Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലീഷുകാരുടെ പുതിയ ഹീറോയിൻ ആയി ക്ലോയി കെല്ലി; ഗോളടിച്ചയുടൻ മേലുടുപ്പ് ഊരിയെറിഞ്ഞ് ഗ്രൗണ്ടിലൂടെ ഓടി ഹരം പിടിപ്പിച്ചു; കപ്പ് സമ്മാനിച്ച ശേഷം വില്യം രാജകുമാരൻ കെട്ടിപ്പിടിച്ചു; ഒരു സാധാരണ വീട്ടിൽ നിന്നും കഠിനപാതകൾ താണ്ടി ഹീറോയിൻ ആയി മാറിയ ഫുട്ബോൾ താരത്തിന്റെ കഥ

ഇംഗ്ലീഷുകാരുടെ പുതിയ ഹീറോയിൻ ആയി ക്ലോയി കെല്ലി; ഗോളടിച്ചയുടൻ മേലുടുപ്പ് ഊരിയെറിഞ്ഞ് ഗ്രൗണ്ടിലൂടെ ഓടി ഹരം പിടിപ്പിച്ചു; കപ്പ് സമ്മാനിച്ച ശേഷം വില്യം രാജകുമാരൻ കെട്ടിപ്പിടിച്ചു; ഒരു സാധാരണ വീട്ടിൽ നിന്നും കഠിനപാതകൾ താണ്ടി ഹീറോയിൻ ആയി മാറിയ ഫുട്ബോൾ താരത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ക്സ്ട്രാ ടൈമിലെ ഗോളിലൂടെ ഇംഗ്ലണ്ടിനെ യൂറോപ്പിന്റെ നെറുകയിലെത്തിച്ച ക്ലോയി കെല്ലി എന്ന യുവ താരം ഇന്ന് രാജ്യത്തിന്റെ വീരനായികയായി മാറിയിരിക്കുന്നു. അടക്കാനാകാത്ത സന്തോഷത്തോടെ സ്വന്തം ജഴ്സി വലിച്ചൂരി ഗ്രൗണ്ടിൽ ആനന്ദനൃത്തം ചവിട്ടിയ കെല്ലി ഇനി ഒരു തലമുറയുടെ പ്രചോദനമാണ്. ഫുട്ബോളിലൂടെ തന്നെയായിരുന്നു കെല്ലിയുടെ വളർച്ച, അല്ലെങ്കിൽ, ജീവിതത്തിന്റെ ഒരു ഘട്ടങ്ങളിലും ഒഴിവാക്കാനാകാതെ കെല്ലിയോടൊപ്പം ഫുട്ബോളുമുണ്ടായിരുന്നു.

അഞ്ച് സഹോദരന്മാർക്കൊപ്പം വിൻഡ്മിൽ പാർക്ക് എസ്റ്റേറ്റിലെ ചെമ്മൺ ഗ്രൗണ്ടിൽ പന്തുരുട്ടി നടന്ന ബാല്യം മുതൽ തന്നെ ഈ ഒരു ഗോൾ കെല്ലിയുടെ കാലുകളിലെവിടെയോ ഒളിച്ചു കിടന്നിരുന്നു. ഈലിംഗിൽ നിന്നും ബസ്സ് കയറി എഫ് എ കപ്പ് കാണാൻ വെംബ്ലിയിലെത്തിയിരുന്ന കൗമാരവും കെല്ലിക്കുണ്ടായിരുന്നു. ഒരു കൂട്ടിനകത്ത് കളിച്ചു വളർന്നവർ ഉയരങ്ങളിലെത്തിയതായി കേട്ടിട്ടില്ല എന്നായിരുന്നു ഗോളിനു ശേഷമുള്ള കെല്ലിയുടെ ആദ്യ പ്രതികരണം. ഏഴാം വയസ്സിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം ആൺകുട്ടികൾ

അഞ്ച് ജേഷ്ഠന്മാർക്കും അവരുടെ സുഹൃത്തുക്കൾക്കുമൊപ്പം പന്തുരുട്ടുമ്പോൾ കൂട്ടിലടച്ച പ്രതീതിയായിരുന്നു തനിക്കെന്നായിരുന്നു അവർ പറഞ്ഞത്. വേനലവധി തുടങ്ങിയാൽ, തങ്ങളുടെ കൊച്ചു വീടിൽ നിന്നും അതിരാവിലെ പുറത്തു ചാടുമായിരുന്നു എന്ന് അവർ ഓർമ്മിച്ചു. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുമെന്നതൊഴിച്ചാൽ നേരം ഇരുട്ടും വരെ ഫുട്ബോൾ കളി തന്നെയായിരുന്നു. അങ്ങനെ ഫുട്ബോൾ അലിഞ്ഞു ചേർന്ന രക്തവുമായിട്ടായിരുന്നു കെല്ലി വളർന്ന് വന്നത്.

കെല്ലിയുടെ നാല് സഹോദരന്മാരും ലോക്കൽ ലീഗ് ഫുട്ബോൾ കളിക്കുന്നുണ്ട്. മൂത്ത സഹോദരൻ ജാക്ക് എപ്പോഴും പറയുന്നത് തന്നേക്കാൾ നന്നായി കളിക്കുന്നത് അവനാണ് എന്നാണെന്ന് കെല്ലി പറയുന്നു. പിന്നീട് ഒരു സ്‌കൂൾ ടൂർണമെന്റിനിടയിൽ ക്യുൻ പാർക്ക് റേഞ്ചേഴ്സ് കെല്ലിയിലെ ഫുട്ബോൾ താരത്തെ കണ്ടെത്തിയതോടെയാണ് കെല്ലി പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് എത്തുന്നത്. പിന്നീട് എവർടണിലേക്ക് പോകാൻ എടുത്ത തീരുമാനമായിരുന്നു കെല്ലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, ഇന്ന് താൻ ഈ സ്ഥാനത്ത് ഉണ്ടാവുമായിരുന്നോ എന്നത് സംശയമാണെന്ന് അവർ പറയുന്നു.

വനിത സൂപ്പർ ലീഗ് മത്സരങ്ങളിൽ ഏറ്റവും അധികം ഗോൾ നേടിയ കളിക്കാരിൽ നാലാം സ്ഥാനത്തായിരുന്നു ആ വർഷം കെല്ലി. അന്ന് എവർടണിനു വേണ്ടി കെല്ലി നേടിയത് ഒമ്പത് ഗോളുകളായിരുന്നു. പിന്നീട് ചെൽസിയയ്ക്ക് വേണ്ടിയും കെല്ലി 10 ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ വനിത സൂപ്പർ ലീഗ് മത്സരത്തിൽ പക്ഷെ കെല്ലിക്ക് ഒരു മത്സരം മാത്രമെ കളിക്കാനായുള്ളു. ഗുരുതരമായ പരിക്കിനെ തുടർന്ന് മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നു.

പിന്നീട് ഒരു പ്രധാന മത്സരത്തിലേക്ക് കെല്ലി എത്തുന്നത് ഇപ്പോഴാണ്. ഒരു പകരക്കാരി ആയിട്ടായിരുന്നു കെല്ലി എത്തിയത് എങ്കിലും ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അവർ സമ്മാനിച്ചത്. 1999-ൽ ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ജഴ്സി വലിച്ചൂരി ആഘൊഷിച്ച ബ്രാൻഡി ചാസ്റ്റെയ്ന്റെ മറക്കാത്ത ഓർമ്മകൾ ഒന്നുകൂടി ചിന്തേരിട്ട് മിനുക്കിക്കൊണ്ടായിരുന്നു ക്ലോയി കെല്ലി തന്റെ ഗോളും ടീമിന്റെ വിജയവും ആഘോഷിച്ചത്.

ഇംഗ്ലീഷ് ആരാധകർ ഒന്നടങ്കം ആവേശത്തോടെ ചാടിത്തിമിർത്ത മുഹൂർത്തത്തിൽ ഇംഗ്ലണ്ടിന്റെ രാജകുമാരന് എങ്ങനെ അടങ്ങിയിരിക്കാൻ സാധിക്കും. രാവിലെ തന്നെ മകൾക്കൊപ്പം ടീമിന് വിജയാശംസകൾ നേർന്ന വില്യം സ്റ്റേഡിയത്തിൽ ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ക്ലോയി കെല്ലിയെ അകമഴിഞ്ഞ് അഭിനന്ദിച്ച വില്യം ക്യാപ്റ്റൻ ലേ വില്യംസണിനെ വാരി പുണർന്നുകൊണ്ടായിരുന്നു സന്തോഷം പങ്കുവച്ചത്.

പത്ര സമ്മേളന വേദിയിൽ ആടിയും പാടിയും

കെല്ലിയുടെ ഗോളിലൂടെ അണപൊട്ടിയൊഴുകിയ ആഹ്ലാദം അത്രപെട്ടെന്നൊന്നും അവസാനിക്കുന്ന ഒന്നായിരുന്നില്ല. മാച്ചിനു ശേഷം ഇംഗ്ലണ്ട് ടീം മാനേജർ സറീന വീഗ്മാൻ നടത്തിയ പത്രസമ്മേളനവേദിയിലേക്കും ടീമംഗങ്ങൾ പാട്ടുപാടി നൃത്തം ചവിട്ടിയെത്തി. ഇംഗ്ലണ്ടിന്റെ പുരുഷ ടീമിന്റെ കാര്യത്തിലായാലും വനിതാ ടീമിന്റെ കാര്യത്തിലായാലും, ഇത്തരത്തിലൊരു പ്രധാന ട്രോഫിയിൽ മുത്തമിടുന്നത് നീണ്ട 56 വർഷങ്ങൾക്ക് ശേഷമാണെന്നത് സന്തോഷത്തിന് കൂടുതൽ ശക്തിയേകുന്നു.

''ഇറ്റ്സ് കമിങ് ഹോം'' എന്ന ഗാനമാലപിച്ച് നൃത്തം ചവിട്ടി ടീമംഗങ്ങൾ പത്രസമ്മേളന വേദിയിൽ എത്തിയപ്പോൾ ക്യാമറാ ഫ്ളാഷുകൾക്ക് കണ്ണുപൂട്ടാനായില്ല. നൃത്ത ചുവടിൽ പരിസരം മറന്ന ഗോൾ കീപ്പർ മേരി ഈപ്സ്, ഡെസ്‌കിനു മുകളിൽ കയറിയും ആടിത്തിമിർത്തു. യൂറോ വനിതാ കപ്പിലെ ഇംഗ്ലണ്ടിന്റെ കന്നി വിജയത്തിനു പിന്നിലെ ശക്തി ടീം മാനേജരായ സറീന വീഗ്മാൻ തന്നെയാണ്. സറീനക്കിത് തുടർച്ചയായ രണ്ടാമത്തെ വിജയമാണ്. 2017-ൽ നെതർലൻഡ്സ് വനിതാ ടീം കപ്പ് നേടിയപ്പോൾ ആ ടീമിന്റെ മാനേജറും സറീനയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP