Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

സിദാന് പിന്നാലെ റാമോസും പടിയിറങ്ങുന്നു; റയൽ മാഡ്രിഡിൽ വിരാമമാകുന്നത് പുൽമൈതാനങ്ങളെ തീപിടിപ്പിച്ച യുഗത്തിന്; റാമോസിന്റെ മടക്കം പതിനാറ് കൊല്ലത്തിനുശേഷം

സിദാന് പിന്നാലെ റാമോസും പടിയിറങ്ങുന്നു; റയൽ മാഡ്രിഡിൽ വിരാമമാകുന്നത് പുൽമൈതാനങ്ങളെ തീപിടിപ്പിച്ച യുഗത്തിന്;  റാമോസിന്റെ മടക്കം പതിനാറ് കൊല്ലത്തിനുശേഷം

സ്പോർട്സ് ഡെസ്ക്

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ സെർജിയോ റാമോസ് ക്ലബ് വിട്ടു. ടീം ക്യാപ്റ്റൻ കൂടിയായ 35-കാരൻ കരാർ അവസാനിപ്പിക്കുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. നീണ്ട 16 വർഷത്തെ റയലുമായുള്ള ബന്ധത്തിനാണ് റാമോസ് വിരാമമിടുന്നത്. 2005ലാണ് സെവിയ്യയിൽ നിന്നെത്തിയ റാമോസ് റയലുമായി കരാർ ഒപ്പുവെക്കുന്നത്.

റയലിനുവേണ്ടി 671 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടിയിട്ടുണ്ട് സ്പാനിഷ് ദേശീയ ടീം നായകൻകൂടിയായ റാമോസ്. സെവിയ്യയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ റാമോസ് 2005ലാണ് അന്നത്തെ റെക്കോഡ് തുകയായ 27 ദശലക്ഷം യൂറോയ്ക്ക് റയലിൽ ചേരുന്നത്. പിന്നീട് ടീമിന്റെ പ്രതിരോധനിരയുടെ നെടുന്തൂണാവുകയായിരുന്നു. ഫിയോറന്റീന പെരസ് പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം റയൽ സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് താരം കൂടിയാണ് റാമോസ്. ഗോൾകീപ്പർ ഇകർ കസീയർ പോർട്ടോയിലേയ്ക്ക് പോയപ്പോഴാണ് 2015ൽ റയലിന്റെ നായകനായത്.

40 അസിസ്റ്റുകളുള്ള താരം റയലിനൊപ്പം 22 ട്രോഫികൾ സ്വന്തമാക്കി. ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പ്രതിരോധ താരവും റാമോസാണ്.റയലിനൊപ്പം നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങളിൽ റാമോസ് പങ്കാളിയായി. അഞ്ച് തവണ ലാ ലിഗ കിരീടങ്ങൾക്കൊപ്പം രണ്ട് കോപ ഡെൽ റേയും നാല് സൂപ്പർ കോപ്പയും താരം റയലിനൊപ്പം അക്കൗണ്ടിൽ ചേർത്തു. മൂന്ന് സൂപ്പർ കപ്പും നാല് ക്ലബ് വേൾഡ് കപ്പും റാമോസ് റയലിനൊപ്പം നേടി.

റാമോസുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ബുധനാഴ്ചയാണ് റയൽ തീരുമാനമെടുത്തത്. ക്ലബുമായി രണ്ട് വർഷത്തെ കരാർ വേണമെന്നായിരുന്നു റാമോസിന്റെ ആഗ്രഹം. ഇതിനുവേണ്ടി വേതനവർധന പോലും വേണ്ടെന്നുവയ്ക്കാൻ റാമോസ് ഒരുക്കമായരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ക്ലബ് അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് മിക്ക മത്സരങ്ങളിലും താരത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ കോവിഡ് ബാധിക്കുകയും ചെയ്തു. യൂറോ കപ്പിനുള്ള സ്പെയ്ൻ ടീമിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല.

എന്നാൽ, മുപ്പത് വയസ് കഴിഞ്ഞ കളിക്കാർക്ക് ഒരു വർഷത്തിൽ കൂടുതൽ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന് റയൽ പ്രസിഡന്റ് ഫിയോറന്റീനൊ പെരസിന്റെ കടുത്ത നിലപാടാണ് റാമോസിന്റെ വഴിയടച്ചത്. ടീമിന്റെ ഔദ്യോഗിക നിലപാട് പുറത്തുവന്ന ഉടനെ റാമോസ് ക്ലബിനുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് തന്റെ ട്വിറ്റർ ഹെഡ്ഡർ മാറ്റി.

റയൽ വിട്ടാൽ ഭാവി പരിപാടികൾ എന്തായിരിക്കുമെന്ന് റാമോസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്പെയിനിന് ഒരു ലോകകപ്പും രണ്ട് യൂറോയും അടക്കം ഹാട്രിക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാമോസിൽ കണ്ണുവച്ച് മുൻനിരക്കാർ ഇംഗ്ലീഷ് പ്രീമിയർലീഗ് ടീം മാഞ്ചസ്റ്റർ സിറ്റിയാണ്. 2023ൽ അവസാനിക്കുന്ന രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഒരു കരാറാണ് സിറ്റി വച്ചുനീട്ടുന്നതെന്നും റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് സിറ്റി എഫ്.സി.യും റാമോസിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് അറിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP