Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റയൽ മഡ്രിഡ് വിട്ട് കാസെമിറോ; ബ്രസീലിയൻ താരം ഇനി പന്തു തട്ടുക ചുവന്ന ചെകുത്താന്മാർക്കായി; മാഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചിയത് നാലു വർഷ കരാറിൽ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

റയൽ മഡ്രിഡ് വിട്ട് കാസെമിറോ; ബ്രസീലിയൻ താരം ഇനി പന്തു തട്ടുക ചുവന്ന ചെകുത്താന്മാർക്കായി; മാഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചിയത് നാലു വർഷ കരാറിൽ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സ്പോർട്സ് ഡെസ്ക്

മാഞ്ചസ്റ്റർ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസിമിറോയെ സ്വന്തമാക്കി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ്. 59.5 മില്യൺ പൗണ്ടിനാണ്(70 മില്യൺ യുറോ) നാലു വർഷ കരാറിൽ കാസിമെറോയെ റയലിൽ നിന്ന് മാഞ്ചസ്റ്റർ റാഞ്ചിയത്. ബ്രസീലിയൻ താരം ഇനി ചുവന്ന ചെകുത്താന്മാർക്കായി പന്തുതട്ടുമെന്നുറപ്പായിക്കഴിഞ്ഞു.

അടുത്ത 48 മണിക്കൂറിനുള്ളിൽ മാഞ്ചസ്റ്ററിലെത്തുന്ന കാസിമിറോയെ വൈദ്യപരിശോധനകൾക്കുശേഷം ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്‌സിയിൽ അവതരിപ്പിക്കും. നാലുവർഷ കരാർ ഒരുവർഷം കൂടി നിട്ടുന്നതിനും കാസിമിറോക്ക് അവസരമുണ്ട്.

മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്റെ പിഴവുകൾക്ക് മുപ്പതുകാരനായ കാസിമിറോ പരിഹാരമാകുമെന്ന് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് കരുതുന്നു. 2013-മുതൽ റയൽ മഡ്രിഡ് മധ്യനിരയിലെ നിർണായക സാന്നിധ്യമായിരുന്നു കാസെമിറോ. ലോസ്ബ്ലാങ്കോസിനായി മൂന്ന് ലാലിഗയും അഞ്ച് ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ കാസെമിറോയെ ഏകദേശം 60 ദശലക്ഷം യൂറോക്കാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസിമിറോ ഈ സീസണിൽ സൂപ്പർ കപ്പിലും ടീമിന്റെ വിജയത്തിൽ പങ്കാളിയായി. കാസെമിറോ റയൽ വിടുന്നതായി പരിശീലകൻ കാർലോ ആൻസലോട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. കാസെമിറോയുമായി സംസാരിച്ചെന്നും ടീം വിടാനുള്ള താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ആൻസലോട്ടി പ്രതികരിച്ചു.

കാസിമിറോയെ സ്വന്താക്കിയതോടെ ബാഴ്‌സലോണ താരം ഫ്രാങ്കി ഡിയോങ്ങുമായി ഈ സീസണിൽ മാഞ്ചസ്റ്റർ കരാറിലെത്താനുള്ള സാധ്യകളും അവസാനിച്ചു. ട്രാൻസ്ഫർ ജാലകം തീരുന്ന സെപ്റ്റംബർ ഒന്നിന് മുമ്പ് ഡിയോങ്ങുമായി മാഞ്ചസ്റ്ററിന് കരാറിലെത്തുക അസാധ്യമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അയാക്‌സ് താരം ആന്റണിക്കായുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ആന്റണിക്കായി മാഞ്ചസ്റ്റർ വാഗ്ദാനം ചെയ്ത 80 മില്യൺ യൂറോയുടെ കരാർ ഡച്ച് ക്ലബ്ബ് നിരസിച്ചിരുന്നു. എന്നാൽ ആന്റണിക്കായി കൂടുതൽ മെച്ചപ്പെട്ട തുക വാഗ്ദാനം ചെയ്യാനിടയില്ലെങ്കിലും മാഞ്ചസ്റ്ററിൽ കളിക്കാനുള്ള ആന്റണിയുടെ വ്യക്തിപരമായ താൽപര്യത്തിലാണ് മാഞ്ചസ്റ്ററിന്റെ പ്രതീക്ഷ.

ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ രണ്ടാഴ്ച ശേഷിക്കെ യുവന്റസിന്റെ അഡ്രിയാൻ റാബിയോട്ട്, ബ്രൈറ്റൻ താരം മോയ്‌സെസ് കൈസെഡോ എന്നിവരുമായും യുണൈറ്റഡ് ചർച്ചകൾ നടത്തുന്നുണ്ട്. അത്‌ലറ്റിക്കോ താരം അൽവാരോ മൊറാട്ട, ബാഴ്‌സലോണ താരം ഒബമയാങ്ങ് എന്നിവരെയും ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു.

പ്രീമിയർ ലീഗിൽ തുടർ തോൽവിയുമായി അവസാന സ്ഥാനത്താണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസൺ തുടങ്ങുന്നതിന് മുൻപ് പുതിയ പരിശീലകനെയെത്തിച്ച് ടീം അഴിച്ചുപണിയാൻ ശ്രമം തുടങ്ങിയെങ്കിലും വമ്പൻ പേരുകാരൊന്നും യുണൈറ്റഡിലെത്തിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മാനേജ്‌മെന്റുമായി തെറ്റിയതും പോൾ പോഗ്ബ ടീം വിട്ടതും മറ്റ് പ്രധാനതാരങ്ങളുടെ മോശം ഫോമും ടീമിന്റെ ഒരുക്കങ്ങളെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം കാസിമിറോയെ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപ് ടീമിലെത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP