Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം വീണത് ജർമനി, പിന്നാലെ അർജന്റീനയും സ്‌പെയിനും ; ഇനി ആരുടെ ഊഴം? പന്തയക്കമ്പോളത്തിലെ കിരീടധാരികൾ ഓരോന്നായി നാടുവിടുന്ന കാഴ്ച കണ്ട് റഷ്യൻ ലോകകപ്പ്; പ്രവചനക്കാരായ പൂച്ചയും പക്ഷിയുമൊക്കെ രംഗം കാലിയാക്കിയപ്പോൾ ചങ്കിടിപ്പോൾ കാൽപ്പന്ത് കളിയാരാധകർ ചോദിക്കുന്നു; ഇക്കുറി ആർക്കായിരിക്കും കപ്പ്?

ആദ്യം വീണത് ജർമനി, പിന്നാലെ അർജന്റീനയും സ്‌പെയിനും ; ഇനി ആരുടെ ഊഴം? പന്തയക്കമ്പോളത്തിലെ കിരീടധാരികൾ ഓരോന്നായി നാടുവിടുന്ന കാഴ്ച കണ്ട് റഷ്യൻ ലോകകപ്പ്; പ്രവചനക്കാരായ പൂച്ചയും പക്ഷിയുമൊക്കെ രംഗം കാലിയാക്കിയപ്പോൾ ചങ്കിടിപ്പോൾ കാൽപ്പന്ത് കളിയാരാധകർ ചോദിക്കുന്നു; ഇക്കുറി ആർക്കായിരിക്കും കപ്പ്?

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ചാമ്പ്യന്മാരാകുമെന്ന് പ്രവചിക്കപ്പെട്ട നാല്് ടീമുകൾ റഷ്യയിൽനിന്ന് മടങ്ങിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ജർമനിയാണ് ആ കൊഴിഞ്ഞുപോക്കിന് തുടക്കമിട്ടത്. ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെ ജർമനി മടങ്ങിയപ്പോഴേ റഷ്യൻ ലോകകപ്പിൽ അപകടമണി മുഴങ്ങിയിരുന്നു. പിന്നീട്, പ്രീക്വാർട്ടറിന്റെ ആദ്യ ദിനം മുൻചാമ്പ്യന്മാരായ അർജന്റീനയും നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലും മടങ്ങി. ഇന്നലെ 2010-ലെ ജേതാക്കളായ സ്‌പെയിനും മടക്കടിക്കറ്റെടുത്തു. ഓരോ ദിനവും വലിയൊരു ടീമിന്റെയെങ്കിലും പതനം തുടർക്കഥയായതോടെ, ആരാധകരുടെ ചങ്കിടിപ്പേറുകയാണ്. ഇന്ന് ബ്രസീൽ കളിക്കളത്തിലിറങ്ങുമ്പോഴും അവർ ആശങ്കയോടെയാകും കളികാണാനിരിക്കുകയെന്നുറപ്പ്.

ഓരോ സൂപ്പർടീമും മടങ്ങുന്നത് ലോകോത്തര താരങ്ങളുടെ ലോകകപ്പ് സ്വപ്‌നം അവശേഷിപ്പിച്ചുകൊണ്ടാണ്. ഡീഗോ മാറഡോണയ്ക്കുശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുമെന്ന് ആരാധകർ ഉറച്ചുവിശ്വസിച്ച ലയണൽ മെസ്സിക്ക് ഇക്കുറിയും അതിനായില്ല. കഴിഞ്ഞതവണ ഫൈനൽ വരെയെത്തിയെങ്കിൽ ഇക്കുറി പോരാട്ടം പ്രീക്വാർട്ടറിൽ അവസാനിച്ചു. 30 പിന്നിട്ട മെസ്സിയെ നാലുവർഷത്തിനപ്പുറം ലോകകപ്പിൽ ആരും പ്രതീക്ഷിക്കുന്നില്ല. ഉണ്ടെങ്കിൽത്തന്നെ അർജന്റീനയ്ക്ക് ലോകംകീഴടക്കാൻ പോന്ന ടീമിനെ വാർത്തെടുക്കണമെങ്കിൽ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.

ക്രിസ്റ്റിയാനോ റൊണാൾഡോ ഒറ്റയ്ക്കാണ് പോർച്ചുഗലിന് 2016-ൽ യൂറോപ്യൻ കിരീടം നേടിക്കൊടുത്തത്. അത്തരം വിസ്മയപ്രകടനം ഇക്കുറിയുണ്ടാകുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. എന്നാൽ, ആ പോരാട്ടവും ഉറുഗ്വായുടെ പ്രതിരോധക്കോട്ടയിൽ തട്ടിത്തകർന്നു. ആന്ദ്രെ ഇനിയേസ്റ്റയും റാമോസും പിക്വേയുമുൾപ്പെട്ട സ്പാനിഷ് സുവർണനിരയിലെ അവശേഷിച്ച സംഘത്തിന് ഇക്കുറി ഒരു ചലനവുമുണ്ടാക്കാനായില്ല. 2010-ൽ ടിക്കി ടാക്ക ശൈലിയിലൂടെ കിരീടം നേടിയ അവർ, ഇപ്പോഴും ആ തന്ത്രത്തിൽനിന്ന് പിടിവിടാതെ ആക്രമണഫുട്‌ബോളിന് കീഴടങ്ങുകയായിരുന്നു.

ഇനിയുള്ള ഓരോ മത്സരങ്ങളും ആരുടെയെങ്കിലുമൊക്കെ മരണം ഉറപ്പിച്ചാണ് മുന്നേറുക. അതുകൊണ്ടുതന്നെ ആരാധകരുടെ ചങ്കിടിപ്പേറുകയും ചെയ്യും. ബ്രസീൽ മെക്‌സിക്കോയെ നേരിടുമ്പോഴും അതേ ചങ്കിടിപ്പുമായാണ് അവർ കാണുക. ഓരോ മത്സരത്തിലും മികച്ച പ്രകടനത്തിലേക്ക് വന്ന ബ്രസീൽ ടൂർണമെന്റിൽ കിരീടസാധ്യത കൽപിക്കപ്പെടുന്ന സംഘമായി മാറിക്കഴിഞ്ഞു. എന്നാൽ, പല വമ്പന്മാരെയും കുരുക്കിയ പ്രതിരോധക്കോട്ടയിൽ അവരും പെട്ടുപോകുമോ എന്ന ആശങ്കയാകും ആരാധകർക്കുള്ളത്.

ലോകകപ്പിന്റെ ഫിക്‌സ്ചറിങ്ങിലെ പ്രത്യേകത കൊണ്ട് ശേഷിക്കുന്ന ടീമുകളിൽ ഉറുഗ്വായ്, ഫ്രാൻസ്, ബ്രസീൽ, ബെൽജിയം എന്നീ പ്രമുഖരിൽ ഒരു ടീം മാത്രമേ ഫൈനലിലെത്തു. മെക്‌സിക്കോയെ കീഴ്‌പ്പെടുത്തിയാൽ, ജപ്പാനെ തോൽപിച്ചെത്തുന്ന ബെൽജിയമാകും ബ്രസീലിന്റെ ക്വാർട്ടർ എതിരാളി. ഫ്രാൻസ്-ഉറുഗ്വായ് മത്സരത്തിലെ ജേതാക്കളെയാകും ബ്രസീൽ-ബെൽജിയം മത്സരത്തിലെ വിജയികൾക്ക് സെമിയിൽ നേരിടേണ്ടിവരിക. ഇവിടെ, അട്ടിമറി നടന്നാൽ, മെക്‌സിക്കോയ്ക്കും ജപ്പാനും കയറിവരാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കുമാണ് മറുഭാഗത്ത് മികച്ച സാധ്യതയുള്ളത്. ക്രൊയേഷ്യക്ക് റഷ്യയാണ് ക്വാർട്ടറിലെ എതിരാളികൾ. ഫോമും മികവും കണക്കിലെടുക്കുയാണെങ്കിൽ ക്രൊയേഷ്യ സെമിഫൈനലിൽ കടക്കേണ്ടതാണ്. ശേഷിക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ സ്വീഡൻ സ്വിറ്റ്‌സർലൻഡിനെയും കൊളംബിയ ഇംഗ്ലണ്ടിനെയും നേരിടും. ഇംഗ്ലണ്ട് ഈ ഗ്രൂപ്പിൽനിന്ന് സെമിയിലെത്തുമെന്നും പ്രതീക്ഷിക്കാം.

ബ്രസീൽ-ഇംഗ്ലണ്ട് ഫൈനൽ പ്രവചിക്കുന്നവരാണ് ഇപ്പോൾ പന്തയക്കമ്പോളത്തിലേറെയും. അട്ടിമറികളും വീഴ്ചകളും കണ്ട ലോകകപ്പിൽ ആര് കപ്പുയർത്തുമെന്ന് കണ്ടുതന്നെയറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP