Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദക്ഷിണ കൊറിയ പുറത്തായപ്പോൾ രണ്ട് വിജയങ്ങളുമായി മെക്‌സികോ പ്രീക്വാർട്ടറിലേക്ക്; ക്രിസ്ത്യാനയോ ലൂക്കാകവോ കൂടുതൽ വീരൻ എന്ന ചോദ്യം ഉയർത്തി ബൽജിയത്തിന്റെ തകർപ്പൻ അറ്റാക്കിൽ ട്യൂണേഷ്യയും ഔട്ട്; ഗ്രൂപ്പ് ജിയിൽ ഇനി സാധ്യത ഇംഗ്ലണ്ടിന് തന്നെ

ദക്ഷിണ കൊറിയ പുറത്തായപ്പോൾ രണ്ട് വിജയങ്ങളുമായി മെക്‌സികോ പ്രീക്വാർട്ടറിലേക്ക്; ക്രിസ്ത്യാനയോ ലൂക്കാകവോ കൂടുതൽ വീരൻ എന്ന ചോദ്യം ഉയർത്തി ബൽജിയത്തിന്റെ തകർപ്പൻ അറ്റാക്കിൽ ട്യൂണേഷ്യയും ഔട്ട്; ഗ്രൂപ്പ് ജിയിൽ ഇനി സാധ്യത ഇംഗ്ലണ്ടിന് തന്നെ

മറുനാടൻ ഡെസ്‌ക്‌

മോസ്‌ക്കോ: ക്രിസ്ത്യാനോ റൊണാൾഡോ... ഈ ലോകകപ്പിൽ നാല് ഗോളുകൾ നേടിക്കഴിഞ്ഞു. സുവർണ്ണ പാദുകത്തിലേക്ക് റൊണാൾഡോയ്ക്ക് വേണ്ടി ആരാധകർ ജയ് വിളിക്കുമ്പോൾ ഇതാ ഒരു താരം. റെമെലു ലുക്കാക്കുവു. ബെൽജിയത്തിന്റെ സുവർണ്ണ താരം. ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ജിയിൽ രണ്ടിനെതിരേ അഞ്ചു ഗോളിന് ടുണീഷ്യയെ തകർത്ത ബെൽജിയം ഏറെക്കുറേ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. ഇവിടെ താരം ലുക്കാകുവുവാണ്. ഗ്രൂപ്പ് എച്ചിൽ ഏഷ്യൻ പ്രതീക്ഷയായ ദക്ഷിണ കൊറിയ പുറത്താവുകയും ചെയ്തു.

ഗ്രൂപ്പ് ജിയിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ബെൽജിയത്തിന് ആറു പോയിന്റുണ്ട്. കളിച്ച രണ്ട് കളിയും തോറ്റ ടുണീഷ്യ പുറത്തായി. ആദ്യ മത്സരത്തിൽ ടുണീഷ്യയെ തോൽപിച്ച ഇംഗ്ലണ്ടിനും മൂന്ന് പോയിന്റുണ്ട്. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് തോറ്റ പാനമയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിൽ നിന്ന് ബെൽജിയവും ഇംഗ്ലണ്ടും മുന്നോട്ട് പോകാനാണ് സാധ്യത. റഷ്യ ലോകകപ്പ് ഇതുവരെ കണ്ടതിൽവച്ചേറ്റവും മികച്ച പ്രകടനത്തോടെയാണു ബൽജിയത്തിന്റെ നോക്കൗട്ട് പ്രവേശം. അഞ്ചു ഗോളുകൾ സ്‌കോർ ചെയ്തപ്പോഴും രണ്ടു ഗോളുകൾ വഴങ്ങിയ കളിശൈലി ബൽജിയം പ്രതിരോധനിരയുടെ ദൗർബല്യത്തിലേക്കും വിരൽചൂണ്ടുന്നു. ഇന്നലെ നേടിയ രണ്ടു ഗോളുകളോടെ, ലോകകപ്പിൽ തുടർച്ചയായ രണ്ടു ഗോളുകളിൽ ഡബിൾ നേടുന്ന താരമായി റൊമേലു ലുക്കാകു. നാലു ഗോളുകളോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പവുമെത്തി.

എഡി ഹസാർഡിന്റെയും റെമെലു ലുക്കാക്കുവിന്റെയും ഇരട്ടഗോളുകളാണ് ബെൽജിയത്തിന്റെ വിജയം സുഗമമാക്കിയത്. അര ഡസൻ അവസരങ്ങളെല്ലാം കളഞ്ഞ മിച്ചി ബാറ്റ്ഷുവായിയാണ് പട്ടിക തികച്ചത്. ആറാം മിനിറ്റിൽ ഹസാർഡാണ് പെനാൽറ്റിയിലൂടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. പതിനാറാം മിനിറ്റിൽ ലുക്കാക്കു സ്േകാർ ഇരട്ടിയാക്കി. എന്നാൽ, ബ്രോണിന്റെ ഗോളിൽ ടുണീഷ്യ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതുടെ ഇഞ്ചുറി ടൈമിൽ ലുക്കാക്കു വീണ്ടും ലക്ഷ്യം കണ്ടു. പിന്നീട് അമ്പതിയൊന്നാം മിനിറ്റിൽ ഹസാർഡും തൊണ്ണൂറാം മിനിറ്റിൽ ബാറ്റ്ഷുവായിയും വല ചലിപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ എല്ലിസ് സ്ഖിരി ടുണീഷ്യയ്ക്കുവേണ്ടി ഒരു ഗോൾ കൂടി മടക്കി.

ബോക്സിനോട് ചേർന്ന് ഹസാർഡിനെ സ്യാം ബെൻ യൂസഫ് ഫൗൾ ചെയ്തതിനാണ് റഫറി ആറാം മിനിറ്റിൽ പെനാൽറ്റി നൽകിയത്. ടുണീഷ്യൻ ഗോൾകീപ്പർ ചലിക്കുന്നതിന് മുന്നേ തന്നെ ഹസാർഡ് പെനാൽറ്റി കിക്ക് വലയിലെത്തിച്ചു. കൃത്യം പത്ത് മിനിറ്റ് പിന്നിട്ടപ്പോൾ ലുക്കാക്കുവിലൂടെ ബെൽജിയം ലീഡ് ഉയർത്തി. ഡ്രെയിസ് മെർട്ടൻസിന്റെ പാസിൽ നിന്ന് ലുക്കാക്കു ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ട് മിനിറ്റ് കഴിയും മുമ്പ് ടൂണീഷ്യ ഒരു ഗോൾ ഡൈലൻ ബ്രോണിലൂടെ മടക്കി.

വഹാബി ഖാസ്രിയെടുത്ത ഫ്രീക്കിക്കിൽ നിന്ന് ഹെഡറിലൂടെയാണ് ബ്രോൺ ഈ ഗോൾ കണ്ടെത്തിയത്. ഇതോടെ ഉണർന്ന ടുണീഷ്യൻ സമനില ഗോൾ കണ്ടെത്താനായി പരിശ്രമിച്ച് കൊണ്ടേയിരുന്നു. എന്നാൽ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലുക്കാക്കു മത്സരത്തിലെ തന്റെ രണ്ടാം ഗോളുകൂടി നേടിയതോടെ ടൂണീഷ്യ പ്രതീക്ഷ വീണ്ടും ഉൾവലിഞ്ഞു. ടൂർണ്ണമെന്റിലെ ലുക്കാക്കുവിന്റെ നാലാം ഗോൾകൂടിയാണിത്. ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ലുക്കാക്കുവിനൊപ്പം ഇതേ സ്‌കോറിലുള്ളത്.

51-ാം മിനിറ്റിൽ ഹസാർഡും തന്റെ രണ്ടാം ഗോൾ നേടി. ടോബി ആലഡർവയ്‌റൽഡിന്റെ ലാങ് പാസിൽ നിന്ന് രണ്ട് ടുണീഷ്യൻ ഡിഫൻഡർമാരെ വൈദഗ്ദ്ധ്യപൂർവ്വം മറികടന്നാണ് എഡൻ ഹസാർഡ് ഈ ഗോൾ നേടിയത് മത്സരം അറുപത് മിനിറ്റ് പൂർത്തിയാക്കിയതോടെ ലുക്കാക്കുവിനേയും ലുക്കാക്കുവിനേയും ഹസാർഡിനേയും കോച്ച് റോബോർട്ടോ മാർട്ടിനെസ് പിൻവലിച്ചു. ഹസാർഡിന് പകരമിറങ്ങിയ മിച്ച് ബാറ്റ്ഷുവായി 90-ാം മിനിറ്റിലാണ് തനിക്ക് ലഭിച്ച നിരവധി സുവർണാവസരങ്ങൾക്കൊടുവിൽ അവസാന ഗോൾ നേടിയത്. ഫൈനൽ വിസിൽ തൊട്ടുമുന്നെ വഹാബി ഖാസ്രിയിലൂടെയാണ് ടുണീഷ്യ ആശ്വാസ ഗോൾ നേടിയത്.

മെക്‌സിക്കൻ ആവേശം

2002നു ശേഷം മെക്‌സിക്കോ ലോകകപ്പിലെ ആദ്യ രണ്ടു കളികളിൽ ജയിക്കുന്നത് ആദ്യമാണ്. വെള്ള ജെഴ്‌സിയിൽ ഭാഗ്യമില്ലെന്ന വിശ്വാസത്തെ രണ്ട് ഗോളുകൾ കൊണ്ട് തകർത്തിരിക്കുകയാണ് കാർലോസ് വെലയും ഹാവിയർ ഹെർണാണ്ടസും. ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ രണ്ടാം പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ദക്ഷിണ കൊറിയയെ മറികടന്ന മെക്‌സിക്കോയ്ക്ക് പ്രീക്വാർട്ടറിലേയ്ക്കുള്ള വഴി എളുപ്പമായിരിക്കുകയാണ്. രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റായി അവർക്ക്. തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പിൽ നിന്ന് പുറത്തായി.

26-ാം മിനിറ്റിൽ കാർലോസ് വെലയുടെ പെനാൽറ്റിയിലൂടെ ലീഡ് നേടിയ മെക്സിക്കോ 66-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയർ ഹെർണാണ്ടസായിരുന്നു ഗോൾ സ്‌കോറർ. ലൊസാനൊ നൽകിയ പാസ്സിൽ രണ്ട് കൊറിയൻ ഡിഫൻഡർമാരെ മറികടന്നാണ് ഹെർണാണ്ടസ് ഗോൾ നേടിയത്. ദേശീയ ജെഴ്സിയിൽ ഹെർണാണ്ടസിന്റെ 50-ാം ഗോളാണ് ഇത്. ആദ്യ പകുതിയിൽ ബോക്‌സിൽ വെച്ച് ഹാവിയർ ഹെർണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാങ് ഹ്യൂന്റെ കൈയിൽ പന്ത് തട്ടുകയായിരുന്നു. ഇതോടെ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റിയെടുത്ത വെലയ്ക്ക് പിഴച്ചില്ല. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റിൽ സോൻ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ സമനിലഗോൾ ലക്ഷ്യം വച്ച് കൊറിയ ആക്രമണത്തിനു മുൻതൂക്കം നൽകിയങ്കിലും മെക്‌സിക്കോ കൗണ്ടർ അറ്റാക്കുകളിലടെ തിരിച്ചടിച്ചു. വേലയും ഹെർണാണ്ടസും നേടിയ ഗോളുകളുടെ മികവിൽ മെക്‌സിക്കോ വിജയം ഉറപ്പാക്കിയെന്നു തോന്നിയ ഘട്ടത്തിലാണ് സണ്ണിന്റെ ലോങ് റേഞ്ചർ ഒച്ചോവയുടെ പ്രതിരോധം ഭേദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP