Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോമൺവെൽത്ത് ഗെയിംസ്: ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്ക്കും നവീനും വിനേഷ് ഫോഗട്ടിനും സ്വർണം; പൂജയ്ക്ക് വെങ്കലം; ഗുസ്തിയിൽ ശനിയാഴ്ച ഇന്ത്യ നേടിയത് മൂന്ന് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ; മെഡൽപട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

കോമൺവെൽത്ത് ഗെയിംസ്: ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്ക്കും നവീനും വിനേഷ് ഫോഗട്ടിനും സ്വർണം; പൂജയ്ക്ക് വെങ്കലം; ഗുസ്തിയിൽ ശനിയാഴ്ച ഇന്ത്യ നേടിയത് മൂന്ന് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ; മെഡൽപട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

സ്പോർട്സ് ഡെസ്ക്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ശനിയാഴ്ചയും ഇന്ത്യയ്ക്ക് വേണ്ടി അഭിമാന നേട്ടം കൊയ്ത് ഗുസ്തി താരങ്ങൾ. മൂന്ന് സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണ് ഗുസ്തി താരങ്ങൾ രാജ്യത്തിനായി നേടിയത്.

പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവി ദഹിയയും 74 കിലോഗ്രാം വിഭാഗത്തിൽ നവീനും വനിതകളുടെ 63 കിലോഗ്രാമിൽ വിനേഷ് ഫോർഗാട്ടും സ്വർണം നേടി. വനിതകളുടെ 50 കിലോ വിഭാഗത്തിൽ പൂജ ഗെഹ് ലോട്ട് വെങ്കലം നേടി.

രവികുമാറിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മത്സരമായിരുന്നു ഇത്. നൈജീരിയൻ താരം എബിക്കെവെനിമോ വെൽസണെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. ഹരിയാന സ്വദേശിയായ ദഹിയ 24-കാരനാണ്. ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ ഇദ്ദേഹം ബർമിങ്ഹാമിൽ പത്ത് പോയിന്റുകൾ നേടിയാണ് നൈജീരിയൻ താരത്തെ തോൽപ്പിച്ചത്.

ഫൈനലിൽ പാക്കിസ്ഥാന്റെ മുഹമ്മദ് താഹിറിനെ പരാജയപ്പെടുത്തി. താഹിറിനെ അനങ്ങാൻവിടാതെയായിരുന്നു നവീൻ (90) സ്വർണം മലർത്തിയടിച്ചത്. ഇതോടെ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. ഇന്ത്യയുടെ ആകെ സ്വർണനേട്ടം 12 ആയി ഉയർന്നു.

 ഗുസ്തിയിൽ സ്വർണം നേടിയ വിനേഷ് ഫോഗട്ട് റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഏഷ്യൻഗെയിംസിലും കോമൺവെൽത്തിലും സ്വർണം നേടുന്ന ആദ്യ വനിതയായി വിനേഷ് മാറി. കൂടാതെ കഴിഞ്ഞ രണ്ട് കോമൺവെൽത്ത് ഗെയിംസിലും ഇവർ സ്വർണം നേടിയിരുന്നു. ശ്രീലങ്കയുടെ ചാമോദയ കേഷാനിയെ തോൽപ്പിച്ചാണ് മൂന്നാമത്തെ തവണ സ്വർണം നേടിയത്.

ടോക്കിയോ ഒളിംപിക്‌സിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഗുസ്തി മതിയാക്കാനൊരുങ്ങിയ വിനേഷിന്റെ ശക്തമായ തിരിച്ചുവരവാണ് ബർമിങ്ഹാമിൽ കണ്ടത്. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ മൂന്ന് എതിരാളികൾക്കെതിരെയും ആധികാരിക ജയവുമായാണ് വിനേഷ് സ്വർണം സ്വന്തമാക്കിയത്. നിർണായക അവസാന മത്സരത്തിൽ ശ്രീലങ്കയുടെ ചംബോഡ്യ കേശാനിയെ തോൽപ്പിച്ചാണ് വിനേശ് ബർമിങ്ഹാമിലും ഗോദയിൽ ജയിച്ചു കയറിയത്.

അതിന് മുമ്പ് കനേഡിയൻ താരവും ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുമായ സാമന്ത ലെഗ് സ്റ്റുവർട്ടിനെയും നൈജീരിയയുടെ ബൊലാഫുനോലുവ അഡേക്യുറോയെയും വിനേഷ് മലർത്തിയടിച്ചിരുന്നു.തൂടർച്ചയായ മൂന്നാം സ്വർണനേട്ടത്തോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിനേഷ്. രണ്ട് സ്വർണം നേടിയിട്ടുള്ള ഗുസ്തി താരം സുശീൽ കുമാറിനെയാണ് വിനേഷ് മറികടന്നത്.

പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിലെ ഏകപക്ഷീയമായ ഫൈനലിൽ നൈജീരിയയുടെ എബിക്കെവെനിമോ വെൽസണെ മലർത്തി അടിച്ചാണ്(100) രവി കുമാർ സ്വർണം കഴുത്തലണിഞ്ഞത്. ടോക്കിയോ ഒളിംപിക്‌സിൽ 57 കിലോ ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ രവി കുമാർ വെള്ളി നേടിയിരുന്നു. മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടുള്ള വെൽസൺ തുടക്കം മുതൽ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രവി കുമാർ പ്രതിരോധിച്ചു.

മത്സരം തുടങ്ങി ഒരു മിനിറ്റിനകം നൈജീരിയൻ താരത്തെ കാലിൽ പിടിച്ച് മലർത്തയടിച്ച രവികുമാർ 8 പോയന്റ് സ്വന്തമാക്കി. പെട്ടെന്നുള്ള തോൽവി ഒഴിവാക്കാൻ നൈജീരിയൻ താരം റിംഗിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കാൽക്കുഴയിൽ പിടുത്തമിട്ട രവി കുമാർ അനായാസം പോയന്റുകൾ നേടി വിജയം ഉറപ്പിച്ചു.

നേരത്തെ വനിതകളുടെ 50 കിലോ ഫ്രീ സ്‌റ്റൈൽ ഗുസ്തിയിൽ പൂജ ഗെഹ്ലോട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വെങ്കല മെഡൽ പോരാട്ടത്തിൽ സ്‌കോട്ടിഷ് താരത്തിനെതിരെ തുടക്കത്തിൽ പിന്നിലായെങ്കിലും പിന്നീട് തിരിച്ചടിച്ച പൂജ മെഡൽ ഉറപ്പാക്കി.

ഇതോടെ ഗുസ്തിയിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം ആറായി. നേരത്തെ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, ദീപക് പൂനിയ എന്നിവരായിരുന്നു സ്വർണം നേടിയത്.

10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും വെള്ളി മെഡൽ സ്വന്തമാക്കി. ദേശീയ റെക്കോർഡോഡെയാണ് അവിനാഷിന്റെ നേട്ടം. ബോക്‌സിങ്ങിൽ അമിത് പംഗൽ (പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ്), നിതു ഗംഗസ് (വനിതാ വിഭാഗം) എന്നിവർ ഫൈനലിൽ പ്രവേശിച്ചു. നിഖാത് സരീൻ ഉൾപ്പെടെ മറ്റു നാല് ഇന്ത്യൻ താരങ്ങൾ സെമിയിൽ പ്രവേശിച്ചു.

ബാഡ്മിന്റൻ സിംഗിൾസിൽ പി.വി സിന്ധു സെമി ഫൈനലിൽ കടന്നു. ഞായറാഴ്ചയാണ് സെമി ഫൈനൽ മത്സരം. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവരും സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ കളത്തിലിറങ്ങുന്നുണ്ട്. ടേബിൾ ടെന്നിസിൽ അചന്ത ശരത് കമൽ, മണിക ബത്ര എന്നിവരും കളത്തിലിറങ്ങും.

ഗുസ്തി പിടിച്ച് നേടിയ സ്വർണങ്ങളിലൂടെ കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ 12 സ്വർണവുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 12 സ്വർണവും 11 വെള്ളിയും 11 വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 57 സ്വർണവും 46 വെള്ളിയും 47 വെങ്കലവും അടക്കം 150 മെഡലുകളുമായി ഓസ്‌ട്രേലിയ ആണ് ഒന്നാമത്. 48 സ്വർണം അടക്കം 137 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാമതും 20 സ്വർണം ഉൾപ്പെടെ 79 മെഡലുകളുള്ള കാനഡ മൂന്നാമതും 17 സ്വർണം ഉൾപ്പെടെ 42 മെഡലുകളുള്ള ന്യൂസിലൻഡ് നാലാമതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP