Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202226Wednesday

ഐ എസ് എല്ലിൽ പരാജയം അറിയാതെ കുതിപ്പ് തുടർന്ന് ജംഷഡ്പൂർ എഫ് സി; എടികെ മോഹൻ ബഗാനെ കീഴടക്കി രണ്ടാം സ്ഥാനത്ത്; ജയം, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ എടികെ അഞ്ചാം സ്ഥാനത്ത്

ഐ എസ് എല്ലിൽ പരാജയം അറിയാതെ കുതിപ്പ് തുടർന്ന് ജംഷഡ്പൂർ എഫ് സി; എടികെ മോഹൻ ബഗാനെ കീഴടക്കി രണ്ടാം സ്ഥാനത്ത്; ജയം, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ എടികെ അഞ്ചാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

ഫറ്റോർദ : ഐഎസ്എല്ലിൽ കരുത്തരായ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ജംഷഡ്പൂർ എഫ് സി അപരാജിത കുതിപ്പ് തുടരുന്നു. ആദ്യ പകുതിയിൽ സൈമിൻലെൻ ദംഗലിലൂടെ മുന്നിലെത്തിയ ജംഡ്പൂർ രണ്ടാം പകുതിയിൽ അലക്സിലൂടെ ലീഡുയർത്തി. കളി തീരാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ പ്രീതം കോട്ടാലിലൂടെയാണ് എടികെ ആശ്വാസ ഗോൾ കണ്ടെത്തിയത്.പുതിയ സീസണിൽ ഒരു മത്സരത്തിൽ പോലും ജംഷേദ്പുർ തോറ്റിട്ടില്ല.

നാലു കളികളിൽ രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയിൽ മുംബൈ സിറ്റി എഫ് സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും ജയത്തോടെ ജംഷഡ്പൂരിനായി. മറുവശത്ത് താരസമ്പന്നമായ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു.

മത്സരഫലം സൂചിപ്പിക്കുന്നതുപോലെ ഇരുപകുതികളിലും ജംഷഡ്പൂരിനായിരുന്നു ആധിപത്യം. നെരീജ്യൂസ് വാൽസ്‌കിസും ദംഗലും തോളോടുതോൾ ചേർന്ന് മുന്നേറ്റനിരയിൽ ആക്രമണങ്ങൾ കനപ്പിച്ചതോടെ എടികെ പ്രതിരോധം ആടിയുലഞ്ഞു. പതിമൂന്നാം മിനിറ്റിൽ മുന്നിലെത്താൻ ലഭിച്ച അർധാവസരം റോയ്് കൃഷ്ണ പാഴാക്കിയത് ബഗാന് തിരിച്ചടിയായി.

നാലാം മിനിറ്റിൽ തന്നെ ജംഷേദ്പുരിന്റെ എലി സാബിയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. 12-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ ശ്രമം വന്നത്. പന്തുമായി മുന്നേറിയ റോയ് കൃഷ്ണയുടെ ഷോട്ട് ജംഷേദ്പുർ സൈഡ് നെറ്റിൽ തട്ടി തെറിച്ചു.

34-ാം മിനിറ്റിൽ ജംഷേദ്പുരിന്റെ ഗ്രെഗ് സ്റ്റ്യൂവർട്ടിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ലോങ്ഷോട്ട് മികച്ച ഡൈവിലൂടെ മോഹൻ ബഗാൻ ഗോൾകീപ്പർ അമരീന്ദർ സിങ് തട്ടിയകറ്റി. എന്നാൽ മൂന്ന് മിനിറ്റുകൾക്ക് ശേഷം മോഹൻ ബഗാനെ ഞെട്ടിച്ചുകൊണ്ട് ജംഷേദ്പുർ മത്സരത്തിൽ ലീഡെടുത്തു.

37-ാം മിനിറ്റിൽ മിഡ്ഫീൽഡർ സെയ്മിൻലെൻ ദുംഗലാണ് ജംഷേദ്പുരിനുവേണ്ടി വലകുലുക്കിയത്. പന്തുമായി ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് കുതിച്ച ജിതേന്ദ്ര സിങ് നീട്ടി നൽകിയ പാസ് സ്വീകരിച്ച ദുംഗൽ തകർപ്പൻ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ പേരുകേട്ട മോഹൻ ബഗാൻ നിര പ്രതിരോധത്തിലായി.

42-ാം മിനിട്ടിൽ മോഹൻ ബഗാന് വേണ്ടി റോയ് കൃഷ്ണ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും എലി സാബിയയുടെ ഗോൾ ലൈനിൽ നിന്നുള്ള രക്ഷപ്പെടുത്തൽ ജംഷേദ്പുരിന് തുണയായി. റോയ് കൃഷ്ണുടെ ഷോട്ട് മലയാളി ഗോൾകീപ്പർ രഹനേഷിനെ മറികടന്ന് ഗോൾ വര മുറിച്ച് കടക്കുന്ന സമയത്ത് ഓടിവനംന സാബിയ ഗോൾ ലൈനിൽ വെച്ച് പന്ത് പുറത്തക്കടിച്ച് വലിയ അപകടം ഒഴിവാക്കി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനായി മോഹൻ ബഗാൻ ആക്രമിച്ച് കളിച്ചു. എന്നാൽ ജംഷേദ്പുർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. നായകൻ പീറ്റർ ഹാർട്ലിയടക്കമുള്ള ജംഷേദ്പുർ പ്രതിരോധം മോഹൻ ബഗാന്റെ ശ്രമങ്ങളെല്ലാം വിഫലമാക്കി. ഒപ്പം മികച്ച പ്രത്യാക്രമണങ്ങളും ജംഷേദ്പുർ കാഴ്ചവെച്ചു.

72-ാം മിനിട്ടിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറുകയായിരുന്ന മോഹൻ ബഗാന്റെ ഹ്യൂഗോ ബൗമസിനെ വീഴ്‌ത്തിയ പ്രണോയ് ഹാൽദർക്ക് റഫറി മഞ്ഞക്കാർഡ് വിധിച്ചു. പ്രണോയിയുടെ ഫൗളിൽ ദേഷ്യം പൂണ്ട ബൗമസ് ജംഷേദ്പുർ താരത്തെ തള്ളി നിലത്തിട്ടു. ഇതോടെ താരങ്ങളെല്ലാം തമ്മിൽ വലിയ വാക്കേറ്റമുണ്ടായി.ഹാൽദറിനെ തള്ളിയിട്ടതിന് ബൗമസിനും മഞ്ഞക്കാർഡ് കിട്ടി.

83-ാം മിനിട്ടിൽ സ്റ്റ്യുവർട്ടിന് പകരക്കാരനായി ഗ്രൗണ്ടിലെത്തിയ അലക്സ് ലിമ ആദ്യ ടച്ചിൽ തന്നെ ഗോളടിച്ച് ജംഷേദ്പുരിന് ഇരട്ടി സന്തോഷം നൽകി. ബോക്സിനകത്തേക്ക് ബോറിസ് സിങ് നൽകിയ പാസ് സ്വീകരിച്ച ലിമ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ജംഷേദ്പുർ വിജയമുറപ്പിച്ചു.

എന്നാൽ 89-ാം മിനിട്ടിൽ മോഹൻ ബഗാന് വേണ്ടി പ്രീതം കോട്ടാൽ ഒരു ഗോൾ തിരിച്ചടിച്ചു. ജംഷേദ്പുർ ഗോൾകീപ്പർ രഹനേഷ് തട്ടിയകറ്റിയ പന്ത് അബദ്ധവശാൽ മോഹൻ ബഗാന്റെ അശുതോഷ് മെഹതയുടെ കാലിൽ തട്ടി വലയിലേക്ക് തന്നെ തെറിച്ചു. പന്ത് ഗോൾലൈനിനടുത്തുനിന്ന പ്രീതം കോട്ടാലിന്റെ കാലിലുരസി വലയിലെത്തി. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റാണ് ജംഷേദ്പുരിനുള്ളത്. മോഹൻ ബഗാന് ഇത്രയും മത്സരങ്ങളിൽ നിന്ന് ആറ് പോയന്റാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP