Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുവർഷം ഗോൾവർഷം: തുടർച്ചയായ പരാജയങ്ങൾക്കും മനസ്സുമടുപ്പിക്കുന്ന സമനിലകൾക്കും അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചു വരവ്; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം; ഇരട്ട ഗോളുമായി ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ; പതിനൊന്ന് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റ് സമ്പാദ്യവുമായി ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

പുതുവർഷം ഗോൾവർഷം: തുടർച്ചയായ പരാജയങ്ങൾക്കും മനസ്സുമടുപ്പിക്കുന്ന സമനിലകൾക്കും അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചു വരവ്; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം; ഇരട്ട ഗോളുമായി ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ; പതിനൊന്ന് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റ് സമ്പാദ്യവുമായി ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ തകർത്തത്. സ്വന്തം തട്ടകത്തിൽ 14-ാം മിനിറ്റിൽത്തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉജ്വല തിരിച്ചുവരവും കൂറ്റൻ വിജയവും. ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ ഇരട്ടഗോളുമായി (33, 75) മുന്നിൽനിന്നു പടനയിച്ച മത്സരത്തിൽ വ്‌ലാട്‌കോ ദ്രൊബറോവ് (39), റാഫേൽ മെസ്സി ബൗളി (45), സെയ്ത്യാസെൻ സിങ് (59) എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ബ്രസീലിയൻ താരം ബോബോയുടെ (14) വകയാണ് ഹൈദരാബാദിന്റെ ആശ്വാസഗോൾ. സീസണിൽ ആദ്യ മത്സരം ജയിച്ചശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്കു തിരികെയെത്തുന്നത്.

ഒരേയൊരു മലയാളി താരത്തെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ്, 5-1ന്റെ കൂറ്റൻ ജയത്തോടെ ഹൈദരാബാദിന്റെ തട്ടകത്തിൽ ഏറ്റ 2-1ന്റെ തോൽവിക്ക് പലിശസഹിതം കണക്കുതീർക്കുകയും ചെയ്തു. ഈ വിജയത്തോടെ 11 മത്സരങ്ങളിൽനിന്നും 11 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കും കയറി. അതേസമയം, ഹൈദരാബാദ് 11 മത്സരങ്ങളിൽനിന്നും അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു. ഇനി ഈ മാസം 12ന് പോയിന്റ് പട്ടികയിലെ മുമ്പന്മാരായ എടികെയ്‌ക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ആദ്യ ഗോൾ സ്വന്തം പോസ്റ്റിൽ ഏറ്റുവാങ്ങി ഞെട്ടലോടെയാണ് ബ്ലാസ്റ്റേഴ്‌സ് പുതുവർഷം തുടങ്ങിയതെങ്കിലും ആദ്യ പകുതിയിൽത്തന്നെ മൂന്നു ഗോളുകൾ തിരിച്ചടിച്ചതോടെ ഇടവേള ആവേശകരമായി. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ശേഷം രണ്ടു തവണകൂടി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടു. ഐഎസ്എൽ ചരിത്രത്തിൽത്തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വിജയമാണിതെന്നുള്ളത് ശ്രദ്ധേയമാണ്. മത്സരത്തിലെ അഞ്ചാം ഗോൾ കുറിച്ച ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ, ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആകെ ഗോൾനേട്ടം സെഞ്ചുറിയിലെത്തിച്ചതിന്റെ സന്തോഷം വേറെ. ടീം അസാമാന്യ മികവു കാട്ടിയതോടെ മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് പരിശീലകൻ എൽകോ ഷാട്ടോരി ആദ്യ മാറ്റം വരുത്തിയത്. 5-1ന്റെ കൂറ്റൻ ലീഡ് സ്വന്തമായതോടെ അവസാന 10 മിനിറ്റിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പ്രശാന്ത് തുടങ്ങിയവരെ കളത്തിലിറക്കി അദ്ദേഹം ഗാലറിയിൽ ഓളം സൃഷ്ടിച്ചു.

മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ ആദ്യ ഇലവനെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഷട്ടോരി ഇതാണ് തന്റെ ടീമെന്ന് അടിവരയിട്ടു. നാലാം മിനിറ്റിൽ മെസിയെ ഫൗൾ ചെയ്തതിന് റഫറി വിധിച്ച ഫ്രീകിക്ക് മികച്ച ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരമായിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. പത്താം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണറിന്റെ രൂപത്തിൽ വീണ്ടും അവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും അതും വിഫലമായി. എന്നാൽ 14-ാം മിനിറ്റിൽ ബ്രസീൽ താരം ഡെയ്വിസൺ ഡസിൽവയുടെ ഗോളിൽ ഹൈദരാബാദ് അക്കൗണ്ട് തുറന്നു.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡസിൽവ തന്നെ തുടങ്ങിവച്ച മുന്നേറ്റം നായകൻ മാഴ്‌സലോയുടെ അസിസ്റ്റിൽ താരം ഗോളാക്കുകായിരുന്നു. പിന്നീട് ഒപ്പമെത്താനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ. ആളനക്കം പൊതുവെ കുറഞ്ഞ ഗാലറിയിൽ ആവേശത്തിരയിളക്കം സമ്മാനിച്ച് ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടുമ്പോൾ മത്സരത്തിനു പ്രായം 33 മിനിറ്റ്. പരുക്കിൽനിന്ന് മുക്തനായി ബ്ലാസ്റ്റേഴ്‌സ് നിരയിലേക്കു തിരിച്ചെത്തിയ ഡച്ച് താരം ജിയാനി സൂയ്വർലൂണിന്റെ ദീർഘവീക്ഷണവും ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെയുടെ ഫിനിഷിങ് പാടവവും സമ്മേളിച്ച ഈ ഗോൾ ലോകോത്തരം. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഹൈദരാബാദ് നടത്തിയ മുന്നേറ്റത്തിന്റെ മുനയൊടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ടർ അറ്റാക്ക്.

അടുത്ത ആറ് മിനിറ്റിൽ തന്നെ ലീഡെടുക്കാനും ബ്ലാസ്റ്റേഴ്‌സിനായി. 39-ാം മിനിറ്റിൽ ലഭിച്ച കോർണർ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിലെത്തിച്ചു. സെയ്ത്യസെൻ സിങ്ങിന്റെ അസിസ്റ്റിൽ പ്രതിരോധ താരം വ്‌ലാറ്റ്‌കോ ഡ്രൊബാരോയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ. ഇത്തവണ സൂപ്പർ താരം മെസിയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ കണ്ടെത്തിയത്. നർസാരിയുടെ അസിസ്റ്റിലായിരുന്നു മെഡി ഹൈദരാബാദ് വല ചലിപ്പിച്ചത്.

രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്താനുള്ള ശ്രമങ്ങൾ തുടർന്നു. 54-ാം മിനിറ്റിൽ ലഭിച്ച കോർണർ ഗോളെന്നുറപ്പിച്ചെങ്കിലും ബോക്‌സിനകത്തെ കൂട്ടപിരിച്ചലിൽ ശ്രമം വിഫലമായി. എന്നാൽ അഞ്ച് മിനിറ്റിനകം സെയ്ത്യസെൻ സിങ് അതിന് പരിഹാരം കണ്ടു. മൈതാനത്തിന്റെ കപകുതിയിൽ നിന്ന് പന്തുമായി കുതിച്ച സെയ്ത്യസെൻ സിങ് നാലാമതും ഹൈദരാബാദ് വല കുലുക്കി.


പിന്നെയും പബ്ലാസ്റ്റേഴ്‌സിന്റെ ഗോൾദാഹത്തിന് ശമനമുണ്ടായില്ല. നിരന്തരം ഹൈദരാബാദ് പ്രതിരോധം പരീക്ഷിക്കപ്പെട്ടു. 75-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം ഗോളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. നായകൻ ഓഗ്ബച്ചെയുടെ വകയായിരുന്നു അഞ്ചാം ഗോൾ. ബോക്‌സിനുള്ളിലേക്ക് മെസി നടത്തിയ കുതിപ്പ് ഓഗ്ബച്ചെ ഗോളാക്കുകയായിരുന്നു. ഗോൾ മടക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം വരെ ഹൈദരാബാദ് തുടർന്നു. 87-ാം മിനിറ്റിൽ നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്‌സ് പ്രതിരേധം തകർത്തത് മത്സരത്തിലെ ഗോളുകളേക്കാൾ മനോഹരമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP