Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സ്പാനിഷ് കോടതി രണ്ട് വർഷത്തേക്ക് തടവ് വിധിച്ച അതേ ദിവസം ലോക കപ്പിലെ ആദ്യ ഹാട്രിക്കോടെ ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ; ഇരട്ട ഗോൾ തീർത്ത് ഡിഗോ കോസ്റ്റയും ചരിത്രത്തിന്റെ ഭാഗമായപ്പോൾ ഫൈനലി നെക്കാൾ തിളക്കത്തോടെ ഒരു സമനില മാച്ച്; കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും പോർച്ചുഗല്ലിനോട് വിജയം ഉറപ്പിക്കാനാവാതെ സ്പെയിൻ; ക്രിസ്റ്റ്യാനോയുടെ മാന്ത്രിക കാലുകളെ സ്നേഹിച്ച് മതി തീരാതെ ലോകം

സ്പാനിഷ് കോടതി രണ്ട് വർഷത്തേക്ക് തടവ് വിധിച്ച അതേ ദിവസം ലോക കപ്പിലെ ആദ്യ ഹാട്രിക്കോടെ ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ; ഇരട്ട ഗോൾ തീർത്ത് ഡിഗോ കോസ്റ്റയും ചരിത്രത്തിന്റെ ഭാഗമായപ്പോൾ ഫൈനലി നെക്കാൾ തിളക്കത്തോടെ ഒരു സമനില മാച്ച്; കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും പോർച്ചുഗല്ലിനോട് വിജയം ഉറപ്പിക്കാനാവാതെ സ്പെയിൻ; ക്രിസ്റ്റ്യാനോയുടെ മാന്ത്രിക കാലുകളെ സ്നേഹിച്ച് മതി തീരാതെ ലോകം

മറുനാടൻ മലയാളി ബ്യൂറോ

സോച്ചി: ടീമിനെ പോലെ കളിച്ചത് സ്‌പെയിനായിരുന്നു. പക്ഷേ താരമായത് ക്രിസ്റ്റ്യാനോ റൊണാൾഡോയും. വ്യക്തി മികവ് കൊണ്ട് മാത്രം പോർച്ചുഗലിന് സമനില സമ്മാനിക്കുകകയായിരുന്നു റോണാൾഡോ. റഷ്യ ലോകകപ്പിലെ ആദ്യ ഗ്ലാമർ പോരാട്ടമായ പോർച്ചുഗൽ-സ്പെയിൻ മത്സരം സമനിലയിൽ പരിയുമ്പോൾ അത് സമ്മാനിക്കുന്നത് സുന്ദര നിമിഷങ്ങളും ചില സന്ദേശങ്ങളുമാണ്. റൊണാൾഡോയെ പോലൊതു താരമുള്ള ടീമിനെതിരെ അമിത ആത്മവിശ്വാസം തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് സ്‌പെയിനിന് ആദ്യം മത്സരം നൽകുന്നത്.

ആവേശകരമായ മത്സരത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് വേണ്ടതെല്ലാം ലഭിച്ചു. പിറന്നത് ആറു ഗോളുകൾ. മൂന്നു ഗോൾ വീതം നേടി ഇരുവരും സമനിലയിൽ പിരിഞ്ഞു. ലോകകപ്പിലെ ആദ്യ ഹാട്രിക് തികച്ച ക്രിസ്റ്റ്യാനോയും ഇരട്ട ഗോൾ തികച്ച ഡീഗോ കോസ്റ്റയും മത്സരത്തിന് മാറ്റ് കൂട്ടി. ആദ്യം മുന്നിലെത്തിയത് പോർച്ചുഗല്ലാണ്. എന്നാൽ മൂന്നാം ഗോൾ ആദ്യം അടിച്ചത് സ്‌പെയിനും. ടീം മികവ് തന്നെയായിരുന്നു സ്‌പെയിനിനെ മുന്നിലെത്തിച്ചത്. ഇതോടെ കളിയിൽ ജയം ടീം ഉറപ്പിച്ചു. ഇനിയസ്റ്റയും കോസ്റ്റയും പോലും തിരിച്ചുവിളിക്കപ്പെട്ടു. ഇതോടെ പോർച്ചുഗൽ ആവേശത്തോടെ ഇരമ്പിക്കയറി. റൊണാൾഡോയുടെ പ്രതിഭ വിജയം തട്ടിയെടുക്കുകയും ചെയ്തു.

മത്സരത്തിന് മുമ്പ് റൊണാൾഡോയുടെ ആരാധകരെ വരവേറ്റത് അശുഭകരമായൊരു വാർത്ത. നികുതി വെട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങാൻ സമ്മതിച്ചതായാണ് ഒരു സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തത്. സ്പെയിനിനെതിരായ മത്സരം തുടങ്ങുന്നതിന് അഞ്ചു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്. ആദ്യം നികുതി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്ന ക്രിസ്റ്റ്യാനോ പിന്നീട് രണ്ടു വർഷത്തെ സസ്പെൻഡഡ് തടവുശിക്ഷയ്ക്കും പിഴയടയ്ക്കാനും തയ്യാറായി നികുതി വകുപ്പുമായി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നുവെന്നാണ് എൽ മണ്ടോയിൽ വന്ന റിപ്പോർട്ട്.

അതും സ്‌പെയിനിലെ കോടതിയിൽ നിന്ന്. ഇതോടെ കളിയിലെ റൊണാൾഡോയുടെ പ്രകടനത്തെ ബാധിക്കുമോ ഈ സംഭവം എന്ന് പോലും വിലയിരുത്തലെത്തി. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ആ കാലുകൾ പോർച്ചുഗല്ലിന് ജീവൻ നൽകി. റയൽ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ സ്പെയിനിൽ 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറ് നികുതി വെട്ടിപ്പ് കേസുകളാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെയുള്ളത്. ഇതിൽ ഓരോന്നിനും ആറു മാസം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവ് ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാൾഡോ പോർച്ചുഗലിന് സമനില സമ്മാനിച്ചത്. അതും ഉഗ്രൻ ഫ്രീ കിക്ക്. ഗോൾ പോസ്റ്റിലേക്ക് മാത്രം കണ്ണുകളെ ആവാഹിച്ച് സ്‌പെയിനിന്റെ മനുഷ്യ മതിലിന് മുകളിലൂടെയുള്ള കിക്ക്. അത് നോക്കി നിൽക്കാനേ സ്‌പെയിന്റെ ഗോളിക്ക് ആയുള്ളൂ. മൽസരക്രമം പ്രഖ്യാപിച്ചതുമുതൽ ആവേശത്തോടെ കാത്തിരുന്ന കാൽപ്പന്താരാധകരെ സ്‌പെയിനും പോർച്ചുഗലും നിരാശരാക്കിയില്ല.

4 (പെനാൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോളുകൾ. ഇതിന് മറുപടിയായി 24, 55 മിനിറ്റുകളിലാണ് ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോൾ. 58-ാം മിനിറ്റിൽ നാച്ചോയുടെ വകയായിരുന്നു സ്പെയിന്റെ മൂന്നാം ഗോൾ. കളിയിൽ ആധിപത്യം സ്പെയിനിനായിരുന്നു. 38 ശതമാനം സമയം മാത്രമാണ് പോർച്ചുഗൽ പന്ത് കൈവശം വച്ചത്. എന്നാൽ മുന്നിൽ നിന്ന് നയിക്കാൻ ക്രിസ്റ്റ്യാനോ ഉള്ളപ്പോൾ പോർച്ചുഗലിന് അതൊന്നും പ്രശ്‌നമായില്ല. കിട്ടിയ അവസരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ പന്തുമായി സ്പെയിൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തി. അത് മൂന്നും ഗോളായി കലാശിച്ചു.

കളിയുടെ അവസാന മിനിറ്റിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് 88-ാം മിനിറ്റിൽ അവിശ്വസനീയ ഫ്രീകിക്ക് ഗോളിലൂടെ ക്രിസ്റ്റിയാനോ പോർച്ചുഗലിന് വിജയത്തോളം പോന്ന സമനില നൽകിയത്. ആദ്യ പകുതി അവസാനക്കുമ്പോൾ 2-1 എന്ന നിലയിൽ പോർച്ചുഗൽ മുന്നിലായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ആക്രമിച്ചു കളിച്ച സ്പെയിൻ മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലീഡ് പിടിച്ചു. സ്പെയിൻ വിജയം ഉറപ്പിച്ച സമയത്താണ് ഫ്രീകിക്ക് രൂപത്തിൽ ക്രിസ്റ്റ്യാനോ പോർച്ചുഗലിന്റെ രക്ഷകനായി മാറിയത്.

കോസ്റ്റയും ചരിത്രമെഴുതി

വാറിന്റെ ഈ വിധിയെഴുത്ത് ആരാധകരിൽ പലരും അംഗീകരിച്ചിട്ടില്ല. ഇങ്ങനെയൊരു ഫൗൾ കാണുന്നില്ലെങ്കിൽ ഇത്തരം സംവിധാനം കൊണ്ട് എന്തു കാര്യം എന്നാണ് പലരും ട്വിറ്ററിൽ ചോദിച്ചത്. പക്ഷേ ചരിത്രം കോസ്റ്റയ്്ക്ക് വഴിമാറുകയാണ്. വാർ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി സമ്പ്രദായത്തിലൂടെ ലോകകപ്പിൽ വിധി പറഞ്ഞ ആദ്യ ഗോളിന് ഉടമയാണ് കോസ്റ്റ. ഇരുപത്തിനാലാം മിനിറ്റിൽ പോർച്ചുഗീസ് പ്രതിരോധം പിളർത്തി വലയിലെത്തിയ ഡീ കോസ്റ്റയുടെ വെടിയുണ്ട കണക്കെയുള്ള ഗോളാണ് ചരിത്രത്തിലേക്ക് എത്തുന്നത്.

ബോക്സിൽ നിന്ന് വെടിയുതിർക്കും മുൻപ് ഡീഗോ കോസ്റ്റ പോർച്ചുഗലിന്റെ പെപ്പെയെ മുട്ടുകൊണ്ട് മുഖത്തിടിച്ചു എന്നായിരുന്നു പരാതി. ഇതിനെ തുടർന്നാണ് റഫറി റൂയി പട്രീഷ്യോ വിധി പറയാൻ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് വിട്ടത്. ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ റഫറൽ. വാറിന്റെ വിധി ഡീഗോ കോസ്റ്റയ്ക്ക് അനുകൂലം. സ്പെയിൻ പോർച്ചുഗലിന് ഒപ്പം (11).

ഏറെക്കഴിഞ്ഞില്ല, ഒരു തീരുമാനത്തിന് കൂടി റഫറി പട്രീഷ്യോ വാറിനെ ആശ്രയിച്ചു. ഇസ്‌ക്കോയുടെ ഒരു ഇടിമിന്നൽ ഷോട്ട് പോസ്റ്റിന് ഇടിച്ചു മടങ്ങിയ ഉടനെ സ്പാനിഷ് താരങ്ങൾ റഫറിയുടെ അടുക്കലേയ്ക്ക് ഓടി ചെല്ലുകയായിരുന്നു. ഇക്കുറി പക്ഷേ ഗോൾ അനുവദിച്ചില്ല.

റൊണാൾഡോയ്ക്ക് ജയിലിൽ കിടക്കേണ്ടി വരില്ല

റിപ്പോർട്ട് അനുസരിച്ച് രണ്ടു വർഷത്തെ തടവുശിക്ഷയും 18.8 ദശലക്ഷം യൂറോ പിഴയുമാണ് റൊണാൾഡോ സ്വീകരിച്ചത്. എന്നാൽ, ഇതിന് റൊണാൾഡോയ്ക്ക് ജയിലിൽ കഴിയേണ്ടിവരില്ല. സ്പെയിനിലെ നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവർക്ക് രണ്ട് വർഷത്തിൽ കുറവ് തടവുശിക്ഷ വിധിക്കപ്പെട്ടാൽ ജയിലിൽ കഴിയേണ്ടതില്ല. സസ്‌പെൻഡഡ് സെന്റൻസ് ആയതുകൊണ്ട് ഈ ശിക്ഷ ഉടനെ നടപ്പാക്കുകയുമില്ല. കഴിഞ്ഞ വർഷമാണ് ക്രിസ്റ്റ്യാനോയ്ക്കെതിരേ നികുതി വെട്ടിപ്പിന് കേസെടുത്തത്. എന്നാൽ, നികുതി വെട്ടിച്ചുവെന്ന ആരോപണം ആദ്യം നിഷേധിക്കുകയാണ് ക്രിസ്റ്റ്യാനോ ചെയ്തത്. പിന്നീടാണ് ഏജന്റുമാർ മുഖേന ഒത്തുതീർപ്പിനുള്ള കരുനീക്കം നടത്തിയത്. കനത്ത പിഴയിൽ നിന്ന് ഒഴിവാകാനാണ് ക്രിസ്റ്റ്യാനോ ഒത്തുതീർപ്പുണ്ടാക്കിയതെന്നാണ് അറിയുന്നത്.

ഫോബസ് മാസികയുടെ കണക്കനുസരിച്ച് കളിയിൽ നിന്നും സ്പോൺസർഷിപ്പുകളിൽ നിന്നുമായി പ്രതിവർഷം 93 ദശലക്ഷം ഡോളറാണ് ക്രിസ്റ്റ്യാനോ സമ്പാദിക്കുന്നത്. മുൻനിര ഫുട്ബോൾ താരങ്ങൾ നടത്തുന്ന നികുതി വെട്ടിപ്പുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റിയാനോയും പെട്ടത്. കഴിഞ്ഞ വർഷം അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് 21 മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP