Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202117Sunday

കർശന കോവിഡ് നിയന്ത്രണങ്ങളിൽ ഒളിംപിക് വില്ലേജ് താരങ്ങൾക്ക് തുറന്നുകൊടുത്തു; താരങ്ങളെ കാത്തിരിക്കുന്നത് അതിശയിപ്പിക്കുന്ന കാഴ്ചകൾ ; കായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി ഒൻപത് നാളുകൾ

കർശന കോവിഡ് നിയന്ത്രണങ്ങളിൽ ഒളിംപിക് വില്ലേജ് താരങ്ങൾക്ക് തുറന്നുകൊടുത്തു; താരങ്ങളെ കാത്തിരിക്കുന്നത്  അതിശയിപ്പിക്കുന്ന കാഴ്ചകൾ ; കായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി ഒൻപത് നാളുകൾ

സ്പോർട്സ് ഡെസ്ക്

ടോക്യോ: കായിക ലോകത്തെ വിസ്മയിപ്പിക്കാൻ ജപ്പാന്റെ വാതിലുകൾ തുറന്നു. ഇനിയുള്ള നാളുകൾ ഹറൂമി ജില്ലയിലെ ഒളിംപിക് ഗ്രാമം പതിനൊന്നായിരം കായികതാരങ്ങൾക്കും ഏഴായിരം ഒഫീഷ്യൽസിനും സ്വന്തം വീട്. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാക്ക് വ്യക്തമാക്കി.

ഒളിംപിക്സിന് തിരിതെളിയാൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കേ ഒളിംപിക് വില്ലേജ് കായികതാരങ്ങൾക്കായി തുറന്നുകൊടുത്തു. ദിവസേന കോവിഡ് പരിശോധന, കൂട്ടംകൂടി ഭക്ഷണം കഴിക്കാൻ പാടില്ല, എപ്പോഴും മാസ്‌ക് ധരിക്കണം എന്നിങ്ങനെ കർശന മാർഗനിർദേശങ്ങളാണ് താരങ്ങൾക്ക് മുന്നിലുള്ളത്. ഒളിംപിക് വില്ലേജിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് താരങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഒളിംപിക് വില്ലേജിൽ ജപ്പാൻ ഒരുക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജിന്റെ കാഴ്ചകൾ നേരത്തെ സംഘാടകർ പുറത്തുവിട്ടിരുന്നു. താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആർക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണപ്പുരയിൽ 700 വ്യത്യസ്ത വിഭവങ്ങൾ തയ്യാർ. ഒരേസമയം മൂവായിരം പേർക്കാണ് പ്രവേശനം.

 

ഒളിംപിക് ഗ്രാമത്തിൽ വിശാലമായ ഷോപ്പിങ് കോംപ്ലക്സും ജിമ്മുകളും പരിശീലന ഗ്രൗണ്ടുകളും വിനോദ കേന്ദ്രങ്ങളും എടിഎമ്മുകളും കഫേകളും സലൂണുകളുമെല്ലാമുണ്ട്. പത്തൊമ്പത് പേർക്ക് വീതം ഇരിക്കാവുന്ന 17 വാഹനങ്ങൾ 24 മണിക്കൂറും സർവീസ് നടത്തും. പുനരുപയോഗിക്കാവുന്ന വസ്തുക്കൾഉപയോഗിച്ചാണ് മിക്ക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജിൽ നിർമ്മിച്ചിരിക്കുന്ന അപാർട്ട്മെന്റുകൾ ഒളിംപിക്സിന് ശേഷം തദേശീയർക്കായി നൽകും.

കോവിഡ് ഡെൽറ്റാ വകഭേദം പടരുന്ന സാഹര്യത്തിൽ ടോക്യോ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒളിംപിക്സിൽ കാണികൾക്ക് പ്രവേശനമില്ല. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗെയിംസ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ജപ്പാനിൽ ശക്തമാണെങ്കിലും വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ ഒളിംപിക്സ് ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു സംഘാടകർ. ഒളിംപിക്സ് നടത്തുന്നതുകൊവിഡിന്റെ പുതിയ വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യൻ സംഘമാണ് യാത്രയാവുന്നത്. ഇവരിൽ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉൾപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒളിംപിക് യോഗ്യത നേടിയ താരങ്ങളുമായുള്ള സംവാദത്തിനിടെ ഐഒഎ അധ്യക്ഷൻ നരീന്ദർ ബത്ര ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുമെന്നും ബത്ര പറഞ്ഞു. ഈ മാസം 17ന് 90 പേർ അടങ്ങുന്ന ആദ്യ സംഘം ടോക്യോയിലേക്ക് തിരിക്കും.ജൂലൈ 23നാണ് ടോക്യോയിൽ ഒളിംപിക്സ് ആരംഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP