Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പിഴവ് പറ്റുമ്പോൾ ഒരു തിരിഞ്ഞു നോട്ടം; പകരം നൽകുന്നത് ഒരു കൈവിരലനക്കം; സിന്ധുവിന്റെ വിജയക്കുതിപ്പിന് പിന്നിൽ ഗോപീചൈതന്യവും; കൊക്കകോളയെക്കാൾ നല്ലത് ഇളനീരെന്ന് പറഞ്ഞ് ആഗോള ഭീകരന്റെ ബ്രാൻഡ് അംബാസിഡറാകാൻ വിസമ്മതിച്ച ഗോപിചന്ദ് ഇന്ത്യാ മഹാരാജ്യത്തിന് ചെയ്യാൻ സാധിക്കാത്തത് സ്വന്തമായി ചെയ്തത് ഇങ്ങനെ

പിഴവ് പറ്റുമ്പോൾ ഒരു തിരിഞ്ഞു നോട്ടം; പകരം നൽകുന്നത് ഒരു കൈവിരലനക്കം; സിന്ധുവിന്റെ വിജയക്കുതിപ്പിന് പിന്നിൽ ഗോപീചൈതന്യവും; കൊക്കകോളയെക്കാൾ നല്ലത് ഇളനീരെന്ന് പറഞ്ഞ് ആഗോള ഭീകരന്റെ ബ്രാൻഡ് അംബാസിഡറാകാൻ വിസമ്മതിച്ച ഗോപിചന്ദ് ഇന്ത്യാ മഹാരാജ്യത്തിന് ചെയ്യാൻ സാധിക്കാത്തത് സ്വന്തമായി ചെയ്തത് ഇങ്ങനെ

റിയോ: പിവി സിന്ധു ഒളിമ്പിക്‌സിൽ വെള്ളി നേടി. രാജ്യം മുഴുൻ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. അപ്പോഴും ശാന്തനാണ് പുല്ലേല ഗോപിചന്ദ്. ശിഷ്യയുടെ വിജയത്തിലെ ആഹ്ലാദമെല്ലാം ഒള്ളിലൊതുക്കി ഭാവിയെ മാത്രം മുന്നിൽ കാണുന്ന പരിശീലകൻ. ഈ വെള്ളി മെഡലിന് പിന്നിൽ ഗോപീ ചന്ദിന്റെ ദീർഘ വീക്ഷണമാണ്. തനിക്ക് നേടാനാവാത്തത് രാജ്യത്തിന് സമ്മാനിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇതിന് കാരണം. അങ്ങനെ സ്വന്തം വിയർപ്പിൽ നിന്ന് ലോകോത്തര അക്കാഡമി കെട്ടിപ്പടത്തു. അതുകൊണ്ട് തന്നെ റിയോ ഒളിമ്പിക്‌സിൽ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തുമെല്ലാം കളിക്കുമ്പോൾ കോർട്ടിന്റെ പിറകിലുള്ള കസേരയിൽ ശാന്തനായിരിക്കുന്ന പുല്ലേല ഗോപീചന്ദിനോട് രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു. 'ക്ഷമാപൂർവം കളിക്കുക. പ്രതിയോഗി തെറ്റുകൾ വരുത്തും. അതിനായി കാത്തിരിക്കുക.' ഇതാണ് ഗോപി ശിഷ്യന്മാർക്ക് നൽകുന്ന ഉപദേശം.

കായികരംഗത്ത് ഉന്നതമായ ധാർമികത ഉയർത്തിപ്പിടിച്ച മനുഷ്യനാണ് ഗോപി. 2001ൽ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യൻഷിപ്പ് ജയിച്ച ഉടൻ തങ്ങളുടെ ബ്രാന്റ് അംബാസഡറാവുന്നതിന് രാജ്യത്തെ വൻകിട കോളനിർമ്മാതാക്കൾ വലിയ തുക വാഗ്ദാനംചെയ്തപ്പോൾ ഗോപി അത് നിരസിച്ചു. കോള കായികതാരങ്ങളുടെ ആരോഗ്യത്തിന് ദോഷംചെയ്യുമെന്നും. പകരം അവർ ഇളനീർ കുടിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഗോപിചന്ദ് അതിനു പറഞ്ഞ കാരണം. ഈ നിലപാട് എടുക്കാൻ ഒരു താരത്തിനേ ആയിട്ടുള്ളൂ. പണത്തിന് മേൽ പരുന്തും പറക്കില്ലെന്ന വാക്യത്തെ അപ്രസക്തമാക്കിയ കായികതാരം. ഈ നിലപാട് തന്നെയാണ് തന്റെ ബാഡ്മിന്റൺ അക്കാഡമിയിലും പ്രാവർത്തികമാക്കുന്നത്. പ്രതിഭയുള്ളവർക്ക് വേണ്ടി ഊണും ഉറക്കവും വേണ്ടെന്ന് വച്ച് ഈ കോച്ചുണ്ടാകും. പ്രതിഫലമോ സർക്കാർ ഗ്രാന്റോ സ്‌പോൺസർഷിപ്പോ പ്രതീക്ഷിക്കുന്നില്ല. നന്മയുടെ വഴിയെ വരുന്നത് മാത്രം ഉൾക്കൊള്ളും. ഏതായാലും സിന്ധുവിന്റെ വിജയത്തോടെ ഉത്തരവാദിത്തം കൂടുകയാണ്. അടുത്ത ഒളിമ്പിക്‌സിൽ ഒരു മെഡലാണ് ഈ അക്കാഡമിയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

''ലോകനിലവാരമുള്ള അക്കാദമിയാണ് ഗോപിസാറിന്റേത്. ഏറ്റവും മികച്ച പരിശീലനസൗകര്യങ്ങൾ. ഗോപിസാർ പെട്ടെന്ന് നമ്മുടെ പിഴവുകൾ മനസ്സിലാക്കും. അതിലേറെ വേഗം അത് തിരുത്തും. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി അദ്ദേഹത്തിൽനിന്നാണ് ഞാൻ പഠിച്ചത്. സ്വന്തം മക്കളെപ്പോലെ ബാഡ്മിന്റൺ താരങ്ങളെ പരിഗണിക്കുന്ന പരിശീലകനാണ്. എനിക്ക് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായതും എന്റെ ഗെയിം ലോകനിലവാരത്തിലേക്കുയർന്നതും അദ്ദേഹം കാരണമാണ്. -പിവി സിന്ധു തന്റെ കോച്ചിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കളിക്കിടെ ചില പിഴവുകൾ സംഭവിക്കുമ്പോൾ സിന്ധു ഗോപിയെ തിരിഞ്ഞൊന്നുനോക്കും. ഗോപി ഒന്നു ചിരിച്ചുകാണിക്കും. അപൂർവമായി ഒന്നോ രണ്ടോ വാക്കുകൾ ഉച്ചരിക്കും. അതുമതി സിന്ധുവിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ. ജ്ഞാനബുദ്ധനെപ്പോലെ മൗനിയാണ് ഗോപി. ജയത്തോടടുക്കുമ്പോൾ ആവേശംകൊണ്ട് സിന്ധു കോർട്ടിൽ ചാടിയുയർന്നും നെറ്റിനരികിലേക്ക് ഓടിക്കയറിയും കളിക്കുമ്പോൾ ഗോപി കൈകൊണ്ട് ആംഗ്യംകാണിക്കും. ശാന്തയാവൂ, കരുതലോടെ കളിക്കൂ എന്നാണ് അതിന്റെ സൂചന. ആ നിമിഷം സിന്ധുവിന്റെ ശൈലിമാറും.

സിന്ധുവിന്റെ വിജയത്തിനുപിന്നിൽ ഗോപിയുടെ അധ്വാനമെത്രയെന്ന് തിരിച്ചറിയണമെങ്കിൽ കുറച്ചുവർഷങ്ങൾ പിന്നോട്ടുപോവണം. സ്വന്തം വിയർപ്പിൽനിന്ന് മുൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യനായ ഹൈദരാബാദുകാരൻ പടുത്തുയർത്തിയ ഗോപീചന്ദ് അക്കാദമിയുടെ സൃഷ്ടികളാണ് സിന്ധുവും പുരുഷവിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഇതിഹാസതാരം ലിൻ ഡാനെ വിറപ്പിച്ചുവിട്ട ശ്രീകാന്തുമെല്ലാം.നാലു വർഷംമുമ്പ് ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടുമ്പോൾ സൈനാ നേവാളും പരിശീലിച്ചിരുന്നത് ഗോപിയുടെ കീഴിൽ അദ്ദേഹത്തിന്റെ അക്കാദമിയിലായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഗോപി അക്കാദമി കെട്ടിപ്പടുത്തത് സ്വന്തം കാശുകൊണ്ടാണ്. സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ കെട്ടിടങ്ങൾ പണിയാനും അത്യാധുനിക പരിശീലനസൗകര്യങ്ങൾ ഒരുക്കാനും കളിയിലൂടെ ലഭിച്ച സമ്പാദ്യം മുഴുവൻ ചെലവഴിച്ചിട്ടും പോരാതെവന്നപ്പോൾ സ്വന്തം വീട് പണയംവച്ച് പണം കണ്ടെത്തുകയായിരുന്നു.

ഭാര്യയായ മുൻ ദേശീയ ബാഡ്മിന്റൺ താരം പി.വി.വി. ലക്ഷ്മിയും കൂടെനിന്നു. അക്കാദമിയുടെ ഓഫീസ് ചുമതലകൾ നിർവഹിക്കുന്നത് അവരാണ്. സർക്കാർ പതിച്ചുനൽകിയ ഭൂമിയിലല്ല ഈ അക്കാദമി പണിതിരിക്കുന്നത്. പാട്ടകാലാവധി കഴിയുമ്പോൾ അക്കാദമി സർക്കാറിന്റെ സ്വത്തായിമാറുമെന്ന് ഗോപി പറയുന്നു. രാജ്യം കായികതാരങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഖേൽരത്‌നയും (2001) പരിശീലകർക്കുള്ള ബഹുമതി ദ്രോണാചാര്യയും (2009) നേടിയ ഒരേയൊരു വ്യക്തിയാണ് ഈ 43കാരൻ. ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിൽ സയ്യിദ് മോദിക്ക് ശേഷം ഉയർന്നു വന്ന പേരാണ് പ്രകാശ് പദുക്കോൺ. 1970കളുടെ അവസാനത്തിലും 1980കളുടെ ആദ്യത്തിലും ഇന്ത്യയുടെ ബാഡ്മിന്റണിൽ തിളങ്ങി നിന്ന താരമായിരുന്നു പ്രകാശ് പദുക്കോൺ. 1980ൽ ലണ്ടനിൽ നടന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ കിരീടം നേടി പ്രകാശ് ഇന്ത്യയുടെ കായിക ചരിത്രത്തിന്റെ ഭാഗമായി. ബാഡ്മിന്റണിലെ അവസാന വാക്കായിരുന്ന ചൈനക്കും ഇന്തോനേഷ്യക്കും ഇന്ത്യയിൽ നിന്ന് ലഭിച്ച ആദ്യത്തെ പ്രഹരമായിരുന്നു അത്. തൊട്ടടുത്ത വർഷം തന്നെ ക്വാലാലംപൂരിൽ നടന്ന ബാഡ്മിന്റൺ ലോകകപ്പിൽ പദുക്കോൺ കിരീട നേട്ടം ആവർത്തിച്ചു. ഇന്ത്യയിലെ പരിശീലനത്തേക്കാളുപരി ഡെന്മാർക്കിലെ പരിശീലനമാണ് പ്രകാശിനെ ഒരു മികച്ച താരമാക്കി വളർത്തിയെടുത്ത്.  അന്തർദേശീയ താരങ്ങളുമായുള്ള സൗഹൃദവും പ്രകാശിന്റെ കരിയറിനെ തുണച്ചു.

പ്രകാശിന് ശേഷം ബാഡ്മിന്റണിൽ ഇന്ത്യ ആഘോഷിച്ച മറ്റൊരു പേരാണ് ഗോപീചന്ദ്. 1990ന്റെ അവസാനത്തിലും 2000ത്തിന്റെ ആദ്യ കാലങ്ങളിലും ഇന്ത്യയുടെ ബാഡ്മിന്റൺ ഹീറോ ഗോപീചന്ദായിരുന്നു. സയ്യിദ് മുഹമ്മദ് ആരിഫെന്ന ആരിഫ് സാഹിബായിരുന്നു ഗോപീചന്ദിന്റെ ആദ്യകാലത്തെ ഗുരു. പിന്നീട് പ്രകാശ് പദുക്കോണിന്റെ ബാഡ്മിന്റൺ അക്കാദമിയിലേക്ക് ഗോപീചന്ദ് പരിശീലനം മാറ്റി. 1998 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ ഗോപീചന്ദിനെയും ചരിത്രം രേഖപ്പെടുത്തിയത് ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ നേടിയ കിരീടമാണ്. അന്ന് സെമിഫൈനലിൽ ലോക ഒന്നാം നമ്പറുകാരനായ ഡാനിഷ് താരം പീറ്റർ ഗെയ്ഡിനെ അട്ടിമറിച്ചെത്തിയ ഗോപീചന്ദിനെ തോൽപ്പിക്കാൻ ചൈനയുടെ ചെൻ ഹോങ്ങിനുമായില്ല. അങ്ങനെ പ്രകാശിന് ശേഷം ഓൾ ഇംഗ്ലണ്ട് കിരീടം നേടുന്ന രണ്ടാമത്തെ താരമായി ഗോപീചന്ദ്. ആ കിരീടനേട്ടത്തിന് ശേഷം കൊക്കോകോള കമ്പനിയുടെ പരസ്യക്കരാർ നിരാകരിച്ച് ഗോപീചന്ദ് വാർത്തകളിൽ ഇടം പിടിച്ചു. കൊക്കോകോള ആരോഗ്യത്തിന് നല്ലതല്ലെന്ന തന്റെ നിലപാട് ഗോപി പിന്നീട് പല തവണ ആവർത്തിച്ചു.

ഹൈദരാബാദിൽ ഗോപീചന്ദ് തുടങ്ങിയ ബാഡ്മിന്റൺ അക്കാദമിയാണ് ഇന്ന് ബാഡ്മിന്റണിൽ ഇന്ത്യയുടെ തറവാട് വീട്. നിറയെ വെല്ലുവിളികൾ നേരിട്ടാണ് 2001ൽ ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. സംസ്ഥാന സർക്കാർ അഞ്ച് ഏക്കർ ഭൂമി സൗജന്യമായി നൽകിയെങ്കിലും 13 കോടിയോളം രൂപ സ്വന്തമായി കണ്ടെത്തിയാണ് ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. അക്കാദമി തുടങ്ങി പത്ത് വർഷങ്ങൾക്കിപ്പുറം സൈന നേവാളിലൂടെ ഗോപീചന്ദ് ബാഡ്മിന്റണിൽ ഇന്ത്യക്ക് ഒരു മെഡൽ എന്ന ആദ്യ വാക്ക് പാലിച്ചു. ഇതിന്റെ അടുത്ത ഘട്ടമാണ് റിയോയിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP