Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് താരമായി നിഖിൽ കാമത്ത്'; അനലറ്റിക്‌സ് പരിശോധനയിൽ 'കൃത്രിമം' കണ്ടെത്തിയതോടെ 'യുവ ടെക് കോടീശ്വരന്റെ' അക്കൗണ്ട് പൂട്ടിച്ച് ചെസ്.കോം; തെറ്റ് ഏറ്റുപറഞ്ഞ് നിഖിലിന്റെ ട്വീറ്റും വിവാദത്തിൽ; മത്സരത്തിന്റെ ധാർമികത തിരിച്ചു പ്രതീക്ഷിക്കുന്നുവെന്ന് ആനന്ദ്

'വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് താരമായി നിഖിൽ കാമത്ത്'; അനലറ്റിക്‌സ് പരിശോധനയിൽ 'കൃത്രിമം' കണ്ടെത്തിയതോടെ 'യുവ ടെക് കോടീശ്വരന്റെ' അക്കൗണ്ട് പൂട്ടിച്ച് ചെസ്.കോം; തെറ്റ് ഏറ്റുപറഞ്ഞ് നിഖിലിന്റെ ട്വീറ്റും വിവാദത്തിൽ; മത്സരത്തിന്റെ ധാർമികത തിരിച്ചു പ്രതീക്ഷിക്കുന്നുവെന്ന് ആനന്ദ്

സ്പോർട്സ് ഡെസ്ക്

ബംഗലൂരു: കോവിഡ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ചെസ്.കോം സംഘടിപ്പിച്ച 'ചെക്മെയ്റ്റ് കോവിഡ് സെലിബ്രിറ്റി എഡിഷൻ' പുതിയ വിവാദത്തിൽ. ലോക ചാമ്പ്യനായിരുന്നു വിശ്വനാഥൻ ആനന്ദുമായി കളിക്കാൻ ബോളിവുഡ് നടൻ ആമിർ ഖാൻ, പാട്ടുകാരായ അർജിത് സിങ്, അനന്യ ബിർള, ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ, സിനിമാ നിർമ്മാതാവ് സാജിദ് നാദിയദ്വാല, ടെക് സ്റ്റാർട്ടപ്പായ സെരോദ മേധാവി നിഖിൽ കമത്ത് എന്നിവരാണ് എത്തിയിരുന്നത്. ഇതിൽ നിഖിൽ കമത്ത് ആനന്ദിനെ തോൽപ്പിച്ചത് വലിയ വാർത്തയായിരുന്നു. അക്ഷയപാത്രം ഫൗണ്ടേഷന് വേണ്ടി 12 ലക്ഷം രൂപ സ്വരൂപിച്ച ഈ പരിപാടി വിവാദത്തിലേക്ക് തിരിഞ്ഞത് പെട്ടന്നാണ്.

മത്സരത്തിൽ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തിയ ചെസ്.കോം മണിക്കൂറുകൾക്കുള്ളിൽ ചെസ്.കോം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായ നിഖിൽ കമത്തിന്റെ അക്കൗണ്ട് പൂട്ടി. തങ്ങളുടെ അനലറ്റിക്‌സ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിഖിൽ കളിയിൽ വഞ്ചന കാണിച്ചുവെന്ന മനസിലായതെന്നും ഇതിനാലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നുമാണ് ചെസ്.കോം നൽകുന്ന വിശദീകരണം. അക്കൗണ്ട് ബ്ലോക്കിങ് ചെസ്.കോം ഏർപ്പെടുത്തുന്ന ഏറ്റവും കൂടിയ ശിക്ഷയാണ്. അതിനാൽ തന്നെ കൃത്രിമം ഗൗരവകരമാണെന്ന് ഉറപ്പ്.

അഞ്ചു തവണ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തിയത് കമ്പ്യൂട്ടറെ ആശ്രയിച്ചാണെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി നിഖിൽ പിന്നീട് രംഗത്തെത്തി.തെറ്റ് സമ്മതിച്ച് നിഖിൽ തന്നെ ട്വിറ്ററിലൂടെയാണ് മാപ്പ് ചോദിച്ചത്. ആനന്ദിനെതിരെ ഗ്രാൻഡ്മാസ്റ്ററെ പോലെ തനിക്കു കളിക്കാനായത് പുറമേ നിന്നുള്ള സഹായം കിട്ടിയതു കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചില ആളുകളിൽനിന്നും കമ്പ്യൂട്ടറിൽനിന്നും ആനന്ദിന്റെ ഗെയിം വിശകലനം ചെയ്യാൻ സഹായം തേടിയതായും ബാലിശമായ തന്റെ പെരുമാറ്റത്തിന് മാപ്പ് തരണമെന്നും നിഖിൽ പറയുന്നു.

'ബാല്യകാലത്ത് ചെസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചുവരുന്ന സമയത്ത് ആനന്ദുമായി സംവദിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. കഴിഞ്ഞ ദിവസം ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് നടന്നത്. ആ മത്സരത്തിൽ ഞാൻ ആനന്ദിനെ തോൽപ്പിച്ചെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനെ ഞാൻ തോൽപ്പിച്ചു എന്നു പറയുന്നതുപോലെ പരിഹാസ്യമാണ്.' നിഖിൽ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ നിഖിലിന് മറുപടിയുമായി ആനന്ദും രംഗത്തെത്തി. 'കഴിഞ്ഞ ദിവസം നടന്നത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം സ്വരൂപിക്കാനുള്ള ഒരു മത്സരമായിരുന്നു. മത്സരത്തിന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന രസകരമായ അനുഭവമായിരുന്നു അത്. ഞാൻ ബോർഡിലെ കരുനിലയ്ക്ക് അനുസരിച്ച് കളിക്കുന്ന വ്യക്തിയാണ്. എല്ലാവരിൽനിന്നും തിരിച്ചും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്.' ആനന്ദ് ട്വീറ്റിൽ പറയുന്നു.

വിവാദം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങി, ട്വീറ്റിലെ 'ആനന്ദ് സാറും പോലും തന്നെ സഹായിച്ചു' എന്ന ഭാഗത്തിനെതിരെ ആനന്ദിന്റെ മാനേജരും ഭാര്യയുമായ അരുണ രംഗത്ത് എത്തി. അരുണ പറയുന്നത് ഇങ്ങനെ, നിഖിൽ ട്വിറ്ററിൽ കുറിക്കാൻ പോകുന്ന കാര്യം അത് പോസ്റ്റു ചെയ്യുന്നതിനു മുൻപ് ആനന്ദുമായി പങ്കുവച്ചു. ആനന്ദ് പറഞ്ഞത് തന്റെ പേര് ഇതിൽ ഉൾപ്പെടുത്തരുത് എന്നായിരുന്നു. ചെസ്.കോമിലെ ഫെയർ പ്ലേ ടീമിന്റെ തീരുമാനത്തിന് അനുസരിച്ചു നീങ്ങാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. താങ്കൾക്ക് ഇഷ്ടമുള്ളതു പറഞ്ഞ് പ്രശ്നം പരിഹരിക്കാം. ഇതിനായി താങ്കൾ വ്യക്തിപരമായി നടത്തുന്ന ട്വീറ്റിലേക്ക് എന്റെ പേരു വലിച്ചിഴയ്ക്കേണ്ട എന്നായിരുന്നു ആനന്ദിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. ഇതോടെ ഈ ട്വീറ്റും വിവാദമായി. എന്തായാലും ആനന്ദിനെ ജയിക്കാൻ കുറുക്കുവഴി തെരഞ്ഞെടുത്ത ടെക് കോടീശ്വരൻ വെട്ടിലായി.

അതേസമയം, ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും നിഖിലിനെതിരേ രംഗത്തെത്തിയിരുന്നു. നിഖിലിന്റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫെഡറേഷൻ സെക്രട്ടറി ഭാരത് ചൗഹാൻ പ്രതികരിച്ചു. 'അതൊരു ചാരിറ്റി മത്സരമായിരുന്നു എന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്. ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളിൽ ഞങ്ങൾ ചില പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ട്. അതിനാൽ കമ്പ്യൂട്ടറിൽനിന്ന് സഹായം തേടാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. അത് തടയാനായി ഞങ്ങൾ ക്യാമറകൾ സ്ഥാപിക്കാറുണ്ട്. ഒപ്പം മൂന്നു ഗ്രാൻഡ് മാസ്റ്റർമാരും രണ്ട് കളിക്കാരും ഉൾപ്പെടുന്ന ഒരു ഫെയർപ്ലേ കമ്മിറ്റിയുമുണ്ടാകും.' ഭാരത് ചൗഹാൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP