Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ട ഗോളുകളുമായി ഹർമപ്പ്രീത് സിങ്; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമി ഉറപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഇരട്ട ഗോളുകളുമായി ഹർമപ്പ്രീത് സിങ്; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമി ഉറപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

സ്പോർട്സ് ഡെസ്ക്

ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലെ നിർണായക പോരാട്ടത്തിൽ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഉറപ്പിച്ചു. രണ്ട് ഗോൾ നേടിയ ഹർമപ്പ്രീത് സിംഗിന്റെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ആകാശ് ദീപ് സിംഗാണ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്. ജുനൈദ് മൻസൂർ പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനോട് തോറ്റാലും ഇന്ത്യക്ക് സെമി കളിക്കാനാവും.

ആദ്യ ക്വാർട്ടറിന്റെ എട്ടാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ പിറന്നത്. തുടർന്ന് ആദ്യ ക്വാർട്ടറിൽ ഏത് നിമിഷവും ഇന്ത്യ ഗോൾ നേടുമെന്ന് തോന്നിച്ചു. പന്ത്രണ്ടാം മിനിറ്റിൽ ഇന്ത്യ രണ്ടാം ഗോളിന് അടുത്തെത്തിയെങ്കിലും പാക് ഗോൾ കീപ്പർ രക്ഷകനായി.

രണ്ടാം ക്വാർട്ടറിൽ പാക്കിസ്ഥാൻ ചെറിയ ആക്രമണങ്ങളിലൂടെ ഇന്ത്യൻ പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയെങ്കിലും അതൊന്നും ഗോളായി മാറിയില്ല. 23-ാം മിനിറ്റിൽ ഇന്ത്യയുടെ നീലമിനും സഞ്ജീവിനും രണ്ട് മിനിറ്റ് സസ്‌പെൻഷൻ കിട്ടിയതും പാക്കിസ്ഥാന് മുതലെടുക്കാനായില്ല. രണ്ടാം ക്വാർട്ടറിൽ ഇരു ടീമുകളും ഗോളടിക്കാതിരുന്നതോടെ സ്‌കോർ നില 1-0ൽ തുടർന്നു.

മൂന്നാം ക്വാർട്ടറിലും കൂടുതൽ ആക്രമണങ്ങൾ നടത്തിയത് ഇന്ത്യയായിരുന്നു. 41-ാം മിനിറ്റിൽ ഹമാദ്ദുദ്ദീന് ഗ്രീൻ കാർഡ് കിട്ടിയതോടെ പാക്കിസ്ഥാൻ 10 പേരായി ചുരുങ്ങി. അവസരം മുതലെടുത്ത ഇന്ത്യ ലക്രയുടെ മികച്ച പാസിൽ നിന്ന് ആകാശ് ദീപ് സിംഗിലൂടെ ഗോൾ നേടി 2-0ന്റെ ലീഡെടുത്തു. എന്നാൽ മൂന്നാം ക്വാർട്ടറിന്റെ അവസാന നിമിഷം പാക്കിസ്ഥാൻ ഒരു ഗോൾ തിരിച്ചടിടച്ചതോടെ മത്സരം ആവേശകരമായി. 45-ാം മിനിറ്റിൽ ജുനൈദ് മൻസൂറായിരുന്നു പാക്കിസ്ഥാന് പ്രതീക്ഷ നൽകി ഒരു ഗോൾ മടക്കിത്.

അവസാന ക്വാർട്ടറിൽ സമനില ഗോളിനായി പാക്കിസ്ഥാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. 47-ാം മിനിറ്റൽ പാക്കിസ്ഥാന് അനുകൂലമായി ലഭിച്ച പെനൽറ്റി കോർണർ റഫറലിലൂടെ ഇന്ത്യ ഒഴിവാക്കി. രണ്ട് മിനിറ്റിനകം ആകാശ്ദീപ് സിംഗിന് സുവർണാസരം ലഭിച്ചെങ്കിലും നഷ്ടമായി. 52-ാം മിനിറ്റിൽ ഇന്ത്യ പെനൽറ്റി കോർണർ വഴങ്ങിയെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു.

സമനില ഗോളിനായി പാക്കിസ്ഥാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 53-ാം മിനിറ്റിൽ പെനൽറ്റി കോർണറിൽ നിന്ന് ഹർമൻപ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി മൂന്നാം ഗോൾ നേടിയതോടെ വിജയവും ഇന്ത്യക്കൊപ്പം പോന്നു.

ജയത്തോടെ മൂന്ന് കളികളിൽ ഏഴ് പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഛഥാനത്താണ്. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 9-0ന് തകർത്തിരുന്നു. റൗണ്ട് റോബിൻ ലീഗിൽ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. തോൽവിയോടെ പാക്കിസ്ഥാൻ ഗ്രൂപ്പിൽ നാലാം സ്ഥാനത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP