Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടഞ്ഞ കൊമ്പന്മാർ നിലംതൊടാതെ പൊട്ടുന്നു! കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്.സിയോടും തോറ്റു; തോൽവി 4-2ന് എന്ന നിലയിൽ; ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ അഞ്ചാം തോൽവി

ഇടഞ്ഞ കൊമ്പന്മാർ നിലംതൊടാതെ പൊട്ടുന്നു! കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്.സിയോടും തോറ്റു; തോൽവി 4-2ന് എന്ന നിലയിൽ; ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ അഞ്ചാം തോൽവി

സ്വന്തം ലേഖകൻ

പനാജി: ഇടഞ്ഞ കൊമ്പനെ തടുത്തു നോക്കെടാ.. എന്നതായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരസ്യത്തിലെ മുദ്രാവാക്യം. എന്നാൽ, അഞ്ച് തവണ ഇടഞ്ഞിട്ടും എതിരാളികൾ കൊമ്പന്മാരെ അനായാസം തളച്ചു. ഇന്ന് ബംഗളുരു എഫ്.സിയോട് 4-2 എന്ന നിലയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തോറ്റത്. മലയാളി താരം കെ പി രാഹുലിന്റെ മികച്ചൊരു ഗോളുമായി തുടങ്ങിയ കേരളാ ടീം അധികം വൈകാതെ കളിക്കളത്തിൽ തളരുന്നതാണ് കണ്ടത്. 90 മിനിറ്റ് പിന്നിട്ടപ്പോൾ കൂറ്റൻ തോൽവിയായിരുന്നു ഫലം.

ബ്ലാസ്‌റ്റേഴ്‌സിന്റെ കെ.പി. രാഹുലിന്റെയും ജോർഡൻ മറെയുടെയും ഗോളിന്, ക്ലെറ്റൺ സിൽവ, ക്രിസ്റ്റിയൻ ഒപ്‌സത്ത്, ദിമാസ് ഡെൽഗാഡോ, സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായി മറുപടി നൽകിയത്. ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ തോൽവിയാണ് ഇത്. ജയത്തോടെ ബംഗളൂരു ഒമ്പതു പോയന്റുമായി നാലാം സ്ഥാനത്ത് കയറി.

മലയാളി താരം കെ.പി രാഹുലിന്റെ സൂപ്പർ ഗോളിലാണ് സൗത്ത് ഇന്ത്യൻ ഡെർബി തുടങ്ങിയത്. തുടക്കം തൊട്ടേ ആവേശകരമായി നീങ്ങിയ മത്സരത്തിൽ 17ാം മിനിറ്റിൽ കേരളം നടത്തിയ കൗണ്ടർ അറ്റാക്കിലാണ് ബംഗളൂരു ഞെട്ടിയത്. ബംഗളൂരുവിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ഗാരി ഹൂപ്പർ കുതിച്ചു. വലതു വിങ്ങിലൂടെ അതിവേഗം ഓടിയെത്തിയ രാഹുലിന് ഹൂപ്പർ പന്തു കൈമാറി. പാസിന് ശ്രമിക്കാതെ ബോക്‌സിനുള്ളിൽ നിന്നും രാഹുലിന്റെ ഉശിരൻ ഷോട്ട് ഗുർപ്രീതിന്റെ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് 1-0ത്തിന് മുന്നിലെത്തി.

അവിടെ നിന്നാണ് ഗോൾ പൂരത്തിന് തുടക്കമായത്. മുന്നിലെത്തിയ ആവേശത്തിൽ പന്തുതട്ടിയ കേരളത്തിന് 29ാം മിനിറ്റിൽ പിഴവു പറ്റി. പ്രതിരോധ താരം ലാൽറുവാൻതാരക്ക് പറ്റിയ വൻ പിഴവാണ് ഗോളിൽ കലാശിച്ചത്. കിട്ടിയ അവസരം ബംഗളൂരുവിന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ ക്ലറ്റൺ സിൽവ ഗോളാക്കി. ആദ്യ പകുതി സമനിലയോടെ അവസാനം.

എന്നാൽ, രണ്ടാം പകുതി ബംഗളൂരു കളിമാറ്റി. 48ാം മിനിറ്റിൽ ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഗോളി ആൽബിനോ ഗോമസിന്റെ സേവ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷക്കെത്തി. ഛേത്രിയുടെ കിക്കാണ് ഗോമസ് തടഞ്ഞത്. എന്നാൽ ബ്ലാസ്‌റേഴ്‌സിന് ആശ്വസിക്കാൻ വകയുണ്ടായില്ല. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുങ്ങി. രണ്ടും പിഴവിൽ നിന്നു തന്നെ. 51ാം മിനിറ്റിൽ ക്രിസ്റ്റിയൻ ഒസ്‌പെത്തും 53ാം മിനിറ്റിൽ ദിമാസ് ഡെൽഗാഡോയും.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പൂർണമായും തകർന്നു. മുന്നേറ്റവും മധ്യനിരയും തീരെ കണക്ഷനില്ലാതായി. അതിനിടക്ക് 61ാം മിനിറ്റിൽ വിസെന്റെ ഗോമസിൽ നിന്നുള്ള പാസിൽ ജോർഡാൻ മറെ ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ട്രാക്കിലായി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കനപ്പിച്ചു. എന്നാൽ, ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഹെഡറിലൂടെ തകർപ്പൻ ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം പൂർത്തിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP