Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിശ്ചിത സമയവും അധികസമയവും കഴിഞ്ഞിട്ടും സമനില പാലിച്ചപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് ഭാഗ്യം പരീക്ഷിച്ച് കളി; രണ്ടു കിക്കുകളും ഇരുടീമുകളും വലയിൽ വീഴ്‌ത്തിയപ്പോൾ ആദ്യം പിഴച്ചത് ഇംഗ്ലണ്ടിന്; തുടർന്ന് കൊളംബിയ രണ്ട് കിക്ക് പാഴാക്കിയപ്പോൾ ക്വാർട്ടർ ഉറപ്പിച്ചു; സ്വീഡനെ വീഴ്‌ത്തി സെമി ഉറപ്പിക്കാൻ മുമ്പോട്ട്

നിശ്ചിത സമയവും അധികസമയവും കഴിഞ്ഞിട്ടും സമനില പാലിച്ചപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് ഭാഗ്യം പരീക്ഷിച്ച് കളി; രണ്ടു കിക്കുകളും ഇരുടീമുകളും വലയിൽ വീഴ്‌ത്തിയപ്പോൾ ആദ്യം പിഴച്ചത് ഇംഗ്ലണ്ടിന്; തുടർന്ന് കൊളംബിയ രണ്ട് കിക്ക് പാഴാക്കിയപ്പോൾ ക്വാർട്ടർ ഉറപ്പിച്ചു; സ്വീഡനെ വീഴ്‌ത്തി സെമി ഉറപ്പിക്കാൻ മുമ്പോട്ട്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പിൽ പെനാൽട്ടി ഷൂട്ടൗട്ടിനെ ഇത്രയേറെ ഭയക്കുന്ന മറ്റൊരു രാജ്യവുമില്ല. എത്ര നന്നായി കളിച്ചുവന്നാലും ഷൂട്ടൗട്ടിൽ കളി മറക്കുന്നവരാണ് ഇംഗ്ലീഷുകാരെന്ന് ലോകകപ്പ് ചരിത്രം പറയുന്നു. കൊളംബിയക്കെതിരെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ചങ്കിടിപ്പോടെയാണ് ഇംഗ്ലണ്ട് ആരാധകർ പിന്നീട് മത്സരം കണ്ടത്. ഒരുഘട്ടത്തിൽ കിക്ക് പാഴാക്കി പിന്നിൽപ്പോയതോടെ ഷൂട്ടൗട്ട് ശാപം തുടരുകയാണെന്നും അവർ ഭയപ്പെട്ടു. എന്നാൽ, അവസാന രണ്ട് കിക്കുകളും പാഴാക്കി കൊളംബിയ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒപ്പം ക്വാർട്ടർ ഫൈനൽ ടിക്കറ്റും. സ്വീഡനാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി. സ്വീഡനെയല്ല, സെമിയിലേക്കാണ് ഇംഗ്ലണ്ട് ഇപ്പോൾ ഉറ്റുനോക്കുന്നത്.

നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതുകൊണ്ടാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മിക്കപ്പോഴും പരുക്കനായി മാറിയ കളിയിൽ പെനാൽട്ടിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നിൽക്കയറിയതും. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കുശേഷം, 57-ാം മിനിറ്റിൽ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ മുന്നിൽക്കടത്തിയത്. കോർണർ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഹാരി കെയ്‌നെ വട്ടം പിടിച്ച് കാർലോസ് സാഞ്ചസ് താഴെയിട്ടപ്പോൾ റഫറി ചൂണ്ടുവിരൽ പെനാൽട്ടി സ്‌പോട്ടിലേക്ക് നീട്ടുകയായിരുന്നു. ജപ്പാനെതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തായ കാർലോസ് സാഞ്ചസ്, ഈ മത്സരത്തിൽ മഞ്ഞക്കാർഡ് നേടുകയും ചെയ്തു.

പെനാൽട്ടി കിക്കെടുത്ത ഹാരി കെയ്‌ന് കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിനയെ പരാജയപ്പെടുത്താൻ അധികമൊന്നും കഷ്ടപ്പെടേണ്ടിവന്നില്ല. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽനിന്ന് ഹാരികെയ്‌ന്റെ നേട്ടം ആറുഗോളായി ഇതോടെ ഉയർന്നു. ടോപ്‌സ്‌കോറർ പട്ടത്തിലേക്ക് കുതിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ, ഇക്കുറി ലോകകപ്പുപോലും ഇംഗ്ലീഷ് മണ്ണിലേക്ക് കൊണ്ടുവരാൻ സുസജ്ജമാണ് തന്റെ ടീമെന്ന ഉറപ്പിലാണ് മുന്നേറുന്നത്.

ഗോൾ തിരിച്ചടിക്കുന്നതിനെക്കാൾ, ഇംഗ്ലീഷ് താരങ്ങളുമായും റഫറിയുമായും കൊമ്പുകോർക്കുന്നതിനാണ് കൊളംബിയൻ താരങ്ങൾ മത്സരിച്ചതെന്ന് തോന്നും. ഇംഗ്ലണ്ട് ഒരു ഗോൾവ്യത്യാസത്തിൽ കളി ജയിച്ചുവെന്ന് ഉറപ്പിച്ചഘട്ടത്തിലാണ് സമനില ഗോൾ വന്നത്. ഇഞ്ചുറി ടൈമിൽ, 93-ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെ ബാഴ്‌സലോണ ഡിഫൻഡർ യെറി മിന പന്് വലയിലെത്തിച്ചു. അപ്രതീക്ഷിതമായി വീണ ഗോൾ ഇംഗ്ലീഷ ്താരങ്ങളെ കടുത്ത നിരാശയിലേക്ക് വീഴ്‌ത്തി.

ഗോൾരഹിതമായി നിന്ന അധികസമയത്തിനുശേശം ഷൂട്ടൗട്ടിലേക്ക് കടന്നതോടെ, ഇംഗ്ലീഷ് ആരാധകരുടെ ചങ്കിട്ടു. ലോകകപ്പിൽ മറ്റേത് രാജ്യത്തെക്കാളും ഷൂട്ടൗട്ട് ചതിച്ചിട്ടുള്ളത് ഇംഗ്ലണ്ടിനെയാണ്. മുമ്പ് മൂന്നുവട്ടം ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോഴും അവർ പരാജയപ്പെട്ടതാണ് ചരിത്രം. ഇക്കുറിയും അതാവർത്തിക്കുമോ എന്നവർ ഭയന്നു. പോരാഞ്ഞിട്ട്, ഡേവിഡ് ഒസ്പിനയെന്ന പരിചയസമ്പന്നനായ ഗോൾകീപ്പറാണ് കൊളംബിയക്കായി വലകാക്കുന്നതും.

കൊളംബിയക്കായി ആദ്യ രണ്ടുകിക്കുകളെടുത്ത റഡാമെൽ ഫാൽക്കാവായും യുവാൻ ക്വാഡ്രാഡോയും പഴുതുകൾ നൽകാതെ പന്ത് വലയിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദ്യ കിക്കെടുത്തത് ഹാരി കെയാനായിരുന്നു. രണ്ടാമത്തേത് മാർക്കസ് റാഷ്‌ഫോർഡും. രണ്ട് കിക്കുകളും വലയിൽക്കയറി. കൊളംബിയക്കായി മൂന്നാം കിക്കെടുത്ത ലൂയിസ് മുറിയാലിനും പിഴച്ചില്ല. ഹെൻഡേഴ്‌സണിന്റെ വകയായിരുന്നു അടുത്ത കിക്ക്. ഇംഗ്ലീഷ് താരത്തിന്റെ കിക്ക് ഡേവിഡ് ഒസ്പിന തടഞ്ഞതോടെ ദൗർഭാഗ്യം ഇക്കുറിയും പിന്തുടരുകയാണെന്ന് ഇംഗ്ലീഷ് നിര ഉറപ്പിച്ചു.

അവിടെനിന്നാണ് നാടകത്തിന്റെ തുടക്കം. നാലാം കിക്കെടുത്ത കൊളംബിയക്കാരൻ ഉറിബേ ടീമിന് ലഭിച്ച മുൻതൂക്കം ക്രോസ്ബാറിലിടിച്ച് നശിപ്പിച്ചു. ഇതോടെ, ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടും കൊളംബിയയും ഒപ്പത്തിനൊപ്പമെത്തി. നാലാം കിക്കെടുത്ത ട്രിപ്പിയാർ പന്ത് വലയിലെത്തിച്ചതോടെ സ്‌കോർ 3-3ന് തുല്യത പാലിച്ചു. കൊളംബിയയുടെ അഞ്ചാം കിക്കെടുക്കാനെത്തിയത് കാർലോസ് ബാക്കയായിരുന്നു. ആ കിക്ക് തടുത്തിട്ട് ജോർദൻ പിക്ക് ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിൽക്കടത്തി. അഞ്ചാം കിക്കെടുത്ത എറിക് ഡീർ പന്ത് വലയിലെത്തിക്കുക കൂടി ചെയ്തതോടെ, ഇംഗ്ലണ്ട് ആവേശത്തിലേക്ക് പൊട്ടിത്തെറിച്ചു. മൂന്നുതവണ ലോകകപ്പിൽനിന്ന് പുറത്താക്കിയ ഷൂട്ടൗട്ട് ഭൂതത്തെ അതിജീവിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ.

സ്വിറ്റ്‌സർലൻഡിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച സ്വീഡനാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി. റാങ്കിങ്ങും നിലവിലെ ഫോമും പരിഗണിക്കുമ്പോൾ, ഇംഗ്ലണ്ടിന് മത്സരം സ്വന്തമാക്കാൻ പ്രയാസമുണ്ടാവില്ലെന്ന് കരുതാം. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തോടു തോറ്റ് രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്, ഇക്കുറി ഫൈനൽവരെ താരതമ്യേന എളുപ്പവഴിയാണ്. ക്വാർട്ടറിൽ സ്വീഡൻ. അവിടംകഴിഞ്ഞാൽ, റഷ്യയോ ക്രൊയേഷ്യയോ സെമിയിൽ. പിന്നെ ഫൈനൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP