Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

മെസി - റൊണാൾഡോ സൂപ്പർ പോരാട്ടം ഇനി സൗദിയിൽ; പി.എസ്.ജി വിട്ട് അർജന്റീനാ നായകൻ സൗദി ക്ലബ്ബ് അൽ ഹിലാലിലേക്ക്; കരാർ ഒപ്പിട്ടു? പ്രതിവർഷം 3270 കോടിയുടെ വാഗ്ദാനം; മെസിയെ എത്തിച്ച് പ്രശസ്തി വർദ്ധിപ്പിക്കാൻ സൗദി പ്രോ ലീഗ് അധികൃതർ

മെസി - റൊണാൾഡോ സൂപ്പർ പോരാട്ടം ഇനി സൗദിയിൽ; പി.എസ്.ജി വിട്ട് അർജന്റീനാ നായകൻ സൗദി ക്ലബ്ബ് അൽ ഹിലാലിലേക്ക്; കരാർ ഒപ്പിട്ടു? പ്രതിവർഷം 3270 കോടിയുടെ വാഗ്ദാനം; മെസിയെ എത്തിച്ച് പ്രശസ്തി വർദ്ധിപ്പിക്കാൻ സൗദി പ്രോ ലീഗ് അധികൃതർ

സ്പോർട്സ് ഡെസ്ക്

പാരീസ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയും സൗദി ലീഗിലേക്ക്. മെസി സൗദി ക്ലബുമായി കരാറിൽ എത്തിയെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. സൗദി ക്ലബ് അൽ ഹിലാൽ ജനുവരി മുതൽ വമ്പൻ ഓഫറുമായി മെസിയെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദർശനത്തിനിടെ മെസി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സീസണിനൊടുവിൽ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുമായുള്ള കരാർ അവസാനിക്കുന്നതോടെ മെസ്സി സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ടുചെയ്തിരുന്നു. മെസ്സിക്കൊപ്പം ബാഴ്സലോണ താരങ്ങളായ സെർജി ബുസ്‌കെറ്റ്സ്, ജോർഡി ആൽബ എന്നിവരേയും ടീമിലെത്തിക്കുമെന്നാണ് സൂചന.

3270 കോടി രൂപയുടെ വാഗ്ദാനമാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ മെസിക്കായി മുന്നോട്ടുവെച്ചത്. ഇത് താരം സ്വീകരിച്ചെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സൗദി ലീഗിലെ അൽ നസ്ർ ക്ലബ്ബിലാണ് കളിക്കുന്നത്. റൊണാൾഡോയ്ക്ക് അൽ നസർ നൽകിയ പ്രതിഫലത്തിന്റെ ഇരട്ടിയാണ് മെസിക്ക് വാഗ്ദാനം ചെയ്തതിരുന്നത്.

ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്ബോൾ ലോകത്ത് പ്രധാന്യംകൂടി. മെസിയെക്കൂടി എത്തിച്ചാൽ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വർധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.

അനുമതിയില്ലാത്ത സൗദി സന്ദർശനത്തിന് പിന്നാലെ മെസിയെ പി എസ് ജി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ സഹതാരങ്ങളോട് മെസ്സി മാപ്പുപറഞ്ഞു. എന്നാൽ, ക്ലബ്ബിനോട് പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. സഹതാരങ്ങളോട് മാപ്പുപറഞ്ഞ സാഹചര്യത്തിൽ ടീമിനൊപ്പം പരിശീലനം നടത്താൻ മെസ്സിയെ അനുവദിച്ചു.

മെസ്സി തിങ്കളാഴ്ച പരിശീലനവും തുടങ്ങി. എന്നാൽ, സീസൺ അവസാനിക്കുമ്പോൾ പി.എസ്.ജി.യുമായുള്ള കരാർ തീരും. പുതിയ കരാറിന് ക്ലബ്ബിന് താത്പര്യമുണ്ടെങ്കിലും മെസ്സിക്ക് താത്പര്യമില്ലെന്നാണ് സൂചന. അടുത്ത മാസം അവസാനിക്കുന്ന പി എസ് ജിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് മെസിയുടെ ഏജന്റും പിതാവുമായ ഹോർഗെ മെസി പി എസ് ജിയെ അറിയിച്ചിരുന്നു. പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കുക ജൂൺ 30നാണ്.

അതേസമയം, മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്‌കാരം മെസിക്ക് ലഭിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകർ. ലോകകപ്പ് സ്വന്തമാക്കിയ അർജന്റീന ടീം മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്‌കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്‌കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്റീന തന്നെയായിരുന്നു.

രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം നേടുന്നത്. പിഎസ്ജിയിലെ സഹതാരം കിലിയൻ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ,ഫോർമുല വൺ ചാംപ്യൻ മാക്‌സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവോൾട്ട് വിസ്മയം മോൺടോ ഡുപ്ലാന്റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസി നേട്ടത്തിലെത്തിയത്.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ ഏഴ് ഗോൾ നേടി ടീമിന്റെ ടോപ് സ്‌കോററായ മെസി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീനക്ക് ലോകകപ്പ് സമ്മാനിച്ചിരുന്നു. 36 വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അർജന്റീന ലോകകപ്പിൽ കിരീടത്തിൽ മുത്തമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP