Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം സുശാന്ത് പിന്നെ ഞാൻ പിന്നെ റിനോ ഇപ്പോ വിനീത്; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പെരുമാറ്റത്തിനെതിരെ സികെ വിനീതിന് പിന്നാലെ മുഹമ്മദ് റാഫിയും; ആരാധകരുടെ അധിക്ഷേപം നൽകുന്ന സമ്മർദ്ദം ചില്ലറയല്ലെന്നും ക്ലബ് വിട്ടപ്പോൾ മനസമാധാനമുണ്ടെന്നും റാഫിക്ക; മറ്റ് ക്ലബ്ബുകൾ വിട്ട് വന്നിട്ടും മലയാളി താരങ്ങളെ തിരഞ്ഞ് പിടിച്ച് തെറിവിളി; മഞ്ഞപ്പടയുടെ പെരുമാറ്റം യഥാർഥ ഫുട്‌ബോൾ ആരാധകരെപ്പോലെയല്ലെന്നും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം

ആദ്യം സുശാന്ത് പിന്നെ ഞാൻ പിന്നെ റിനോ ഇപ്പോ വിനീത്; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പെരുമാറ്റത്തിനെതിരെ സികെ വിനീതിന് പിന്നാലെ മുഹമ്മദ് റാഫിയും; ആരാധകരുടെ അധിക്ഷേപം നൽകുന്ന സമ്മർദ്ദം ചില്ലറയല്ലെന്നും ക്ലബ് വിട്ടപ്പോൾ മനസമാധാനമുണ്ടെന്നും റാഫിക്ക; മറ്റ് ക്ലബ്ബുകൾ വിട്ട് വന്നിട്ടും മലയാളി താരങ്ങളെ തിരഞ്ഞ് പിടിച്ച് തെറിവിളി; മഞ്ഞപ്പടയുടെ പെരുമാറ്റം യഥാർഥ ഫുട്‌ബോൾ ആരാധകരെപ്പോലെയല്ലെന്നും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം

സ്പോർട്സ് ഡെസ്‌ക്

കൊച്ചി: സികെ വിനീതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് മുൻ താരം മുഹമ്മദ് റാഫിയും രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിലെ ഒരു വിഭാഗം മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നെന്ന് ഇപ്പോൾ ചെന്നൈയിൻ എഫ്.സി താരമായ മുഹമ്മദ് റാഫി പറയുന്നു. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്ക് എതിരെ സഹതാരം സി.കെ.വിനീത് പരാതി കൊടുത്ത പശ്ചാത്തലത്തിലാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ റാഫിയുടെ പ്രതികരണം. തനിക്കും ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ക്ലബ്ബ് വിട്ടപ്പോൾ മനസ്സമാധാനത്തോടെ കളിക്കാനാകുന്നുണ്ടെന്നും റാഫി പറഞ്ഞു.

ബ്ലാസ്റ്റേഴ്സിൽ നിന്ന് ചെന്നൈയിനിൽ എത്തിയ ശേഷം ആദ്യമായി കൊച്ചിയിൽ കളിക്കാനെത്തിയപ്പോഴാണ് സി.കെ.വിനീതിനെതിരെ ബോൾ ബോയിയോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ആരോപണമുയർന്നത്. കളിക്കളത്തിന് പുറത്തേക്ക് ബോൾ പോയപ്പോൾ എഴു വയസ്സുകാരനായ ബോൾ ബോയിയോട് വിനീത് അനാവശ്യമായി കയർത്തെന്ന പേരിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വാട്സ്ആപ്പ് കൂട്ടായ്മകളിലും ഫേസ്‌ബുക്കിലും മറ്റും വോയ്സ് ക്ലിപ്പ് പ്രചരിച്ചത്. എന്നാൽ സ്റ്റേഡിയത്തിലെ ഒച്ച കാരണം കുട്ടി കേൾക്കാത്തതുകൊണ്ട് ഉറക്കെ വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് വിനീത് പറഞ്ഞിരുന്നു.

സഹിക്കാവുന്നതിന് അപ്പുറമായപ്പോഴാണ് പരാതിയുമായി രംഗത്ത് വന്നതെന്നും ആൾക്കൂട്ട അക്രമത്തിന് സമാനമായിരുന്നു സൈബർ അറ്റാക്കെന്നും വിനീത് പറഞ്ഞിരുന്നു.തന്നെ മനഃപൂർവം അവഹേളിക്കാനുദ്ദേശിച്ചാണ് പ്രചാരണമെന്നും ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘമായ 'മഞ്ഞപ്പട'യുടെ ഭാരവാഹികളിൽ ഒരാളാണ് വോയ്സ് ക്ലിപ്പിനു പിന്നിലെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് വിനീത് പരാതിയും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിനീതിന്റെ ഭാഗത്തുനിന്ന് തെറ്റായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റാഫി രംഗത്തെത്തിയത്.

സികെ (സി.കെ.വിനീത്) കളിക്കുമ്പോൾ ബെഞ്ചിൽ ആ കുട്ടിയുടെ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. സികെ ആ കുട്ടിയോട് ബോൾ ചോദിച്ചെന്ന് മാത്രമേയുള്ളൂ. വേറൊന്നുമില്ല. ബാക്കി കഥകളൊക്കെ അവർ മെനഞ്ഞുണ്ടാക്കിയതാണ് -റാഫി പറയുന്നു.യഥാർത്ഥത്തിലുള്ള ആരാധകർ ഇത്തരത്തിൽ പ്രവർത്തിക്കില്ല. മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ആദ്യം സുശാന്തിനെതിരെയായിരുന്നു. രണ്ടാമത്തെ വർഷമായപ്പോൾ അത് എനിക്കെതിരെയായി. പിന്നെ റിനോ ആന്റോയ്ക്കെതിരെയായി; ഇപ്പോൾ വിനീതിനെതിരെയാണ്. ഇനി അനസിനെയും സഹലിനെയുമൊക്കെയാകും അടുത്തതായി അവർ ലക്ഷ്യമിടുക.

എല്ലാ കളിയിലും എല്ലാവർക്കും നന്നായി കളിക്കാനാവില്ലല്ലോ. മോശം ഫോം എല്ലാവർക്കുമുണ്ടാകും. അപ്പോൾ അവരുടെ കൂടെനിന്ന് കളി നന്നാക്കാൻ സഹായിക്കാതെ അവരുടെ വീട്ടുകാരെ ചീത്ത വിളിച്ചിട്ട് എന്തുകാര്യം. കളിയുടെ പേരിൽ നമ്മളെ വിമർശിക്കുന്നതല്ല വീട്ടുകാരെ ചീത്തവിളിക്കുന്നതാണ് തീരെ സഹിക്കാൻ പറ്റാത്തത്. വീട്ടുകാരല്ലല്ലോ നമ്മളല്ലേ കളിക്കുന്നത്.

വലിയ ഓഫറുകളൊക്കെ നിരസിച്ചിട്ടാണ് കേരളത്തിനു വേണ്ടി, സ്വന്തം നാടിനു വേണ്ടി കളിക്കാൻ നിന്നിരുന്നത്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. ടീമിൽ നിന്ന് പോയ ശേഷം ഇത്തരം ആക്രമണങ്ങളൊന്നുമില്ല, നല്ല മനസ്സമാധാനമുണ്ട്. സമ്മർദമില്ലാതെ കളിക്കാൻ പറ്റുന്നുണ്ട്.എനിക്കെതിരെ മോശം പ്രചാരണമൊക്കെ ഉണ്ടായ ശേഷം ഫൈനലിൽ ഗോളടിച്ചപ്പോൾ ചീത്ത വിളിച്ചവരൊക്കെ സോറി പറഞ്ഞുവന്നിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞിട്ട് സോറിയുമായി വന്നിട്ടെന്ത് കാര്യം. കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാർ. പുറത്തിരുന്നാൽ പറയും അവൻ പുറത്തിരുന്ന് പ്രാർത്ഥിച്ചതുകൊണ്ടാണ് കളി തോറ്റതെന്ന്.

തെറി വിളിക്കുന്നവർ യഥാർത്ഥ ആരാധകരല്ല. ശരിയായ ആരാധകർ ടീമിനൊപ്പമുണ്ടാകും. ആരാധകരിലെ തന്നെ ഒരു വിഭാഗമാണ് മലയാളി താരങ്ങൾക്ക് നേരെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളുമായെത്തുന്നത്. മലയാളികളല്ലാത്ത കളിക്കാർ മോശമായി കളിച്ചാലും ഇവർക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ല. മലയാളി കളിക്കാർക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ താൽപര്യമുണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും റാഫി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP