Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞക്കടൽ ഇരമ്പത്തിന് സാക്ഷിയാകാൻ വീണ്ടും കൊച്ചി; ഐഎസ്എൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പത്ത് ഹോം മത്സരങ്ങൾ; ഒൻപതാം സീസണിൽ ഒട്ടേറെ പുതുമകൾ

മഞ്ഞക്കടൽ ഇരമ്പത്തിന് സാക്ഷിയാകാൻ വീണ്ടും കൊച്ചി; ഐഎസ്എൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പത്ത് ഹോം മത്സരങ്ങൾ; ഒൻപതാം സീസണിൽ ഒട്ടേറെ പുതുമകൾ

സ്പോർട്സ് ഡെസ്ക്

കൊച്ചി: കാൽപന്തുകളിയുടെ ആവേശത്തിരയിളക്കത്തെ വരവേൽക്കാൻ വീണ്ടും കൊച്ചി ഒരുങ്ങുന്നു. ഐ എസ് എൽ ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. മത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയാകും.

ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹൻ ബഗാനെ നേരിടും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും ഗോവയിൽ മാത്രമായിരുന്നു മത്സരങ്ങൾ നടന്നത്.

കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത്. അന്ന് എടികെ മോഹൻ ബഗാൻ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചിരുന്നു. ലീഗ് വീണ്ടും ഹോം, എവേ ഫോർമാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ഉദ്ഘാടന മത്സരം ഉൾപ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങൾക്ക് ഇത്തവണ കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങൾ ഒൻപത് മാസം നീണ്ടുനിൽക്കും.

ബ്ലാസ്റ്റേഴ്‌സിനായി ആർത്തുവിളിക്കുന്ന പതിനായിരങ്ങൾക്ക് മുന്നിൽ ഇത്തവണ കളിക്കാനാകുമെന്നത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങൾ നടത്തിയത്.

അടുത്ത സീസൺ മുതൽ വേറെയും ഒട്ടേറെ പുതുമകൾ ലീഗിനുണ്ടാകും. നാലു ടീമുകൾ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതൽ പ്ലേ ഓഫിൽ കളിക്കുക. 2014ൽ ഐഎസ്എൽ തുടങ്ങുമ്പോൾ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവർ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാൽ നിലവിൽ 11 ടീമുകളാണ് ലീഗിലുള്ളത്.

ഇതിൽ ലീഗ് റൗണ്ടിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികൾ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി. പ്ലേ ഓഫ് മത്സരങ്ങൾ ഹോം എവേ അടിസ്ഥാനത്തിൽ തന്നെയായിരിക്കും നടക്കുക.

കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ഭാവിയിൽ ഐഎസ്എൽ വിപുലീകരിക്കുമ്പോൾ പ്ലേ ഓഫിലെത്താൻ കൂടുതൽ ടീമുകൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ രീതിയെന്നാണ് വിലയിരുത്തുന്നത്. ക്ലബ്ബുകൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് ഉള്ളത്. മത്സരം കൊച്ചിയിലേക്ക് എത്തുന്നതോടെ വീണ്ടും മഞ്ഞക്കടൽ ഇരമ്പത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP