Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളം കുതിച്ചെത്തുന്നത് തമിഴ്‌നാടിനെതിരെ നേടിയ ആധികാരിക വിജയത്തോടെ; ആദ്യ മത്സരത്തിൽ ആന്ധ്രയെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത് തമിഴ്‌നാടിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളം കുതിച്ചെത്തുന്നത് തമിഴ്‌നാടിനെതിരെ നേടിയ ആധികാരിക വിജയത്തോടെ; ആദ്യ മത്സരത്തിൽ ആന്ധ്രയെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത് തമിഴ്‌നാടിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളത്തിന്റെ ചുണക്കുട്ടികൾ ചുവടുവെക്കുന്നത് തമിഴ്‌നാടിനെതിരെ നേടിയ ആധികാരിക വിജയത്തോടെ. ആറു തവണ തമിഴ്‌നാടിന്റെ ഗോൾവല വിറപ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ ആദ്യ റൗണ്ടിൽ പുറത്തായ കേരളത്തിന്റെ തകർപ്പൻ തിരിച്ചു വരവാണ് ഈ വർഷം കാണാൻ സാധിക്കുന്നത്. ആദ്യ മത്സരത്തിൽ ആന്ധ്രയെ അഞ്ചു ഗോളിനു പരാജയപ്പെടുത്തിയാണ് കേരളം വരവറിയിച്ചത്.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തമിഴ്‌നാടിനെ അക്ഷരാർത്ഥത്തിൽ തകർത്തു വിടുകയായിരുന്നു കേരളം. വെറുമൊരു സമനില മതിയായിരുന്നു. പക്ഷേ, കേരളത്തിന്റെ ചുണക്കുട്ടികൾ അത് കാര്യമാക്കിയില്ല. അവർ തമിഴ്‌നാടിന്റെ വല ഗോളുകൊണ്ട് നിറച്ചു. കഴിഞ്ഞ മത്സരത്തിൽ ആന്ധ്രാ പ്രദേശിനെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്തെത്തിയ തമിഴ്‌നാടിന്റെ വലയിൽ ആറു ഗോളുകൾ അടിച്ചുകയറ്റിയ കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ യോഗ്യത നേടി.

തീർത്തും ഏകപക്ഷീയമായ മത്സരത്തിന്റെ ഒന്നാം പകുതിയിൽ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു കേരളം. ഒന്നാം മിനിറ്റ് മുതൽ തന്നെ മേധാവിത്വം പുർത്തിത്തുടങ്ങിയ കേരളം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ പോലും വല കുലുക്കിയാണ് തികച്ചും ആധികാരികമായ ജയം സ്വന്തമാക്കിയത്. ആക്രമണ ഫുട്ബോളിന്റെ കെട്ടഴിച്ച കേരളം, തമിഴ്‌നാടിന്റെ ഗോൾമുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു. 16-ാം മിനിറ്റിൽ ശക്തിവേലിന്റെ ഒരു ഗോൾലൈൻ സേവ് കേരളത്തിന്റെ ഉറച്ച ഗോൾ നഷ്ടമാക്കി. എന്നാൽ ഇരുപത്തിനാലാം മിനിറ്റിൽ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ ജിജോ കേരളത്തിന്റെ ആദ്യ ഗോളിന് അവസരമൊരുക്കി. മൂന്ന് ഡിഫൻഡർമാരെ മറികടന്ന് ജിജോ നൽകിയ പാസ് വിഷ്ണു വലയിലെത്തിച്ചു.

മുപ്പത്തിമൂന്നാം മിനിറ്റിൽ ജിതിൻ കേരളത്തിന്റെ ലീഡുയർത്തി. ഒറ്റയാൾ മുന്നേറ്റത്തിലൂടെയായിരുന്നു ഗോൾ. 45-ാം മിനിറ്റിൽ ജിതിൻ തന്നെ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. 42-ാം മിനിറ്റിൽ ലിയോൺ ഒരു അവസരം പാഴാക്കിയതിനു പിന്നാലെയായിരുന്നു ജിതിന്റെ സ്‌കോറിങ്. മനോഹരമായ ഡ്രിബിളിങ്ങിലൂടെയായിരുന്നു ഗോൾ. 73-ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനു പകരം കളത്തിലിറങ്ങിയ മൗസൂഫ് നൈസാൻ 83-ാം മിനിറ്റിൽ ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ കേരളത്തിന്റെ ലീഡ് നാലാക്കി ഉയർത്തി.

ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മികച്ച ഡ്രിബിളിങ് കാഴ്ചവെച്ച ജിജോ ഒരു ബാക്ക്ഹീൽ ഷോട്ടിലൂടെ കേരളത്തിന്റെ അഞ്ചാം ഗോളും നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ എമിൽ കേരളത്തിന്റെ ഗോൾപട്ടിക തികച്ചു. ഒന്നാന്തരമൊരു ഡ്രിബിളിലൂടെയാണ് എമിൽ വല ചലിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP