Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

കാൽപ്പന്തുകളിയിൽ പുതിയ രാജാക്കന്മാരായി ക്രൊയേഷ്യ മാറുമോ? അതോ രണ്ടാം തവണ ലോകകപ്പുയർത്താൻ ഫ്രാൻസിന് സാധിക്കുമോ? വിപ്ലവമണ്ണിൽ വിജയതിലകമണിയാൻ ഫ്രാൻസും-ക്രൊയേഷ്യയും ഇന്നിറങ്ങുന്നു; 32 ദിവസത്തെ ഫുട്ബോൾ മാമാങ്കം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ആവേശത്തേരിൽ ആരാധകർ

കാൽപ്പന്തുകളിയിൽ പുതിയ രാജാക്കന്മാരായി ക്രൊയേഷ്യ മാറുമോ? അതോ രണ്ടാം തവണ ലോകകപ്പുയർത്താൻ ഫ്രാൻസിന് സാധിക്കുമോ?  വിപ്ലവമണ്ണിൽ വിജയതിലകമണിയാൻ ഫ്രാൻസും-ക്രൊയേഷ്യയും ഇന്നിറങ്ങുന്നു; 32 ദിവസത്തെ ഫുട്ബോൾ മാമാങ്കം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ആവേശത്തേരിൽ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ അന്തിമ വിജയിയെ അറിയാൻ മണിക്കൂറുകൾ മാത്രം. രണ്ടാം തവണയും ഫ്രാൻസ് മുന്നേറുമോയെന്നും ക്യൊയേഷ്യ റഷ്യൻ മണ്ണിൽ ചരിത്രം തിരുത്തുമോ എന്നതുൾപ്പെ ചർച്ചകൾ സജീവമാകുകയാണ്. ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ ഇന്നുരാത്രി എട്ടരയ്ക്ക്.

ലോകം സമസ്തസൗന്ദര്യങ്ങളോടെ ഒരു തുള്ളി പന്തിൽ പ്രതിബിംബിക്കുന്ന മോഹനനിമിഷങ്ങൾ. മോസ്‌കോ ലുഷ്നിക്കി സ്റ്റേഡിയത്തിൽനിന്ന് പുറപ്പെട്ട പന്ത് ഒരു മാസത്തെ ഭ്രമണം പൂർത്തിയാക്കി തിരിച്ചെത്തിയിരിക്കുന്നു.ലോകത്തിന്റെ മട്ടുപ്പാവിൽ മിന്നിത്തിളങ്ങി ഫ്രാൻസും ക്രൊയേഷ്യയും. അവരിലൊരാളെക്കാത്ത് കനകകിരീടം. ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഞായറാഴ്ച, ഇന്ത്യൻസമയം രാത്രി എട്ടരയ്ക്ക് ഫ്രാൻസ്-ക്രൊയേഷ്യ മത്സരം. പോരാട്ടങ്ങളുടെ പോരാട്ടം. വിപ്ലവത്തിന് വളക്കൂറുള്ള മണ്ണാണ് റഷ്യ. ഈ ലോകകപ്പിന്റെ എല്ലാ റൗണ്ടുകളിലും വിപ്ലവം സംഭവിച്ചു. ആദ്യറൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ ജർമനി പുറത്ത്, പ്രീക്വാർട്ടറിൽ അർജന്റീനയും സ്‌പെയിനും തകർന്നു. ക്വാർട്ടറിൽ ബ്രസീലിന്റെ വീഴ്ച. സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ കപ്പലും മുങ്ങി. അട്ടിമറിക്കപ്പെടാൻ ഇനി ഒരു ടീം മാത്രം -ഫ്രാൻസ്.

പുതിയ ചാമ്പ്യൻ വരുമെന്ന് നേരത്തേ പ്രവചനങ്ങളുണ്ടായിരുന്നു. അതിനുള്ള സാധ്യത ഫൈനൽവിസിൽവരെയും തുടരുന്നു. ആദ്യമായി ഫൈനലിലെത്തിയ ക്രൊയേഷ്യ ഇപ്പോൾത്തന്നെ ഹീറോകളായിക്കഴിഞ്ഞു. 41 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം അദ്ഭുതം ആവർത്തിക്കുമോ എന്നേ അറിയാനുള്ളൂ.ഫേവറിറ്റുകൾ ഫ്രാൻസ് തന്നെയാണ്. 1998-ൽ ചാമ്പ്യന്മാരായ അവർ 2006 ഫൈനലിൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോറ്റു. ഞായറാഴ്ച ജയിച്ചാൽ കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന മൂന്നാമനാകും ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ്. ബ്രസീലിന്റെ മരിയോ സഗാലോയും ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവറുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയത്.

2016-ലെ യൂറോകപ്പ് ഫൈനലിൽ പോർച്ചുഗലിനുമുന്നിൽ വീണ ഫ്രാൻസ് ദുരന്തങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. ഫോർവേർഡ് കൈലിയൻ എംബാപ്പെ അവരുടെ തുറുപ്പുചീട്ടാണ്. 1958-ൽ പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന നേട്ടത്തിനരികിലാണ് ഈ കൗമാരക്കാരൻ. പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരേ എംബാപ്പെ രണ്ടു ഗോളുകൾ നേടി.

ഈ ലോകകപ്പിന്റെ സുവർണപാദുകം ആറു ഗോൾ നേടിയ ഇംഗ്ലീഷ് താരം ഹാരി കെയ്ൻ സ്വന്തമാക്കാനാണ് സാധ്യത. മികച്ച താരത്തിനുള്ള സ്വർണപ്പന്ത് ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് നേടിയേക്കാം. 1998 ലോകകപ്പിലെ സെമിഫൈനലിൽ ഫ്രാൻസ് ക്രൊയേഷ്യയെ തോൽപ്പിച്ചിരുന്നു. ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനക്കാരായി. ഒരിക്കൽക്കൂടി, ക്രൊയേഷ്യൻ കുതിപ്പിന് കടിഞ്ഞാണിടാൻ ഫ്രാൻസിന് കഴിയുമോ? ഈ രാവിനായ് ഇമചിമ്മാതെ കാത്തിരിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP