Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളിയിൽ ആധിപത്യം പുലർത്തിയിട്ടും ഗോളാക്കിമാറ്റാതെ ലിവർപൂൾ; ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് റയൽ മാഡ്രിഡ്: റയലിന്റെ 14-ാം കിരീട നേട്ടത്തിൽ ആനന്ദ കണ്ണീരണിഞ്ഞ് ആരാധകരും

കളിയിൽ ആധിപത്യം പുലർത്തിയിട്ടും ഗോളാക്കിമാറ്റാതെ ലിവർപൂൾ; ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് റയൽ മാഡ്രിഡ്: റയലിന്റെ 14-ാം കിരീട നേട്ടത്തിൽ ആനന്ദ കണ്ണീരണിഞ്ഞ് ആരാധകരും

സ്വന്തം ലേഖകൻ

പാരിസ്: ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് റയൽ മഡ്രിഡ്. ഫൈനലിൽ ലിവർപൂളിനെ പത്തിന് തോൽപ്പിച്ചാണ് റയൽ മാഡ്രിഡിന്റെ വിജയം. പാരിസിലെ സ്താദ് ദ് ഫ്രാൻസിൽ നടന്ന മത്സരം ആവേശത്തിന്റേതായിരുന്നെങ്കിലും ലിവർപൂൾ ജയം കാണുമെന്നായിരുന്നു കരുതിയത്. കളിയിൽ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയതും ലിവർപൂൾ ആയിരുന്നു. എന്നാൽ 59-ാം മിനിറ്റിൽ ബ്രസീൽ താരം വിനീസ്യൂസാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയഗോൾ നേടിയത്. റയലിന്റെ 14ാം യൂറോപ്യൻ കിരീടമാണിത്. 2018നു ശേഷം ഇതാദ്യവും. അന്ന് ഫൈനലിൽ തോൽപിച്ചതും ലിവർപൂളിനെത്തന്നെ.

സകല അടവും പുറത്തെടുത്ത് ആവേശത്തോടെ കളിച്ചെങ്കിലും റയൽ ഗോൾകീപ്പർ തിബോ കോർട്ടോയെ മറികടന്ന് ഗോൾ നേടാൻ ലിവർപൂളിനായില്ല. 24 ഷോട്ടുകളാണ് ഇംഗ്ലിഷ് ക്ലബ് കളിയിൽ പായിച്ചത്. അതിൽ ഒൻപതും ഗോൾമുഖത്തേക്കു തന്നെ. എന്നാൽ കോർട്ടോയുടെ ഉജ്വലസേവുകൾ റയലിനു തുണയായി. റയൽ കളിയിൽ പായിച്ചത് ആകെ 4 ഷോട്ടുകൾ മാത്രം. കരിം ബെൻസേമ ഒരു തവണ ലിവർപൂൾ വലയിൽ പന്തെത്തിച്ചെങ്കിലും വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഓഫ്‌സൈഡ് വിധിച്ചു.

ലിവർപൂളിന്റെ പേരുകേട്ട മുന്നേറ്റനിരയെ സമർത്ഥമായി നേരിടാൻ റയൽ പ്രതിരോധത്തിന് സാധിച്ചു. 15 ഗോളുകൾ നേടിക്കൊണ്ട് റയലിന്റെ കരിം ബെൻസേമ ചാമ്പ്യൻസ് ലീഗിലെ ടോപ്സ്‌കോറർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നിശ്ചയിച്ച സമയത്തേക്കാൾ 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ അക്രമാസക്തരായതുമൂലമാണ് മത്സരം 35 മിനിറ്റ് നീട്ടിവെച്ചത്. സ്റ്റേഡിയത്തിലെ പ്രതിരോധവേലികൾ മറികടന്ന ആരാധകർ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കി. ഒടുവിൽ പുലർച്ചെ 1.05 ന് മത്സരം ആരംഭിച്ചു. ആദ്യമിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ 15 മിനിറ്റിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല.

പിന്നീടെല്ലാം ലിവർപൂളിന്റെ മുന്നേറ്റമാണ് കളിയിൽ കണ്ടത്. ആക്രമണോത്സുകതയോടെ ലിവർപൂൾ റയലിനെ നേരിട്ടു. എന്നാൽ ശക്തമായ പ്രതിരോധം ഒരുക്കി റയൽ അതെല്ലാം തകർത്തു. 59ാം മിനിറ്റിൽ ഫെഡെറിക് വാൽവെർദെ നൽകിയ അസിസ്റ്റിൽ നിന്നാണ് ബ്രസീൽ താരം വിനീസ്യൂസ് ലക്ഷ്യം കണ്ടത്. ഗോൾ മടക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളും ഫലിച്ചില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം ഒരു പോയിന്റിന് മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ അടിയറ വയ്‌ക്കേണ്ടി വന്ന ലിവർപൂളിന് നിരാശയായി ചാംപ്യൻസ് ലീഗ് തോൽവിയും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP