Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസ്സി- റൊണാൾഡോ പോരാട്ടം വ്യാഴാഴ്ച; പി എസ് ജിക്കെതിരെ സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവന്റെ നായകനായി സി ആർ 7 'അരങ്ങേറും'; വിഐപി ടിക്കറ്റിന് പൊന്നുംവില; ലേലത്തിൽ വിറ്റത് 22 കോടിക്ക്

ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസ്സി- റൊണാൾഡോ പോരാട്ടം വ്യാഴാഴ്ച; പി എസ് ജിക്കെതിരെ സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവന്റെ നായകനായി സി ആർ 7 'അരങ്ങേറും'; വിഐപി ടിക്കറ്റിന് പൊന്നുംവില; ലേലത്തിൽ വിറ്റത് 22 കോടിക്ക്

സ്പോർട്സ് ഡെസ്ക്


റിയാദ്: ലോകകപ്പിന് പിന്നാലെ ഫുട്‌ബോൾ ലോകം കാത്തിരുന്ന ഇതിഹാസ താരങ്ങളുടെ പോരാട്ടം വ്യാഴാഴ്ച റിയാദിൽ അരങ്ങേറും. അർജന്റീന താരം ലയണൽ മെസ്സിയും പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയും നേർക്കുനേർ വരുന്ന പോരാട്ടമാണ് നാളെ നടക്കുന്നത്. സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള പോരാട്ടത്തെ ആവേശത്തോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഫുട്‌ബോൾ ആരാധകർയ

അൽ-നസ്ര്, അൽ ഹിലാൽ ക്ലബ്ബുകളുടെ സംയുക്ത ഇലവനായ റിയാദ് എസ് ടി ഇലവന്റെ നായകനായാണ് റൊണാൾഡോ മെസിയും നെയ്മറും എബാപ്പെയും ഉൾപ്പെടുന്ന പി എസ് ജിക്കെതിരെ കളിക്കാനിറങ്ങുക.

അൽ നസ്‌റിൽ ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും റൊണാൾഡോ ഇതുവരെ ക്ലബ്ബിനായി കളിക്കാനിറങ്ങിയിട്ടില്ല. ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ(എഫ് എ) ഏർപ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ ലോകകപ്പിന് തൊട്ടു മുമ്പാണ് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് കരാർ റദ്ദാക്കിയത്. പിന്നീടാണ് അൽ നസ്റുമായി 200 മില്യൺ യൂറോക്ക് രണ്ടര വർഷ കരാറിൽ റൊണാൾഡോ ഒപ്പിട്ടത്.

റിയാദ് എസ് ടി ഇലവനിൽ ലോകകപ്പിൽ അർജന്റീനയക്കെതിരെ ഗോളടിച്ച സൗദി താരം സലേം അൽ ദസൗരിയും സൗദ് അബ്ദുൾഹമീദും ഉണ്ട്. വ്യാഴാഴ്ച റിയാദിലാണ് മത്സരം നടക്കുക. മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനായി ഇരുപത് ലക്ഷത്തോളം അപേക്ഷകളാണ് സംഘാടകർക്ക് ലഭിച്ചത്. ഒരു കോടി സൗദി റിയാലാണ് മത്സരം കാണാനുള്ള അവസാന ടിക്കറ്റ് ലേലത്തിന് വെച്ചപ്പോൾ ലഭിച്ചത്. 10 ലക്ഷം സൗദി റിയാൽ അടിസ്ഥാന തുകയിലാണ് ലേലം വിളി തുടങ്ങിയത്.

പോരാട്ടം കാണാനുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റുപോയത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടിയോളം ഇന്ത്യൻ രൂപ). ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കു നേർ വരുന്നുവെന്നതാണു പോരാട്ടത്തിന്റെ ഹൈലൈറ്റ്. ഒരു ഫുട്‌ബോൾ മത്സരത്തിന്റെ ടിക്കറ്റിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സൗദി അറേബ്യയിലെ വ്യവസായിയായ മുഷറഫ് ബിൻ അഹമ്മദ് അൽ ഗാംദിയാണ് കോടികളെറിഞ്ഞ് ടിക്കറ്റ് സ്വന്തമാക്കിയത്.

ജേതാക്കളെ കിരീടമണിയിക്കാനും കളിക്കാരോടൊപ്പം ഫോട്ടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാനും ടീമുകൾക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള അവസരമാണ് അവസാന ടിക്കറ്റ് നേടുന്നയാൾക്ക് ലഭിക്കുക.അൽ നസ്‌റിനൊപ്പം അൽ ഹിലാൽ ക്ലബ്ബിലെ അംഗങ്ങൽ കൂടി ചേരുന്ന സംയുക്ത ടീമാണ് റിയാദ് സീസൺ കപ്പിൽ 19ന് പി എസ് ജിയെ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റ് താരമായിരുന്ന റൊണാൾഡോ റെക്കോർഡ് തുകക്കാണ് സൗദി ക്ലബ്ബ് അൽ നസ്‌റുമായി രണ്ടര വർഷത്തെ കരാറിലൊപ്പിട്ടത്.

മത്സരത്തിലെ ക്യാപ്റ്റനുള്ള ആം ബാൻഡ് താരത്തെ ധരിപ്പിക്കുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനമായി കണ്ടുമുട്ടിയത്. ബാർസിലോനയും യുവെന്റസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം യുവെന്റസിനായിരുന്നു. ഏറെ നാളുകൾക്കു ശേഷം ഇരു താരങ്ങളും നേർക്കുനേർ കാണുന്ന മത്സരം നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP