Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

ഇരട്ട ഗോളുമായി നായകൻ ഇൽകൈ ഗുണ്ടോഗൻ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി എഫ്.എ. കപ്പിൽ മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി; സീസണിൽ സിറ്റി നേടുന്ന രണ്ടാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ്

ഇരട്ട ഗോളുമായി നായകൻ ഇൽകൈ ഗുണ്ടോഗൻ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി എഫ്.എ. കപ്പിൽ മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി; സീസണിൽ സിറ്റി നേടുന്ന രണ്ടാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ്

സ്പോർട്സ് ഡെസ്ക്

വെംബ്ലി: എഫ് എ കപ്പ് ഫൈനലിന്റെ ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ ടീമുകൾ മുഖാമുഖം വന്നപ്പോൾ കിരീടം സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റി. വെംബ്ലിയിലെ അങ്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് സിറ്റിയുടെ കിരീടധാരണം.

വോളികളിലൂടെ ഇൽകെ ഗുണ്ടോഗന്റെ വകയായിരുന്നു സിറ്റിയുടെ ഇരു ഗോളുകളും. ഇതിൽ ആദ്യ ഗോൾ കിക്കോഫായി 13-ാം സെക്കൻഡിലായിരുന്നു. എഫ്എ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്. ഗുണ്ടോഗന്റെ ഇരു ഗോളുകളും കെവിൻ ഡിബ്രൂയിന്റെ അസിസ്റ്റിൽ നിന്നായിരുന്നു.

സിറ്റിയുടെ ഏഴാം എഫ്.എ.കപ്പ് കിരീടമാണിത്. സിറ്റിക്ക് വേണ്ടി നായകൻ ഇൽകൈ ഗുണ്ടോഗൻ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ യുണൈറ്റഡിനായി നായകൻ ബ്രൂണോ ഫെർണാണ്ടസ് ആശ്വാസ ഗോൾ നേടി.

ഈ സീസണിൽ സിറ്റി നേടുന്ന രണ്ടാം കിരീടമാണിത്. 2022-2023 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സിറ്റി സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ കീഴടക്കിയാൽ പെപ്പ് ഗാർഡിയോളയ്ക്കും സംഘത്തിനും ഹാട്രിക്ക് കിരീടം നേടാം.

മത്സരം തുടങ്ങി 13-ാം സെക്കൻഡിൽ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് സിറ്റിക്കായി ഗുണ്ടോഗൻ വലകുലുക്കി. ഗുണ്ടോഗന്റെ ലോങ് റേഞ്ചർ നോക്കിനിൽക്കാൻ മാത്രമേ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയ്ക്ക് സാധിച്ചുള്ളൂ. ഇതോടെ എഫ്.എ കപ്പ് ഫൈനലിലെ അതിവേഗ ഗോൾ എന്ന റെക്കോഡ് ഗുണ്ടോഗൻ സ്വന്തമാക്കി.

എന്നാൽ 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് സമനില സമ്മാനിച്ചു. ബോക്സിനകത്തുവെച്ച് ആരോൺ വാൻ ബിസ്സാക്കയുടെ ഹെഡ്ഡർ സിറ്റി താരം ജാക്ക് ഗ്രീലിഷിന്റെ കൈയിൽക്കൊണ്ടു. ഇതോടെ റഫറി വാറിന്റെ സഹായത്തോടെ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്ക് അനായാസം വലയിലെത്തിച്ച് ബ്രൂണോ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. ആദ്യ പകുതിയിൽ ഇരുടീമുകളും സമനില പാലിച്ചു.

രണ്ടാം പകുതിയിൽ സിറ്റി ആക്രമിച്ച് കളിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി 51-ാം മിനിറ്റിൽ ഗുണ്ടോഗൻ വീണ്ടും ടീമിനായി ഗോളടിച്ചു. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച ഗുണ്ടോഗന്റെ ഷോട്ട് പ്രതിരോധതാരങ്ങൾക്കിടയിലൂടെ വലയിലെത്തി. ഇതോടെ സിറ്റി ആരാധകർ ആവേശത്തിലാറാടി. പിന്നാലെ ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ട് യുണൈറ്റഡ് സമനിലയ്ക്ക് വേണ്ടി പോരാടി.

മികച്ച അവസരങ്ങൾ ഏറെ സൃഷ്ടിച്ചെങ്കിലും യുണൈറ്റഡിന് ഗോളടിക്കാനായില്ല. പാസിങ്ങിലെ പോരായ്മയാണ് ടീമിന് വെല്ലുവിളിയായത്. മാർക്കസ് റാഷ്ഫോർഡ് അടക്കമുള്ള മുന്നേറ്റനിര തീർത്തും നിറംമങ്ങിയതും ടീമിന് തിരിച്ചടിയായി. ആന്റണിയുടെയും ലിസാൻഡ്രോ മാർട്ടിനെസ്സിന്റെയും അഭാവം യുണൈറ്റഡ് നിരയിൽ പ്രകടമായിരുന്നു.

പ്രതിരോധത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത റാഫേൽ വരാനെയും ലൂക്ക് ഷോയുമാണ് സിറ്റിയുടെ പല ആക്രമണങ്ങളിൽ നിന്നും യുണൈറ്റഡിനെ രക്ഷിച്ചത്. ഈ സീസണിൽ യുണൈറ്റഡ് കളിച്ച രണ്ടാം ഫൈനലാണിത്. കാറബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി യുണൈറ്റഡ് കിരീടം നേടി. എന്നാൽ ടെൻ ഹാഗിന് കീഴിൽ രണ്ടാം ഫൈനലിൽ വിജയം നേടാൻ യുണൈറ്റഡിനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP