Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കൊമ്പൻന്മാർക്ക് മുന്നിൽ കൊൽക്കത്ത വീണു: നർസാരിയുടെ മികവിൽ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം; പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി; അവസാന മിനിറ്റുകളിൽ നാടകീയ രംഗങ്ങൾ

കൊമ്പൻന്മാർക്ക് മുന്നിൽ കൊൽക്കത്ത വീണു: നർസാരിയുടെ മികവിൽ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം; പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി; അവസാന മിനിറ്റുകളിൽ നാടകീയ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: എടികെയുടെ പ്രത്യാക്രമണക്കളിക്ക് മറുതന്ത്രമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ തുടർച്ചയായ രണ്ടാംജയം കുറിച്ചു (1--0). രണ്ടാംപകുതിയിൽ ഹാളീചരൺ നർസാറി തൊടുത്ത ഉശിരൻ ഷോട്ട് മുൻ ചാമ്പ്യന്മാരുടെ വല തുളച്ചു. ഈ സീസണിൽ എടികെയെ രണ്ടാമതും കീഴടക്കി എൽകോ ഷട്ടോരിയുടെ സംഘം. ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിലായിരുന്നു ആദ്യ ജയം. ജയം ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിലും മുന്നേറ്റം നൽകി. സീസണിലെ മൂന്നാം ജയത്തോടെ 12 കളിയിൽ 14 പോയിന്റുമായി ആറാമതെത്തി. 12 കളികളിൽനിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നെങ്കിൽ എടികെയ്ക്ക് ഒന്നാമതെത്താൻ അവസരമുണ്ടായിരുന്നു എന്നതു ശ്രദ്ധേയമായിരുന്നു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്. തുടർച്ചയായ രണ്ടാം ജയവും. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയത്. ഈ വിജയത്തോടെ എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്‌സിന്റെ അജയ്യരായുള്ള കുതിപ്പ് തുടർച്ചയായ ആറാം മത്സരത്തിലേക്കും നീണ്ടു. കഴിഞ്ഞ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിക്കാൻ എടികെയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ കളിയിൽ എടികെയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ്, ഈ സീസണിലെ രണ്ടാം ജയമാണ് അവർക്കെതിരെ കുറിച്ചത്. ഇനി ഈ മാസം 19ന് ജംഷഡ്പുരിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അതിനുശേഷം 25ന് എഫ്‌സി ഗോവയ്ക്കെതിരെ അവരുടെ മൈതാനത്ത്.

വാശിയോടെയാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പച്ചപ്പുൽത്തകിടിയിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയ്ക്ക് എതിരെ പന്തുതട്ടിയത്. കളിയുടെ ആദ്യ മിനിറ്റുകളിൽത്തന്നെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആരാധകർ കണ്ടു. അഞ്ചാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് കോർണർ നേടിയെടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ഒൻപതാം മിനിറ്റിൽ ഹാലിചരൺ നർസാരി തൊടുത്ത ലോങ് റേഞ്ചറിൽ കൊൽക്കത്തയുടെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ വന്മതിൽ കണക്കെ നിന്നു. 11 ആം മിനിറ്റിൽ വീണ്ടുമൊരു കോർണർ ജയിക്കാൻ ബ്ലാസ്റ്റേഴ്സിനായി. പക്ഷെ ദുർബലമായ കിക്ക് ചെന്നു വീണതുകൊൽക്കത്തയുടെ നായകൻ റോയി കൃഷ്ണയുടെ കാലുകളിലും. പന്തുമായി ചീറിയെത്തിയ റോയി കൃഷ്ണ ബ്ലാസ്റ്റേഴ്സ് ക്യാംപിൽ അങ്കലാപ്പുണ്ടാക്കി. പക്ഷെ സെയ്ത്യാസെന്റെ നിർണായക ഇടപെടലാണ് അപായം ഒഴിവാക്കിയത്. 24 ആം മിനിറ്റിൽ വലതു വിങ്ങിൽ നിന്നും മെസി ബൗളി പായിച്ച ക്രോസ് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുന്നതും മത്സരം കണ്ടു. എന്നാൽ അരിന്ദം ഭട്ടാചാര്യ പന്തിനെ കടന്നുപിടിച്ചു.

തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിൽ സമ്മർദ്ദം ചെലുത്തിയ എടികെ പ്രതിരോധം പിളർത്തി ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത് ഹാലിചരൺ നർസാരി. എടികെ ബോക്‌സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് നർസാരിക്ക് ഹെഡ് ചെയ്ത് നൽകാനുള്ള മെസ്സിയുടെ ശ്രമം പൂർണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനാകുന്നില്ല. ഇതോടെ പന്തു ലഭിച്ച നർസാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയിൽ എത്തി.

നാടകീയമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങൾ. സൈഡ് ലൈനിൽ തുടർച്ചയായി ബഹളമുണ്ടാക്കിയ എടികെ പരിശീലകൻ അന്റോണിയോ ഹെബ്ബാസിനെ റഫറി മൈതാനത്തുനിന്നും പറഞ്ഞയച്ചതായിരുന്നു ഇതിൽ പ്രധാനം. ഇൻജറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനു സമീപം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി പന്തിനായുള്ള പോരാട്ടത്തിനിടെ നിലത്തുവീണ എടികെയുടെ സൂപ്പർതാരം റോയ് കൃഷ്ണയ്ക്ക് റഫറി മഞ്ഞക്കാർഡും നൽകി. എടികെ താരങ്ങൾ പെനൽറ്റിക്കായി വാദിക്കുന്നതിനിടെയാണ് റഫറി റോയ് കൃഷ്ണയെ ഡൈവിങ്ങിന് ശിക്ഷിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ കൂറ്റൻ വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിരോധത്തിലെ കരുത്തൻ ജിയാനി സൂയ്വർലൂണിനെ കൂടാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയമെന്നതും ശ്രദ്ധേയം. അതേസമയം, മധ്യനിരയിലെ ആണിക്കല്ലായ മാരിയോ ആർക്വേസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ആദ്യ ഇലവനിൽ മലയാളികളായി ഗോൾകീപ്പർ ടി.പി. രഹനേഷും പ്രതിരോധത്തിൽ അബ്ദുൽ ഹക്കുവും മാത്രമേ ഇടംപിടിച്ചുള്ളൂ. കെ. പ്രശാന്ത്, സഹൽ അബ്ദുൽ സമദ് എന്നിവർ അവസാന മിനിറ്റുകളിൽ പകരക്കാരായി കളത്തിലെത്തി. മലയാളി താരം ജോബി ജസ്റ്റിൻ കൊൽക്കത്ത നിരയിലും പകരക്കാരനായിറങ്ങി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP