Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലയെടുപ്പുള്ള വിദേശ താരങ്ങൾ; ഒപ്പം മുന്നേറാൻ ഇന്ത്യൻ യുവനിരയും; ഫുട്‌ബോൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ്; ഐഎസ്എൽ പൂരത്തിന് ഗോവയിൽ ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ

തലയെടുപ്പുള്ള വിദേശ താരങ്ങൾ; ഒപ്പം മുന്നേറാൻ ഇന്ത്യൻ യുവനിരയും; ഫുട്‌ബോൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ്; ഐഎസ്എൽ പൂരത്തിന് ഗോവയിൽ ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ

സ്പോർട്സ് ഡെസ്ക്

പനാജി: ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് ഇനി കാൽപ്പന്തു കളിയുടെ വസന്തകാലം. ഐഎസ്എൽ എട്ടാം സീസണിന് ഗോവയിൽ വെള്ളിയാഴ്ച തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സ് - എടികെ മോഹൻ ബഗാൻ പോരാട്ടത്തോടെയാണ് ഐഎസ്എല്ലിന് തുടക്കമാകുന്നത്. ഗോവയിൽ രാത്രി 7.30നാണ് മത്സരം.

പ്ലേയിങ് ഇലവനിൽ ഒരു വിദേശ താരത്തെ ഒഴിവാക്കി ഇന്ത്യൻ ലീഗെന്ന വിലാസത്തിലേയ്ക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഐഎസ്എൽ. ഏഴു സ്വദേശി, നാലു വിദേശി എന്നതാണ് ഈ സീസണിൽ ഐഎസ്എൽ പോരാട്ടങ്ങളിലെ താരവിന്യാസം.

പതിവിലും തലയെടുപ്പുള്ള വിദേശ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണ ടീമുകൾ എത്തുന്നത്. കരിയർ പിന്നിട്ട പഴയ പടക്കുതിരകൾക്കും വിദേശ ലീഗുകളിൽ നിന്നു തഴയപ്പെട്ട പരാജിത മുഖങ്ങൾക്കും ഇടമില്ലാതെയാണു എട്ടാം സീസണിൽ ടീമുകളുടെ വിദേശ താരനിർണയം.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ എൽ ക്ലാസിക്കോ എന്ന വിശേഷണമുണ്ട് കേരള ബ്ലാസ്റ്റേഴ്‌സ്-എ.ടി.കെ. മോഹൻ ബഗാൻ പോരാട്ടത്തിന്. ഇന്ത്യൻ ഫുട്‌ബോളിൽ ബംഗാൾ-കേരള ടീമുകളുടെ മത്സരങ്ങൾക്ക് എന്നും പ്രത്യേക വീറും വാശിയുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ച സൂപ്പർ ലീഗിലും കാണാം.

ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോൾ മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹൻ ബഗാൻ വരുന്നത്.

ഇരുടീമുകളും നേർക്കുനേർവരുമ്പോൾ പ്രവചനങ്ങൾക്ക് പ്രസക്തിയില്ല.ചരിത്രം എ.ടി.കെ. ബഗാന് അനുകൂലമാണ്. പുതിയ തുടക്കം ആഗ്രഹിക്കുന്ന സംഘത്തിന്റെ പോരാട്ടവീര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നു.

രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊൽക്കത്ത. പരിചയസമ്പന്നനായ അന്റോണിയോ ഹബാസിന്റെ ശിക്ഷണത്തിൽ എടികെ ഇറങ്ങുമ്പോൾ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുമതല.

പുതിയ പരിശീലകൻ, പുതിയ വിദേശതാരങ്ങൾ, ഒപ്പം മികച്ച യുവസംഘം. എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷവെക്കാനുള്ള ടീമുണ്ട്. ബ്ലാസ്റ്റേഴ്‌സ് സംഘത്തിലുമുണ്ട് ഇക്കുറി എണ്ണം പറഞ്ഞ 6 ഉശിരൻ വിദേശ താരങ്ങൾ. മുൻസീസണിൽ ബ്ലാസ്റ്റേഴ്‌സ് ശീലിച്ച പതിവുവഴികൾ വിട്ടു അർജന്റീനയിൽ നിന്നും യുറഗ്വായിൽ നിന്നും മുന്നണിയിൽ ആളെ ഇറക്കിയ വുക്കൊമനോവിച്ചിന്റെ സിലക്ഷൻ തന്ത്രം എതിരാളികളുടെ ഗോൾമടയിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണു മഞ്ഞയണിഞ്ഞ ആരാധകർ എട്ടാമൂഴത്തിനു തയ്യാറെടുക്കുന്നത്.

പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ ഇഷ്ടശൈലി 4-2-3-1 ആണെങ്കിലും രണ്ടു വിദേശതാരങ്ങളെ മുന്നേറ്റത്തിലിറക്കി 4-4-2 ഫോർമേഷനിൽ കളിക്കാൻ സാധ്യത കൂടുതലാണ്.

അർജന്റീനക്കാരൻ യോർഗെ ഡയസും സ്പാനിഷ് താരം അൽവാരോ വാസ്‌ക്വസും മുന്നേറ്റത്തിലും മധ്യനിരയിൽ യുറഗ്വായ് താരം അഡ്രിയൻ ലുണയും ഇറങ്ങും. ഭൂട്ടാൻ താരം ചെഞ്ചോ മുന്നേറ്റത്തിൽ പകരക്കാരനാകും. അവശേഷിക്കുന്ന വിദേശക്വാട്ടയിൽ പ്രതിരോധനിരക്കാരൻ മാർക്കോ ലെസ്‌കോവിച്ചാകും. മലയാളികളായ സഹൽ അബ്ദുസമദിനും കെ.പി. രാഹുലിനും ആദ്യ ഇലവനിൽ ഇടംലഭിക്കും. ജെസൽ കാർനെയ്‌റോയാണ് ടീമിനെ നയിക്കുന്നത്.

അഡ്രിയാൻ ലൂണയും മാർകോ ലെസ്‌കോവിച്ചും അൽവാരോ വാസ്‌ക്വേസും ഹോർഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാൽ മുൻ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്സിന് മറക്കാം.

കഴിഞ്ഞ സീസണിൽ ഫൈനലിൽ മുംബൈ സിറ്റിക്ക് മുന്നിൽ വീണ നിരാശ മാറ്റാനാണ് എടികെ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനാകട്ടെ കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്റെ നാണക്കേട് പരിഹരിക്കണം.

ട്രാൻസ്ഫർ റെക്കോർഡുകൾ തിരുത്തി പുത്തൻ താരങ്ങളെയെത്തിച്ചാണ് പുതിയ സീസണിൽ കൊൽക്കത്ത തുടങ്ങുന്നത്. ഫിജിയൻ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിൻലൻഡിന്റെ ജോണി കൗക്കോ, പരിചയസമ്പന്നനായ ടിരിയുമെല്ലാം കൊൽക്കത്ത നിരയുടെ കരുത്ത് കൂട്ടും.

കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരുമിച്ചു കളിക്കുന്ന കളിക്കാരാണ് കൊൽക്കത്ത ടീമിന്റെ ശക്തി. പരിചയസമ്പന്നനായ പരിശീലകൻ അന്റോണിയോ ഹെബാസിന് മികച്ച ടീമിനെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. നായകൻ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ്-മൻവീർ സിങ് ത്രയം കളിക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞസീസണിൽ മൂവർസംഘം 26 ഗോൾ നേടി.

ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസിന്റെ വരവ് മധ്യനിരയുടെ ശക്തികൂട്ടി. ടിറിയും കാൾ മക്‌ഹോയും ചേർന്ന പ്രതിരോധവും ശക്തം. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം കൊൽക്കത്തയ്ക്കുണ്ട്. 14 കളികളിൽ 5 ജയം കൊൽക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്റ്റേഴ്സിനുമാണ്. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു. ഗോളെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ. 16 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 15.

ബ്ലാസ്റ്റേഴ്‌സ്- ആൽബിനോ ഗോമസ്, ഹർമൻ ജ്യോത് ഖബ്ര, ലെസ്‌കോവിച്ച്, അബ്ദുൾ ഹക്കു, ജെസെൽ കാർനെയ്‌റോ, കെ.പി. രാഹുൽ, ജീക്‌സൻ സിങ്, സഹൽ, അഡ്രിയൻ ലൂണ, യോർഗെ ഡയസ്, അൽവാരോ വാസ്‌ക്വസ്

എ.ടി.കെ. - അമരീന്ദർ സീങ്, പ്രീതം കോട്ടാൽ, മക്‌ഹോ, സുഭാശിഷ് ബോസ്, മൻവീർ, ലെന്നി റോഡ്രിഗസ്, ദീപക് ടാഗ്രി, മൈക്കൽ സൂസെരാജ്, ബൗമാസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP