Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂറോ കപ്പിൽ വെയ്ൽസിനെ സെമിയിലെത്തിച്ച് ചരിത്രം കുറിച്ചു; 1958 ന് ശേഷം രാജ്യത്തെ ലോകകപ്പിലേക്ക് നയിച്ച നായകൻ; റയലിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടവും; രാജ്യാന്തര - ക്ലബ്ബ് ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഗരെത് ബെയ്ൽ

യൂറോ കപ്പിൽ വെയ്ൽസിനെ സെമിയിലെത്തിച്ച് ചരിത്രം കുറിച്ചു; 1958 ന് ശേഷം രാജ്യത്തെ ലോകകപ്പിലേക്ക് നയിച്ച നായകൻ; റയലിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടവും; രാജ്യാന്തര - ക്ലബ്ബ് ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഗരെത് ബെയ്ൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: രാജ്യാന്തര-ക്ലബ്ബ് ഫുട്ബോളിനോട് വിരമിക്കൽ പ്രഖ്യാപിച്ച് വെയ്ൽസിന്റെ ഇതിഹാസ ഫുട്ബോൾ താരം ഗരെത് ബെയ്ൽ. 1958 ന് ശേഷം വെയ്ൽസിനെ ലോകകപ്പ് വേദിയിൽ എത്തിച്ച ശേഷമാണ് കാൽപന്ത് കളിയോട് വിടചൊല്ലിയത്. 33 വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

വെയ്ൽസിനായി 111 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ബെയ്ൽ 41 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2016, 2020 യൂറോ കപ്പുകളിലും 2022 ലോകകപ്പിലും വെയ്ൽസിനെ നയിച്ചത് ബെയ്ലാണ്. 2016- യൂറോ കപ്പിൽ സെമിയിലെത്തി ബെയ്ലും സംഘവും ചരിത്രം കുറിച്ചിരുന്നു. 1958 ന് ശേഷം വെയ്ൽസിനെ ലോകകപ്പിലേക്ക് നയിച്ച ആദ്യ നായകൻ കൂടിയാണ് ബെയ്ൽ. എന്നാൽ ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. വെയ്ൽസിനായി ഏറ്റവുമധികം ഗോൾ നേടിയ താരം കൂടിയാണ് ബെയ്ൽ.

നിലവിൽ ലോസ് ആഞ്ജലീസ് ഗ്യാലക്സിയിലാണ് താരം കളിക്കുന്നത്. വെയ്ൽസിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ബെയ്ൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ്. റയൽ മഡ്രിഡിനായി പന്തുതട്ടിയാണ് ബെയ്ൽ ലോകോത്തര താരമായി മാറിയത്. റയലിനൊപ്പം അഞ്ച് തവണയാണ് താരം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

16 വയസ്സുള്ളപ്പോഴാണ് ബെയൽ ക്ലബ്ബ് ഫുട്ബോളിലെത്തുന്നത്. സതാംപ്ടണ് വേണ്ടി 2006 ഏപ്രിൽ 17 ന് അരങ്ങേറ്റം നടത്തിയ ബെയ്ൽ 40 മത്സരങ്ങളിൽ നിന്ന് അഞ്ചുഗോളുകൾ നേടി. അവിടെ നിന്നാണ് താരം ടോട്ടനത്തിലേക്ക് ചേക്കേറിയത്. ടോട്ടനത്തിനായി 146 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ബെയ്ൽ 42 ഗോളുകൾ നേടി. ടോട്ടനത്തിലെ താരത്തിന്റെ അസാമാന്യ പ്രകടനമാണ് റയലിലേക്കുള്ള വാതിൽ തുറന്നത്. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 664 മത്സരങ്ങൾ കളിച്ച ബെയ്ൽ 226 ഗോളുകൾ നേടിയിട്ടുണ്ട്.

ടോട്ടനത്തിൽ നിന്ന് പൊന്നുംവിലയ്ക്ക് റയൽ മഡ്രിഡ് ബെയ്ലിനെ വാങ്ങി. 100 മില്യൺ യൂറോയ്ക്കാണ് താരത്തെ അന്ന് റയൽ സ്വന്തമാക്കിയത്. 100 മില്യൺ യൂറോയ്ക്ക് ഒരു ടീം സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു ബെയ്ൽ. 2013 മുതൽ 2022 വരെ താരം റൽ മഡ്രിഡിൽ തുടർന്നു. ഇടയ്ക്ക് ടോട്ടനത്തിൽ ലോണിൽ വന്ന് 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി. റയലിനായി 176 മത്സരങ്ങളിൽ നിന്ന് 81 ഗോളുകളാണ് താരം നേടിയത്. റയലിൽ ബെയ്ൽ-ബെൻസേമ-ക്രിസ്റ്റിയാനോ എന്ന ബിബിസി ത്രയം സഖ്യം എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. റയലിൽ നിന്ന് താരം അമേരിക്കൻ ഫുട്ബോളിലേക്ക് ചേക്കേറി. അവിടെ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളാണ് നേടിയത്.

'ഞാൻ ക്ലബ്ബ് ഫുട്ബോളിൽ നിന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. വളരെ ശ്രദ്ധയോടെ എടുത്ത തീരുമാനമാണിത്. ഫുട്ബോളറാകുക എന്ന എന്റെ സ്വപ്നം യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്. 17 സീസണിലധികം പന്തുതട്ടി. അത് വീണ്ടും ആവർത്തിക്കാനാവില്ല. ജീവിതത്തിലെ അടുത്ത അധ്യായം എന്താണെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും കടുപ്പമേറിയ തീരുമാനമാണിത്.' -ബെയ്ൽ പറഞ്ഞു.

രണ്ട് വ്യത്യസ്ത ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ വിജയഗോൾ നേടുന്ന ലോകത്തിലെ ഏകതാരം എന്ന റെക്കോഡ് ഇപ്പോഴും ബെയ്ലിന്റെ കൈയിൽ ഭദ്രമാണ്. അഞ്ച് ചാമ്പ്യൻസ് ലീഗ് നേടുന്ന ഏക ബ്രിട്ടീഷ് താരം കൂടിയാണ് ബെയ്ൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP