Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

ആദ്യം വെടിപൊട്ടിച്ചത് ബ്ലാസ്റ്റേഴ്‌സ്; തിരിച്ചടിച്ച് മോഹൻ ബഗാൻ; രണ്ടാം പകുതിയിൽ ഗോൾമഴ; സീസണിലെ ആദ്യ ഹാട്രിക്കുമായി ദിമിത്രി പെട്രാറ്റോസ്; മഞ്ഞപ്പടയ്ക്ക് കൊച്ചിയിൽ ഞെട്ടിക്കുന്ന തോൽവി; എടികെയുടെ ജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്

ആദ്യം വെടിപൊട്ടിച്ചത് ബ്ലാസ്റ്റേഴ്‌സ്; തിരിച്ചടിച്ച് മോഹൻ ബഗാൻ; രണ്ടാം പകുതിയിൽ ഗോൾമഴ; സീസണിലെ ആദ്യ ഹാട്രിക്കുമായി ദിമിത്രി പെട്രാറ്റോസ്; മഞ്ഞപ്പടയ്ക്ക് കൊച്ചിയിൽ ഞെട്ടിക്കുന്ന തോൽവി; എടികെയുടെ ജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്

സ്പോർട്സ് ഡെസ്ക്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പം ഏറ്റെടുത്ത് മിന്നുന്ന തുടക്കമിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരെ സീസണിലെ ആദ്യ ഹാട്രിക്കുമായി കളംനിറഞ്ഞ ഓസ്‌ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസ്സും സംഘവും ഗോൾമഴ തീർത്തതോടെ ഞെട്ടിക്കുന്ന തോൽവി. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ എടികെ മോഹൻ ബഗാൻ വീഴ്‌ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്.

മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാറ്റോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. പെട്രാറ്റോസ്സിനു പുറമെ ഫിൻലൻഡ് താരം കൗകോ (38), ഇന്ത്യൻ താരം ലെന്നി റോഡ്രിഗസ് (88) എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോളുകൾ ഇവാൻ കല്യൂഷ്‌നി (6), കെ.പി. രാഹുൽ (81) എന്നിവരുടെ വകയായിരുന്നു.

പ്രതിരോധം മറന്ന് ആദ്യ മിനിറ്റു മുതൽ ഗോളടിക്കാൻ നടത്തിയ കൈവിട്ട നീക്കങ്ങളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ആക്രമണത്തിൽ പലകുറി ഗോളിന് അടുത്തെത്തിയെങ്കിലും അവയിൽ മിക്കവയും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് സാധിച്ചതുമില്ല.

ഇരുപകുതികളിലുമായി എടികെ വലയിൽ കയറേണ്ടിയിരുന്ന ഉറച്ച നാലു ഗോളുകളെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നിർഭാഗ്യം കൊണ്ട് ലക്ഷ്യത്തിലെത്താതെ പോയി. എടികെയുടെ ഓസ്‌ട്രേലിയൻ പ്രതിരോധനിര താരം ബ്രണ്ടൻ ഹാമില്ലിന്റെ രണ്ട് സേവുകൾ സെൽഫ് ഗോളാകാതെ ക്രോസ് ബാർ 'കാത്തതു' മാത്രം മതി ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ദിവസമല്ലായിരുന്നുവെന്ന് മനസ്സിലാക്കാൻ.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ആറാം മിനറ്റിൽ ഇവാൻ കല്യൂഷ്‌നിയുടെ ഗോളിലൂടെ മുന്നിലെത്തി. പിന്നീട് 26ാം മിനിറ്റിൽ പെട്രാറ്റോസിന്റെ ഗോളിലൂടെ സമനില പിടിച്ച എടികെ 38ാം മിനിറ്റിൽ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു. രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ കൗക്കോ വീണ്ടും സ്‌കോർ ചെയ്തതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ മങ്ങി.

ആദ്യ ടച്ച് മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. കല്യൂഷ്‌നിയുടെ പാസിൽ നിന്ന് ലഭിച്ച സുവർണാവസരം ഗോളാക്കി മാറ്റാൻ സഹൽ അബ്ദുൾ സമദിന് കഴിഞ്ഞില്ല. തുടർന്നും ബ്ലാസ്റ്റേഴ്‌സ് തന്നെ ആക്രമണം അഴിച്ചുവിട്ടു. തുടക്കത്തിലെ കല്യൂഷ്‌നി വീണ്ടും എടികെ ഗോൾമുഖത്ത് ഭീതിവിതച്ചു. ഒടുവിൽ കാത്തിരുന്ന നിമിഷം ആറാം മിനിറ്റിൽ എത്തി. ബോക്‌സിനുള്ളിൽ വലതു പാർശ്വത്തിൽ നിന്ന് സഹൽ അബ്ദുൾ സമദിന്റെ പാസിൽ മനോഹരമായ ഫിനിഷിംഗിലൂടെ കല്യൂഷ്‌നി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷമായിരുന്നു അത്.

ആദ്യ ഗോളിന്റെ ആവേശത്തിൽ ഇരച്ചു കയറിയ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് കൗണ്ടർ അറ്റാക്കിലൂടെ ഹ്യഗോ ബോമസിന്റെ പാസിൽ നിന്ന് ദിമിത്രി പെട്രാറ്റോസ് ബ്ലാസ്റ്റേഴ്‌സ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. പിന്നീട് ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളം നിറഞ്ഞു. ലോംഗ് പാസുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് ഭീതിവിതക്കാനാണ് ഹ്യൂഗോ ബോമസും പെട്രാറ്റോസും ശ്രമിച്ചത്. ഒടുവിൽ 26-ാം മിനിറ്റിൽ എടികെയുടെ ശ്രമം ഫലം കണ്ടു. ബോമസിന്റെ പാസിൽ നിന്ന് പെട്രാറ്റോസിന്റെ സമനില ഗോൾ. 31-ാം മിനിറ്റിൽ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ എടികെ ഗോൾമുഖത്ത് അഡ്രിയാൻ ലൂണ എടുത്ത കോർണറിൽ ജീക്‌സൺ സിങ് തൊടുത്ത ഹെഡ്ഡർ പോസ്റ്റിൽ തട്ടി പുറത്തുപോയി. പിന്നീട് എടികെ കളം നിറയുന്ന കാഴ്ചയാണ് കണ്ടത്. 38ാം മിനിറ്റിൽ മൻവീർ സിംഗിന്റെ പാസിൽ നിന്ന് ജോണി കൗക്കോ എടികെക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിക്ക് മുമ്പ് സമലി ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല.

55ാം മിനിറ്റിൽ ലിസ്റ്റൺ കൊളോസോിലൂടെ എടികെ ലീഡുയർത്താൻ ശ്രമിച്ചെങ്കിലും പ്രഭ്‌സുഖൻ ഗില്ലിന്റെ മിന്നും സേവ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തി. തൊട്ടുപിന്നാലെ ജെസലിന്റെ ക്രോസിൽ ഹാമിൽ സ്വന്തം പോസ്റ്റിൽ പന്തെത്തിച്ച് ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിക്കേണ്ടതായിരുന്നു. എന്നാൽ ബാറിൽ തട്ടിത്തെറിച്ച പന്ത് എടികെ പ്രതിരോധം ക്ലിയർ ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ലിസ്റ്റൺ കൊളോസോയുടെ പാസിൽ 62-ാം മിനിറ്റിൽ പെട്രാറ്റോസ് എടികെയുടെ ലീഡുയർത്തിയത്. 1-3ന് പിന്നിലായിപ്പോയതിന് പിന്നാലെ കല്യൂഷ്‌നിയെ പിൻവലിച്ച് കോച്ച് ഇവാൻ വുകമനോവിച്ച് മലയാളി താരം കെ പി രാഹുലിനെ കളത്തിലിറക്കി.

ഒടുവിൽ 81-ാം മിനിറ്റിൽ എടികെ ഗോൾ കീപ്പർ വിശാൽ കെയ്ത്തിന്റെ പിഴലിൽ രാഹുലിന്റെ മിന്നും ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ തിരിച്ചടിച്ച് കളി ആവേശകരമാക്കി. പിന്നീട് സമനില ഗോളിനായി ഇരച്ചു കയറിയതോടെ കൗണ്ടർ അറ്റാക്കിലൂടെ എടികെ തറപറ്റിച്ചു. 86-ാം മിനിറ്റിൽ ലെനി റോഡ്രിഗസ് നാലാം ഗോൾ നേടി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് സാധ്യതകൾ അടച്ചപ്പോൾ ഇഞ്ചുറി ടൈമിൽ ദിമിത്രി പെട്രാറ്റോസ് മറ്റൊരു കൗണ്ടർ അറ്റാക്കിലുടെ ഗോൾ നേടി ഹാട്രിക് തികച്ചു. പ്ലേ മേക്കൽ അഡ്രിയാൻ ലൂണയെ തളച്ചിട്ട എടികെയുടെ തന്ത്രമാണ് കൊച്ചിയിൽ വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP