Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ട ഗോളുമായി സൂപ്പർ താരം ഹ്യൂഗോ ബോമു; ഓരോ ഗോൾ വീതം പേരിൽ കുറിച്ച് റോയ് കൃഷ്ണയും ലിസ്റ്റൺ കൊളാസോയും; ബ്ലാസ്റ്റേഴ്‌സിനെ ഉദ്ഘാടന മത്സരത്തിൽ കീഴടക്കി എടികെ മോഹൻ ബഗാൻ; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്

ഇരട്ട ഗോളുമായി സൂപ്പർ താരം ഹ്യൂഗോ ബോമു; ഓരോ ഗോൾ വീതം പേരിൽ കുറിച്ച് റോയ് കൃഷ്ണയും ലിസ്റ്റൺ കൊളാസോയും; ബ്ലാസ്റ്റേഴ്‌സിനെ ഉദ്ഘാടന മത്സരത്തിൽ കീഴടക്കി എടികെ മോഹൻ ബഗാൻ; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്

സ്പോർട്സ് ഡെസ്ക്

മഡ്ഗാവ്: പുതിയ പരിശീലകനും വിദേശ താരങ്ങളുമായി 'മുഖച്ഛായ' മാറ്റിയെത്തിയിട്ടും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം. ഐഎസ്എൽ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് എടികെയുടെ വിജയം.

ബഗാനായി ഹ്യൂഗോ ബൗമു ഇരട്ട ഗോൾ നേടിയപ്പോൾ റോയ് കൃഷ്ണയും ലിസ്റ്റൺ കൊളാസോയും ഓരോ ഗോൾ വീതം കണ്ടെത്തി. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മികവ് പാലിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ, ആക്രമണത്തിലെ കൃത്യതയാൽ എടികെ മോഹൻ ബഗാൻ മറികടക്കുകയായിരുന്നു.

2, 27 മിനിറ്റുകളിലായിരുന്നു ബോമുവിന്റെ ഗോളുകൾ. റോയ് കൃഷ്ണ (27, പെനൽറ്റി), ലിസ്റ്റൻ കൊളാസോ (50) എന്നിവരാണ് എടികെയുടെ മറ്റു ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോളുകൾ മലയാളി താരം സഹൽ അബ്ദുൽ സമദ് (24), അർജന്റീന താരം ഹോർഹെ പെരേര ഡയസ് ((69) എന്നിവർ നേടി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് 31ന് പിന്നിലായിരുന്നു.

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് എടികെ ലീഡ് നേടി. നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയിൽനിന്ന് കൊൽക്കത്ത സ്വന്തമാക്കിയ സൂപ്പർതാരം ഹ്യൂഗോ ബോമുവാണ് ആദ്യ ഗോൾ നേടിയത്. ലിസ്റ്റൺ കൊളോസോയിൽനിന്ന് ലഭിച്ച പന്ത് ബോക്‌സിനു വെളിയിൽവച്ച് ബോമു ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയർത്തിവിട്ടു. ഗോൾകീപ്പർ ആൽബിനോ ഗോമസ് പന്തിന് കണക്കാക്കി ഓടിയെത്തിയ റോയ് കൃഷ്ണയുടെ ഹെഡർ പ്രതീക്ഷിച്ചുനിൽക്കെ, പന്ത് ഒരിടത്തും തൊടാതെ നേർവഴിയിൽ വലയിൽ കയറി. സ്‌കോർ 1 - 0.

എടികെയുടെ അപകടകരമായ മുന്നേറ്റങ്ങൾക്കിടയിലും പന്തിലെ നിയന്ത്രണം വിടാതെ കാത്ത ബ്ലാസ്റ്റേഴ്‌സ് 24ാം മിനിറ്റിൽ തിരിച്ചടിച്ചു. പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ മലയാളി താരം കെ.പി. രാഹുലിനെ തടയാൻ എടികെ പ്രതിരോധത്തിന്റെ ശ്രമം. രാഹുലിന്റെ ഷോട്ട് പ്രതീക്ഷിച്ച് തടയാൻ നിരങ്ങിയെത്തിയ താരത്തെ കബളിപ്പിച്ച് പന്ത് നിയന്ത്രിച്ചുനിർത്തി രാഹുൽ ബോക്‌സിനു നടുവിൽ സഹലിനു മറിച്ചു. പന്ത് കാലിൽക്കൊരുത്ത് സഹൽ പായിച്ച ഷോട്ട് വലയിൽ കയറുമ്പോൾ എടികെ ഗോൾകീപ്പർ കാഴ്ചക്കാരനായി. സ്‌കോർ 11.

എന്നാൽ, ബ്ലാസ്റ്റേഴ്‌സിന്റെ ആഹ്ലാദത്തിന് മിനിറ്റുകളുടെ ആയുസ് മാത്രം. ഇത്തവണ എടികെയ്ക്കായി ലക്ഷ്യം കണ്ടത് അവരുടെ സൂപ്പർ സ്‌ട്രൈക്കർ റോയ് കൃഷ്ണ. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിൽ തുടർച്ചയായി അപകടം വിതച്ച റോയ് കൃഷ്ണയുടെ ഒരു മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ ഫൗൾ. റോയ് കൃഷ്ണ നിലത്തുവീണ ഉടൻ ഗോമസിന് റഫറി വക മഞ്ഞക്കാർഡും എടികെയ്ക്ക് പെനൽറ്റിയും. കിക്കെടുത്ത റോയ് കൃഷ്ണ ഗോമസിനെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു. സ്‌കോർ 2 - 1.

മത്സരം 40ാം മിനിറ്റിലേക്കു കടക്കും മുൻപേ എടികെ ലീഡ് വർധിപ്പിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ഹ്യൂഗോ ബോമു തന്നെ. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനു സമീപത്തുവച്ച് ലഭിച്ച പന്തുമായി ബോമുവിന്റെ മുന്നേറ്റം. തടയാനായി ഒപ്പം കൂടിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ കായികമികവിൽ പിന്തള്ളി ബോമുവിന്റെ ഷോട്ട്. തടയാനായി കാത്തുനിന്ന ഗോമസിന്റെ കാലിനടയിലൂടെ പന്ത് വലയിൽ. സ്‌കോർ 3 - 1. ഇതിനിടെ കെപി രാഹുൽ പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

രണ്ടാം പകുതിയിലും ബഗാൻ ആക്രമണം തുടർന്നു. അടുത്തത് ലിസ്റ്റൺ കൊളാസോയുടെ ഊഴമായിരുന്നു. ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ കാഴ്‌ച്ചക്കാരാക്കി റോയ് കൃഷ്ണയുടെ പാസിൽ ലിസ്റ്റൺ ലക്ഷ്യം കണ്ടു. സ്‌കോർ 4-1.

69-ാം മിനിറ്റിൽ ആശ്വാസമായി ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ തിരിച്ചടിച്ചു. ലൂണയുടെ പാസിൽ നിന്ന് ഡയസ് ലക്ഷ്യം കണ്ടു. കളി 4-2 എന്ന നിലയിലായി. പിന്നീട് ബ്ലാസ്റ്റേഴ്സ് പരാജയഭാരം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP