Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടം; പാരീസിൽ മെസ്സിക്കൊപ്പം കളിക്കുന്നത് ഞാൻ ഒരുപാട് മിസ് ചെയ്യുന്നു'; തുറന്നുപറഞ്ഞ് എംബാപ്പെ; ട്രാൻസ്ഫറിനെ കുറിച്ച് മൗനം വെടിഞ്ഞ് സൂപ്പർ താരം

'മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടം; പാരീസിൽ മെസ്സിക്കൊപ്പം കളിക്കുന്നത് ഞാൻ ഒരുപാട് മിസ് ചെയ്യുന്നു'; തുറന്നുപറഞ്ഞ് എംബാപ്പെ; ട്രാൻസ്ഫറിനെ കുറിച്ച് മൗനം വെടിഞ്ഞ് സൂപ്പർ താരം

സ്പോർട്സ് ഡെസ്ക്

പാരീസ്: അർജന്റീന നായകൻ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടമാണെന്നും പി.എസ്.ജിയിൽ ഇരുവരും ഒരുമിച്ചു കളിച്ചിരുന്ന നിമിഷങ്ങൾ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്നും പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ. പി.എസ്.ജിക്ക് വേണ്ടി ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. മത്സരത്തിൽ ടൂളൂസിനെ ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടക്കിയാണ് പി.എസ്.ജി ചാമ്പ്യന്മാരായത്.

'പാരീസിൽ മെസ്സിക്കൊപ്പം കളിക്കുന്നത് ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ലിയോക്കൊപ്പം ഇനി കളിക്കാൻ സാധിക്കാത്തത് വലിയൊരു നഷ്ടമാണ്. എന്നെപ്പോലുള്ള ഒരു സ്ട്രൈക്കർക്ക് മുന്നേറ്റ നിരയിൽ കൃത്യമായി സ്പെയ്സുകൾ കണ്ടെത്തി പാസുകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. മെസ്സി കൃത്യമായി പന്തുകൾ എത്തിച്ചു തരും. അയാൾക്ക് മാത്രം തരാൻ സാധിക്കുന്ന ചില പ്രത്യേക നിമിഷങ്ങൾ കളിക്കളത്തിൽ ഉണ്ട്,'- എംബാപ്പെ പറഞ്ഞു.

മെസ്സിയും എംബാപ്പെയും പി.എസ്.ജിയിൽ 67 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. രണ്ടുപേരും ചേർന്ന് 34 ഗോളുകളും നേടി. 20 തവണ എംബാപ്പെക്ക് ഗോളടിക്കാൻ മെസ്സി അവസരം നൽകിയപ്പോൾ 14 തവണയാണ് എംബാപ്പെ മെസ്സിക്ക് ഗോളിന് വഴിയൊരുക്കിയത്. 2021ലാണ് രണ്ടുപതിറ്റാണ്ടോളംനീണ്ട ബാഴ്‌സലോണയിലെ കരിയർ അവസാനിപ്പിച്ചുകൊണ്ട് മെസ്സി പി.എസ്.ജിയിൽ ചേർന്നത്. 75 മത്സരങ്ങളിൽ നിന്നും 32 ഗോളുകൾ നേടിയ ഇതിഹാസതാരം 2023ലാണ് പി.എസ്.ജി വിട്ട് അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഇന്റർ മയാമിയിലെത്തിയത്.

അതേ സമയം വലിയ വിവാദങ്ങൾക്ക് ഒടുവിലാണ് സീസണിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമ്മനിൽ തുടരാൻ എംബാപ്പ ധാരണയിലെത്തിയത്. 2024ൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന എംബാപ്പയുടെ നിലപാടും എങ്കിൽ കളിപ്പിക്കില്ലെന്ന ക്ലബിന്റെ മുന്നറിയിപ്പുമൊക്കെയായി ഉണ്ടായത് വൻ പൊട്ടിത്തെറിയായിരുന്നു. ഒടുവിൽ എംബാപ്പെ ക്ലബിന് വഴങ്ങി. കരാർ പുതുക്കിയില്ലെങ്കിൽ എംബാപ്പയെ പോലൊരു വമ്പൻ താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടുമെന്നാണ് പിഎസ്ജിയുടെ പേടി.

നിലവിലെ കരാർ കാലാവധി അവസാനിക്കാൻ ഇനി ആറുമാസം കൂടിയേ ഉള്ളൂ. ഈ സാഹചര്യത്തിൽ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പയെ പിഎസ്ജി വിൽക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. റയൽ മാഡ്രിഡ് താരത്തിനായി ഓഫർ നൽകിയെന്നും റിപ്പോർട്ടുകൾ വന്നു. ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് എംബാപ്പെയുടെ മറുപടി. അദ്ദേഹം പറയുന്നതിങ്ങനെ... ''ഭാവിയെ കുറിച്ച് താൻ ഒന്നും ചിന്തിച്ചിട്ടില്ല. എല്ലാം സീസണിനൊടുവിൽ തീരുമാനിക്കും. ഇപ്പോൾ എല്ലാ ശ്രദ്ധയും പിഎസ്ജിയെക്കുറിച്ചാണ്, ക്ലബിനായി കിരീടങ്ങൾ നേടുന്നതിനെക്കുറിച്ചാണ്.'' എംബാപ്പെ വ്യക്തമാക്കി.

2017ലാണ് കിലിയൻ എംബാപ്പ മൊണോക്കിയിൽ നിന്ന് പിഎസ്ജിയിലെത്തിയത്. ക്ലബിനായി 283 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ എംബാപ്പെയാണ് 234 ഗോളുമായി പിഎസ്ജിയുടെ ഏക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. അഞ്ച് ലീഗ് വൺ ഉൾപ്പടെ പിഎസ്ജിയുടെ 16 കിരീടനേട്ടങ്ങളിലും നിർണായക പങ്കാളിയായി എംബാപ്പെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP