Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202330Tuesday

മോഹകിരീടം നഷ്ടമെങ്കിലും തലയുയർത്തി കൊമ്പന്മാർ; കളി ജയിക്കാൻ 'മാന്യത' മറന്ന ഛേത്രി വില്ലനോ നായകനോ? റഫറീയിങ് പിഴച്ചപ്പോൾ തല ഉയർത്തി മടങ്ങിയ ഇവാൻ മഞ്ഞപ്പടയുടെ ഹീറോ? മുത്തയ്യക്കായി കലഹിച്ച രണതുംഗയെ ഓർത്ത് ആരാധകർ; കൊച്ചിയിൽ മഞ്ഞ റോസാപ്പൂക്കൾ നൽകി മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ; ബ്ലാസ്റ്റേഴ്സിന് ഇനി എന്തുസംഭവിക്കും?

മോഹകിരീടം നഷ്ടമെങ്കിലും തലയുയർത്തി കൊമ്പന്മാർ; കളി ജയിക്കാൻ 'മാന്യത' മറന്ന ഛേത്രി വില്ലനോ നായകനോ? റഫറീയിങ് പിഴച്ചപ്പോൾ തല ഉയർത്തി മടങ്ങിയ ഇവാൻ മഞ്ഞപ്പടയുടെ ഹീറോ? മുത്തയ്യക്കായി കലഹിച്ച രണതുംഗയെ ഓർത്ത് ആരാധകർ; കൊച്ചിയിൽ മഞ്ഞ റോസാപ്പൂക്കൾ നൽകി മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ; ബ്ലാസ്റ്റേഴ്സിന് ഇനി എന്തുസംഭവിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ബെംഗുളുരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് മത്സരം ബഹിഷ്‌ക്കരിച്ചത് ചർച്ചയാക്കി ഇന്ത്യൻ ഫുട്ബോൾ ലോകം. ഈ ബഹിഷ്‌ക്കരണത്തിൽ ക്ലബിനെയും മുഖ്യപരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെയും പിന്തുണച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ രംഗത്ത് വന്നിരുന്നു. അതേ സമയം പരിശീലകന്റെ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായാണ് മുൻ താരങ്ങൾ പങ്കുവയ്ക്കുന്നത്.കൊമ്പന്മാർക്ക് ലീഗിന്റെ സെമിഫൈനലിലേക്കുള്ള കടമ്പയായ ബെംഗളൂരു എഫ്‌സിയുമായുള്ള നിർണായക മത്സരം അധിക സമയത്തേക്ക് പ്രവേശിച്ചപ്പോഴായിരുന്നു വിവാദ ഗോൾ പിറന്നത്. 97 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിലെത്തിച്ചതാണ് വിവാദത്തിന് വഴിവച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട ചേത്രി ഞൊടിയിടയിൽ പന്ത് വലയിലെത്തിക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. പിന്നാലെയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിച്ചത്. താരങ്ങൾ മൈതാനം വിടുകയും ചെയ്തു.ഛേത്രിയെ ഫൗൾ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചപ്പോൾ ക്വിക്ക് കിക്കിലൂടെ പന്ത് വലയിലാക്കുകയാണ് താരം ചെയ്തത്. കിക്ക് തടുക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധക്കോട്ട കെട്ടാൻ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തിൽ പന്ത് ചിപ് ചെയ്ത് വലയിലിടുകയായിരുന്നു ബെംഗളൂരു താരം. മാച്ച് കമീഷണർ റഫറിയുമായി നടത്തിയ ചർച്ചക്കുശേഷം ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ സുനിൽ ഛേത്രിയെയും റഫറിയെയും വിമർശിച്ചും വുകോമനോവിച്ചിന്റെ തീരുമാനത്തെ അഭിനന്ദിച്ചും ആരാധകർ സമൂഹമാധ്യമങ്ങളിൽ സജീവമായി.ഗാലറിയിലും പ്രതിഷേധം, 'വില്ലനായി' ഛേത്രി

ഇന്ത്യൻ സൂപ്പർലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാകുന്നതിനു മുമ്പ് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നത്. മിനിറ്റുകൾ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിലാണ് ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു.

ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ സുനിൽ ഛേത്രിയിൽ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ലജ്ജിക്കുന്നുവെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് ഛേത്രിയുടെ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതുല്യനായ താരമായിട്ടും സുനിൽ ഛേത്രി ഇത്തരമൊരു ഗോൾ നേടിയത് ശരിയായില്ലെന്നും വിമർശനമുയർന്നു. എന്നാൽ താൻ റഫറിയോട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു എന്ന ഛേത്രിയുടെ വാക്കുകൾ പിടിച്ചായി മറുവാദം. ടീമുകളുടെ ട്വിറ്റർ ഹാൻഡിലുകളിലും വാക്പോര് നടന്നു.

എപ്പോഴാണു റഫറി വിസിൽ മുഴക്കിയതെന്നും പ്രതിരോധ മതിലിനു ദൂരം അടയാളപ്പെടുത്തിയതെന്നും കണ്ടുപിടിക്കാൻ ഇപ്പോഴും ശ്രമിക്കുകയാണെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റ്. ബെംഗളൂരു അതിനു മറുപടി നൽകിയത് ഇങ്ങനെഇതിനെ ക്വിക്ക് ഫ്രീകിക്ക് എന്നു പറയും സുഹൃത്തുക്കളേ. മടക്കയാത്ര സുരക്ഷിതമായിരിക്കട്ടെ. അതേസമയം ഒരു മണിക്കൂറിനുള്ളിൽ തന്നെ മത്സരഫലം അംഗീകരിച്ചതായി ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കൗതുകകരമായി.

ന്യായികരിച്ച് ഛേത്രി

വിവാദ ഗോളിനെ ന്യായീകരിച്ച് ബെംഗളൂരു എഫ്‌സി താരം സുനിൽ ഛേത്രി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫ്രീകിക്ക് എടുക്കുന്നതിനു വിസിൽ മുഴക്കുന്നതിന്റെയോ പ്രതിരോധമതിൽ ഒരുക്കുന്നതിന്റെയോ ആവശ്യമില്ലെന്നു റഫറി ക്രിസ്റ്റൽ ജോൺ പറഞ്ഞതായി ഛേത്രി അവകാശപ്പെട്ടു.

''കിക്കെടുക്കാൻ വിസിൽ മുഴക്കുന്നതിന്റെയോ പ്രതിരോധമതിൽ ഒരുക്കുന്നതിന്റെയോ ആവശ്യമില്ലെന്നു റഫറി ക്രിസ്റ്റൽ ജോൺ പറഞ്ഞു. ഉറപ്പാണോയെന്നു ഞാൻ അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തു. യെസ് എന്നായിരുന്നു വീണ്ടും റഫറിയുടെ മറുപടി. ലൂണയും ഇതു കേട്ടുവെന്നാണു ഞാൻ കരുതുന്നത്.അതുകൊണ്ടാണു ലൂണ ഒരു വട്ടം എന്റെ ഷോട്ട് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചത്.'' ഛേത്രി പറഞ്ഞു. മത്സരം തീരും മുൻപേ ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത് ശരിയായ നടപടിയാണെന്നു കരുതുന്നില്ലെന്നും ഛേത്രി പറഞ്ഞു.

ഫുട്‌ബോൾ മത്സരത്തിൽ, പെട്ടെന്നുള്ള പുനരാരംഭിക്കൽ (ക്വിക് സ്റ്റാർട്ട്) അനുവദനീയമാണെന്ന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ റഫറീസ് കമ്മിറ്റി ചെയർമാൻ മൈക്കിൾ ആൻഡ്രൂസ് പറഞ്ഞു. ''അതു വഴി പിറന്ന ഗോൾ അംഗീകരിക്കാനും റഫറിക്കു സാധിക്കും. കിക്ക് എടുക്കുന്ന സമയത്ത് എതിർ ടീം അംഗങ്ങൾ 10 യാർഡ് (9.15 മീറ്റർ) അകലത്തിൽ നിൽക്കണമെന്ന് കിക്ക് എടുക്കുന്ന ടീമിന് ആവശ്യപ്പെടാം.

അങ്ങനെ ആവശ്യപ്പെട്ടാൽ റഫറിയുടെ വിസിൽ കേട്ട ശേഷമേ പിന്നീട് കളി തുടരാൻ സാധിക്കൂ. ഇവിടെ സുനിൽ ഛേത്രി കിക്കെടുക്കുമ്പോൾ അഡ്രിയൻ ലൂണ തൊട്ടടുത്ത് ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പിന്നിലേക്കു മാറ്റാൻ റഫറിയോട് ബെംഗളൂരു ആവശ്യപ്പെട്ടില്ല. അതിനാൽ അവർക്ക് ക്വിക് സ്റ്റാർട്ട് വഴി കളി തുടരാൻ സാധിക്കും. ആ കിക്ക് ഗോൾ ആയതോടെ റഫറി അനുവദിക്കുകയായിരുന്നു.'' മൈക്കിൾ ആൻഡ്രൂസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിക്ക് സാധ്യത

മത്സരത്തിനിടയിൽ പ്രതിഷേധം ഉയർത്തി മൈതാനം വിട്ടതോടെ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിക്ക് സാധ്യത കൂടുതലാണ്. സംഭവത്തെ കുറിച്ച് മാച്ച് കമീഷണർ നൽകുന്ന റിപ്പോർട്ടും ബ്ലാസ്റ്റേഴ്‌സ് നൽകുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കുക. ഫുട്ബോൾ ചട്ടപ്രകാരം കനത്ത നടപടി ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു സീസണിലെ വിലക്കിനു വരെ സാധ്യതയുണ്ട്. അല്ലെങ്കിൽ കനത്ത തുക പിഴ ചുമത്തിയേക്കാം. ബ്ലാസ്റ്റേഴ്സിന്റെ പരാതിയിൽ മത്സരം വീണ്ടും നടത്താനുള്ള സാധ്യത വിരളമാണ്. വുകോമാനോവിചിന്റെ നടപടിയെ വിമർശിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. മത്സരത്തിൽ 25 മിനിറ്റിലധികം സമയം ഇനിയും ബാക്കിയുണ്ടായിരിക്കെ, താരങ്ങളെ തിരിച്ചുവിളിച്ചത് ശരിയല്ലെന്നാണ് ഈ പക്ഷക്കാരുടെ വാദം.

മത്സരം തുടർന്നും കളിക്കണമെന്നും പിന്നീട് പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിക്കാമായിരുന്നുമെന്നാണ് ഇവർ പറയുന്നത്. റഫറിയുടെ നിർദ്ദേശം വരുന്നതിനും താരങ്ങൾ തയ്യാറെടുക്കുന്നതിനും മുമ്പേ കിക്കെടുത്തെന്നാണ് ബ്ലാസ്റ്റേഴ്സ് വാദം. എന്നാൽ, ക്വിക്ക് റീ സ്റ്റാർട്ടിൽ കളി വീണ്ടും ആരംഭിച്ചെന്നാണ് ബംഗളൂരുവിന്റെ വാദം. ഫൗൾ സംഭവിച്ച് നിമിഷനേരത്തിനുള്ളിൽ കളി പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാർട്ട് എന്ന് പറയുന്നത്.

ഇത്തരത്തിൽ മത്സരം വീണ്ടും തുടങ്ങാൻ റഫറി വിസിൽ അടിക്കേണ്ടതില്ല. പക്ഷേ ഈ മത്സരത്തിൽ ഫൗൾ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾ വരുന്നത്. ആ സമയത്ത് ഗോൾകീപ്പർ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നതെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചത്. ക്വിക്ക് റീസ്റ്റാർട്ടിലാണ് ഗോൾ അനുവദിച്ചത് എന്ന പോയിന്റിൽ ഊന്നി മാച്ച് കമീഷണർ റിപ്പോർട്ട് നൽകിയാൽ, അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന വിഡിയോ ബ്ലാസ്റ്റേഴ്‌സിനും ഹാജരാക്കേണ്ടി വരും.എന്തായാലും അന്തിമ വാക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റേതായിരിക്കും.

വാർ ഇല്ല, ഐഎസ്എല്ലിലെ മോശം റഫറീയിങ് എയറിൽ

ലോകഫുട്‌ബോളിനോളം ഉയരാൻ മോഹിച്ച് ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യൻ ഫുട്‌ബോൾ ലോകം നെഞ്ചേറ്റിയിട്ടും നമ്മൾ എങ്ങും എത്തിയില്ല എന്നതിന്റെ തെളിവാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുറത്താകലിന് വഴിവച്ച നാടകീയ സംഭവങ്ങൾ. റഫറീയിങ്ങനെ കുറിച്ച് എണ്ണിയാലൊടുങ്ങാത്തത്ര പരാതി കേട്ട ഫുട്‌ബോൾ ലീഗാണ് ഐഎസ്എൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കകാലം മുതൽ മോശം റഫറീയിങ് രൂക്ഷ വിമർശനം നേരിടുന്നു.

എന്നിട്ടും പുത്തൻ സാങ്കേതിക വിദ്യകൾ ഐഎസ്എല്ലിൽ പരീക്ഷിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വിദേശ ലീഗുകളെല്ലാം ഓരോ ദിവസവും സാങ്കേതിക വിദ്യയുടെ കാര്യത്തിൽ അപ്‌ഡേറ്റാവുമ്പോൾ ഇവിടെ എല്ലാം പഴയപടിയാണ്. ഓഫ്‌സൈഡ് ചെക്ക് ചെയ്യാൻ പോലും മതിയായ സൗകര്യങ്ങളില്ല. ഇതിന്റെയൊക്കെ പോരായ്മയാണ് ഐഎസ്എൽ നോക്കൗട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിൽ കണ്ടതും.

ഇതോടെ ഒരിക്കൽക്കൂടി ഐഎസ്എല്ലിലെ മോശം റഫറീയിങ് എയറിലായി. ഐഎസ്എല്ലിലെ റഫറിമാരുടെ നിലവാരം ചോദ്യം ചെയ്ത് വീണ്ടും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. വിദേശ രാജ്യങ്ങളിലെ ഫുട്‌ബോൾ ലീഗുകളിൽ റഫറിയെ സഹായിക്കാൻ വാർ ഉപയോഗിക്കുമ്പോൾ ഇന്ത്യയിൽ മൊബൈൽ ഫോണിന്റെ സഹായം തേടുകയാണ് എന്നാണ് രൂക്ഷ പരിഹാസം.

ബെംഗളൂരു-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ സുനിൽ ഛേത്രിയുടെ ഗോൾ വൻ വിവാദമായപ്പോൾ സ്ഥിതി വിലയിരുത്താൻ മാച്ച് കമ്മീഷണർ മൈതാനത്തെത്തിയിരുന്നു. ഫീൽഡ് റഫറിയുമായി ഏറെനേരെ ഇദേഹം സംസാരിക്കുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാനായി. എന്നാൽ ഇതിനിടെ അദേഹം ആരെയോ മൊബൈലിൽ ഫോൺ വിളിക്കുന്നത് കാണാമായിരുന്നു. ഇതോടെയാണ് ട്രോളുമായി ആരാധകർ രംഗത്തെത്തിയത്. 'അവിടെ വാർ എങ്കിൽ ഇവിടെ മൊബൈൽ' എന്നാണ് പരിഹാസം. ഈ ട്രോൾ ഇതിനകം വൈറലായിക്കഴിഞ്ഞു.

ഇവാനെ പിന്തുണച്ച് പ്രമുഖർ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെ പിന്തുണയ്ക്കുന്നതായി ഒഡിഷ എഫ്‌സിയുടെ ഉടമ രോഹൻ ശർമ്മ ട്വീറ്റ് ചെയ്തു. ആ ഗോൾ നിലനിൽക്കുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ധീരമായ തീരുമാനം ഇന്ത്യൻ ഫുട്ബോളിൽ വളരെക്കാലം ചോദ്യം ചെയ്യപ്പെടും എന്നാണ് ചെന്നൈയിൻ എഫ്‌സിയുടെ ഫുട്ബോൾ ഓപ്പറേഷൻ തലവൻ പ്രഥം ബസു ട്വീറ്റ് ചെയ്തു. ക്ലബ്ബുകൾക്ക് മാച്ച് ഒഫീഷ്യലുകളിൽ വിശ്വാസം നഷ്ടപെടുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

      View this post on Instagram

A post shared by Manjappada (@kbfc_manjappada)

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം അൽവാരോ വാസ്‌കസ് ഇവാന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. 2012 ൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടയിൽ കളിക്കളം വിട്ട മോഹൻ ബഗാന് രണ്ട് വർഷത്തെ സസ്പെൻഷൻ വിധിച്ചിരുന്നു. തുടർന്ന്, സസ്പെൻഷൻ നേരിടുന്നതിന് പകരം രണ്ട് കോടി രൂപ പിഴ നൽകിയാണ് മോഹൻ ബഗാൻ രക്ഷപ്പെട്ടത്.

ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനെക്കുറിച്ച് ഓർക്കുമ്പോൾ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. ഇവാൻ കൈക്കൊണ്ട തീരുമാനത്തിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി സംഭവിച്ചു. ഒരുപക്ഷേ മഞ്ഞപ്പടയ്ക്ക് വലിയ ശിക്ഷയും ലഭിച്ചേക്കാം. എങ്കിലും ഇവാനെയും ബ്ലാസ്റ്റേഴ്‌സിനെയും നിരുപാധികം പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനമെന്ന് കായിക എഴുത്തുകാരനായ സന്ദീപ് ദാസ് തുറന്നു പറയുന്നു. ഫേസ്‌ബുക്ക് കുറില്ലിലൂടെയാണ് തന്റെ അഭിപ്രായം സന്ദീപ് ദാസ് പങ്കുവയ്ക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗം

ഇവാൻ ചെയ്തത് എന്താണ്

നമ്മുടെ കോച്ച് നെറികേടിനെതിരെ പ്രതിഷേധിച്ചു. അന്തസ്സോടെ നിലപാട് ഉയർത്തിപ്പിടിച്ചു. ആത്മാഭിമാനം സംരക്ഷിച്ചു. ഈ വക കാര്യങ്ങളെല്ലാം ഒരു കളിയുടെ റിസൽട്ടിനേക്കാൾ വലുതാണ്. അതുകൊണ്ട് ഇവാൻ പ്രശംസ അർഹിക്കുന്നു. സുനിൽ ഛേത്രി ഫ്രീകിക്ക് പായിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ ഒട്ടും തന്നെ തയ്യാറെടുത്തിരുന്നില്ല. ഗോൾകീപ്പർ ശരിയായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഛേത്രി ആ അവസരം മുതലെടുത്ത് വല കുലുക്കി. തന്റെ ഗോളിനെക്കുറിച്ചുള്ള സാങ്കേതികമായ ന്യായീകരണങ്ങൾ ഛേത്രിക്ക് നിരത്താവുന്നതാണ്. അദ്ദേഹത്തിന് ക്വിക് ഫ്രീ കിക്കിനെക്കുറിച്ച് വാചാലനാകാം. റഫറിയുടെ സമ്മതം ചോദിച്ചിട്ടാണ് കിക്ക് എടുത്തത് എന്ന് വാദിക്കാം. പക്ഷേ ആ ഗോളിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

പണ്ട് ക്രിക്കറ്റിൽ ഓസ്‌ട്രേലിയ ന്യൂസിലാൻഡിനെതിരെ അണ്ടർ ആം ബോളിങ്ങിലൂടെ ടൂർണ്ണമെന്റ് ജയിച്ചിട്ടുണ്ട്. അക്കാലത്ത് അണ്ടർ ആം ബോളിങ്ങ് ക്രിക്കറ്റിൽ നിയമവിധേയമായിരുന്നു. ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി കളി ജയിച്ചു. പക്ഷേ ഗ്രെഗ് ചാപ്പലിന്റെ സഹോദരനായ ഇയാൻ ചാപ്പൽ പോലും ആ വിജയത്തെ തള്ളിപ്പറയുകയാണ് ചെയ്തത്! കാരണമെന്താണ് കളിയിൽ സ്പോർട്സ്മാൻ സ്പിരിറ്റ് അത്രയേറെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയിൽ ഫുട്‌ബോളിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് സുനിൽ ഛേത്രി പലതവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രി നേടിയ ഗോൾ ഒരു നല്ല മാതൃകയാണോ ഇത്തരം നീക്കങ്ങൾ ഇന്ത്യൻ ഫുട്‌ബോളിനെ തളർത്തുകയല്ലേ ചെയ്യുക കളി ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം അപക്വമായി എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരക്കാർ ഒരു കാര്യം മനസ്സിലാക്കണം. സ്‌പോർട്‌സിൽ ആനന്ദത്തിനുമാത്രമല്ല, പ്രതിഷേധത്തിനും ഇടമുണ്ട്. വർണ്ണവെറിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വലൻസിയ, ജർമ്മനി മുതലായ ടീമുകൾ ഫുട്‌ബോൾ മൈതാനത്തിൽനിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സ്വന്തം മോഹൻ ബഗാൻ പോലും പണ്ട് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. അർജ്ജുന രണതുംഗ എന്ന ക്യാപ്റ്റൻ അധികാരികളോട് കലഹിച്ചതുമൂലമാണ് മുത്തയ്യ മുരളീധരൻ ഇതിഹാസതുല്യനായ ബോളറായി മാറിയത്. അമ്പയർക്കെതിരെ പ്രതിഷേധിക്കുന്ന ടെന്നീസ് താരങ്ങളെയും നമുക്ക് പരിചയമുണ്ട്. അമേരിക്കയിൽ ജോർജ്ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കക്കാരൻ കൊല്ലപ്പെട്ടപ്പോൾ കായികലോകം കണ്ണുനീർ പൊഴിച്ചിരുന്നു. കളി തുടങ്ങുന്നതിനുമുമ്പ് മുട്ടുകുത്തി നിന്ന് കറുത്ത വർഗ്ഗക്കാരോട് ഐക്യപ്പെടുന്ന സ്പോർട്സ് താരങ്ങളെ നാം പതിവായി കാണുന്നതല്ലേ ഈ സാഹചര്യത്തിൽ എന്തിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണത്തെ എതിർക്കുന്നത്

ഇവാനെ വിമർശിച്ചും പ്രമുഖർ

താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തോട് യോജിക്കാനാകില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരവും സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായ യു.ഷറഫലി പ്രതികരിച്ചത്. ടീമിനെ പിൻവലിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും മാന്യമായ നടപടിയല്ലെന്നും ഷറഫലി വ്യക്തമാക്കി.

ഇക്കാലത്ത്, അവർക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താൻ നിരവധി വഴികളും മാർഗങ്ങളും ഉണ്ട്. റഫറിയുടെ തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് മാച്ച് കമ്മീഷണറോട് പരാതിപ്പെടാം അല്ലെങ്കിൽ സംഘാടകർക്ക് അപ്പീൽ സമർപ്പിക്കാം. എന്നാൽ ഗ്രൗണ്ടിൽ നിന്ന് ടീമിനെ പിൻവലിക്കുന്നത് ശരിയല്ല' ഷറഫലി കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സ് കളിയുടെ അവസാന 24 മിനിറ്റിൽ ഗ്രൗണ്ടിൽ നിന്ന് തിരിച്ചുപോരാൻ പാടില്ലായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം ഐ എം വിജയൻ പറയുന്നത്. അതൊരു തെറ്റാണ്. നമ്മൾ കളിച്ചിരുന്നെങ്കിൽ ഗോളടിക്കാനുള്ള സമയമുണ്ടായിരുന്നു. ഇത്രയും വലിയ എക്സ്പീരിയൻസുള്ള കോച്ച് ഒരിക്കലും ഗ്രൗണ്ടിൽ നിന്ന് തിരിച്ചുപോരാൻ പറയരുതായിരുന്നുവെന്നും ഐ എം വിജയൻ വിമർശിച്ചു.

ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തുപോയതിൽ ഭയങ്കര വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മൽ കളിക്കുന്നത് നമ്മുടെ ടീം ജയിക്കാൻ വേണ്ടിയാണ്. സുനിൽ ഛേത്രി അടിച്ചു അത് ഗോളായി. എന്തിന് അടിക്കുന്നതിന് മുമ്പെ അടിച്ചുവെന്ന് ചോദിച്ച് റഫറിക്ക് യെല്ലോ കാർഡ് കൊടുക്കാം. റഫറിയുടെ തീരുമാനം അന്തിമ തീരുമാനമാണ്. റഫറി അത് ഗോൾ വിളിക്കുകയായിരുന്നു. ഇന്നലെ നടന്നത് നാടകീയ മത്സരമായിരുന്നുവെന്നും ഐ എം വിജയൻ കുറ്റപ്പെടുത്തി.

'സുനിൽ ഛേത്രി ആ ഫ്രീ കിക്ക് എടുത്തതിൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. അവന്റെ എക്സ്പീരിയൻസ് ആണ് പുറത്തെടുത്തത്. അവന്റെ ഇത്രയും കൊല്ലമുള്ള ഗോളടിച്ചുള്ള എക്സ്പീരിയൻസ് ആണ് അവിടെ കാണിച്ചത്. ഞാനാണ് അവിടെ കളിക്കുന്നതെങ്കിൽ ഗ്യാപ് കിട്ടിയാൽ ഞാനും അങ്ങനെ ഗോളടിക്കും,' ഐ എം വിജയൻ പറഞ്ഞു.

അതേ സമയം ഛേത്രി നേടിയ ഗോൾ നിയമപരമാണെങ്കിലും അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരു കളിക്കാരൻ അത്തരത്തിലുള്ള മാർഗത്തിലൂടെ ഒരു മത്സരം ജയിക്കാൻ പാടില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായാണ് ഛേത്രിയെ കണക്കാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മാന്യമല്ലാത്ത പെരുമാറ്റമായിരുന്നുവെന്നും മഞ്ഞില പറഞ്ഞു.

ബ്ലാസ്റ്റേഴസ് പരിശീലകൻ ആ സാഹചര്യത്തിന്റെ ചൂടിൽ തന്റെ കളിക്കാരെ തിരിച്ചുവിളിച്ചിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ റഫറിയിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചിന്തിക്കാൻ ഐഎസ്എൽ അധികൃതരെ പ്രേരിപ്പിച്ചാൽ, അത് നല്ല കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊമ്പന്റെ 'പാപ്പാൻ' ചില്ലറക്കാരനല്ല

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചരിത്രത്തിൽ അപൂർവ റെക്കോർഡുകൾ കുറിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. ക്ലബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിന്റെ പരിശീലകനായിരിക്കുക എന്ന റെക്കോർഡ് ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ഇവാൻ വുകോമനോവിച്ച് കുറിച്ചിരുന്നു. ഇംഗ്ലീഷ് മുൻ ഗോളി ആയിരുന്ന ഡേവിഡ് ജയിംസ് 41 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നു. ഈ റെക്കോർഡ് ആണ് ഇവാൻ വുകോമനോവിച്ച് 2022 - 2023 സീസണിൽ മറികടന്നത്.

2021 - 2022 സീസണിനു മുന്നോടി ആയാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകനായി എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ആദ്യ സീസണിൽ തന്നെ ഫൈനലിൽ എത്തിക്കാൻ ഇവാൻ വുകോമനോവിച്ചിനു സാധിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ ഏറ്റവും കൂടുതൽ ജയത്തിൽ എത്തിച്ചതിന്റെ റെക്കോർഡും ഏറ്റവും കൂടുതൽ വിജയ ശതമാനവും ഇവാൻ വുകോമനോവിച്ചിന്റെ പേരിലാണ്.

മുൻ സെർബിയൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ഇവാൻ വുകോമനോവിച്ച് 2022 ഏപ്രിൽ നാലിന് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുമായി കരാറിൽ ഒപ്പുവച്ചത്. 2025 വരെ കരാർ ദീർഘിപ്പിച്ചിരുന്നു. ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടില്ലെന്ന് ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 2025 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി തനിക്ക് കരാർ ഉണ്ടെന്ന് ഇവാൻ വുകോമനോവിച്ചും നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്പാനിഷ് പരിശീലകനായിരുന്ന കിബു വികുനയെ മോശം പ്രകടനത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയതിന് പിന്നാലെയാണ് വുകോമനോവിച്ചിനെ പരിശീലകനായി നിയമിച്ചത്. ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയായിരുന്നു വുകോമനോവിച്ച്. സൈപ്രസ് ക്ലബ്ബായ അപ്പോല്ലോൺ ലിമാസ്സോളിൽ നിന്നാണ് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്. 2013-14 സീസണിൽ ബെൽജിയൻ ക്ലബ്ബ് സ്റ്റാൻഡേർഡ് ലിഗയുടെ സഹ പരിശീലകനായിട്ടാണ് അദ്ദേഹം കോച്ചിങ് കരിയറിലേക്ക് വരുന്നത്. പിന്നീട് സ്ലൊവേക്യൻ ക്ലബായ സ്ലോവൻ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു. അപ്പോല്ലോൺ ലിമാസ്സോളിനെ പരിശീലിപ്പിക്കവെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള ഫകുണ്ടോ പെരേര അദ്ദേഹത്തിനു കീഴിൽ കളിച്ചിരുന്നു.

തുടർച്ചയായി രണ്ടു തവണ പ്ലേ ഓഫിൽ, ഒരു തവണ ഫൈനൽ

2021 - 2022 സീസണിൽ ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ മികച്ച പോയിന്റ് നേട്ടം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയിരുന്നു. 20 മത്സരങ്ങളിൽ ഒമ്പത് ജയം നേടാനേ സാധിച്ചുള്ളൂ എങ്കിലും ഏഴ് സമനില കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കി. നാല് മത്സരത്തിൽ മാത്രമായിരുന്നു തോറ്റത്. 34 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. പ്ലേ ഓഫ് പിന്നിട്ട് ഫൈനൽ ബർത്ത് ഉറപ്പിക്കാനും ബ്ലാസ്റ്റേഴ്സിനായി.

വീട്ടാനുള്ള കടങ്ങൾ കൂടിവന്നൊരു സമയമുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്. 59 വാര അകലെ നിന്ന് അത്ഭുത ഗോളടിച്ച് വാസ്‌ക്വസും ഗോൾമുഖത്ത് അപകടം വിതച്ച് ഡയസും വിശ്വസ്തരായി ലെസ്‌കോവിച്ചും ഹോർമിപാമുമെല്ലാം കളം പിടിച്ചപ്പോൾ കടങ്ങളൊന്നൊന്നായി വീട്ടി. കപ്പടിക്കുന്നതിന് അടുത്തെത്തി. പരിഹസിച്ചവരുടെ വായടപ്പിച്ച് എട്ടാം സീസൺ വുക്കൊമനോവിചിന്റെ സംഘം അടിപൊളിയാക്കി. ആരാധകരും എതിരാളികളും കൊമ്പന്മാരുടെ കുതിപ്പ് കണ്ട് അത്ഭുതപ്പെട്ടു.

എന്നാൽ നെഞ്ചിടിപ്പോടെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസൺ തുടങ്ങിയത്. ഡയസും വാസ്‌ക്വസും മഞ്ഞക്കുപ്പായം വിട്ടതോടെ പുതിയ താരങ്ങൾ മിന്നുമോയെന്ന ആശങ്ക. എന്നാൽ പത്ത് ഗോളടിച്ച് ദിമിത്രിയോസ് ആശങ്കകളെയെല്ലാം അകറ്റി. ഒരിക്കൽ കൂടി വുക്കൊമനോവിച്ചിന്റെ തോളിലേറി ബ്ലാസ്റ്റേഴ്‌സ്. ചരിത്രമെഴുതി തുടരെ രണ്ടാം വട്ടം പ്ലേഓഫിൽ.

2022 - 2023 സീസണിൽ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫിനിഷ് ചെയ്തത്. 20 മത്സരങ്ങളിൽ 10 ജയവും ഒമ്പത് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ നേടിയത് 31 പോയിന്റ്. 28 ഗോൾ അടിച്ചപ്പോൾ 28 ഗോൾ വഴങ്ങി. ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരിശീലിപ്പിക്കുന്ന രണ്ടാം സീസൺ ആയിരുന്നു ഇത്.

ഈസ്റ്റ് ബംഗാളിനെ 3-1ന് വീഴ്‌ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയത്. തുടരെ രണ്ടാം സീസണിലും മഞ്ഞപ്പടയുടെ എഞ്ചിൻ താനെന്ന് വ്യക്തമാക്കി ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ വലയിലാക്കി. ആദ്യ കളിയിൽ ഇരട്ട ഗോളോടെ വരവ് പ്രഖ്യാപിച്ച് കല്യൂഷ്‌നി. പക്ഷേ 5-2 എന്ന ദുരന്തമാണ് പിന്നാലെ കാത്തിരുന്നത്. എടികെ ഏൽപ്പിച്ച പ്രഹരത്തിന് പിന്നാലെ രണ്ട് കളികളിൽക്കൂടി തോൽവി. നിരാശയ്ക്ക് അധികം ആയുസുണ്ടായില്ല. തോൽവി തൊടാതെ തുടരെ എട്ട് കളികൾ. ചെന്നൈക്കെതിരെ സമനിലയൊഴിച്ചാൽ ഏഴ് കളിയിലും ജയം. തുടരെ രണ്ടാം വട്ടവും പ്ലേഓഫ് എന്ന ചരിത്ര നേട്ടത്തിലെത്താൻ ബ്ലാസ്റ്റേഴ്‌സിനെ തുണച്ചതും ഈ തേരോട്ടം തന്നെ.

തോൽവികളും ജയവും ഇടകലർന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ. കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ജയം വാരിക്കൂട്ടി. 10 ഹോം മത്സരങ്ങളിൽ ഏഴിലും മഞ്ഞപ്പടയോട്ടം. ജംഷഡ്പുരിനെതിരെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ടിക്കി-ടാക്ക ഗോളും പിറന്നു. 9 സെക്കന്റ്, നാല് കളിക്കാർ, ആറ് ടച്ചുകൾ... ലൂണയിൽ തുടങ്ങി സഹലിന്റെയും ഡയമന്റകോസിന്റെയും ജിയാനുവിന്റെയും കാലുകൾ തൊട്ട് തിരിച്ചുവന്ന പന്ത് ലൂണ തന്നെ വലയിലാക്കിയപ്പോൾ ഫുട്‌ബോൾ ലോകം കോരിത്തരിച്ചു. സീസണിലെ ഏറ്റവും മികച്ച ടീം ഗോൾ.

20 കളിയിൽ നിന്ന് 10 ഗോളടിച്ച ഡയമന്റകോസ് ആണ് ലീഗ് ഘട്ടം പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വേട്ടക്കാരൻ. മൂന്ന് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീൽഡ് ജനറലിന്റെ പേരിലാണ്. ആറെണ്ണം. നാല് വീതം ഗോളുകൾ വലയിലാക്കി ലൂണയും കല്യൂഷ്‌നിയും ഡയമന്റകോസിന് പിന്നിലുണ്ട്.

എന്നാൽ സീസൺ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തുടരെ നിരാശപ്പെടുത്തി. അവസാനം കളിച്ച അഞ്ച് കളിയിൽ നാലിലും തോൽവി. മൂർച്ചയോ കൃത്യതയോ ഇല്ലാത്ത നിക്കങ്ങൾ ആരാധകരെയും അലോസരപ്പെടുത്തി. തുടർതോൽവികളുടെ ക്ഷീണത്തിലാണ് പ്ലേഓഫിൽ ബെംഗളൂരുവിനെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അധിക സമയത്തേക്ക് നീണ്ടപ്പോഴും വീറോടെ പൊരുതിയ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് തകർത്താണ് ഛേത്രിയുടെ വിവാദ ഗോൾ പിറന്നതും ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ച് മൈതാനം വിട്ടതും.

മഞ്ഞ റോസാപൂക്കൾ നൽകി വരവേറ്റ് ആരാധകർ

കിരീട കുതിപ്പിനിടെ നാടകീയ പുറത്താകലും വിവാദങ്ങളും കത്തുന്നതിനിടെ കൊച്ചിയിൽ മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആവേശ്വോജ്വലമായ വരവേൽപ്പാണ് ആരാധകർ കൊച്ചിയിൽ ഒരുക്കിയത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു പരിശീലകൻ ഇവാൻ വുക്കുമാനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. പരിശീലകനെയും താരങ്ങളെയും സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരും വിമാനത്താവളത്തിലെത്തിയിരുന്നു.

മഞ്ഞ റോസാപൂക്കൾ നൽകിയാണ് ആരാധകർ ഇവാൻ വുക്കൊമാനോവിച്ചിനെ സ്വീകരിച്ചത്. ബെംഗളൂരു എഫ്‌സിയുടെ വിവാദ ഗോളിനെക്കുറിച്ച് ഇവാൻ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. നോക്കൗട്ട് മത്സരത്തിൽ 90 മിനിറ്റ് ഇരുടീമിനും ഗോളടിക്കാൻ കഴിയാതെ വന്നതോടെ എക്‌സ്ട്രാ ടൈമിലാണ് റഫറിയുടെ തീരുമാനവും അതിൽ പ്രതിഷേധിച്ചുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്കും ഉൾപ്പെടെയുള്ള സംഭവങ്ങൾ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലുണ്ടായത്.

മടക്കം തല ഉയർത്തി തന്നെ

മുൻപ് മൂന്ന് തവണയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയത്. മൂന്ന് വട്ടവും ഫൈനൽ കളിച്ചു. ഇത്തവണ നാടകീയമായ പുറത്താകൽ ആരാധകരെ ഞെട്ടിച്ചെങ്കിലും ഇവാൻ വുകോമനോവിച്ചിന്റെ തീരുമാനത്തിന് ഒപ്പമാണ് മഞ്ഞപ്പടയുടെ ആരാധകർ നിലയുറപ്പിച്ചത്. പ്ലേഓഫിൽ ശ്രീകണ്ഠീരവയിൽ ബെംഗളൂരുവിന്റെ 'ചതി തിരിച്ചറിയാൻ' മഞ്ഞപ്പട വൈകി. എങ്ങനെയും ജയിക്കുക എന്ന തന്ത്രം സ്പോർട്സ്മാൻ സ്പിരിറ്റ് കെടുത്തെന്ന് ബെംഗളുരു ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടാകും. വിവാദ ഗോൾ നൽകുന്ന വിജയത്തിന്റെ ആനുകൂല്യത്തിൽ ഇനി കപ്പടിച്ചാലും ബെംഗളൂരുവിന്റെ പ്രയാണത്തിലെ വിവാദച്ചുഴി മായ്ക്കാനാവില്ലല്ലോ.

മോഹിച്ച കിരീടം നഷ്ടപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് അഭിമാനത്തോടെയാണ് ബെംഗളുരുവിൽ നിന്നും മടങ്ങുന്നത്. കൊമ്പന്മാർക്ക് തലയെടുപ്പുള്ള, നെഞ്ചുറുപ്പുള്ള ഒരു 'പാപ്പാൻ' മുന്നിൽ നിന്നു നയിക്കാൻ ഉണ്ടെന്ന അഭിമാനത്തോടെ. മുഖ്യപരിശീലകനായി വുക്കൊമനോവിച് 2025 വരെ തുടരുമെന്നാണ് റിപ്പോർട്ട്. ക്ലബ് ചരിത്രത്തിൽ ആദ്യമായി മുഖ്യ പരിശീലകന്റെ കരാർ പുതുക്കുന്നതും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇത്തവണ കണ്ടു. തുടരെ രണ്ടാം സീസണിലും പ്ലേഓഫിലെത്തിയതിന്റെ ക്രെഡിറ്റ് ഈ കോച്ചിനല്ലാതെ മറ്റാർക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP