Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശീൽ കുമാറിനെ വെട്ടി ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച ഗുസ്തി താരം നർസിങ് ഉത്തേജക പരിശോധനയിൽ കുടുങ്ങി; താരത്തെ കുടുക്കിയതാണെന്ന് ആരോപിച്ച് റസ്‌ലിങ് ഫെഡറേഷൻ; റിയോയിൽ ഗുസ്തിയിലെ മെഡൽമോഹം തകർന്ന് ഇന്ത്യ

സുശീൽ കുമാറിനെ വെട്ടി ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച ഗുസ്തി താരം നർസിങ് ഉത്തേജക പരിശോധനയിൽ കുടുങ്ങി; താരത്തെ കുടുക്കിയതാണെന്ന് ആരോപിച്ച് റസ്‌ലിങ് ഫെഡറേഷൻ; റിയോയിൽ ഗുസ്തിയിലെ മെഡൽമോഹം തകർന്ന് ഇന്ത്യ

ന്യൂഡൽഹി: ഏറെ തർക്കങ്ങൾക്കൊടുവിൽ ഇന്ത്യ റിയോ ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച പ്രമുഖ ഗുസ്തി താരം നർസിങ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ അദ്ദേഹത്തിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാനാവില്ലെന്നാണ് സൂചനകൾ. നർസിംഗിനെ അയോഗ്യനാക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റഷ്യൻ അത്‌ലറ്റുകൾക്കെതിരെ ഉത്തേജക മരുന്ന് ഉപയോഗത്തിന് കടുത്ത നിലപാട് സ്വീകരിക്കുന്ന അധികൃതർ ഇതേ നിലപാട് മറ്റെല്ലാ രാജ്യത്തെ താരങ്ങൾക്കുനേരെയും തുടരുമെന്നതിനാൽ നർസിങ് യാദവിന് അനുകൂല തീരുമാനം ഉണ്ടായേക്കില്ല.

അതേസമയം, പരിശോധന വീണ്ടും നടത്താൻ ആവശ്യപ്പെടുമെന്നും ഇപ്പോൾ നടന്ന പരിശോധനയിൽ അതൃപ്തിയുണ്ടെന്നും ഇന്ത്യൻ റസ്‌ലിങ് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും പുതിയ സംഭവ വികാസങ്ങളോടെ ബ്രസീലിലെ റിയോഡിജനീറോയിൽ നടക്കാനിരിക്കുന്ന ഒളിന്പിക്‌സിൽ ഗുസ്തിയിൽ ഇന്ത്യൻ പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. 74 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ നർസിങ് യാദവ് രണ്ടുവട്ടം നടന്ന ഉത്തേജക പരിശോധനയിലും പരാജയപ്പെടുകയായിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി യാദവിന്റെ അക്രഡിറ്റേഷനും തടഞ്ഞിട്ടുണ്ട്.

ദേശീയ ഉത്തജേക വിരുദ്ധ ഏജൻസി (നാഡ)യാണ് ജൂലായ് അഞ്ചിന് യാദവിനെ ഉത്തേജക പരിശോധനയ്ക്ക് വിധേയനാക്കിയക്കത്. സോനാപത്തിലെ സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യ (സായ്) കേന്ദ്രത്തിലായിരുന്നു പരിശോധന. പരിശോധനയിൽ യാദവിന്റെ 'എ' സാന്പിൾ പോസിറ്റീവ് ആയിരുന്നു. തുടർന്ന് 'ബി' സാമ്പിൾ പരിശോധിച്ചു. അതും പോസിറ്റീവ് ആയിരുന്നു. റിപ്പോർട്ട് നാഡ ഇന്ത്യൻ ഗുസ്തി അസോസിയേഷന് അയച്ചു കൊടുത്തിരിക്കുകയാണിപ്പോൾ. പരിശീലനത്തിനായി തിങ്കളാഴ്ച റിയോയിലേക്ക് യാത്ര തിരിക്കാൻ ഇരിക്കുകയായിരുന്നു നർസിങ് യാദവ്. 2015ലെ ലോകചാമ്പ്യൻഷിപ്പിൽ യാദവ് വെങ്കല മെഡൽ നേടിയിരുന്നു. ഇതേത്തുടർന്നാണ് മുൻ ഒളിമ്പിക് താരം സുശീലിനു പകരം നർസിംഗിനെ അയക്കാൻ ദേശീയ റസ്‌ലിങ് ഫെഡറേഷൻ തീരുമാനിച്ചത്.

അതേസമയം, നർസിംഗിനെ കുടുക്കിയതാണെന്ന് സംശയമുള്ളതായി ഫെഡറേഷൻ സെക്രട്ടറി പിഎൻ പ്രസൂദ് പ്രസ്താവിച്ചിട്ടുണ്ട്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുമായി ഇക്കാര്യം ചർച്ചചെയ്യും. വീണ്ടും പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനാണ് ഫെഡറേഷന്റെ തീരുമാനം. നർസിംഗിന് ഫെഡറേഷൻ പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.

മുമ്പ് ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് സുശീൽകുമാറിന് പകരം നർസിംഗിനെ അയക്കാൻ ഫെഡറേഷൻ തീരുമാനിച്ചത്. ഒളിമ്പിക്‌സ് യോഗ്യതാ ട്രയൽസിൽ പങ്കെടുക്കാൻ അവസരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ കോടതിയെ സമീപിച്ചതോടെ സംഭവം കൂടുതൽ വിവാദമായി. പക്ഷേ, അസോസിയേഷൻ നർസിംഗിനൊപ്പം ഉറച്ചുനിന്നു.

റിയോ ഒളിമ്പിക്‌സിൽ 74 കിലോ ഗുസ്തിയിൽ മത്സരിക്കാൻ യോഗ്യൻ നർസിങ് യാദവ് ആണെന്ന് റസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
റിയോ ഒളിമ്പിക്‌സിൽ യാദവ് മത്‌സരിച്ചാൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പാണെന്ന് ഫെഡറേഷൻ കോടതിൽ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന 18ൽ ആറു ഗുസ്തിക്കാരെ യാദവ് നേരത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്. സുശീൽ കുമാറിനൊക്കൾ യോഗ്യത യാദവിനുണ്ടെന്ന് ബോധ്യമായതിനാലാണ് തീരുമാനമെടുത്തതെന്നും ഫെഡറേഷൻ വാദിച്ചു.

66കിലോഗ്രാം വിഭാഗത്തിലാണ് സുശീൽ കുമാർ 2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ വെങ്കലവും, 2012 ലണ്ടൻ ഒളിമ്പ്‌സിൽ വെള്ളിയും നേടിയത്. റിയോയിൽ ഈ വിഭാഗം ഒഴിവാക്കിയതിനാൽ 74കിലോയിൽ മത്‌സരിക്കാൻ തീരുമാനിച്ചപ്പോൾ യാദവ് എതിരാളിയായി. പരിക്കു മൂലം ആദ്യ ട്രയൽസിൽ വിട്ടു നിന്ന സുശീലിന്റെ അസാന്നിദ്ധ്യത്തിലാണ് യാദവ് യോഗ്യത നേടിയത്. വീണ്ടും ട്രയൻസ് നടത്തണമെന്ന സുശീലിന്റെ ആവശ്യം ഫെഡറേഷൻ തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP