Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കിരീടം നേടിയതിന് അഭിനന്ദനങ്ങൾ എടികെ മോഹൻ ബഗാൻ'; ഐ എസ് എൽ കിരീടം നേടിയ എടികെയെ അഭിനന്ദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ബെംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ

'കിരീടം നേടിയതിന് അഭിനന്ദനങ്ങൾ എടികെ മോഹൻ ബഗാൻ'; ഐ എസ് എൽ കിരീടം നേടിയ എടികെയെ അഭിനന്ദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ബെംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ

സ്പോർട്സ് ഡെസ്ക്

മഡ്ഗാവ്: കലാശപ്പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയെ കീഴടക്കി ഐ എസ് എല്ലിൽ കിരീടം സ്വന്തമാക്കിയ എടികെ മോഹൻ ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിനെ വിവാദഗോളിൽ തോൽപിച്ചാണ് ബെംഗളുരു എഫ് സി സെമിയിൽ കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിനെ തോൽപിച്ച എടികെ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് അഭിനന്ദിച്ചിരിക്കുന്നത്.

അഭിനന്ദനങ്ങൾ എടികെ മോഹൻ ബഗാൻ കിരീടം നേടിയതിന് എന്ന ഒറ്റവരിയിലാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദന സന്ദേശം എഴുതിയിരിക്കുന്നത് എങ്കിലും വരികൾക്കിടയിൽ ആരാധകർ അതിന് ഒട്ടേറെ അർത്ഥം കണ്ടെത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അഭിനന്ദന സന്ദേശത്തിന് താഴെയും ബെംഗളൂരുവിനെ വിമർശിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും കർമഫലമാണിതെന്നും ബ്ലാസ്റ്റഴ്‌സ് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഐ എസ് എൽ പ്ലേ ഓഫിൽ റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ബംഗളൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാൽ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി തിടുക്കത്തിൽ എടുക്കുകയായിരുന്നു.

കിക്ക് തടുക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റൽ ജോണുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതിൽ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകൻ ഇവാൻ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലിൽ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോയത്.

ആർത്തിരമ്പിയ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ എ.ടി.കെ മോഹൻ ബഗാൻ മുത്തമിട്ടത്. ആവേശം അലതല്ലിയ ഫൈനലിൽ ബെംഗളൂരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തകർത്താണ് മോഹൻ ബഗാൻ കിരീടം നേടിയത്. എ.ടി.കെയുടെ നാലാം ഐ.എസ്.എൽ കിരീടമാണിത്.

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് മോഹൻ ബഗാന്റെ വിജയം. നിശ്ചിത സമയത്ത് മോഹൻ ബഗാന് വേണ്ടി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ റോയ് കൃഷ്ണയും സുനിൽ ഛേത്രിയും ബെംഗളൂരുവിനായി വലകുലുക്കി.

പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റൺ കൊളാസോ, കിയാൻ, മൻവീർ സിങ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെംഗളൂരുവിനായി അലൻ കോസ്റ്റ, സുനിൽ ഛേത്രി, റോയ് കൃഷ്ണ എന്നിവർ വലകുലുക്കി. റമീറെസും പാബ്ലോ പെരെസും കിക്ക് പാഴാക്കിയതോടെ ഒരു കിക്ക് ബാക്കിനിൽക്കേ മോഹൻ ബഗാൻ ചാമ്പ്യന്മാരായി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP