഉറുഗ്വായെയും രാത്രി പതിനൊന്നരയ്ക്ക് ബ്രസീൽ ബെൽജിയത്തെയും നേരിടും. ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടുടീമുകളുടെ പോരാട്ടം ഇന്നത്തോടെ അവസാനിക്കുമെന്നതാണ് ഈ മത്സരങ്ങൾ ഉണ്ടാക്കുന്ന നിരാശ. എന്നാൽ, അതേറ്റവും മികച്ച ടീമിനോട് പോരാടിയിട്ടാവും എന്നത് ആവേശം പകരുകയും ചെയ്യുന്നു.

യുവത്വം x പരിചയസമ്പത്ത്

റഷ്യൻ ലോകകപ്പിനെതതിയ സംഘങ്ങളിൽ ഏറ്റവും മികച്ച യുവനിരയാണ് ഫ്രാൻസിന്റേത്. ഈ ലോകകപ്പിന്റെ താരം ആരരായാലും, റഷ്യ ലോകത്തിന് മുന്നിലേക്ക നിർത്തുന്ന താരം കൈലിയൻ എംബാപ്പെ എന്ന 19-കാരനായിരിക്കും. അർജന്റീനയ്‌ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടുഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കിയ പെനാൽട്ടി സ്വന്തമാക്കുകയും ചെയ്ത എംബാപ്പെ, ഈ ലോകകപ്പിന്റെ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു. എന്നാൽ, ലോകത്തെ ഏറ്റവും മികച്ച പ്രതിരോധനിരയ്‌ക്കെതിരെ എംബാപ്പംയും സംഘവും എത്രത്തോളം മുന്നേറുമെന്നതാകും ഫ്രാൻസ്-ഉറുഗ്വായ് മത്സരം തെളിയിക്കാനിരിക്കുന്നത്. 1998 ലോകകപ്പിൽ ക്യാപ്റ്റനൈന്ന നിലയിൽ കിരീടം നേടിയ ദിദിയർ ദെഷാംപ്‌സ് ഫ്രാൻസിനെ പരിശീലിപ്പിക്കുമ്പോൾ, ലോകകപ്പിലെ വെറ്ററൻ പരിശീലൻ ഓസ്‌കർ ടബാരസാണ് ഉറുഗ്വായുടെ തന്ത്രങ്ങളൊരുക്കുന്നത്.

ടൂർണമെന്റിൽ ഇതേവരെ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയ ടീമുകളിലൊന്നാണ് ഉറുഗ്വായ്. നാല് കളികൡ ഒരുഗോൾ മാത്രം. ക്യാപ്റ്റൻ ഡീഗോ ഗോഡിൻ നയിക്കുന്ന അതിശക്തമായ പ്രതിരോധമാണ് അവരുടെ മുതൽക്കൂട്ട്. ഒപ്പം ഫെർണാണ്ടോ മുസ്‌ലേരയെന്ന മികച്ച ഗോൾകീപ്പറുമുണ്ട്. ഉയരക്കാരായ പ്രതിരോധ നിര താരങ്ങൾ ഉയർന്നുവരുന്ന പന്തുകളിൽ ആധിപത്യം പുലർത്താൻ മികച്ചവരാണ്. എഡിൻസൺ കവാനി-ലൂയി സുവാരസ് സഖ്യമാണ് മുന്നേറ്റത്തിൽ അവരുടെ കരുത്ത്. പരിക്കാണ് ഈ രണ്ടുതാരങ്ങളെയും അലട്ടുന്നത്. രണ്ടുപേരുടെയും സേവനം 90 മിനിറ്റും മൈതാനത്ത് കിട്ടുമോയെന്ന പ്രതീക്ഷ ടീമിനില്ല. അതവരുടെ ദൗർബല്യവുമായി.

എല്ലാ മേഖലകളിലും സുശക്തമാണ് ഫ്രഞ്ച് ടീം. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് മുതൽ തുടങ്ങുന്നു ആ കരുത്ത്. എംബാപ്പെയും പോൾ പോഗ്ബയും അന്റൊയിൻ ഗ്രീസ്മാനും മുന്നേറ്റത്തിൽ ഏതൊരു ടീമിനെയും ഉലയ്ക്കാൻ പോന്ന പ്രതിഭകളാണ്. ഇവർക്കൊപ്പം ഒളിവർ ജിറൂഡുമുണ്ട്. കഴിഞ്ഞമത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ, ബ്ലെയ്‌സ് മറ്റിയൂഡിക്ക് കളിക്കാനാവില്ലെന്നത് മധ്യനിരയ്ക്ക് ക്ഷീണമാണ്. എന്നാൽ, എൻഗോളോ കാന്റെയും ഔസ്മാനെ ഡെംബലെയും ആ കുറവ് നികത്താൻ പോന്നവരാണ്. ഉറുഗ്വായുടെ പരമ്പരാഗത ശക്തിയ്‌ക്കെതിരെ ഫ്രഞ്ച് യുവതുർക്കികളുടെ പോരാട്ടം എത്രത്തോളം വിജയം കാണുമെന്ന് ആദ്യ ക്വാർട്ടർ ഫൈനൽ തെളിയിക്കും.

പാരമ്പര്യം x പ്രൊഫഷണലിസം

ആധുനിക ഫുട്ബോളിലെ കരുത്തന്മാരുടെ പോരാട്ടമാണ് ഇന്നു കാണുക. ബ്രസീലിന്റെ ആക്രമണ നിരയും മധ്യനിരയും ഏതു നിമിഷവും മത്സരഗതി മാറ്റാൻ കഴിവുള്ളവരാണ്. ഗബ്രിയേൽ ജീസസും റോബർട്ടോ ഫിർമിനോയും ഒത്തുചേർന്നാൽ ലോകത്തെ ഏറ്റവും അപകടകരമായ മുന്നേറ്റക്കാരായി. ഇടത് വിങിൽ നെയ്മറും വലതു വിങിൽ വില്യനും അണിനിരക്കുമ്പോൾ ബെൽജിയംകാർ ശരിക്കും വിയർക്കും. അറ്റാക്കിങ് മിഡ്ഫീൽഡർമാരായ കുടീഞ്ഞോയും പൗളിഞ്ഞോയും എന്തിനും പോന്നവരാണ്. കാസെമിറോയും ഫെർണാണ്ടീഞ്ഞോയും ഗോൾ കീപ്പർ അലിസണിനു മുന്നിൽ രക്ഷാകവചമാകും. ബ്രസീലിനെ അപേക്ഷിച്ച് ആക്രമണത്തിൽ അൽപ്പം പിന്നിലാണെങ്കിലും ബെൽജിയത്തെ എഴുതിത്ത്ത്ത്ത്തള്ളാനാകില്ല. റഷ്യയിലെ ടോപ് സ്‌കോറർമാരിൽ ഒരാളായ റൊമേലു ലുക്കാക്കുവും മിചി ബാറ്റ്ഷുയിയും വിശ്വസ്ത സ്ട്രൈക്കർമാരാണ്്.

ഓരോ മത്സരം കഴിയുംതോറും ശക്തിപ്രാപിച്ചുവരികയാണ് ബ്രസീൽ. ആറാമത് ലോകകിരീടം അകലെയല്ലെന്ന പ്രതീതി ആരാധകർക്കിടയിൽ ജനിപ്പിച്ചുകൊണ്ടാണ് ബ്രസീലിന്റെ കുതിപ്പ്. മറുഭാഗത്ത് ബെൽജിയമാണ്. യൂറോപ്യൻ ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന തികഞ്ഞ പ്രൊഫഷണലുകളുടെ ടീം. എക്കാലവും ബെൽജിയം ഇതേ പ്രൊഫഷണലിസവുമായാണ് ലോകകപ്പിനെത്തിയിരുന്നത്. ഇത്തവണത്തെ ടീമിനെ പഴയ ടീമുകളിൽനിന്ന് വേറിട്ടുനിർത്തുന്നത് അതിന്റെ വിജയതൃഷ്ണയാണ്. ജപ്പാനെതിരെ പ്രീക്വാർട്ടറിൽ രണ്ടുഗോളിന് പിന്നിലായിപ്പോയിട്ടും, കളി കൈവിടാതെ തിരിച്ചുവരികയും അവസാന നിമിഷംവരെ പോരാടി വിജയം പിടിക്കുകയും ചെയ്തത് ആ വിജയതൃഷ്ണയ്ക്ക് തെളിവാണ്.

നെയ്മറാണ് ബ്രസീലിന്റെ ചാലകശക്തി. പക്ഷേ, കഴിഞ്ഞ ലോകകപ്പിലേതുപോലെ നെയ്മറെ മാത്രം ആശ്രയിച്ചല്ല ബ്രസീൽ കളിക്കുന്നതെന്നതാണ് അവരുടെ വിജയവും. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൊളംബിയക്കെതിരേ കളിക്കുമ്പോൾ നെയ്മർക്ക് പരിക്കേറ്റിരുന്നു. സെമിയിൽ നെയ്മറില്ലാതെ കളിക്കാനിറങ്ങിയ ബ്രസീൽ, ജർമനിയോട് തോറ്റത് 7-1നാണ്. ഇക്കുറി ആ പിഴവ് തിരുത്തിയാണ് കോച്ച് ടിറ്റെ ടീമിനെ ഒരുക്കിയിരിക്കുന്നത്. കളിമികവിൽ ഈ പി.എസ്.ജി. താരം മുന്നിട്ടുനിൽ്ക്കുന്നുവെങ്കിലും, പൗളീന്യോ, ഫിർമിനോ തുടങ്ങിയ താരങ്ങളാണ് ബ്രസീലിന്റെ കുതിപ്പിന് കരുത്താകുന്നത്. മധ്യനിരയിലെ വിശ്വസ്തൻ കാസെമിറോയ്ക്ക് ഇന്ന് സസ്‌പെൻഷൻ കാരണം കളിക്കാനാവില്ലെന്ന് അവർക്ക് തിരിച്ചടിയാകും.

ഗോൾകീപ്പർ തിബോട്ട് കുർട്വാ മുതൽ മുന്നേറ്റത്തിലെ റൊമേലു ലുക്കാക്കുവരെ ഒരേ താളത്തിൽ കളിക്കുന്ന ടീമാണ് ബെൽജിയത്തിന്റേത്. കോച്ച് മാർട്ടിനസിന് വലിയ തലവേദനയില്ലാതെ ബ്രസീലിനെതിരെ ടീമിനെ അണിനിരത്താനാകും. പരിക്കോ സസ്‌പെൻഷനോ ബെൽജിയത്തെ കാര്യമായി അലട്ടുന്നില്ല. എന്നാൽ, ആദ്യമത്സരങ്ങളിൽ പ്രകടിപ്പിച്ച ഫിനിഷിങ് പാടവം റൊമേലു ലുക്കാക്കുവിന് ഇപ്പോഴുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. കഴിഞ്ഞമത്സരത്തിൽ ലുക്കാക്കുവിന്റെ നിഴൽമാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. എന്നാൽ, കഠിനാധ്വാനിയായ ക്യാപ്റ്റൻ ഇഡൻ ഹസാർഡിന്റെ സാന്നിധ്യം ബെൽജിയത്തെ ബ്രസീലിന് കരുത്തുറ്റ എതിരാളികളാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.

തുടർച്ചയായി ഏഴാം തവണയാണു ബ്രസീൽ ലോകകപ്പ് ക്വാർട്ടറിൽ കളിക്കുന്നത്. 2006 ൽ ഫ്രാൻസിനെതിരേയും 2010 ൽ ഹോളണ്ടിനെതിരേയും അവർ ക്വാർട്ടറിൽ തോറ്റു പുറത്തായി. കഴിഞ്ഞ മൂന്ന് ലോകകപ്പിലും യൂറോപ്യൻ ടീമിനോടു തോറ്റാണു ബ്രസീലിന്റെ കിരീട പ്രതീക്ഷ അസ്തമിച്ചത്. 2006 ൽ ഫ്രാൻസും 2010 ൽ ഹോളണ്ടും കഴിഞ്ഞ ലോകകപ്പിൽ ജർമനിയും ബ്രസീലിനെ തോൽപ്പിച്ചു. പറയാൻ കണക്കുളിലെ മുൻതൂക്കം ബെൽജിയത്തിനുമുണ്ട്. നായകൻ ഈഡൻ ഹസാഡ് കഴിഞ്ഞ 18 കളികളിൽ 19 ഗോളുകൾക്കു വഴിയൊരുക്കി. റാഫേൽ മാർട്ടിനസ് കോച്ചാ ശേഷം അദ്ദേഹം 10 ഗോളടിക്കുകയും ഒൻപത് ഗോളുകൾക്കു വഴിമരുന്നിടുകയും ചെയ്തു. റൊമേലു ലുക്കാക്കു ഈ ലോകകപ്പിൽ ഗോളിലേക്കു തൊടുത്ത അഞ്ച് ഷോട്ടുകളിൽ നാലും വലയം കടന്നു.

ബെൽജിയത്തിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളും ജയിച്ച മുൻതൂക്കവുമായാണു ബ്രസീൽ ഇന്നു കളിക്കുക. ഏഴുവട്ടം ലോകകപ്പിൽ കളിച്ചെങ്കിലും രണ്ടുവട്ടം മാത്രമാണു ബെൽജിയം ക്വാർട്ടറിൽ കളിച്ചത്. റോബർട്ട് മാർട്ടിനസിന്റെ ശിഷ്യന്മാർ ബെൽജിയത്തിന്റെ സുവർണ തലമുറയെന്ന വിശേഷണവുമായാണു കളിക്കുന്നത്. 2014 ലോകകപ്പിൽ ക്വാർട്ടറിനപ്പുറം കടക്കാനായില്ല. 1986 ലോകകപ്പിന്റെ സെമി ഫൈനലിൽ കളിച്ചാണ് ഏറ്റവും മികച്ച പ്രകടനം. ലിറ്റിൽ പ്രിൻസ് എന്ന അപരനാമക്കാരനായ ഫ്രാങ്ക് വെർകാടേൺ ആണ് അവരെ സെമിയിലെത്തിച്ചത്. തുടർന്നു ഡീഗോ മാറഡോണയുടെ അർജന്റീനയോട് 2-0 ത്തിനു തോൽക്കാനായിരുന്നു വിധി.

കടുത്ത പ്രതിരോധമാണു ബെൽജിയത്തിന്റെ കരുത്ത്. സ്വിറ്റ്സർലൻഡിനെതിരേ നടന്ന മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയതാണ് അപവാദം. ജപ്പാനെതിരേ രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം ജയിച്ചു കയറിയതും ബെൽജിയൻ താരങ്ങളുടെ കഠിനാധ്വാനത്തിനു തെളിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP