Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനായിരം മീറ്ററിലും ഒന്നാമതെത്തിയതോടെ ഒ പി ജെയ്ഷയ്ക്ക് ഇരട്ട സ്വർണം; വെള്ളിമെഡൽ നേടിയ പ്രീജ ശ്രീധരനു കായിക കേരളം വികാരനിർഭരമായി വിടയേകി; പുരുഷ-വനിതാ 4-100 മീറ്റർ റിലേയിലും സ്വർണം; 37 സ്വർണവുമായി കേരളം രണ്ടാമത്

പതിനായിരം മീറ്ററിലും ഒന്നാമതെത്തിയതോടെ ഒ പി ജെയ്ഷയ്ക്ക് ഇരട്ട സ്വർണം; വെള്ളിമെഡൽ നേടിയ പ്രീജ ശ്രീധരനു കായിക കേരളം വികാരനിർഭരമായി വിടയേകി; പുരുഷ-വനിതാ 4-100 മീറ്റർ റിലേയിലും സ്വർണം; 37 സ്വർണവുമായി  കേരളം രണ്ടാമത്

തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിൽ മലയാളി താരം ഒ പി ജെയ്ഷയ്ക്ക് ഇരട്ട സ്വർണം. പതിനായിരം മീറ്ററിൽ ഒന്നാമതെത്തിയതോടെയാണ് ജെയ്ഷ ഗെയിംസിൽ രണ്ടാം സ്വർണ നേട്ടത്തിൽ എത്തിയത്. നേരത്തെ 5000 മീറ്ററിലും ജെയ്ഷ ഒന്നാമതെത്തിയിരുന്നു.

35-ാം ദേശീയ ഗെയിംസിൽ കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായ പ്രീജ ശ്രീധരനാണ് ഈയിനത്തിൽ വെള്ളി മെഡൽ നേടിയത്. പ്രീജയുടെ കായിക ജീവിതത്തിലെ അവസാന മത്സരമായിരുന്നു ഇന്നു നടന്ന 10,000 മീറ്റർ ഫൈനൽ. കാണികൾ വികാരനിർഭരമായ വിടവാങ്ങലാണ് പ്രീജയ്ക്കു നൽകിയത്.

മത്സരശേഷം ഒരു ലാപ്പുകൂടി ഓടി തിങ്ങി നിറഞ്ഞ കാണികളെ പ്രീജ ശ്രീധരൻ അഭിവാദ്യം ചെയ്തു. നിലയ്ക്കാത്ത കരഘോഷത്തോടെയാണ് അവസാന മത്സരം പൂർത്തിയാക്കിയ പ്രീജയ്ക്കു കായികപ്രേമികൾ വിടയേകിയത്.

പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിലും കേരളം സ്വർണം നേടി. 40.77 സെക്കൻഡിലാണ് കേരളത്തിന്റെ സ്വർണ നേട്ടം. രാഹുൽ, അനുരൂപ്, അരുൺ ജിത്ത്, ജിജിൻ വിജയൻ എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഇതേയിനത്തിൽ വനിതകളിലും സ്വർണം നേടിയതോടെ കേരളത്തിന്റെ ആകെ സ്വർണനേട്ടം 37 ആയി. മീറ്റ് റെക്കോർഡോടെയാണ് കേരളം സ്വർണം നേടിയത്. അഞ്ജു, സിനി, ശാന്തിനി, മെർലിൻ എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. 45.26 സെക്കൻഡിലാണ് കേരളം സ്വർണ നേട്ടത്തിലെത്തിയത്.

പതിനായിരം മീറ്ററിൽ ഗെയിംസ് റെക്കോർഡോടെയാണ് ഒ പി ജെയ്ഷ സ്വർണ നേട്ടത്തിൽ എത്തിയത്. എതിരാളികളെ ദീർഘദൂരം പിന്നിലാക്കിയായിരുന്നു ജെയ്ഷയുടെ നേട്ടം. നേരത്തെ 5000 മീറ്ററിലും ആധികാരികതയോടെയായിരുന്നു ഈ കേരള താരത്തിന്റെ സ്വർണക്കൊയ്ത്ത്. 33 മിനിറ്റ് 08.55 സെക്കൻഡിലാണ് ജെയ്ഷ ഒന്നാമതെത്തിയത്. 34 മിനുറ്റ് 58.85 സെക്കൻഡിലാണ് പ്രീജ വെള്ളി സ്വന്തമാക്കിയത്.

വ്യക്തമായ ലീഡോടെ മത്സരത്തിൽ ആധിപത്യമുറപ്പിച്ച ജെയ്ഷ ഗെയിംസ് റെക്കോഡോടെയാണ് 5000 മീറ്ററിലും ഫിനിഷ് ചെയ്തത്. പ്രീജ ശ്രീധരനും 5000 മീറ്ററിൽ മത്സരിച്ചിരുന്നെങ്കിലും നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

കേരളം പ്രതീക്ഷിച്ചിരുന്നതു തന്നെയാണ് ജെയ്ഷയുടെ സ്വർണ നേട്ടം. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്നു ജെയ്ഷ. അയ്യായിരം മീറ്ററിലെ വിജയം പതിനായിരം മീറ്ററിലും ആവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നതാണെന്നു ജെയ്ഷ പ്രതികരിച്ചു.

രണ്ടാം സ്ഥാനം നിലനിർത്താൻ കേരളം വാശിയേറിയ പോരാട്ടം നടത്തുമ്പോൾ ഹരിയാനയും മഹാരാഷ്ട്രയും കനത്ത വെല്ലുവിളി ഉയർത്തി തൊട്ടുപിന്നിലുണ്ട്. 33 സ്വർണവുമായി ഹരിയാനയാണ് ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര 28 സ്വർണവുമായി നാലാമതുണ്ട്. 81 സ്വർണം നേടിയ സർവീസസാണ് വെല്ലുവിളികളേതുമില്ലാതെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി മുന്നേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP