Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിമിത്രിയോസിന്റെ സൂപ്പർ ഫിനിഷിങ്; ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്

ദിമിത്രിയോസിന്റെ സൂപ്പർ ഫിനിഷിങ്;  ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്സ്;  ജയം എതിരില്ലാത്ത ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്

സ്പോർട്സ് ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നൽ കുതിപ്പ്. ദിമിത്രിയോസിന്റെ സൂപ്പർ ഫിനിഷിംങും പ്രതിരോധത്തിലെ മികവുമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയം സമ്മാനിച്ചത്. ജയത്തോടെ 12 പോയന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കുയർന്നു. 16 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 18-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ സ്‌കോർ ചെയ്തത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഹൈദരാബാദായിരുന്നു പന്തടക്കത്തിൽ മുന്നിൽ. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. അഡ്രിയാൻ ലൂണയുടെ ബ്രില്ല്യൻസാണ് ഗോളിന് വഴിയൊരുക്കിയത്. ലൂണ ബോക്സിന് പുറത്ത് നിന്ന് ചിപ് ചെയ്ത് അകത്തേക്ക് നൽകിയ പന്ത് ഹൈദരാബാദ് കീപ്പർ അനുജ് കുമാർ ക്ലിയർ ചെയ്തത് നേരേ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ മുന്നിലേക്കായിരുന്നു. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു.

പിന്നാലെ 20-ാം മിനിറ്റിൽ രാഹുലിന് ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഇടംകാലൻ ഷോട്ട് അനുജ് കുമാർ കൈപ്പിടിയിലാക്കി. ഹൈദരാബാദും ആക്രമണത്തിൽ ഒട്ടും മോശമായിരുന്നില്ല. എന്നാൽ ഓഗ്ബെച്ചെയുണ്ടായിട്ടും ഹൈദരാബാദിന്റെ ശ്രമങ്ങൾ 45 മിനുറ്റുകളിൽ ഗോളിന് വഴിമാറിയില്ല.

ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട ദിമിത്രിയോസ് ഡയമന്റക്കോസിന് 34-ാം മിനിറ്റിൽ കളംവിടേണ്ടി വന്നു. അപ്പോസ്തലോസ് ജിയാനു പകരമിറങ്ങി. പിന്നാലെ 37-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം സഹൽ നഷ്ടപ്പെടുത്തിയത് സ്റ്റേഡിയത്തെ ഞെട്ടിച്ചു. ലൂണ നൽകിയ ക്രോസിൽ നിന്നുള്ള സഹലിന്റെ ഫ്രീ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു.

രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്സ് ലീഡുയർത്താനും ഹൈദരാബാദ് ഒപ്പത്തിനൊപ്പമെത്താനും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോൾഭാഗ്യം മാറിനിന്നു. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഹൈദരാബാദ് താരങ്ങൾ നിരന്തര ആക്രമണം നടത്തി. ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു. ഈ മത്സരത്തിലും രാഹുൽ കെപിയുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന് മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. എങ്കിലും രണ്ടാം പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ പലതും ഹൈദരാബാദ് താരങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു.

ജയത്തോടെ ഏഴ് കളിയിൽ 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. ഇത്രതന്നെ മത്സരങ്ങളിൽ 16 പോയിന്റുള്ള ഹൈദരാബാദ് തലപ്പത്ത് തുടരുന്നു. 15 പോയിന്റുമായി മുംബൈ സിറ്റി എഫ്സിയാണ് രണ്ടാമത്. കഴിഞ്ഞ മത്സരത്തിൽ എഫ്സി ഗോവയെ വീഴ്‌ത്തിയ ആവേശം ആരാധകരിൽ നിലനിർത്താൻ ഇതോടെ കൊമ്പന്മാർക്കായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP