Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി മീറ്റ് നടത്താനാവില്ലെന്ന് കായികമന്ത്രാലയം നിലപാട് എടുത്തതോടെ മഹാരാഷ്ട്ര പിന്മാറി; ദേശീയ സ്‌കൂൾ കായികമേള കേരളത്തിൽ നടക്കും

തിരുവനന്തപുരം: ദേശീയ സ്‌കൂൾ കായികമേള കേരളത്തിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി മീറ്റ് നടത്താനാവില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം നിലപാട് എടുത്തതോടെ മഹാരാഷ്ട്ര പിന്മാറി. ഇതോടെയാണ് കേരളത്തിന് വേദി അനുവദിച്ചത്. ഇതോടെ കായികമേള കേരളത്തിന് അനുവദിക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ദേശീയ സ്‌കൂൾ ഗെയിസ് ഫെഡറേഷൻ അധ്യക്ഷൻ സത്പാൽ സിങ് സംസ്ഥാനത്തിന് കത്തയയ്ച്ചു. ഇക്കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മീറ്റ് നടത്താനുള്ള മഹാരാഷ്ട്രയുടെ തീരുമാനം വിവാദമായിരുന്നു. പി.ടി. ഉഷയും അഞ്ജു ബോബി ജോർജുമുൾപ്പെടെയുള്ള പ്രമുഖ മുൻകാല കായികതാരങ്ങൾ മീറ്റ് വിഭജിക്കുന്നത് ലിംഗവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മീറ്റ് വിഭജിക്കുന്നതിലെ എതിർപ്പ് കേന്ദ്ര കായികമന്ത്രാലയം മഹാരാഷ്ട്ര സർക്കാറിനെ അറിയിച്ചത്. ദേശീയ സ്‌കൂൾ കായികമേള പഴയപടിയിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒന്നിച്ചുതന്നെ നടത്തണമെന്ന് കേന്ദ്ര കായികസെക്രട്ടറി രാജീവ് യാദവ് മഹാരാഷ്ട്രയെ അറിയിച്ചു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി മീറ്റ് നടത്താനാണ് മഹാരാഷ്ട്ര പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നത്. മതിയായ താമസസൗകര്യം ഏർപ്പെടുത്താനാവുന്നില്ല എന്ന ന്യായമാണ് ഇതിന് കാരണമായി അവർ മുന്നോട്ടുവച്ചത്. എന്നാൽ, സമീപകാലത്തുതന്നെ രണ്ടുവട്ടം പുണെ, ദേശീയ സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയരായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അത്‌ലറ്റിക് മീറ്റ് ഒന്നിച്ച് നടത്താൻ മഹാരാഷ്ട്രയ്ക്ക് കഴിയില്ലെങ്കിൽ കേരളം അതിന് സജ്ജമാണെന്ന് അഞ്ജു ബോബി ജോർജ് കായികമന്ത്രാലയത്തെ അറിയിച്ചിരുന്നു.

ദേശീയ സ്‌കൂൾ കായികമേള ആൺകുട്ടികൾക്ക് പുണെയിലും പെൺകുട്ടികൾക്ക് നാസിക്കിലുമായി നടത്താനാണ് മഹാരാഷ്ട്ര തീരുമാനിച്ചത്. ദേശീയ സ്‌കൂൾ ഗെയിംസ് ഫെഡറേഷന്റെ യോഗത്തിൽത്തന്നെ ഇക്കാര്യത്തിൽ കേരളം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗെയിംസ് ഭിന്നിക്കുന്ന തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും ഒളിമ്പ്യൻ പി.ടി. ഉഷ കത്തയച്ചിരുന്നു. ഇതിനു പിന്നാലെ അഞ്ജു ബോബി ജോർജ് ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയതോടെ കേന്ദ്രം ഇടപെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP